Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightകേരളത്തെ നോക്കി ഡൽഹി...

കേരളത്തെ നോക്കി ഡൽഹി ഞെട്ടുമ്പോൾ

text_fields
bookmark_border
covid kerala
cancel

കോവിഡ് ഏൽപിച്ച പരിക്കുകൾ തടവി പിടിച്ചെഴുന്നേൽക്കുകയാണ് ഡൽഹി. സ്കൂളുകൾ തുറക്കുന്നു. ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകൾ ബുധനാഴ്ച തുടങ്ങും. തൊട്ടുപിന്നാലെ ആറു മുതലുള്ള ക്ലാസുകാർക്കും സ്കൂളിലെത്താം. മെട്രോ ട്രെയിനുകളിൽ തിരക്കേറി. ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ഇരിക്കണമെന്ന നിർദേശം മാറ്റി. എല്ലാ സീറ്റിലും ഇരിക്കാം. വാണിജ്യ കേന്ദ്രങ്ങളും റോഡുകളുമെല്ലാം കൂടുതൽ സജീവമായി. മുഖത്ത് മാസ്ക് പതിപ്പിച്ച്, സാനിറ്റൈസർ പുരട്ടിയ കൈകൾ കൂട്ടിത്തിരുമ്മി, വീണ്ടും പ്രത്യാശകളിലേക്ക് ചുവടുവെക്കുകയാണ് ജനം. മറ്റു സംസ്ഥാനങ്ങൾ ചകിതമായി ഡൽഹിയിലേക്ക് നോക്കിയിരുന്ന സാഹചര്യം മാറി. ഔദ്യോഗിക കണക്കു പ്രകാരം ദിനേന 400-450ഓളം പേർ മരിച്ച മേയ് മാസത്തിെൻറ തുടക്കത്തിൽനിന്ന് ആഗസ്​റ്റ്​ അവസാനത്തിലേക്ക് എത്തിയപ്പോൾ കോവിഡ് ബാധിതരുടെ എണ്ണം 412ലേക്ക് കുത്തനെ താഴ്ന്നു. പോസിറ്റിവിറ്റി നിരക്ക് 0.06 ശതമാനം മാത്രം. ഒരാളും മരിക്കാത്ത 17 ദിവസങ്ങളും ഇതിനിടയിൽ ഉണ്ടായി. എങ്കിലും മൂന്നാം തരംഗത്തിെൻറ ആശങ്കകൾ അന്തരീക്ഷത്തിൽ തങ്ങിനിൽപുണ്ട്. രണ്ടാം തരംഗത്തിലെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളിലാണ് അധികൃതരും. ഓക്സിജൻ അടക്കം, ആശുപത്രികളിലെ സജ്ജത ആവർത്തിച്ച് പരിശോധിക്കപ്പെടുന്നുണ്ട്.

