Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഎന്റെ കാഴ്ചകൾchevron_rightസിനിമയിലെ...

സിനിമയിലെ ആൺമേലാളതക്കെതിരെ നിൽക്കുന്ന സ്​ത്രീകൾ

text_fields
bookmark_border
സിനിമയിലെ ആൺമേലാളതക്കെതിരെ നിൽക്കുന്ന സ്​ത്രീകൾ
cancel
camera_alt

പാർവതി, കനി കുസൃതി

നമ്മുടെ സാമൂഹിക, രാഷ്​ട്രീയ, സാംസ്​കാരിക സ്​ഥാപനങ്ങളെല്ലാം പുരുഷനിയന്ത്രണത്തിലും അധികാരത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അത് സർവസമ്മതമെന്ന പരമ്പരാഗത ധാരണയിലാണ് പൊതുസമൂഹം പ്രവർത്തിക്കുന്നതും. പുരുഷാധിപത്യം വാഴുന്ന സമൂഹങ്ങളുടെ ലക്ഷണമാണത്. ഇതുപ്രകാരം സ്​ത്രീകൾ എല്ലാക്കാലവും പുരുഷ​െൻറ നിയന്ത്രണാധികാരത്തിൽ കീഴാളത സമ്മതിച്ചും അംഗീകരിച്ചും ജീവിക്കണമെന്നാണ് പുരുഷാധിപത്യത്തിെൻറ ആഗ്രഹവും ആവശ്യവും.

ഓരോ പുരുഷനിലും ഏറിയും കുറഞ്ഞും ഈ അധികാരമനോഭാവം വളർത്തിയെടുക്കാനും നിലനിർത്താനും ഈ സമൂഹത്തിന് വലിയ ജാഗ്രതയും സാമർഥ്യവുമാണ്. സ്​ത്രീകളെ അടക്കിയൊതുക്കി വരുതിയിൽ നിർത്തുക എന്നതിലാണ് ഈ ദുഃസാമർഥ്യത്തിന് വലിയ ​ൈകയടിയും സമ്മതിയും കിട്ടുന്നത്. ഇങ്ങനെ കൈയടിക്കാൻ, തങ്ങളുടെ വരുതിയിൽവരുന്ന സ്​ത്രീകളെത്തന്നെയും ലഭിക്കുന്നു എന്നതാണ് പുരുഷാധിപത്യത്തിെൻറ ഏറ്റവും വലിയ വിജയാഹ്ലാദം. ഇവർ എപ്പോഴും മനുസ്​മൃതിയെ പിന്തുടരാനാണ്​ ഇഷ്​ടപ്പെടുന്നത്, ഇന്ത്യൻ ഭരണഘടനയെ അല്ല. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്​ഥയും അനുശാസിക്കുന്ന ലിംഗനീതിയും തുല്യതയും ഭയപ്പെടുന്നവരാണവർ. അതിനാൽ ഭരണഘടനയെയും നിയമവ്യവസ്​ഥയെയും ജനാധിപത്യത്തെയും അവർ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കും.

പാർവതിയുടെ ഉറച്ച ശബ്​ദം

അത്തരത്തിലുള്ള ദുഃസാമർഥ്യത്തിെൻറ പരമാവധിയാണ് 2017 ഫെബ്രുവരി 17ന് മലയാള സിനിമയിലെ നായികയായിരുന്ന ഒരു പെൺകുട്ടിക്കുനേരെ സിനിമാരംഗത്തുനിന്ന് ആസൂത്രണംചെയ്ത് നടപ്പാക്കിയത്. ക്വട്ടേഷൻ ബലാത്സംഗം എന്ന ആശയവും പ്രയോഗവും കേരളത്തിൽ നടപ്പാക്കിയത് മലയാള സിനിമാരംഗത്തുള്ളവരാണ്. സമ്പന്നതകൊണ്ടും സ്വാധീനാധികാരംകൊണ്ടും ശക്തനായ ദിലീപ് എന്ന നായകനടനാണ് കുറ്റാരോപിതൻ. തൽസംബന്ധമായി ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുകയും പിന്നീട് പുറത്തുവരുകയും ഇപ്പോഴും കേസ്​ നടന്നുകൊണ്ടിരിക്കുകയുമാണ്.

