Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഇപ്പോൾ വേണ്ടത് ദേശീയ...

ഇപ്പോൾ വേണ്ടത് ദേശീയ അനുരഞ്ജനപ്രസ്ഥാനം

text_fields
bookmark_border
ഇപ്പോൾ വേണ്ടത് ദേശീയ അനുരഞ്ജനപ്രസ്ഥാനം
cancel
camera_alt

പഞ്ചാബി​ൽ പച്ചക്കറികൾ റോഡിലെറിഞ്ഞു പ്രതിഷേധിക്കുന്ന കർഷകർ

ദേശീയ, സംസ്ഥാന, തദ്ദേശതെരഞ്ഞെടുപ്പുകളിൽ ഇപ്പോൾ രാജ്യത്ത് അൽപമെങ്കിലും മുന്നേറ്റം നടത്തുന്ന ഏകകക്ഷി ബി.ജെ.പിയാണ്. തെരഞ്ഞെടുപ്പ് കമീഷ​െൻറ ഉദാരസമീപനം മൂലം ആറു കക്ഷികൾക്ക് ദേശീയകക്ഷികൾ എന്നഭിമാനിക്കാൻ കഴിയുന്നുണ്ടെങ്കിലും യഥാർഥത്തിൽ ആ വിശേഷണം അർഹിക്കുന്ന ഒരു കക്ഷി ഇല്ല. കോൺഗ്രസിന് ആ പദവി നഷ്‌ടപ്പെട്ടു. ബി.ജെ.പിക്ക് അത് പൂർണമായി നേടാനായിട്ടില്ല.

കേന്ദ്രത്തിൽ ബി.ജെ.പി അധികാരം നേടിയ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകളും സീറ്റുകളും 2019ൽ കോൺഗ്രസിന് കിട്ടി. എന്നാൽ, ബി.ജെ.പി ഉണ്ടാക്കിയ ചെറിയ നേട്ടത്തെ മാധ്യമങ്ങൾ വലിയ മുന്നേറ്റമായി ചിത്രീകരിക്കുകയും അതി​െൻറ ഫലമായി കോൺഗ്രസി​െൻറ പോക്ക് കീഴോട്ടാണെന്ന ധാരണ പരക്കുകയും ചെയ്തു.

പരാജയത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചു. അതുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് പുതിയ ഇടങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. കോൺഗ്രസി​െൻറ പോക്കാകട്ടെ, കീഴ്പോട്ടുതന്നെ. ചിലയിടങ്ങളിൽ പ്രാദേശികകക്ഷികൾക്ക് ബി.ജെ.പി മുന്നേറ്റത്തെ ഒരളവുവരെ തടയാൻ കഴിഞ്ഞു. മറ്റു ചിലയിടങ്ങളിൽ പ്രാദേശികകക്ഷികൾ അതിനെ വളർത്തുന്നുമുണ്ട്.

ഇക്കൊല്ലത്തെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജനതാദൾ (യുനൈറ്റഡ്) സഖ്യത്തെ നേരിടാൻ സംസ്ഥാനത്തെ പ്രബല പ്രതിപക്ഷകക്ഷിയായ രാഷ്​ട്രീയ ജനതാദൾ (ആർ.ജെ.ഡി) ഒരു ശ്രമം നടത്തി. കാലിത്തീറ്റ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവി​െൻറ മകൻ തേജസ്വിയുടെ നേതൃത്വത്തിൽ ബി.ജെ.പി സഖ്യത്തെ നേരിട്ട മഹാസഖ്യത്തിന് അധികാരത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് തടയാനായില്ല.

എന്നാൽ, നരേന്ദ്ര മോദിയുടെ ദേശീയ രംഗപ്രവേശത്തെ തുടർന്ന് വർഗീയവത്‌കരിക്കപ്പെട്ട ഹിന്ദി മേഖലയിൽ അതിനെ തടയാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. കോൺഗ്രസും സി.പി.ഐ (മാർക്സിസ്​റ്റ്​​-ലെനിനിസ്​റ്റ്​​), സി.പി.ഐ, സി.പി.എം എന്നീ കക്ഷികളും മഹാസഖ്യത്തിൽ ഉൾപ്പെട്ടിരുന്നു. ആർ.ജെ.ഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സി.പി.ഐ (എം.എൽ) സീറ്റുനില മെച്ചപ്പെടുത്തി. മുൻ സഭയിൽ പ്രാതിനിധ്യമില്ലാതിരുന്ന സി.പി.ഐയും സി.പി.എമ്മും ഈരണ്ട് സീറ്റുകൾ നേടി. കോൺഗ്രസിനു മാത്രമാണ് നഷ്‌ടം സംഭവിച്ചത്.

