Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഎന്റെ കാഴ്ചകൾchevron_rightവനിത-ശിശു വകുപ്പിന്...

വനിത-ശിശു വകുപ്പിന് മന്ത്രി വേണം; വനിത കമീഷന് അധികാരവും

text_fields
bookmark_border
woman welfare
cancel

സ്​ത്രീസൗഹൃദ കേരളം എന്ന ആശയം വാക്കുകൾക്കപ്പുറം പ്രയോഗവത്​കരിക്കുന്നതിന്​ ഇന്ന്​ കേരള സർക്കാറിനുമേൽ അതി തീവ്രമായ സമ്മർദമുണ്ട്. തുടർച്ചയായി നടന്ന സ്​ത്രീധനക്കൊലകൾക്കുശേഷം ​ സ്​ത്രീധന വിവാഹങ്ങൾ ബഹിഷ്കരിക്കുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നു. സമൂഹത്തി​ന്‍റെ പുരോഗമനപരമായ മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്ന സംഘടനകളും ഓരോ സ്​ത്രീയും പുരുഷനും വ്യക്തി എന്ന നിലയിലും ഈ തീരുമാനം നടപ്പിൽ വരുത്തിയെങ്കിൽ മാത്രമേ സ്​ത്രീസൗഹൃദ കേരളത്തിലേക്ക് നമുക്ക് നടന്നടുക്കാനാവൂ.

സ്​ത്രീധനത്തിെൻറ പേരിൽ പെൺകുട്ടികൾ കൊലചെയ്യപ്പെടുന്നതും കുടുംബങ്ങളിൽ സ്​ത്രീ അപമാനിക്കപ്പെടുന്നതും മർദനമേൽക്കുന്നതും പുറത്തിറങ്ങി തൊഴിലെടുക്കാനോ ഒറ്റക്ക്​ സഞ്ചരിക്കാനോ ആവാത്ത വിധം നിയന്ത്രിക്കപ്പെടുന്നതും ലൈംഗികാക്രമണങ്ങളുണ്ടാവുന്നതും തീർത്തും ഇല്ലാതാവുന്ന, സ്​ത്രീകൾക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാനാവുന്ന പുതിയ കേരളത്തെയാണ് നമുക്ക് സ്​​ത്രീസൗഹൃദമെന്നു പറയാനാവുക. ഇതൊരു വിപ്ലവകരമായ പ്രവർത്തനമാണ്. ആഴത്തിലേക്ക് പടർന്നുറച്ചുകഴിഞ്ഞിട്ടുള്ള പുരുഷാധിപത്യത്തി​ന്‍റെ വേരുകൾക്ക്​ തൊലിപ്പുറമേയുള്ള താൽക്കാലിക ചികിത്സകൊണ്ട് ഒരു ഇളക്കവുമുണ്ടാവില്ല.

ദീർഘകാലമായി സ്​ത്രീസംഘടനകൾ ഉന്നയിച്ച ആവശ്യത്തിെൻറ ഫലമായാണ്​ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വനിത ശിശുവകുപ്പു രൂപവത്​കരിക്കപ്പെട്ടത്. കേരളം പോലൊരു സംസ്​ഥാനത്ത് അത്​ ഇത്രയും വൈകാൻ പാടില്ലായിരുന്നു. ആ വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടാവണം എന്നും സ്​ത്രീകൾ തുടക്കംമുതൽ ആഗ്രഹിക്കുന്നുണ്ട്. കേരള ജനസംഖ്യയിലെ അമ്പതു ശതമാനത്തിലധികം വരുന്ന സ്​ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര വികസനത്തി​ന്‍റെയും സ്​ത്രീ-പുരുഷ നീതി, തുല്യത എന്നീ ഭരണഘടനാ തത്ത്വങ്ങളുടെയും നിർവഹണത്തിനുള്ള ഈ വകുപ്പിനു മുന്നിലുള്ളത്​ സമാനതകളില്ലാത്ത ചരിത്രപരമായ വെല്ലുവിളികളാണ്. അടിമുടി സ്​ത്രീ പുരുഷ അസമത്വം നിറഞ്ഞ അതിസങ്കീർണമായ സാമ്പത്തിക, സാമൂഹിക, കുടുംബാധികാര സമവാക്യങ്ങളെയാണ് ഈ വകുപ്പിനും അതിനെ നയിക്കുന്ന രാഷ്​ട്രീയ ഉദ്യോഗസ്​ഥ നേതൃത്വത്തിനും അതുവഴി സംസ്​ഥാന സർക്കാറിനും നേരിട്ട്​ സംബോധന ചെയ്യാനുള്ളത്.

