Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഎന്റെ കാഴ്ചകൾchevron_rightആദിവാസി സുസ്​ഥിര...

ആദിവാസി സുസ്​ഥിര വികസനത്തിനു വേണ്ടത് ഇരട്ട തന്ത്രം

text_fields
bookmark_border
attappadi
cancel

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി കുഞ്ഞുങ്ങൾ മരിച്ചുവെന്ന സങ്കടകരമായ വാർത്തകൾ നാം വായിച്ചു. ശിശുമരണങ്ങൾ ഒഴിവാക്കാനായി കണ്ണിലെണ്ണയൊഴിച്ച്​ കാത്തിരിക്കണം എന്ന അവസ്​ഥയിലാണ് അട്ടപ്പാടിയിലെ ബന്ധപ്പെട്ട സർക്കാർസ്​ഥാപനങ്ങൾ. ഗർഭകാലത്ത് അമ്മമാർക്ക് ഭക്ഷണവും സമയത്തിന് ചികിത്സയുംആശുപത്രിയിലെ പ്രസവവും ഒരുക്കി ശിശുമരണങ്ങളെ പിടിച്ചുനിർത്താൻ പറ്റുമോ എന്നതാണ് എപ്പോഴും പരീക്ഷിക്കുന്ന ഒരു മാർഗം. അതുകൊണ്ട്​ ഗുണങ്ങൾ തീർച്ചയായും ഉണ്ട്. പക്ഷേ, അൽപമൊന്നു ശ്രദ്ധ തെറ്റിയാൽ കുഞ്ഞു ജീവനുകൾ പൊലിയും. വീണ്ടുംമരിക്കും. ഏറെ കാലമായി നിലനിൽക്കുന്ന ഈ പ്രശ്​നങ്ങളും ആശങ്കകളും മറികടക്കണമെങ്കിൽ സമഗ്രവും സുസ്​ഥിരവുമായ ആദിവാസി വികസന കാഴ്ചപ്പാടും പ്രവർത്തനങ്ങളുമാണ്​ യഥാർഥത്തിൽ ഉണ്ടാകേണ്ടത്.

ആദിവാസി വികസനത്തെക്കുറിച്ച് ഇതുവരെയുംസമവായത്തിലെത്താത്ത രണ്ടു വികസന സങ്കൽപ ധാരകൾ നിലവിലുണ്ട്​. അതിലൊന്ന് ആദിവാസികളെ അവരുടെ പരമ്പരാഗത നിലയിൽതന്നെ നിലനിർത്തണമെന്നുള്ളതാണ്. മറ്റൊന്ന്, സമ്പൂർണമായും ആധുനികവികസന വ്യവഹാരത്തിലെ മുഖ്യധാരാവത്​കരണമാണ്. രണ്ടു വാദങ്ങൾക്കും അതി​േൻറതായ പരാധീനതകളും പ്രശ്നങ്ങളും എന്നാൽ ചില സവിശേഷ സാധ്യതകളുമുണ്ട്​. ആദിവാസികളുടെ പരമ്പരാഗത ആവാസവ്യവസ്​ഥ അന്യാധീനപ്പെട്ടുപോയിരിക്കുന്നു എന്ന യാഥാർഥ്യമാണ് ആദ്യവാദത്തിെൻറ പ്രധാന പ്രായോഗിക പരിമിതി. മുൻകാല സാംസ്​കാരിക പാരമ്പര്യ ജീവിതം പഴയ രൂപത്തിൽ തിരിച്ചു പിടിക്കാനാവാത്ത വിധമുള്ള നഷ്​ടങ്ങൾ ഇതിനോടകം സംഭവിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന ആവാസവ്യവസ്​ഥയെയും സാംസ്​കാരിക പാരമ്പര്യത്തെയും അൽപം പോലും കണക്കിലെടുക്കാത്ത തരം ഏകപക്ഷീയവും ഏകമാനവുമായ വികസനമാണ് രണ്ടാമത്തെ വാദത്തിെൻറ പ്രധാന പ്രശ്നം.