സ്​ത്രീശരീരത്തിനുനേരെ ജീവാപായകരമായി പ്രയോഗിക്കാൻ പറ്റുന്ന മാരകായുധമാണ് പുരുഷലിംഗം. അതുകൊണ്ടാണ് ബലാത്സംഗം വലിയ കുറ്റകൃത്യമാകുന്നത്. ചെയ്തവനും ചെയ്യിച്ചവനും ഒരുപോലെ കുറ്റക്കാരാണ്. തങ്ങൾക്കിഷ്​ടമില്ലാത്ത, വരുതിയിൽ നിൽക്കാതെ കുതറിമാറുന്ന സ്​ത്രീകളെ ആസൂത്രിതമായി വളഞ്ഞുപിടിച്ച് ആക്രമിക്കുക-ക്വട്ടേഷൻ ബലാത്സംഗമടക്കം-എന്നതാണ് ഈ ദുഃസാമർഥ്യത്തിെൻറ പ്രതികാരരൂപങ്ങൾ. വരുതിയിൽനിന്ന് കുതറിമാറുന്ന സ്​ത്രീകളെ ഭയപ്പെടുത്തി നിശ്ശബ്​ദമാക്കാൻ ആക്രമണസന്നദ്ധരായ പുരുഷലിംഗങ്ങളെ ക്വട്ടേഷൻ വഴി ആയുധമായി ഉപയോഗിച്ചത് ഫലത്തിൽ മലയാള സിനിമയിലെ മുഴുവൻ സ്​ത്രീകൾക്കുമുള്ള മുന്നറിയിപ്പായിരുന്നു. നാവടക്കി കൂടെ നിൽക്കൂ, ഞങ്ങളെ അനുസരിച്ച് പണിയെടുത്ത് അടങ്ങിയിരിക്കൂ എന്ന താക്കീത്.

ഈ ഭയങ്കര താക്കീതിനെ വെല്ലുവിളിച്ചാണ് മലയാള സിനിമയിലെ മുൻനിര നടിമാരായ രേവതി, പാർവതി, റിമ, പത്മപ്രിയ, സംവിധായികമാരായ അഞ്ജലി, ഗീതു, തിരക്കഥാകൃത്ത് ദീദി തുടങ്ങി ആത്മാഭിമാനവും നീതിബോധവുമുള്ള സ്​ത്രീകളുടെ നേതൃത്വത്തിൽ ഡബ്ല്യു.സി.സി എന്ന സംഘടന ഉണ്ടാവുന്നതും സിനിമയിലെ ആണധികാര കൈയേറ്റങ്ങളെ പരസ്യമായി വിമർശിക്കുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്യുന്നത്. 'എ.എം.എം.എ' എന്ന സംഘടനക്കുള്ളിൽ സ്​ത്രീകളുടെ മൗലികാവകാശത്തിനും ജനാധിപത്യപരമായ ഇടത്തിനുംവേണ്ടി അന്നുമുതൽ നിരന്തരമായി ശബ്​ദമുയർത്തുന്ന പാർവതി ഇക്കഴിഞ്ഞ ആഴ്ച എ.എം.എം.എയിൽനിന്ന് രാജിവെക്കുകയും ചെയ്തു.

എ.എം.എം.എയുടെ ഔദ്യോഗിക ഭാരവാഹിയായ ഇടവേള ബാബു, നടി ഭാവനയെക്കുറിച്ച് സാന്ദർഭികമായി നടത്തിയ നിഷ്​കരുണവും അനീതി നിറഞ്ഞതുമായ പരാമർശമാണ് പാർവതിയുടെ പരസ്യമായ പ്രതികരണത്തിനും രാജിക്കും ഇടയാക്കിയത്. തുടർന്ന്, പാർവതിയെ ഇന്നോളം നിലക്കുനിർത്താൻ ആവാത്തതിെൻറ ഇച്ഛാഭംഗം വെളിവാകുന്ന ക്രൂരപരിഹാസ പരിശ്രമങ്ങളാണ് പതിവുപോലെ സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരിൽനിന്ന്-ജനപ്രതിനിധികൂടിയായ ഗണേഷ്കുമാർ അടക്കമുള്ളവരിൽനിന്ന്-പറഞ്ഞുകേട്ടത്.

പാർവതി അതൊന്നും കണക്കിലെടുക്കുന്നില്ല എന്നറിയാൻ അവരുടെ ചിന്തകളുടെ ആർജവവും തെളിച്ചവും ആത്മാഭിമാനവും ജനാധിപത്യ സ്വാതന്ത്ര്യബോധവും മാത്രം ശ്രദ്ധിച്ചാൽ മതി. ഈ പോരാട്ടത്തിൽ കേരളത്തിലെ ചിന്തിക്കുന്ന സ്​ത്രീകൾ മുഴുവൻ പാർവതിയോടൊപ്പമാണ്, ഡബ്ല്യു.സി.സിയോടൊപ്പമാണ്. എ.എം.എം.എയിലെ നീതിനിഷേധത്തിെൻറ അഴുക്കുചാലുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി പരാജയപ്പെട്ടവരാണവർ. തോൽക്കുന്ന പോരാട്ടങ്ങൾപോലും വിജയങ്ങളിലേക്കുള്ള ഉൗർജവും മുന്നേറ്റവുമാണ് എന്ന് തിരിച്ചറിയാനാവുന്നവർ. ലോകത്താകെയുണ്ടായ സ്​ത്രീസ്വാതന്ത്ര്യചരിത്രത്തിൽനിന്നുള്ള അനുഭവപാഠങ്ങളും അതാണ്. അതിനാൽ ഇത്തരം തരംതാണ പരിഹാസങ്ങൾകൊണ്ടും സൈബർ ആക്രമണങ്ങൾ സംഘടിപ്പിച്ചുകൊണ്ടും മറ്റും അവരെ ആർക്കും തളർത്താനോ തകർക്കാനോ ആവുകയില്ല.