1995 ൽ കേരള വനിത കമീഷൻ രൂപം കൊണ്ട സമയത്തും സ്​ത്രീകൾ വലിയ പ്രതീക്ഷയിലായിരുന്നു. ഓടിച്ചെന്ന് പരാതി പറയാനും പരിഹാരംതേടാനും സ്​ത്രീകൾക്ക്​ എളുപ്പം പ്രാപ്യമായ ഇടമൊരുങ്ങിയിരിക്കുന്നു എന്നതായിരുന്നു അവരുടെ ആശ്വാസം. ആദ്യ അധ്യക്ഷയായിരുന്ന സുഗതകുമാരി ത​​േൻറതായ ശൈലിയിൽ കമീഷനെ ജനകീയമാക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. സുഗതകുമാരിയിൽനിന്നും പിന്നീട് അധ്യക്ഷയായ ജസ്​റ്റിസ്​ ശ്രീദേവിയിൽനിന്നും തീർത്തും സ്​ത്രീവിരുദ്ധമായ ഒട്ടനവധി ഉപദേശങ്ങളും പ്രസ്​താവനകളും ഉണ്ടായത്​ മറക്കാനാവില്ല. സ്​ത്രീകൾ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത് ഭർത്താക്കന്മാരുടെ സ്​നേഹം പിടിച്ചുവാങ്ങിയാൽ ഗാർഹികാതിക്രമം കുറക്കാം എന്ന ജസ്​റ്റിസ്​​ ശ്രീദേവിയുടെ പ്രസ്​താവനക്കെതിരെ സ്​ത്രീപ്രവർത്തകരുടെ ഭാഗത്തുനിന്നുയർന്ന ശക്​തമായ പ്രതിഷേധങ്ങൾ അന്ന് സമൂഹം കണ്ടിട്ടുണ്ട്. പക്ഷേ, അവർ രണ്ടുപേരും രാഷ്​ട്രീയ പാർട്ടി അംഗങ്ങളോ നേതാക്കളോ ആയിരുന്നില്ല. എന്നാൽ, പിന്നീട് വന്ന എല്ലാ അധ്യക്ഷസ്​ഥാനീയരും അതത്​ സർക്കാറിെൻറ പ്രബല രാഷ്​​ട്രീയ പാർട്ടി പ്രതിനിധികളാണ്. അതുകൊണ്ട് അവർ വരുത്തുന്ന ഓരോ പിഴവിനും പാർട്ടിയുംസർക്കാരുംതന്നെയാണ് സമാധാനം പറയേണ്ടതായിവരുക. അതാണ് ഇപ്പോൾ, എം.സി. ജോസഫൈെൻറ കാര്യത്തിൽ സംഭവിച്ചത്. പുതിയൊരു അധ്യക്ഷയെ നിയമിക്കാനൊരുങ്ങുന്ന സർക്കാർ,വനിത കമീഷനിലെ ഭൂതകാലം വിലയിരുത്തേണ്ടതുണ്ട്. അതിലേറെ, എന്താണ് വനിത കമീഷ​ന്‍റെ അധികാരവും പ്രവർത്തനങ്ങളും എന്നതിനും അധ്യക്ഷയുടെയും അംഗങ്ങളുടേയും പങ്കും ഉത്തരവാദിത്തവും സംബന്ധിച്ചും വ്യക്തതകളും കൃത്യമായ കാഴ്ചപ്പാടുകളും നയവുമുണ്ടായിരിക്കണം. ഇവിടെയാണ് വനിത-ശിശുവികസന വകുപ്പിെൻറ വലിയ പ്രസക്​തിയും നേതൃത്വപരമായ ചുമതലയും വരുന്നത്.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് രൂപവത്​കരിപ്പെട്ടപ്പോഴുണ്ടായ അതേ പ്രാഥമിക, പരിമിത അധികാരത്തിലാണ്ഇപ്പോഴും വനിത കമീഷൻ പ്രവർത്തിക്കുന്നത്. ഓരോ അധ്യക്ഷയും അവരുടെ വ്യക്തിപരമായബോധ നിലവാരത്തിലും ശീലിച്ചുവന്ന പ്രവർത്തന രീതികളിലുമാണ് മുന്നിൽ വരുന്ന സ്​ത്രീപ്രശ്നങ്ങളിൽ ഇടപെടുന്നതും പ്രതികരിക്കുന്നതും. സ്​ത്രീ പ്രശ്നങ്ങളെ സമീപിക്കുന്നതിന് സാമൂഹികശാസ്​ത്രപരമായ ഒരു വിശകലന രീതിശാസ്​ത്രമുണ്ട്. അത്തരത്തിലുള്ള സമഗ്രമായ അവബോധവും പരിശീലനവും പുതുതായി നിയമിക്കപ്പെടുന്ന ഏതൊരധ്യക്ഷക്കും അംഗങ്ങൾക്കും കമീഷനിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്​ഥർക്കും ലഭിച്ചിരിക്കണം. നിയമപരമായ ഉത്തരവാദിത്തങ്ങൾ സ്​ത്രീപക്ഷത്തുനിന്നുകൊണ്ട് നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്​ഥരായിരിക്കണം കമീഷനിൽ ഉണ്ടായിരിക്കേണ്ടത്. സംസ്​ഥാനതലത്തിൽ കേന്ദ്രീകൃത അധികാര സ്വഭാവത്തിൽ മാത്രം പ്രവർത്തിച്ച് വനിത കമീഷന് വിജയകരമായിമുന്നോട്ടു പോകാനാവുകയില്ല. ജില്ലാതലങ്ങളിലും പ്രാദേശിക പഞ്ചായത്ത് തലങ്ങളിലും സ്​ത്രീകളുടെ പരാതികൾ സ്വീകരിക്കാനും പരിഹാരപിന്തുണാ സംവിധാനങ്ങളിലെത്തിക്കാനുമുള്ള ജാഗ്രതാസമിതികളെ പ്രവർത്തനക്ഷമമാക്കാൻ സാധിക്കണം.

