ആത്മാവ് അണിയേണ്ട വസ്ത്രം
text_fieldsജനനം മുതൽ മരണം വരെയുള്ള ജീവിതയാത്ര വലിയൊരു തീർഥാടനമാണ്. ഈ യാത്രയിൽ നാം എത്രയോ മുഖങ്ങളെ കണ്ടുമുട്ടുന്നു, എത്രയോ വേഷങ്ങൾ അണിയുന്നു. ഓരോ മാറ്റത്തിലും, വളർച്ചയുടെ ഓരോ പടവിലും അദൃശ്യമായ പല കരങ്ങളും നമ്മെ താങ്ങിനിർത്തുന്നുണ്ട്. ആ തിരിച്ചറിവിൽ നിന്നാണ് യഥാർഥ മനുഷ്യസ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനിക്കുന്നത്.
എന്നാൽ, വർത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ഓർമകളുടെ മരണമാണ്. ആരോടും കടപ്പാടുകളില്ലാത്ത, ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു വിഭാഗം വളർന്നുവരുന്നു. ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാത്ത ഈ അവസ്ഥയെ ഇക്കൂട്ടർ ‘സ്വതന്ത്രചിന്ത’ എന്ന് മഹത്വവത്കരിക്കുകയും ചെയ്യുന്നു.
ശൈശവത്തിൽ തുടങ്ങി വിദ്യാഭ്യാസം, തൊഴിൽ അന്വേഷണം, കുടുംബജീവിതം, വാർധക്യം എന്നിങ്ങനെയുള്ള ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് തണലായവർ, കൈപിടിച്ചവർ, നമ്മെ തിരുത്തിയവർ... ഇവരെയൊക്കെ വിസ്മരിച്ചുകൊണ്ട് ഒരടി മുന്നോട്ട് വെക്കാൻ നമുക്ക് സാധിക്കുമോ? ലോകത്തിന് മുന്നിൽ ഇന്നു കാണുന്ന ‘നമ്മളെ’ രൂപപ്പെടുത്തിയത് പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് ലഭിച്ച ആ കരുതലും പിന്തുണയുമാണ്. ആ ഓർമകൾ ക്ലാവുപിടിക്കാതെ സൂക്ഷിക്കുന്നിടത്താണ് മനുഷ്യന്റെ മഹത്വം കുടികൊള്ളുന്നത്. ഈ വിഷയത്തിൽ ലോകത്തോടുള്ള സമീപനത്തെ അടിസ്ഥാനമാക്കി മനുഷ്യരെ നമുക്ക് രണ്ടായി തിരിക്കാം.
ഒന്നാമത്തെ കൂട്ടർ സ്വന്തം വേരുകളെ പ്രണയിക്കുന്നവരാണ്. അവർ എത്ര ഉന്നതങ്ങളിലെത്തിയാലും, താൻ പിന്നിട്ട വഴികളെയും അവിടെ തണലായവരെയും നെഞ്ചോട് ചേർക്കുന്നു. എന്റെ സുഹൃദ്വലയത്തിൽ അതിനൊരു മാതൃകയുണ്ട്. പഠനത്തിൽ പിന്നാക്കമായിരുന്ന, എന്നാൽ അങ്ങേയറ്റം ഉത്സാഹിയായ ഒരു ബാലൻ. ഒന്നാം ക്ലാസിലെ അധ്യാപികയുടെ സ്നേഹപൂർണമായ പിന്തുണയാണ് അവനിലെ കുറവുകളെ മാറ്റിയെടുത്തത്. പിന്നീട്, കലാലയ പഠന കാലത്ത് ഒരു സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്താണ് അവൻ പഠനത്തിന് പണം കണ്ടെത്തിയത്. കാലം കടന്നുപോയി, കഠിനാധ്വാനത്തിലൂടെ ഉന്നത പദവിയിലെത്തി.
