Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഎന്റെ കാഴ്ചകൾchevron_rightപ്രബുദ്ധമലയാളി എന്ന്​...

പ്രബുദ്ധമലയാളി എന്ന്​ ജാതിവാൽ മുറിക്കും?

text_fields
bookmark_border
പ്രബുദ്ധമലയാളി എന്ന്​ ജാതിവാൽ മുറിക്കും?
cancel



ലോകമാകെയും ഇന്ത്യയിലും ഇക്കാലത്ത് കണ്ടുകൊണ്ടിരിക്കുന്ന അതിസംഘർഷങ്ങളും സങ്കടങ്ങളും നിറഞ്ഞ ദിവസങ്ങൾക്കിടയിൽ പ്രത്യാശനൽകുന്ന ഒരുവാർത്തയുണ്ടായിരുന്നു. പക്ഷേ, നമ്മുടെ നാട്ടിലും അതേക്കുറിച്ച്​ ആരും കൂടുതൽ സംസാരിക്കുന്നതോ ചർച്ചചെയ്യുന്നതോ കണ്ടില്ല. സത്യത്തിൽ അതു​ കണ്ടില്ലെന്നു നടിക്കുന്നതാണ്​ ഏറ്റവും സൗകര്യപൂർവം എന്നു വിചാരിക്കുന്നവരുടെ പ്രബല സമൂഹമാണിത്.

ആ വാർത്തയുടെ ഉള്ളടക്കം ഇതായിരുന്നു:തമിഴ്നാട്ടിൽ സർക്കാർ സ്​കൂൾ പാഠപുസ്​തകങ്ങളിൽ പരാമർശിക്കുന്ന പ്രമുഖവ്യക്തികളുടെയും നേതാക്കളുടേയും പേരിനു പിന്നിലെ ജാതിവാൽ നീക്കുന്നു. കുട്ടികളിൽ ജാതിപരമായ ചിന്തയും വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഈ തീരുമാനം. മൂന്നുവർഷത്തിനിടെ അച്ചടി പൂർത്തിയാക്കി വിതരണംചെയ്യാനിരുന്ന പന്ത്രണ്ടോളം പാഠപുസ്​തകങ്ങളിലാണ് ഈ തിരുത്തൽ വരുത്തിയത്. മുൻമുഖ്യമന്ത്രിമാരായ എം.ജി.ആറും കരുണാനിധിയും റോഡുകൾക്കും സ്​ഥാപനങ്ങൾക്കും പേരിടുമ്പോൾ ജാതിവാൽ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.ഇതേ പാത പിന്തുടർന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്​റ്റാലിനും ഒന്നുമുതൽ പ്ലസ്​ ടുവരെയുള്ള പാഠപുസ്​തകങ്ങളിലെ ജാതിപ്പേരുകൾ നീക്കാൻ ഉത്തരവിട്ടത്. പേരിനൊപ്പമുള്ള നാടാർ, പിള്ളൈ, ശെട്ട്യാർ, അയ്യങ്കാർ, നായിഡു, അയ്യർ തുടങ്ങിയ ജാതിവാലുകളാണ്​ ഒഴിവാക്കിയത്. തമിഴ്സാഹിത്യത്തിന് നൽകിയ വലിയ സംഭാവനയുടെ പേരിൽ തമിഴിെൻറ താതനായി അറിയപ്പെടുന്ന യു.വി.സ്വാമിനാഥ അയ്യർ ഇനി മുതൽ കുട്ടികളുടെ മനസ്സിൽ യു.വി.സ്വാമിനാഥർ ആയിരിക്കും.

എത്ര മനോഹരമായ, നീതിപൂർവകമായ, അതിശക്​തമായ തിരുത്ത്! രാഷ്​​ട്രീയ ഇച്ഛാശക്​തിയുടെ മൂർത്തമായ മാതൃക. ജാതീയതയേയും സാമൂഹിക അസമത്വങ്ങളെയും അനീതികളേയും ആത്്മാർഥമായി എതിർക്കുന്നവർ, മനുഷ്യരെല്ലാം ഒരേ ജാതിയാണെന്ന് മനസ്സിലാക്കുന്ന ജാത്യതീത മനുഷ്യർ തീർച്ചയായും തമിഴ്നാട് സർക്കാറിനെ, മുഖ്യമന്ത്രി എം.കെ. സ്​റ്റാലിനെ ഹൃദയംനിറഞ്ഞ്​ അഭിവാദ്യം ചെയ്തുപോകും.