വനിത കമീഷനിൽ എത്തുന്ന സ്​ത്രീകളുടെ പരാതികളുടെ സ്വഭാവമറിഞ്ഞ് അതിനനുസരിച്ച പരിഹാര നടപടികൾക്കുവേണ്ടി ബന്ധപ്പെട്ട വിവിധ അന്വേഷണ അധികാരസംവിധാനങ്ങൾക്ക് നിർദേശംകൊടുക്കാനും ആ അന്വേഷണത്തെ മോണിറ്ററിങ്​ ചെയ്യാനും സമയബന്ധിതമായി അതിെൻറ നടപടി സംബന്ധിച്ച റിപ്പോർട്ട്​ വിലയിരുത്തി നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താനുമുള്ള സമിതികൾ സ്​ഥാപിക്കപ്പെടണം. ഇത്തരം നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാനും ഉത്തരവ് നൽകാനുമുള്ള സ്വതന്ത്രമായ വലിയ അധികാരം വനിത കമീഷന് ആവശ്യമുണ്ട്. തൊഴിൽ സ്​ഥാപനങ്ങളെ, ​െപാലീസ് സ്​റ്റേഷനുകളെയടക്കം സ്​ത്രീസൗഹൃദപരമാക്കാനും വനിത സെല്ലുകളെ വിജയകരമായ മാതൃകകളായി വികസിപ്പിക്കാനും വനിത കമീഷനുള്ള റോൾ വ്യക്​തമായിരിക്കണം. കൃത്യമായഡോക്യുമെേൻറഷ​െൻറയും റിപ്പോർട്ടുകളുടേയും നീതിനിർവഹണ അനുഭവങ്ങളുടേയും അടിസ്​ഥാനത്തിൽ ആവശ്യമായ സ്​ത്രീ വികസന പ്രവർത്തന പഠനങ്ങൾക്ക് വനിത വികസന വകുപ്പിെൻറ കീഴിലെ ജെൻറർപാർക്കും കേരളത്തിലെ യൂനിവേഴ്സിറ്റികളിലെ വിമൻസ്​ സ്​റ്റഡീസ്​വകുപ്പുകളുമായിചേർന്ന് സഹകരണമാതൃകയിലുള്ള (Collaborativ​e) പ്രവർത്തനങ്ങൾ നടത്തണം. കാലാനുസൃതമായി പരിഷ്കരിക്കുന്ന വനിതാ നയം സർക്കാറിെൻറ എല്ലാ വകുപ്പുകളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവണം. വനിത വികസന വകുപ്പിെൻറ കീഴിലുള്ള സ്​ത്രീവികസന സ്​ഥാപനങ്ങളുമായി ചേർന്നുകൊണ്ട് മുഴുവൻ സർക്കാർ വകുപ്പുകളുടേയും സ്​ത്രീ വികസന പരിപാടികളും പദ്ധതികളും ഏകോപിപ്പിച്ച് സാമൂഹികലിംഗ നീതിനടപ്പാക്കാനുള്ള നിർദേശം നൽകാനും മോണിറ്റർചെയ്യാനും വിലയിരുത്താനും റിപ്പോർട്ട് തയാറാക്കാനും അതിന്മേൽ നടപടിയെടുക്കാൻ സർക്കാറിന് ശിപാർശ നൽകാനും വനിത കമീഷന് അധികാരമുണ്ടായിരിക്കേണ്ടതാണ്.

