Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതെരഞ്ഞെടുപ്പിലെ...

തെരഞ്ഞെടുപ്പിലെ സ്​ത്രീസ്ഥാനാർഥിത്വം

text_fields
bookmark_border
Lathika-Subhash
cancel

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്​ത്രീകളുടെ സ്ഥാനാർഥിത്വവും പ്രാതിനിധ്യവും സംബന്ധിച്ച സ്വന്തം രാഷ്​ട്രീയപാർട്ടിയുടെ ഏകപക്ഷീയ പുരുഷാധികാര തീരുമാനങ്ങളെ തുറന്ന് വിമർശിക്കാനും പ്രതികരിക്കാനും ലതിക സുഭാഷ് കാണിച്ച ആർജവവും ധൈര്യവും അഭിനന്ദനമർഹിക്കുന്നു. കോൺഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നശേഷം കോൺഗ്രസിന്‍റെ മുതിർന്ന നേതാവും മഹിള കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറുമായ ലതിക സുഭാഷ്​, പാർട്ടി പുരുഷനേതൃത്വത്തിെൻറ തീരുമാനത്തോട് എതിർത്ത്​ കെ.പി.സി.സി ഓഫിസിന്​ മുന്നിൽ തലമുണ്ഡനം ചെയ്യുകയും തുടർന്ന് ത​െൻറ പാർട്ടി സ്ഥാനമാനങ്ങൾ രാജിവെക്കുകയും ചെയ്തു.

കോൺഗ്രസ്​ ഒരു ജനാധിപത്യ പാർട്ടിയാണല്ലോ. അപ്പോൾ അതിനുള്ളിൽനിന്ന് പുരുഷാധിപത്യത്തിനെതിരായ പൊട്ടിത്തെറി പുറത്തേക്ക് പ്രകടമായതിൽ പുരുഷന്മാരായ നേതാക്കളും വിശേഷിച്ച് ലാലി വിൻസെൻറിനെപ്പോലെയും ദീപ്തി മേരിയെപ്പോലെയുമുള്ള കോൺഗ്രസിലെ വനിതനേതാക്കളും പരിഭവിക്കുകയും ലതിക സുഭാഷിനെ എതിർക്കുകയും ചെയ്യുന്നതിൽ പ്രസക്തിയും ന്യായവുമുണ്ടെന്ന്​ തോന്നുന്നില്ല. പാർട്ടികളിലെ പുരുഷാധിപത്യത്തിനുള്ളിൽനിന്നുകൊണ്ടാണ് നാളിതുവരെയും എല്ലാ സ്​ത്രീകളും പ്രവർത്തിച്ചുവന്നിട്ടുള്ളത്. കോൺഗ്രസ്​ പാർട്ടിയിലെ മുൻകാല നേതാക്കളായിരുന്ന റോസമ്മ ചാക്കോയും ശോഭന ജോർജുമൊക്കെ ലതിക സുഭാഷിന് പിന്തുണ നൽകി ഇപ്പോഴും വേദനയോടുകൂടിത്തന്നെയാണ് അവരുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. ആ തുറന്നുപറയലുകളിലുള്ള സത്യസന്ധതയും നീതിബോധവും യഥാർഥത്തിൽ ലതികക്കല്ല, കോൺഗ്രസിൽ ഇനിയും അവശേഷിക്കുന്ന സ്​ത്രീകൾക്കാണ് ഗുണംചെയ്യുക. കോൺഗ്രസ്​ പാർട്ടിയിൽ മാത്രമല്ല, മറ്റെല്ലാ രാഷ്​ട്രീയപാർട്ടികളിലേയും പുരുഷനേതൃത്വങ്ങളെ സമ്മർദത്തിലാക്കാനും സ്​ത്രീസ്ഥാനാർഥിത്വത്തെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കാനും സ്​ത്രീകളെയാകെ അവകാശബോധത്തിനുവേണ്ടി ഉണർത്തിവിടാനും ലതികയുടെ പ്രതിഷേധവും മുണ്ഡനംചെയ്ത ശിരസ്സും കേരള പൊതുസമൂഹത്തിൽ ഒരു സ്​ത്രീസമര ബിംബമായി ഉയർന്നുനിൽക്കുന്നു.