ഈ തമിഴ്നാട് മാതൃക കേരളത്തിനും നടപ്പിലാക്കാൻ കഴിയേണ്ടതാണ്. നവോത്ഥാന കേരളത്തിനായുള്ള പുതുകാല പ്രവർത്തനങ്ങൾക്ക്​ അടിസ്​ഥാനപരമായ മാറ്റവും വലിയ മാനങ്ങളും നൽകാൻ പ്രഹരശേഷിയുള്ള പ്രവർത്തനമായിരിക്കുമിത്. പറയനെന്നും പുലയനെന്നും തുടങ്ങിയുള്ള ജാതിപ്പേരുകൾ പേരിനൊപ്പം അഭിമാനകരമായിചേർത്തുവെക്കാൻ കഴിയാത്ത ഈ സമൂഹത്തിൽ നായർ, നമ്പ്യാർ, പിള്ള, മേനോൻ, നമ്പൂതിരി തുടങ്ങിയ ജാതിപ്പേരുകൾ അഭിമാനസൂചനയായി പേരിനൊപ്പം കൊളുത്തിയിട്ടുനടക്കുന്നത് നിരുപദ്രവകരമല്ല. ഇത്തരം അഭിമാനകരമായ ജാതിവാലുകൾ പേരിലുള്ളവർ സഹജമായിട്ടെന്നോണം സദാഅറിഞ്ഞും അറിയാതെയും ആസ്വദിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂലധനം സാമൂഹിക നീതിയുടെ തുലാസിനെത്തന്നെ വെല്ലുവിളിക്കുന്നതാണ്. നവോത്ഥാന കാലത്തെ മന്നത്തു പത്്മനാഭൻ പേരിലെ വാൽമുറിച്ചെങ്കിലും ഇന്നത്തെ നേതാക്കൾ വാൽമുറിക്കാതിരിക്കുന്നത് ജാതീയ അന്ധകാരത്തിനെതിരായി പ്രവർത്തിച്ച നവോത്ഥാന മൂല്യങ്ങളുടെ വെളിച്ചങ്ങളെ പാടേ അവഗണിക്കുന്നതുകൊണ്ടാണ്.

ഈ ജാതിവാലുകൾക്ക്​ ഒരവസാനമുണ്ടാവുക ഇനി എന്നാണ്? കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച ആളുകൾ ചെയ്ത ജാതിവാൽ ആചാരം ഈ നൂറ്റാണ്ടിൽ ജനിച്ച തങ്ങളുടെ കുട്ടികൾക്കും പേരിനൊപ്പം വെച്ചുപകർന്നുകൊടുക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ വലിയ കുറവൊന്നും പ്രബുദ്ധകേരളത്തിൽ സംഭവിച്ചിട്ടില്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്നു, സ്​റ്റാലിൻ തമിഴ്നാട്ടിൽ ചെയ്തതുപോലെ പാഠപുസ്​തകങ്ങളിലെ പ്രമുഖരുടെ പേരിൽനിന്ന്​ ജാതിവാൽ വെട്ടിക്കളയുന്ന വിപ്ലവകരമായ ഭരണതീരുമാനമെടുക്കുന്ന ഒരു സർക്കാർ ഈ കേരളത്തിലും ഉണ്ടാവും. ഇന്നല്ലെങ്കിൽ നാളെ. അത്​ വൈകാതെ ഇന്നുതന്നെ സംഭവിക്കണമെന്ന്​ ആഗ്രഹിക്കുന്നവരാണ്​ യഥാർഥത്തിൽ മതേതര ജാത്യേതരവിശ്വാസികളായ എല്ലാ മനുഷ്യരും.

തമിഴ്നാട്​ സർക്കാർ ചെയ്ത പ്രവൃത്തി, വളർന്നുവരുന്ന കുട്ടികളുടെ മുന്നിൽ അവർ പാഠപുസ്​തകത്തിൽ പഠിക്കുന്ന മാതൃകാ മനീഷികളുടെ പേരുകളിലുള്ള സ്​പഷ്​ടമായ ജാതി അധീശത അഥവാ പ്രിവിലേജ്​ തുടച്ചുനീക്കുന്നതിന് സഹായകമായിരിക്കുന്നു. ഇതു പുതുതലമുറയിലെ കുട്ടികളുടെ മനോഭാവത്തിൽ സൃഷ്​ടിക്കുന്ന സമബോധം നിസ്സാരമായിരിക്കില്ല. ഇന്ത്യ അത്രയധികം നീചമായ ജാതീയതയാൽ അളിഞ്ഞ് പുഴുക്കുത്തരിച്ച രാജ്യമാണ്. എെൻറ അഭിപ്രായത്തിൽ കേരളസർക്കാറിന് കുറച്ചുകൂടി കടന്ന്​ മറ്റൊരു നീക്കംകൂടി നടത്താവുന്നതാണ്. ഒന്നാം ക്ലാസു മുതൽ സ്​കൂളിൽ ചേർക്കുന്ന കുട്ടികളുടെ പേരുകളിൽ ജാതിവാൽ ഉണ്ടായിരിക്കരുത്​ എന്നു തീരുമാനമെടുക്കാം. ഉത്തരവിറക്കാം. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിന്ന് ഈ തീരുമാനമെടുക്കണം. പ്രതിപക്ഷം എതിർത്താൽ ശബരിമലക്കാലത്ത്​ റോഡിലിറങ്ങിയ നാമജപ സമരക്കാർവീണ്ടും പൂർവാധികം ശക്തിയോടെ സർക്കാറിനെതിരെ അണിനിരക്കും. മാത്രമല്ല, ജാതിമതിൽ കെട്ടിയ കേരളത്തിലെ ഹിന്ദുത്വത്തിെൻറ അക്രമാസക്തിയും കണ്ട് അങ്ങേയറ്റം നടുങ്ങിയവരാണ് നമ്മൾ. എതിർപ്പുകളെ അതിജീവിച്ച്​ വിപ്ലവാത്്മകമായ തീരുമാനമെടുക്കാൻ സർക്കാറിനു കഴിയുകതന്നെ വേണം.