തുടക്ക കാലത്ത് കോവിഡ് പ്രതിരോധത്തിെൻറ പെരുമ കേട്ട കേരളത്തിലേക്ക് ഡൽഹിക്കാർ ഇന്ന് നടുക്കത്തോടെയാണ് കണ്ണയക്കുന്നത്. കോവിഡ് പെരുക്കത്തിനിടയിൽ ഡൽഹി മതിയാക്കി കേരളത്തിലേക്ക് ജീവിതം പറിച്ചു നടുന്നതിനെക്കുറിച്ച് ചിന്തിച്ച മലയാളികൾക്കും ഉൾഭയം. ഡൽഹിക്ക് തൊട്ടുപിന്നാലെ, ഏപ്രിലിൽ തുടങ്ങിയ രണ്ടാം തരംഗം ആഗസ്റ്റ് അവസാനിക്കുേമ്പാഴും ഉച്ചസ്ഥായിയിൽനിന്ന് ഇറങ്ങുന്നില്ലെന്നല്ല, പിന്നെയും കയറുകയാണ്. മൂന്നാം തരംഗം കൂടി ഇടകലർന്ന് സ്ഥിതി ഇനിയും ഗുരുതരമാകാമെന്നും ലോക്ഡൗൺ കൂടുതൽ വ്യാപ്തിയോടെ മുറുകുമെന്നുമുള്ള സ്ഥിതിയിലേക്കാണ് കേരളം നീങ്ങുന്നത്. ആരോഗ്യ മേഖലയിൽ മുന്നേറ്റമുണ്ടാക്കിയ കേരളത്തിന് എന്തു സംഭവിച്ചു? കൊറോണ വൈറസുകൾ ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നെഞ്ചു വിരിച്ചു നടന്നുപോകാൻ കേരളത്തിന് കഴിയുന്നില്ല. മൂവന്തി നേരത്ത് പ്രാർഥനയും ടി.വി സീരിയലും മാറ്റിവെച്ച് ത​െൻറ പതിവു വാർത്തസമ്മേളനത്തിലേക്ക് കാതുകൂർപ്പിക്കാൻ പ്രേരിപ്പിച്ച മുഖ്യമന്ത്രിയെ ഏറ്റവും വേണ്ട സമയത്ത് കാൺമാനില്ലെന്ന് മലയാളി മുറുമുറുക്കുന്നു. റേഷൻ കിറ്റ്, പെൻഷൻ എന്നീ വശീകരണങ്ങളും കോവിഡ് പ്രതിരോധ മികവിെൻറ പബ്ലിസിറ്റിയുമായി നിയമസഭ തെരഞ്ഞെടുപ്പു ചാടിക്കടന്നവർ, രണ്ടാമൂഴത്തിെൻറ നൂറാം ദിനത്തിൽ മുഴക്കുന്നത് ധാർഷ്്ട്യത്തിെൻറ ഭരണഭാഷയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

കേരളത്തിലുള്ളവർ സമാധാനത്തോടെ കഴിയുേമ്പാൾ, മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും പ്രവാസികൾ കോവിഡ് കാലത്ത് എന്തിന് ഇങ്ങോട്ടു കെട്ടിയെടുക്കുന്നുവെന്ന ചോദ്യമെറിഞ്ഞ് മുഖം വീർപ്പിച്ചുനിന്ന മധ്യവർഗ, ഉപരിവർഗ ചിന്താഗതിക്കാർ ഇപ്പോൾ മൗനത്തിലാണ്. പ്രവാസികൾ ബാഗ് നിറയെ കൊറോണയുമായി നാട് നശിപ്പിക്കാൻ വരുന്നുവെന്നായിരുന്നു അവരുടെ ടെലിസ്കോപിക് വീക്ഷണം. എല്ലാം അടച്ചിട്ട്, ആരെയും സംസ്ഥാനത്തു കയറ്റാതെ, വീട്ടിൽത്തന്നെ കഴിഞ്ഞ് കോവിഡിനെ ഓടിക്കാനിരുന്നവരാണ് അവർ. അമ്മ മരിച്ചപ്പോൾ എങ്ങനെയൊക്കെയോ നാട്ടിലെത്തിയ പ്രവാസിയെ മൃതദേഹം പോലും കാണിക്കാത്ത, പ്രവാസിയെ തല്ലിയോടിച്ച, അതിർത്തിയിൽനിന്ന് ആട്ടിപ്പായിച്ച അയൽക്കാരും നാട്ടുകാരുമുണ്ട്. എന്നാൽ കേരളത്തിലല്ല, പ്രവാസ ലോകത്താണ് ഇപ്പോൾ മനസ്സമാധാനം. ഒന്നര വർഷം കഴിഞ്ഞിട്ടും കോവിഡ് പോകുന്നില്ലെന്നു മാത്രമല്ല, ജില്ലാ അതിർത്തി മുതൽ സംസ്ഥാന, രാജ്യാതിർത്തികൾ കടക്കണമെങ്കിൽ മറുനാട്ടുകാർ മലയാളിയോട് ടെസ്​റ്റും സർട്ടിഫിക്കറ്റും സത്യവാങ്മൂലവുമൊക്കെ ചോദിക്കുന്നു. കേരളം കോവിഡ് പ്രഭവകേന്ദ്രമെന്ന സ്ഥിതി. ഒരുകാലത്ത് കോവിഡ് മാനേജ്മെൻറിനെക്കുറിച്ച് അമേരിക്കക്കാർവരെ കേരള സർക്കാറിനോട് സംശയനിവാരണം നടത്തിയിരുന്നു പോൽ.