രാഷ്​ട്രീയരംഗത്ത്​ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരും പ്രവർത്തിക്കാനാഗ്രഹിക്കുന്നവരുമായ ഒട്ടേറെ സ്​ത്രീകൾക്കും പെൺകുട്ടികൾക്കും വലിയ ആശ്വാസവും പ്രതീക്ഷയും നൽകാൻ ഈ ശക്തമായ പ്രതിഷേധ പ്രതികരണത്തിന് ശേഷിയുണ്ട്. രാഷ്​ട്രീയാധികാരത്തിലെ പുരുഷാധിപത്യത്തെ എതിർത്ത്​ സ്വതന്ത്രസ്ഥാനാർഥിയായി ലതിക മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതുപോലും, തോറ്റാലും ജയിച്ചാലും പൊതുവേ കേരളത്തിലെ സ്​ത്രീസമൂഹത്തിന് ആത്മവിശ്വാസവും ആത്മാഭിമാനവും നൽകും എന്നകാര്യത്തിൽ സംശയമില്ല.

നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പുകളിൽ സ്​ത്രീകളുടെ രാഷ്​​ട്രീയപ്രാതിനിധ്യ വിഷയത്തിൽ എല്ലാ പാർട്ടികളും നടപ്പാക്കിവരുന്ന പുരുഷ പക്ഷപാതിത്വവും അധികാരപ്രമാണിത്തവും മുമ്പെങ്ങുമില്ലാത്തവിധം തുറന്നുകാട്ടപ്പെടുന്നതും തെരഞ്ഞെടുപ്പുവേളയിൽ ചർച്ചാവിധേയമാകുന്നതും ആരോഗ്യകരമാണ്. കേരളസമൂഹത്തിലെ ലിംഗാധികാര സമവാക്യങ്ങൾ അടിസ്ഥാനപരമായി സ്​ത്രീകളാൽ വെല്ലുവിളിക്കപ്പെടുകയും സമൂഹം പുരോഗമിക്കുകയും ചെയ്യുന്നതിെൻറ ലക്ഷണമാണത്. ഇതൊരു ശക്തമായ തുടർച്ചയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഫെമിനിസ്​റ്റ്​ പ്രസ്ഥാനങ്ങൾ സ്​ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി ലോകമാകെയും പടർത്തിവിട്ട സ്​ത്രീപ്രക്ഷോഭങ്ങളുടെ സമകാലികമായ ഇന്ത്യൻ, കേരളീയ തുടർച്ചയാണിത്. അതിനാൽ ലതിക സുഭാഷിേൻറത് ഒരു ഒറ്റപ്പെട്ട പ്രതിഷേധമായി രാഷ്​ട്രീയ പ്രസ്ഥാനങ്ങൾ കണക്കാക്കരുത്.