വ്യത്യസ്​ത പാരമ്പര്യവും വ്യത്യസ്​ത ജീവിത വൃത്തിരീതികളും ഭാഷകളും കൃഷി, വനവിഭവങ്ങൾ, ഭക്ഷണം, കാലാവസ്​ഥ, പ്രകൃതിവിഭവ പരിപാലനം തുടങ്ങിയവ സംബന്ധിച്ച വലിയ പാരമ്പര്യ അറിവുകളുമുള്ള വൈവിധ്യാത്്മക സ്വത്വത്തിലധിഷ്ഠിതമായ സാംസ്​കാരിക സാമൂഹിക വിഭാഗമാണ് ആദിവാസികൾ. കേരളത്തിൽതന്നെ 36 ആദിവാസി വിഭാഗങ്ങളുണ്ട്. മുഖ്യധാരാ വികസനത്തി​െൻറ എല്ലാ നല്ല സാധ്യതകളും പ്രാപ്യമാക്കാനും സ്വയം തെരഞ്ഞെടുക്കാനും കഴിയുന്ന തരത്തിലുള്ള, അവശേഷിക്കുന്ന വ്യത്യസ്​ത ആദിവാസി സാംസ്​കാരികതയെയും അറിവുകളേയും നശിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചുകൊണ്ടുള്ള ഇരട്ട തന്ത്രമാണ്(Twin strategy) ആദിവാസിവികസന പ്രവർത്തനത്തിൽ അടിയന്തരമായി ആവശ്യമായിട്ടുള്ളത്.

ആദിവാസിമേഖലയിൽ സമഗ്ര, സുസ്​ഥിര വികസന പദ്ധതികളുടെ വിജയകരമായ ആസൂത്രണം, നടത്തിപ്പ്, മേൽനോട്ടം എന്നിവക്കായി ത്രിതലപഞ്ചായത്തി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും പട്ടികവർഗ വകുപ്പ്, കൃഷി, വനം, ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ഗതാഗതം, സാമൂഹികക്ഷേമം, വനിതാശിശുവികസനം, സാംസ്​ക്കാരികം എന്നീ വകുപ്പുകളുടേയും സംയുക്​ത ഏകോപനം ആവശ്യമുണ്ട്​. ഓരോ വകുപ്പുകളുടേയും കീഴിൽ ആദിവാസിവികസനത്തിനായി നിലവിലുള്ള പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള മാതൃകാപരമായ വികസന പ്രവർത്തനമുണ്ടായാൽ മാത്രമേ ഗുണഫലങ്ങൾ സൃഷ്​ടിക്കാൻ കഴിയൂ. സമഗ്രവും സുസ്​ഥിരവുമായ വികസനത്തിെൻറ എല്ലാ പ്രധാന ഘടകങ്ങളെയും പരസ്​പര ബന്ധിതമായി തുല്യ പ്രാധാന്യത്തോടെ ഉൾക്കൊള്ളുന്ന ചട്ടക്കൂടിൽ ആദിവാസി വികസന നയവും പ്രവർത്തനങ്ങളും രൂപപ്പെടുത്തുകയും വേണം.

അടിസ്​ഥാനസൗകര്യങ്ങൾ

ആദിവാസി സംസ്​കാരത്തിനും വ്യത്യസ്​തതയുള്ള താൽപര്യങ്ങൾക്കും അനുസരിച്ച്, അവരുടെ നേതൃത്വത്തിൽ ക്രിയാത്്മക പങ്കാളിത്തത്തോടെയുള്ള ഭവനപദ്ധതികൾ, കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള ജലലഭ്യത, റോഡുകൾ പാലങ്ങൾ എന്നിവ സുസ്​ഥിര വികസന കാഴ്ചപ്പാടിൽ ആസൂത്രണംചെയ്ത് നടപ്പാക്കണം. താമസിക്കുന്ന സ്​ഥലങ്ങളിൽ ആദിവാസികൾ ഒറ്റപ്പെട്ടുപോകുന്ന അവസ്​ഥക്ക്​ മാറ്റമുണ്ടാകാനാവശ്യമായതരം ചലനാത്്മകത ഈ സമൂഹത്തിന് അത്യാവശ്യമാണ്. വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണത്തിനാവശ്യമായ പ്രതിരോധ സൗകര്യങ്ങൾ, വിജയിച്ച മാതൃകകളെ അടിസ്​ഥാനപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും പരിഗണന കൊടുത്തുകൊണ്ട് പങ്കാളിത്തത്തോടുകൂടി ശാസ്​ത്രീയമായി നിർമിക്കണം.

സാമൂഹിക വികസനം

ഓരോ ആദിവാസിവിഭാഗത്തി​െൻറയും തനതു ജീവിത സവിശേഷതകളെ അടിസ്​ഥാനപ്പെടുത്തിയുള്ള സാമൂഹിക വികസനമാണ് ഉണ്ടാവേണ്ടത്. കേരളത്തിലെ 36 ആദിവാസിവിഭാഗങ്ങളിൽ ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളതും എന്നാൽ, ഏറ്റവും പാർശ്വവത്​കരിക്കപ്പെട്ടതുമായ പണിയ വിഭാഗത്തിെൻറ സമഗ്ര വികസനം മുന്നിൽക്കണ്ടുള്ള വികസനത്തിന് സവിശേഷ ഊന്നൽ വേണ്ടതുണ്ട്.