കോൺഗ്രസി​െൻറ ദയനീയപ്രകടനം അത് മൃതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നു കാണിക്കുന്നു. നേതൃശൂന്യത പരിഹരിക്കുകയും സംഘടന അടിമുടി ജനാധിപത്യപരമായി അഴിച്ചുപണിയുകയും ചെയ്താലല്ലാതെ അതിനു ഭാവിയുണ്ടാകില്ല. മുഖ്യധാരാ കമ്യൂണിസ്​റ്റ്​പാർട്ടികളെപ്പോലെ അവശേഷിക്കുന്നതുകൊണ്ട് തൃപ്തിപ്പെടാനാണോ ഗാന്ധിയുടെയും നെഹ്‌റുവി​െൻറയും പാർട്ടിയും വിധിക്കപ്പെട്ടിരിക്കുന്നത്?

ഇന്ത്യ 2020ഓടെ വലിയ സാമ്പത്തികശക്തിയാകുമെന്ന് കാൽനൂറ്റാണ്ട് മുമ്പ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. വികസനപ്രക്രിയ നന്നായി മുന്നോട്ടുപോകുമ്പോഴാണ് മോദി വന്നത്. അദ്ദേഹത്തി​െൻറ കീഴിൽ സമ്പദ്​വ്യവസ്ഥ കൂപ്പുകുത്തി. ആവശ്യമായ ഗൃഹപാഠം കൂടാതെ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി തുടങ്ങിയ പദ്ധതികൾ വിതച്ച നാശത്തിൽനിന്ന് കരകയറാനാകും മുമ്പ് വന്ന മഹാമാരി സ്ഥിതി കൂടുതൽ വഷളാക്കി. കാർഷികപരിഷ്കരണത്തി​െൻറ പേരിൽ കൃഷിയുടെ മേലുള്ള നിയന്ത്രണവും വ്യവസായികളെ ഏൽപിക്കാനുള്ള മോദിയുടെ ശ്രമത്തിനെതിരെ രാജ്യത്തെ കർഷകർ സമരത്തിലാണ്. സമ്പദ്​വ്യവസ്ഥയെ ഈ അപകടകരമായ അവസ്ഥയിൽനിന്ന് എങ്ങനെ രക്ഷിക്കാമെന്ന് ആലോചിച്ചുതുടങ്ങേണ്ട സമയമായി.

പൗരത്വ നിയമ ഭേദഗതിയിലൂടെ മോദി സർക്കാർ ജനങ്ങളെ മതത്തി​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചുകഴിഞ്ഞു. അതിനെതിരായ സമരം വ്യാപിച്ചുകൊണ്ടിരുന്നപ്പോഴാണ് മഹാമാരി വന്നത്. അത് നിയന്ത്രണവിധേയമാക്കുമ്പോൾ സമരം തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജനരോഷത്തിനു കാരണമായ സർക്കാർനടപടികൾക്ക് നേതൃത്വം നൽകുന്നത് രാഷ്​ട്രീയകക്ഷികളല്ല, വളരെ വിരളമായോ ഒരുപക്ഷേ, ആദ്യമായോ പ്രക്ഷോഭപരിപാടികളുടെ ഭാഗമാകുന്ന സ്ത്രീകളും പുരുഷന്മാരുമാണ്. അവരുടെ വരവ് സൂചിപ്പിക്കുന്നത് ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യാനുള്ള കഴിവ് രാഷ്​ട്രീയകക്ഷികൾക്കുണ്ടെന്ന വിശ്വാസം ജനങ്ങൾക്കില്ലെന്നാണ്.

മോദിയുടെ വികല നയപരിപാടികൾ ശിഥിലീകരിച്ച സമൂഹത്തെയും രാജ്യത്തെയും ഐക്യപ്പെടുത്തുകയാണ് ഇപ്പോൾ ഇന്ത്യയുടെ ഭദ്രത ആഗ്രഹിക്കുന്നവരുടെ കടമ. ഈ ചുമതല ഏൽപിക്കാവുന്ന ഒരു രാഷ്​ട്രീയ കക്ഷിയുമില്ല. പൊതുസമൂഹം ഏറ്റെടുക്കേണ്ട പരിപാടിയാണിത്. കക്ഷിരാഷ്​ട്രീയത്തിനു പുറത്തുള്ള, അധികാരത്തിൽ കണ്ണില്ലാത്ത, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വാസമുള്ള ജനങ്ങൾ അണിനിരക്കുന്ന ഒരു ദേശീയ അനുരഞ്ജന പ്രസ്ഥാനമാണ് ഇന്നത്തെ ആവശ്യം.

Show Full Article
TAGS:BJP congress bihar election 2020 
Next Story