1957 മുതൽ കേരളത്തിൽ ഇന്നോളമുണ്ടായ രാഷ്​ട്രീയാധികാരത്തിലെ സ്​ത്രീ പ്രാതിനിധ്യം നോക്കുക. കോൺഗ്രസ്​ മുന്നണിയും ഇടതുമുന്നണിയും മാറിമാറി ഭരിച്ച സംസ്ഥാനത്ത് മുഖ്യമന്ത്രി– 0, സ്​പീക്കർ–പൂജ്യം, ഡെപ്യൂട്ടി സ്​പീക്കർ–മൂന്ന്​, മന്ത്രിമാർ–എട്ട്​ (4.6), രാജ്യസഭയിൽ എം.പിമാർ–നാല്​, ലോക്​സഭയിൽ എം.പിമാർ -ഒമ്പത്​. 10 ശതമാനം സീറ്റുപോലും ഒരു പാർട്ടിയും ഇതുവരെ സ്​ത്രീകൾക്ക് നൽകിയിട്ടില്ല. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ യഥാക്രമം 8, 9 സീറ്റുകളാണ് സ്​ത്രീകൾക്ക് നൽകിയത്. 2011 ൽ അതിൽ ഒരാൾ മാത്രം ജയിച്ചു. 2016ൽ ആരും ജയിച്ചില്ല. ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്​മാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോൺഗ്രസിനുള്ളിലെ സ്​ത്രീകൾ ആ സമ്പൂർണ അദൃശ്യതയെ മറികടന്നത്. ഘടകകക്ഷികളാകട്ടെ, തങ്ങളുടെ പാർട്ടിയിൽ ഇങ്ങനെയൊരു ജനവിഭാഗമുണ്ട് എന്നതുപോലും കാണാൻ തയാറായില്ല. യു.ഡി.എഫിനെക്കാൾ മെച്ചപ്പെട്ട സ്​ത്രീപ്രാതിനിധ്യം സ്ഥാനാർഥിത്വത്തിലൂടെ മാത്രമല്ല, വിജയിക്കുന്ന പകുതിസീറ്റുകളെങ്കിലും നൽകുന്നത് ഇടതുപക്ഷംതന്നെ. സി.പി.എം ആണ് കൂട്ടത്തിൽ അൽപം കൂടുതൽ സീറ്റുകൾ (2011ൽ 10, 2016ൽ 12, 2021ലും 12) പരിഗണിച്ചത്. ഇത്തവണ ലതിക സുഭാഷിെൻറ ശക്തമായ പ്രതിഷേധത്തിെൻറ ഗുണഭോക്താക്കളായി പിന്നീട് രണ്ടു സ്​ത്രീകൾക്കുകൂടി സ്ഥാനാർഥി ലിസ്​റ്റിൽ ഇടംകിട്ടി. വട്ടിയൂർക്കാവിലെ സ്​ത്രീസ്ഥാനാർഥിയായ വീണ എസ്​. നായർ യഥാർഥത്തിൽ ലതിക സുഭാഷിനോടാണ് തനിക്കുകിട്ടിയ സ്ഥാനാർഥിത്വത്തിന് കടപ്പെട്ടിരിക്കുന്നത്. എന്തായാലും ചുരുക്കിപ്പറഞ്ഞാൽ ജനസംഖ്യയിൽ പകുതിയിലധികം സ്​ത്രീകളുള്ള കേരളത്തിെൻറ നിയമസഭ ഇന്നോളം കണ്ടിട്ടുള്ളത് 90 ശതമാനവും പുരുഷ സാമാജികരെയാണ്. എത്ര വലിയ നിന്ദ്യമായ അനീതിയാണിത്!

പുരുഷാധികാര സമൂഹത്തിൽ ഒരു പാർട്ടിയും പുരുഷനും കൈയടക്കിവെച്ചിരിക്കുന്ന സ്വന്തം അധികാരം സ്വമേധയാ സ്​ത്രീകൾക്ക് വിട്ടുകൊടുക്കാൻ തയാറാവുകയില്ലെന്ന് എല്ലാവർക്കുമറിയാം. വികസനം സംബന്ധിച്ച ഏറ്റവും സുപ്രധാനമായ രാഷ്​​ട്രീയപങ്കാളിത്തം, തീരുമാനമെടുക്കൽ പ്രക്രിയകളിലുള്ള നേതൃത്വം എന്നിവയ്ക്കുള്ള അവസരങ്ങൾ ഇപ്രകാരം സ്​ത്രീകൾക്ക് നാളിതുവരെ നിഷേധിച്ചതുകൊണ്ടുമാത്രമാണ് സമൂഹത്തിൽ സ്​ത്രീകളുടെ നില ഇത്രയധികം പിന്നിലായിപ്പോയത്. അതുകൊണ്ടാണ് നിയമസഭയിലും പാർലമെൻറിലും 33 ശതമാനം സ്​ത്രീസംവരണം വേണമെന്ന ആവശ്യം ഉയർന്നുവന്നത്. 33 ശതമാനമല്ല, 50 ശതമാനം സീറ്റുകളും സ്​ത്രീകൾക്കുതന്നെ നീക്കിവെക്കണം എന്നതിലാണ് ജനാധിപത്യവും ലിംഗ നീതിയും തുല്യതയും ഉറപ്പാക്കാനാവുക.