എന്തായിരിക്കണം വനിത കമീഷൻ എന്നതിനെക്കുറിച്ച് പറയുമ്പോൾ എന്തായിരിക്കണം വനിത-ശിശുവികസന വകുപ്പ് എന്നുകൂടിയാണ് ഞാൻ പറഞ്ഞു വരുന്നത്. ഒരു കോളത്തിൽ എഴുതിത്തീർക്കാനാവുന്നതല്ല എല്ലാ നിർ​േദശങ്ങളും. നിരന്തര ശ്രദ്ധയും അടിയന്തര പ്രവർത്തനങ്ങളും ആവശ്യമുള്ള മറ്റൊരു പ്രധാന വകുപ്പ് കൈകാര്യംചെയ്യുന്ന ഒരു മന്ത്രിക്ക് വനിത -ശിശുവികസന വകുപ്പിൽ സമ്പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നത് അപ്രായോഗികവും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. കേരളത്തെ സ്​ത്രീസൗഹൃദപരമാക്കി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക്, വനിത നയത്തെയും വനിത- ശിശു വകുപ്പിനെയും അതിനു കീഴിലെ സ്​ഥാപനങ്ങളെയും സദാസമയം നോക്കിനടത്താൻ ആ വകുപ്പിനു മാത്രമായി ഒരു മന്ത്രി ഉണ്ടായിരിക്കുക എന്നത് ഏറ്റവും സുപ്രധാനമായ കാര്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's CommissionWomen and Child Affairs departments
News Summary - Women and Child Affairs departments needs a Minister; And the power to Women's Commission
Next Story