ഇന്നും, തിരക്കുകൾക്കിടയിലും അയാൾ കത്തുകൾക്കും ഇ മെയിലുകൾക്കും നടുവിലാണ്. ആർക്കാണീ കത്തുകൾ? ‘‘എന്റെ ഒന്നാം ക്ലാസിലെ ടീച്ചർക്ക്, എന്നെ സഹായിച്ച കൂട്ടുകാർക്ക്, ജോലി തന്ന കടയുടമക്ക്...’’ എൺപതു വയസ്സുകഴിഞ്ഞ, രോഗശയ്യയിലായ ആ പഴയ ടീച്ചർക്ക് എല്ലാ മാസവും മുടങ്ങാതെ സ്നേഹവും കരുതലുമെത്തിക്കാൻ അയാൾ മറക്കുന്നില്ല. ഗണിതം പഠിപ്പിച്ച കൂട്ടുകാരെയും, കളികൾ പഠിപ്പിച്ചവരെയും അയാൾ നന്ദിയോടെ ഓർക്കുന്നു. ‘‘ഇവരൊക്കെയാണ് എന്റെ ഇന്ധനം, ഇവരില്ലായിരുന്നെങ്കിൽ ഞാനില്ല’’ എന്ന ആ വാക്കുകളിൽ നന്മയുടെ വലിയ വെളിച്ചമുണ്ട്.
രണ്ടാമത്തെ കൂട്ടർ സ്വന്തം വേരുകൾ അറുത്തെറിയുന്നവരാണ്. കിട്ടിയ സഹായങ്ങളെ കുറിച്ചെല്ലാം സൗകര്യപൂർവം മറക്കുന്നവർ. താൻ നേടിയതെല്ലാം തന്റെ മാത്രം മിടുക്ക് മൂലമാണെന്നും ആരുടെയും സഹായം തനിക്ക് വേണ്ടായിരുന്നെന്നും ഇവർ ഊറ്റം കൊള്ളുന്നു. കുട്ടിക്കാലം മുതൽ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ, ഈ വിധത്തിൽ ഇടക്കൊന്ന് കാലിടറിയപ്പോൾ സുഹൃത്തിനാൽ മാത്രം രക്ഷപ്പെട്ട മറ്റൊരു വ്യക്തിയും എന്റെ പരിചയവൃത്തത്തിലുണ്ട്. ഉന്നത പദവി അലങ്കരിക്കുന്ന, സമൂഹത്തിൽ ശ്രദ്ധേയനായ വ്യക്തിത്വം.
പക്ഷേ, പഴയ സുഹൃത്തുക്കളെക്കുറിച്ചോ സഹായിച്ചവരെക്കുറിച്ചോ ചോദിച്ചാൽ അയാൾ പുച്ഛം പ്രകടിപ്പിക്കും. വീഴ്ചയിൽ കൈപിടിച്ച സുഹൃത്തിനെപ്പറ്റി ഓർമിപ്പിച്ചാൽപ്പോലും കോപം വരും. കടപ്പാട് എന്ന വാക്ക് ഈ വ്യക്തിയുടെ നിഘണ്ടുവിൽ ദർശിച്ചിട്ടില്ല.
ആദ്യത്തെ വ്യക്തി നന്മയുടെ പ്രകാശം പരത്തുമ്പോൾ, രണ്ടാമത്തെ വ്യക്തി സ്വാർഥതയുടെ ഇരുട്ടിൽ സ്വയം ഒറ്റപ്പെടുകയാണ്.
ഈ പ്രപഞ്ചം തന്നെ നിലനിൽക്കുന്നത് പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. മരങ്ങളും മണ്ണും മനുഷ്യരും എല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ചതാളത്തിന് വിരുദ്ധമായി, ‘‘എല്ലാം ഞാൻ ഒറ്റക്ക് നേടി’’ എന്ന് ചിന്തിക്കാൻ വിഡ്ഢികൾക്ക് മാത്രമേ കഴിയൂ.
നമുക്ക് നമ്മുടെ ഇന്നലെകളോട് സംവദിക്കാം. ജീവിതവഴിയിൽ കണ്ടുമുട്ടിയവരെ ചേർത്തുപിടിക്കാം. ജലാലുദ്ദീൻ റൂമി പറഞ്ഞതുപോലെ:
‘‘നന്ദി എന്നത് ഒരു വസ്ത്രം പോലെ അണിയുക; അത് നിങ്ങളുടെ ജീവിതത്തിന്റെ ഓരോ കോണിലും അത്ഭുതങ്ങൾ വിരിയിക്കും.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