തത്വത്തിൽ സ്​ത്രീസംവരണത്തെ അനുകൂലിച്ചിട്ടുള്ള രാഷ്​ട്രീയ പാർട്ടികളാണ്​ കോൺഗ്രസും ഇടതുപക്ഷവും. സ്​ത്രീസംവരണ ബിൽ പാർലമെൻറിൽ പാസായാൽ മാത്രമേ സ്​ത്രീകൾക്ക് തുല്യനിലയിൽ രാഷ്​ട്രീയാധികാരം പങ്കുവെക്കൂ എന്ന നിലപാട് അതിനാൽ ഇനിയും തുടരുന്നത് നീതിയല്ല, ധാർമികതയല്ല. സ്​ത്രീസംവരണ ചർച്ചകളും മുദ്രാവാക്യവും ഇന്ത്യയിൽ ഉയർന്നു വന്നിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. എന്നാൽ, ഇപ്പോഴും പാസാക്കാതെ തടസ്സപ്പെടുത്തിവെച്ചിരിക്കുന്ന സ്​ത്രീസംവരണ ബിൽ ഇനിയെങ്കിലും പാസായി നിയമമാകണമെങ്കിൽ രാഷ്​ട്രീയപാർട്ടി നേതൃനിരയിൽ പ്രവർത്തിക്കുന്ന സ്​ത്രീകളുടെ ഒത്തൊരുമിച്ച മുൻകൈയിൽ വലിയ കലാപങ്ങൾ തന്നെയുണ്ടാകണമെന്നായിരിക്കുന്നു. അതുണ്ടാകാത്തിടത്തോളം സ്​ത്രീകളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും അടക്കിനിർത്തിയും ഈ അനീതി അനുസ്യൂതം തുടരും. ലതിക സുഭാഷി​േൻറത്​ അനീതിക്കെതിരായ കലാപമാണ്. അത് ഫലത്തിൽ എല്ലാ സ്​ത്രീകൾക്കും വേണ്ടിയുള്ളതാണ്.