കനി കുസൃതി ഉയർത്തുന്ന ശക്തിസൗന്ദര്യങ്ങൾ

മലയാള സിനിമയിൽനിന്ന് പുറംലോകത്തേക്ക് വളർന്നുനിൽക്കുന്ന നടിയാണ് ഇപ്പോൾ കനി കുസൃതി. കനിക്ക് 'ബിരിയാണി' എന്ന സിനിമയിലെ അഭിനയത്തിന് അന്താരാഷ്​ട്ര ഫെസ്​റ്റിവലുകളിൽ അവാർഡുകൾ ലഭിച്ചശേഷമാണ് സംസ്​ഥാന അവാർഡ് ലഭിക്കുന്നത്. സംസ്​ഥാന അവാർഡ് പി.കെ. റോസിക്ക് സമർപ്പിച്ചതിലൂടെയാണ് മലയാള സിനിമയിൽ ഇന്നോളമില്ലാതിരുന്ന ഒരു കരുതലിനെ ഉയർത്തിപ്പിടിച്ച് കനി പുതിയൊരു ശക്തിസൗന്ദര്യ മാനം സ്​ഥാപിച്ചെടുത്തത്. മനുസ്​മൃതി സർവസംഹാരശേഷി നൽകിയ ജാതിപുരുഷാധിപത്യം വിസ്​മൃതമാക്കിയ സ്​ത്രീസിനിമാചരിത്രത്തിൽനിന്ന് പി.കെ. റോസിയുടെ കൈപിടിച്ച് മലയാള സിനിമയുടെ പൂമുഖത്ത് നിർത്തിയിരിക്കുകയാണ് കനി കുസൃതി.

ഒരേ സമയം ജാതി പുരുഷാധിപത്യത്തിെൻറ സവർണ ഭീകരതയെ പിടിച്ചുകുലുക്കുകയും സ്​ത്രീശരീരത്തിെൻറ ലൈംഗികത സംബന്ധിച്ച ആണധികാരസംഹിതകളുടെ നേരെ പുതിയ പോർമുഖം തുറക്കുകയും ചെയ്​ത നടിയാണ് കനി. നേരത്തേ അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിെൻറ പേരിൽ സൈബർലോകത്ത് നടന്നതും ഇപ്പോൾ വീണ്ടും ഉയർന്നുവന്നതുമായ ആക്രമണങ്ങൾ ആൺവരുതിയിൽ നിൽക്കാത്ത സ്​ത്രീയെ സദാചാരം പഠിപ്പിക്കാനുള്ള സംഘടിത ശ്രമമാണ്. യുവനടി അനശ്വര രാജൻ പോസ്​റ്റ്​ ചെയ്ത സ്വന്തം ഫോട്ടോകളിൽ കാലുകാണുന്നു എന്ന രോഷത്താൽ സമൂഹമാധ്യമങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സദാചാര ആൺകൂട്ടം വലിയ ആക്രമണം നടത്തിയ സ്​ഥലമാണ് കേരളം.

അതേസമയം, ഇന്ത്യയിൽ പോൺ സൈറ്റുകളിൽ ചെറിയ പെൺകുട്ടികളുടെ ശരീരം കാണാൻ ആർത്തിയോടെ തിരയുന്ന പുരുഷന്മാരിൽ മുന്നിൽ നിൽക്കുന്നത് കേരളത്തിലാണ് എന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഒരേ സമയം ഇരട്ടത്താപ്പുകളിൽ ജീവിക്കുന്നവരാണ് കേരളത്തിലെ ആൺമേലാള സദാചാരവാദികൾ. അത്തരക്കാരുടെ മുന്നിലാണ് കനി കുസൃതി എന്ന അഭിനേത്രി ഒളിഞ്ഞുനോട്ടങ്ങൾക്ക് സാധ്യതയില്ലാത്തവിധം ശരീരത്തെ ശക്തമായ രാഷ്​ട്രീയമാധ്യമമായി ഉപയോഗിക്കുന്നത്. കനി നേരത്തേ കടന്നുപോന്നിട്ടുള്ള ഫെമിനിസ്​റ്റ്​ രാഷ്​ട്രീയനാടക ലോകത്തിെൻറ അറിവും ആവിഷ്​കാര സൗന്ദര്യശാസ്​ത്രവുമാണത്. എന്തായാലും, ബഹുവിധ ആൺമേലാളത്തങ്ങൾക്കുനേരെ കേരളത്തിലെ സ്​ത്രീകൾ എല്ലാ രംഗങ്ങളിലും അനുരഞ്ജനമില്ലാതെ നടത്തുന്ന പോരാട്ടങ്ങളും മുന്നേറ്റവും തുടരുകതന്നെയാണ്.

Show Full Article
TAGS:Kani Kusruti parvathy thiruvoth malayalam cinema 
News Summary - Women against male domination in cinema
Next Story