സ്വാതന്ത്ര്യസമര സേനാനികളായ വി.ഒ. ചിദംബരം പിള്ള, സരോജിനി നായിഡു എന്നിവരുടെ ജാതിപ്പേര്​ നീക്കിയ തമിഴ്​്നാട്ടിലെ 12ാം ക്ലാസ്​ ചരിത്ര പാഠപുസ്​തക ഭാഗം


ജീവശാസ്​ത്രപരമായി പുരുഷനായിരിക്കുന്നതുകൊണ്ടുമാത്രം സ്​ത്രീകളുടെമേൽ അധികാരം പ്രയോഗിക്കാൻ അവകാശമുണ്ട് എന്ന പുരുഷമേൽക്കോയ്മക്ക്​ ഏതാണ്ട്​ സമാനമാണ്​ മനുഷ്യ നികൃഷ്​ടസൃഷ്​ടിയായ ജാതീയ മേൽക്കോയ്മയും. മേൽജാതിയിൽ ജനിച്ചു എന്നതിനാൽ കീഴ്ജാതിയിൽ ജനിച്ചുപോയ മനുഷ്യരോട്​ സവർണാധികാരം കാണിക്കുന്ന അക്രമങ്ങൾക്കും അനീതികൾക്കും വിവിധ രൂപങ്ങളുണ്ട്. പുരുഷാധികാരം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ പുരുഷന്മാരാണെങ്കിൽ സവർണാധികാരം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്​ത്രീകളുമുണ്ടെന്നതാണ്​ യാഥാർഥ്യം.

പേരിലെ ജാതിവാൽ മുറിക്കുക എന്നതിന് ജാതീയതയെ മുറിക്കുകയും ജാതിസമത്വത്തെ സ്​ഥാപിക്കുകയും ചെയ്യുന്നതിലേക്കുള്ള ആദ്യപടി എന്ന വലിയ രാഷ്ട്രീയ അർഥമുണ്ട്. എല്ലാ കുട്ടികളും പേരു വിളിക്കലിൽസമബോധത്തോടുകൂടി പരസ്​പരം കണ്ട് വളരാനുള്ള പരിശീലനത്തിെൻറ തുടക്കമായിരിക്കും അത്.മറ്റൊരു നിർദേശമായി മുന്നോട്ടുവെക്കാനുള്ളത്, മതത്തി​െൻറയും ജാതിയുടേയുംകോളങ്ങളിൽ മതമില്ല, ജാതിയില്ല എന്ന്​ എഴുതാനുള്ള അവകാശം നിയമപരമായി സ്​ഥാപിച്ചു കിട്ടിയിട്ടുള്ള രാജ്യമാണ്​ ഇന്ത്യ. ഇപ്രകാരം മതമില്ല, ജാതിയില്ല എന്ന് എഴുതുന്ന വിദ്യാർഥികൾക്ക്​ ഉയർന്ന ബിരുദപഠന ക്ലാസുകളിലേക്കും തൊഴിൽ ഒഴിവുകളിലേക്കും പ്രത്യേക മുൻഗണന കൊടുക്കുന്ന നിയമസംവിധാനം കൂടി ഉണ്ടാകണം.അങ്ങനെ വരുമ്പോൾ മതവും ജാതിയും ഉപേക്ഷിക്കുന്നവരുടെ എണ്ണം തീർച്ചയായും കൂടും. അത്​ മതേതരമായും ജാത്യേതരമായും ചിന്തിക്കാനും ജീവിക്കാനുമാഗ്രഹിക്കുന്ന പുതിയ തലമുറയിലെ കുട്ടികളിൽ ഉണ്ടാക്കുന്ന ആത്്മവിശ്വാസവും ആവേശവും വളരെ വലുതായിരിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste systemMK Stalincaste tailKerala News
News Summary - Will the caste tail be cut off as an enlightened Malayalee?
Next Story