പൊതു വിദ്യാഭ്യാസത്തിൽ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്​ സാമൂഹിക കാരണങ്ങൾ നിരവധിയാണ്. ബോധന സമ്പ്രദായത്തിലെ അപര്യാപ്തകൾ, അധ്യാപകരുടെ സംവേദനക്ഷമതയില്ലായ്മയും മോശം പെരുമാറ്റവും ഭാഷാ പ്രതിസന്ധി, കുടുംബത്തിൽനിന്നുള്ള േപ്രാത്സാഹനമില്ലായ്മ, ദാരിദ്യ്രം, സാംസ്​കാരികമായ ജീവിതരീതികൾ തുടങ്ങി നിരവധി ഘടകങ്ങളെ പരിഗണിച്ചും പരിഹരിച്ചും കൊണ്ടുമുള്ള വിദ്യാഭ്യാസ പദ്ധതികളാണ് വേണ്ടത്​. പഠന- മൂല്യനിർണയ രീതികളും പ്രത്യേകമായി രൂപപ്പെടുത്തേണ്ടതുണ്ട്​.

ആദിവാസികളുടെ ആരോഗ്യ പദവിസങ്കീർണമായ പ്രതിസന്ധികൾ നേരിടുന്നു. ഭക്ഷണം മാത്രമല്ല, അതിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതിനാവശ്യമായ മുന്നുപാധികൾകൂടി ഉണ്ടാവണം. ശുദ്ധമായ കുടിവെള്ള ലഭ്യത, ശുചിത്വത്തിനാവശ്യമായ കക്കൂസ്​, സുരക്ഷിതമായ വീട് എന്നിവയും തൃപ്തികരമായ ആരോഗ്യ പദവി നേടുന്നതിനുവേണ്ട പ്രാഥമിക ആവശ്യങ്ങളാണ്. ജനന നിരക്ക്, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ആയുർദൈർഘ്യം, സ്​ത്രീകളുടെ പദവി – സ്​ത്രീകളുടെ വിദ്യാഭ്യാസം, പെൺകുട്ടികളുടെ കൗമാരവളർച്ച, ലൈംഗിക പ്രത്യുൽപാദന ആരോഗ്യം, ശിശു പരിചരണം, സ്​ത്രീകളുടെ വിവാഹ പ്രായം, സാമൂഹിക സുരക്ഷ, വിവേചനങ്ങൾ, അതിക്രമങ്ങൾ, സ്​ത്രീകളുടെ തൊഴിൽ പങ്കാളിത്തം, രാഷ്​​ട്രീയ അധികാരത്തിലും തീരുമാനമെടുക്കൽ ഘടനകളിലും പ്രക്രിയകളിലുമുള്ള പങ്കാളിത്തം തുടങ്ങിയ വിവിധ സാമൂഹിക വികസന സൂചികകളിൽ ആദിവാസി സ്​ത്രീകളുടെ സാമൂഹിക ജീവിത പദവി ഉയർത്തുന്ന പ്രവർത്തനങ്ങൾ ബോധപൂർവം ഉണ്ടാവണം.

സാമ്പത്തിക വികസനത്തിന് ഭുമിയും കൃഷിയും

ആദിവാസിവികസനത്തിന് ആവശ്യമായ സുപ്രധാനമായ വിഭവം ഭൂമിയാണ്. ഭൂരഹിതരായ കുടുംബങ്ങൾക്ക്​ അർഹമായ ഭൂമി നിർബന്ധമായും വിതരണം ചെയ്യപ്പെടണം. അങ്ങനെ ലഭിച്ച ഭൂമിയെ ഉൽപാദന യോഗ്യമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ, കൃഷിക്കു​ വേണ്ട സാങ്കേതിക ഉപകരണങ്ങളും മികച്ച നടീൽവസ്​തുക്കളും വൈദഗ്​ധ്യവും സാമ്പത്തികസഹായങ്ങളും കെട്ടുപാടുകളും കുരുക്കുകളുമില്ലാത്തവിധം ലഭ്യമാകണം. അഭ്യസ്​തവിദ്യരായ എല്ലാ ആദിവാസി യുവതീയുവാക്കൾക്കും തൊഴിൽ ലഭ്യമാക്കുന്ന തീരുമാനവും ഉണ്ടാകണം. പരമ്പരാഗത കൃഷി അറിവുകളുള്ള ആദിവാസികൾക്ക്​ ഭൂ മിയിൽ പാരമ്പര്യ കൃഷിയുടെ വികസനവും വരുമാനവുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യണം. വിളകളെ വൈവിധ്യവത്​കരിച്ചും ഉൽപന്ന സംസ്​കരണ സംവിധാനങ്ങളൊരുക്കിയും മൂല്യവർധിത ഉൽപന്നങ്ങൾക്ക്​ വിപണി കണ്ടെത്തിയും അവർക്ക്​ വരുമാനം ഉറപ്പാക്കണം. വനപ്രകൃതി, ആദിവാസിസംസ്​കാരം, ആദിവാസികൃഷിയിടങ്ങൾ, ആദിവാസിമേഖലയോടുചേർന്ന വന്യജീവിസങ്കേതം എന്നിവ ബന്ധിപ്പിക്കുന്ന ഉത്തരവാദടൂറിസം പദ്ധതികളും ആദിവാസി കുടുംബങ്ങൾക്ക് തൊഴിൽസാധ്യതകളായി വികസിപ്പിക്കാനാവും.

