അവധാനത നിറയുന്ന അറിവ്
text_fieldsതെരഞ്ഞെടുപ്പ് കാലത്ത് പ്രവചന സ്വഭാവമുള്ള രാഷ്ട്രീയ വിശകലനങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നവരെപ്പോലെ, സ്വന്തം ചാരുകസേരയിൽ നിന്നിറങ്ങാതെ തന്നെ ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും ആധികാരികമെന്ന മട്ടിൽ സംസാരിക്കുന്ന ചിലരുണ്ട്. സോഷ്യൽ മീഡിയയുടെ വെളിച്ചത്തിൽ ഇവർക്ക് ചുറ്റും ആരാധകരുടെ ഒരു വലിയ വൃത്തം തന്നെയുമുണ്ട്. വായനയോ ചിന്തയോ നിരീക്ഷണങ്ങളോ ഒന്നുമില്ലാതെ, എവിടെ നിന്നോ പറന്നുവരുന്ന വിവരങ്ങളുടെ ചീളുകൾ വെച്ച് ഇവർ വലിയ കൊട്ടാരങ്ങൾ പണിയുന്നു.
അറിവ് എന്നത് അവധാനതയോടെ പാകപ്പെടുത്തിയെടുക്കേണ്ട ഒന്നാണ്. നാം വായിക്കുന്ന പുസ്തകങ്ങളും കേൾക്കുന്ന ശബ്ദങ്ങളും നടത്തുന്ന സംവാദങ്ങളും നമ്മുടെ ബുദ്ധിയാകുന്ന അടുക്കളയിൽ വെച്ച് പാകപ്പെടുത്തിയെടുക്കുമ്പോഴാണ് അത് ശരിയായ ഉൾക്കാഴ്ചയായി മാറുന്നത്. ആ ‘പാചകം’ ചെയ്യാതെ, കിട്ടുന്നത് വിളമ്പുന്നവരാണ് ഇന്ന് ഏറെയും.
ഇവിടെയാണ് ഞാൻ കണ്ടുമുട്ടിയ ആ അപൂർവ വ്യക്തിത്വം പ്രസക്തനാകുന്നത്. വിജ്ഞാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിട്ടും ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ അറിയില്ലെങ്കിൽ ‘‘ഞാനത് പഠിച്ചിട്ടില്ല’’ എന്ന് വിനയപൂർവം പറയാൻ അദ്ദേഹം കാണിക്കുന്ന ആർജവം വലിയൊരു പാഠമാണ്. പഠിച്ചിട്ട് പറയാം എന്ന് പറഞ്ഞ ശേഷം അദ്ദേഹം ആ വിഷയത്തിന്റെ വേരുകൾ തേടിപ്പോകുന്നു. കിട്ടുന്ന വിവരങ്ങളെ കണ്ണടച്ച് വിശ്വസിക്കാതെ, വിവിധ സ്രോതസ്സുകൾ വഴി അവയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നു. ഗുരുമുഖത്ത് ഇരിക്കുന്ന ഭാവത്തോടെയല്ലാതെ അദ്ദേഹത്തെ കേട്ടിരിക്കാൻ കഴിയില്ല. ഈ വ്യക്തിയെ സംബന്ധിച്ചിടത്തോളം അറിവ് എന്നത് ഉപരിപ്ലവ വിനോദമല്ല, മറിച്ച് അതൊരു തപസ്യയാണ്. പത്ത് ദിനപത്രങ്ങൾ തരുന്ന വിവരങ്ങളേക്കാൾ മൂല്യം അദ്ദേഹത്തിന്റെ ഒരു മണിക്കൂർ സംഭാഷണത്തിനുണ്ട് എന്ന് ആളുകൾ പറയുന്നത്, ആ വിശകലനത്തിന്റെ കൃത്യത കൊണ്ടാണ്. അദ്ദേഹം വിവരങ്ങളെ ജ്ഞാനമായി മാറ്റുന്നു. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്, പക്ഷേ അതിന്റെ ഫലം ശാശ്വതമാണ്.
മറ്റൊരു സുഹൃത്തിന്റെ ഉദാഹരണം കൂടി പറയാം. നല്ല അറിവും കാഴ്ചപ്പാടുമുള്ള വ്യക്തി തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ വേഗതയെയും ആവശ്യകതകളെയും പ്രതിനിധീകരിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ ശൈലി തീർത്തും പ്രായോഗികമാണ്.
താൻ ഒരു വിഷയത്തിൽ ഉത്തമജ്ഞാനി അല്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. പക്ഷേ, ലഭ്യമായ വിവരങ്ങളെ തന്റെ സാമാന്യബുദ്ധി ഉപയോഗിച്ച് കോർത്തിണക്കാൻ പ്രത്യേക വൈഭവമുണ്ട്. വിവരങ്ങൾക്കായി കാത്തിരിക്കാൻ ലോകത്തിന് സമയമില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, പെട്ടെന്ന് ലഭ്യമാകുന്ന വിവരങ്ങളും നേരത്തെയുള്ള വായനയും ചേർത്ത് അദ്ദേഹം ഒരു ‘തത്സമയ വിശകലനം’ നടത്തുന്നു. താൻ നൽകുന്നത് സമ്പൂർണമായ വിവരമായിരിക്കില്ല എന്ന കുറ്റസമ്മതം അദ്ദേഹത്തിനുണ്ട്. എങ്കിലും, സാധാരണക്കാർക്ക് കാര്യം മനസ്സിലാക്കാൻ തന്റെ ഈ ശൈലി ഉപകരിക്കുമെന്ന് അദ്ദേഹം കരുതുന്നു. വായനക്കാരെ ആകർഷിക്കാനും ചർച്ചകൾക്ക് തുടക്കമിടാനും ഈ ശൈലിക്ക് കഴിയുന്നു.
ഈ രണ്ട് ശൈലികൾക്കും നമ്മുടെ ഇക്കാലത്ത് പ്രസക്തിയുണ്ട്. എന്നാൽ, നാം നേരിടുന്ന വർത്തമാനകാല പ്രതിസന്ധി മറ്റൊന്നാണ്. അത് ‘ക്യാപ്സ്യൂൾ വിവരങ്ങൾ’ എന്ന രൂപത്തിലുള്ളതാണ്. ആഴത്തിലുള്ള അപഗ്രഥനങ്ങൾക്ക് ആർക്കും സമയമില്ല, കാതുമില്ല. പക്ഷേ നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്; അപര്യാപ്തമായ അറിവ് നമ്മുടെ ലോകവീക്ഷണത്തെ വികലമാക്കുന്നില്ലേ? സത്യവും സൂക്ഷ്മതയും കൈമോശം വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വേഗതയുടെ ഈ കാലത്ത്, വിജ്ഞാനത്തോടുള്ള നീതി പുലർത്താൻ സാധിക്കുന്ന സന്തുലിത സമീപനമാണ് നമുക്ക് ആവശ്യം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന സ്രോതസ്സുകളെ നാം തേടിപ്പിടിക്കണം.
ആംഗലേയ കവി അലക്സാണ്ടർ പോപ്പ് പറഞ്ഞത് കേൾക്കുക:‘
‘അൽപ മാത്രമായ അറിവ്
അപകടകാരിയായ വസ്തുവാണ്’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