ജനാധിപത്യ രാഷ്​ട്രീയപാർട്ടികളിൽ ലിംഗനീതി സംബന്ധിച്ച ചർച്ചകൾ ഇനിയുള്ളകാലം സജീവമായി ഉയർന്നുനിൽക്കണം. ജനാധിപത്യ പാർട്ടികളിൽ ആൺകോയ്മയുടെ മൂല്യങ്ങൾ സംരക്ഷിച്ചുനിൽക്കുന്ന സ്​ത്രീകളാണുള്ളതെങ്കിൽ വ്യക്തിപരമായി അവർക്ക് നേട്ടങ്ങളുണ്ടാവുമെന്നല്ലാതെ സ്​ത്രീസമൂഹത്തിന് അതുകൊണ്ട് ഒരു നേട്ടവുമില്ല. മത-വർഗീയ-ഫാഷിസ്​റ്റ്​ പാർട്ടികളിൽ പ്രവർത്തിക്കുന്ന പുരുഷനേതാക്കളെക്കൊണ്ടും അനുയായികളെക്കൊണ്ടും ഒരു മതേതര രാജ്യത്തിനുണ്ടാകുന്നത് ഉപകാരമല്ല, ഉപദ്രവമാണ് എന്നതുപോലെ. അവരുടെ പാർട്ടിക്ക് അധികാരത്തിൽനിന്ന് കൈയാളുന്ന എല്ലാ നേട്ടങ്ങളുമുണ്ടാകും. ബി.ജെ.പി എന്ന രാഷ്​ട്രീയപാർട്ടിയിൽ ശോഭ സുരേന്ദ്രൻ എന്ന വനിത നേതാവ് പുരുഷ നേതൃത്വത്തിൽനിന്ന് നേരിടുന്ന അവഗണനക്കെതിരെ പുറത്തുപറയുമ്പോഴും കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലതിക സുഭാഷ് അവരുടെ പാർട്ടിക്കുള്ളിലെ വിവേചനത്തെക്കുറിച്ച് പറയുമ്പോഴും ഒരുപോലെയല്ല അതിലുള്ള ലിംഗരാഷ്​ട്രീയം. ശോഭ സുരേന്ദ്രൻ ഈ സമൂഹത്തിലെ സ്​ത്രീകളെ കൂടുതൽ അരക്ഷിതമാക്കുകയും അസ്വാതന്ത്ര്യത്തിെൻറ തടവറയിലാക്കുകയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ഇരുട്ടിലേക്ക് ആനയിക്കുകയും ചെയ്യുന്ന രാഷ്​​ട്രീയവിശ്വാസത്തിെൻറ നേതാവാണ്. വൈയക്തികനേട്ടങ്ങൾക്കപ്പുറം സമൂഹത്തിലെ സ്​ത്രീകളുടെ അതിജീവനവും സാമൂഹികചലനാത്മകതയും സ്വാതന്ത്ര്യവും അവരുടെ താൽപര്യമല്ല. മാത്രവുമല്ല, സ്​ത്രീകൾ രാഷ്​ട്രീയാധികാരത്തിൽ വരണം എന്നുപറയുന്ന ലിംഗരാഷ്​ട്രീയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്, എല്ലാ തരം അസമത്വങ്ങളേയും അനീതികളേയും ഇല്ലാതാക്കാനുള്ള സ്​ത്രീകളുടെ നിയമനിർമാണ രാഷ്​ട്രീയ, ഭരണനിർവഹണ പ്രവർത്തനം എന്നതാണ്. പുരുഷാധിപത്യ രാഷ്​ട്രീയ സംസ്കാരത്തിെൻറ അഴുക്കുകളെ നീക്കി രാഷ്​​ട്രീയമണ്ഡലത്തെ വൃത്തിയാക്കിയെടുക്കുക എന്ന വലിയ ദൗത്യംകൂടി അതിനുള്ളിലുണ്ട്.

കേരളത്തിെൻറ തദ്ദേശ ഭരണനിർവഹണരംഗത്ത് ഇന്ന് സ്​ത്രീസംവരണ സീറ്റുകൾക്കുമപ്പുറം 50 ശതമാനത്തിലധികം സ്​ത്രീകളുണ്ട്. കൂടുതൽ സ്​ത്രീകളെ മത്സരിപ്പിച്ചും നേതൃത്വത്തിലേക്കുയർത്തിയും ഇടതു ജനാധിപത്യപാർട്ടികൾ തദ്ദേശഭരണ തെരഞ്ഞെടുപ്പുരംഗത്ത്​ കാണിച്ച മാതൃക ഇനി അടുത്ത നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പ്​ സ്ഥാനാർഥിത്വത്തിലും കൊണ്ടുവരണമെന്ന് സ്​ത്രീകൾ ആഗ്രഹിക്കുന്നുണ്ട്. സ്​ത്രീസംവരണത്തെ അനുകൂലിക്കുന്ന പാർട്ടികൾക്ക് അത് സംഘടനതലത്തിൽതന്നെ നടപ്പിലാക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഭരണാധികാരത്തിൽ അത്തരത്തിലുള്ള നീതിപൂർവകമായ പങ്കുവെക്കൽ കാണാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അതുവരെയും സ്​ത്രീകൾ അവരുടെ നേതൃത്വശക്തിയും അറിവും ശേഷികളും കൂടുതൽ കൂടുതൽ ഉയർത്തിപ്പിടിച്ച് പോരാടട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021woman candidateship
News Summary - woman candidateship in election
Next Story