പാരിസ്​ഥിതിക ജാഗ്രത

ജൈവ വൈവിധ്യ സംരക്ഷണത്തെയും വികസനത്തേയും മുൻനിർത്തിയുള്ള മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ ആദിവാസികൾ താമസിക്കുന്ന പാരിസ്​ഥിതിക ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. ക്വാറിയിങ്​, മൈനിങ്​ പോലുള്ള ബാഹ്യമായ ഇടപെടലുകളിൽനിന്ന്​ അവരുടെ ഭൂ പ്രദേശങ്ങളെ സംരക്ഷിച്ചുനിർത്താൻ ബന്ധപ്പെട്ടവർ അതിയായ ശ്രദ്ധപുലർത്തണം.

മാനവശേഷിവികസനം

സർക്കാറുകളായാലും ഗവേഷണ, സന്നദ്ധ സംഘടനകളായാലും നടപ്പിലാക്കുന്ന ആദിവാസിവികസന പദ്ധതികൾ ലക്ഷ്യത്തിലെത്താതെ ആദിവാസി ജീവിതം ദുരിതങ്ങളിൽ തന്നെ തുടരുന്നതിന് പ്രധാന കാരണം ആദിവാസികളുടെ സാമൂഹികസംഘാടന പ്രക്രിയകൾ ഇതിലൊന്നും ഉൾചേർന്നിട്ടില്ല എന്നതുകൊണ്ടാണ്. സൂക്ഷ്മമായ സാമൂഹിക സംഘാടനം നടന്നിട്ടുള്ള സ്​ഥലങ്ങളിൽ ഗണ്യമായ മാറ്റം ദൃശ്യവുമാണ്. ആശ്രിത ഗുണഭോക്​താക്കൾ എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇഷ്​ടപ്പെട്ടാലും ഇല്ലെങ്കിലും വാങ്ങുക എന്ന നിർജീവ പങ്കാളിത്ത സ്​ഥിതി മാറ്റി മാനവശേഷി, നേതൃത്വവികസന പ്രവർത്തനങ്ങളാണ്​ മുകളിൽ പറഞ്ഞ എല്ലാ വികസന മേഖലകളിലെ പ്രവർത്തനങ്ങളും വിജയകരമായി നടപ്പിലാക്കാനാവശ്യമായ മുന്നുപാധിയായിരിക്കേണ്ടത്്. അധികാര വികേന്ദ്രീകരണത്തി​െൻറയും ഭരണ നിർവഹണത്തി​െൻറയും രാഷ്​ട്രീയ അന്തഃസത്ത ഉൾക്കൊണ്ടുള്ള വികേന്ദ്രീകരണാസൂത്രണത്തിൽ ഊരുകൂട്ടങ്ങൾക്കുള്ള അധികാരവും അവകാശങ്ങളും കൈമാറുന്ന തരത്തിൽ ആദിവാസി ഊരുകൂട്ടങ്ങളുടെ ശക്​തമായ പുനഃസംഘാടനം പ്രാദേശികസർക്കാറുകളുടെയും ഐ.ടി.ഡി.പിയുടെയും നേതൃത്വത്തിൽ നിർബന്ധിതമായി നടപ്പാക്കണം. ഊരുകൂട്ടത്തി​െൻറ അധികാരവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച അവബോധം നൽകുന്ന പരിശീലന പരിപാടി ഓരോ ഊ രുകൂട്ടത്തിലെയും മൂപ്പന്മാർക്കും അംഗങ്ങൾക്കും ലഭിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TribalSustainable Developmentdual strategy
News Summary - Tribal sustainable development requires a dual strategy
Next Story