കോവിഡ് താണ്ഡവമാടിയ ഡൽഹി അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുന്നത് എങ്ങനെ? കോവിഡ് പ്രതിരോധത്തിൽ ഏറെ മുന്നിലെന്ന് അവകാശപ്പെട്ടുപോന്ന കേരളം ഇപ്പോഴത്തെ ദുഃസ്ഥിതിയിലേക്ക് കൂപ്പുകുത്തിയത് എന്തുകൊണ്ട്? കാതലായ ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിനു പകരം, കോവിഡ് പ്രതിരോധത്തിൽ അവകാശവാദങ്ങളുടെ കെട്ടഴിച്ചുകൊണ്ടേയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പിഴവുകൾ തിരിച്ചറിയുന്നുണ്ടാകാം; എന്നാൽ, അത് തുറന്നു സമ്മതിക്കാനും തിരുത്താനും ദുരഭിമാനം സർക്കാറിനെ സമ്മതിക്കുന്നില്ല. തെറ്റായ വിശദീകരണങ്ങൾകൊണ്ട് വീഴ്ച മറച്ചുവെക്കാൻ ശ്രമിക്കുന്നു. പല നിലക്കും പ്രശംസാർഹമായ ശ്രമങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്. എന്നാൽ, കണക്കുകളും വ്യാഖ്യാനങ്ങളും വസ്തുതാപരമല്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അടക്കം, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും പിഴച്ചു. രോഗവ്യാപനത്തെ കേരളത്തിലെ വർധിച്ച ജനസാന്ദ്രതയുമായി സർക്കാർ ബന്ധിപ്പിക്കുന്നുണ്ട്. ആ ന്യായം ഡൽഹിയെന്ന മഹാനഗരത്തിലെ ജനസാന്ദ്രതയുമായി തട്ടിച്ചു നോക്കുേമ്പാൾ അന്യായമായി മാറും.

കണക്കുകളിലേക്ക് വന്നാൽ, ഇന്ത്യയിലെ ഒരു സംസ്ഥാനവും കോവിഡ് മരണങ്ങളുടെ കൃത്യമായ കണക്കാണ് നൽകുന്നതെന്ന് പറയാനാവില്ല. യു.പിയിൽ നദിയിൽ പൊന്തിയ മൃതദേഹങ്ങൾക്കോ, ഡൽഹിയിൽ രണ്ടാം തരംഗം താണ്ഡവമാടിയപ്പോഴത്തെ മരണങ്ങൾക്കോ കൃത്യമായ കണക്കില്ല. കോവിഡ് ബാധിതരുടെ എണ്ണവും കൃത്യമല്ല. എന്നാൽ സർക്കാർ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. അതില്ലാതെ ജനം സമ്മതിക്കുകയുമില്ല. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടയിൽ മരണസംഖ്യയോ കോവിഡ് ബാധിതരുടെ എണ്ണമോ കൃത്യമായി പുറത്തു വന്നിട്ടില്ലെന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത്. കേരളമാണ് ഏറ്റവും സുതാര്യമായി പെരുമാറുന്നതെന്നും മറ്റു സംസ്ഥാനങ്ങൾ കോവിഡ് കണക്കുകൾ കൃത്യമായി നൽകുന്നില്ലെന്നും വാദിച്ചു പിടിച്ചു നിൽക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നു മാത്രം. കോവിഡ് പ്രതിരോധത്തിൽ ഒഡിഷ ഇന്ന് കേരളത്തിനും മാതൃകയാണ്.

വാക്സിനേഷനിലെ മുേന്നറ്റത്തിനും അതിരുവിട്ട അവകാശവാദത്തിന് പ്രസക്തിയില്ല. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കുമായി വാക്സിൻ വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. കിട്ടുന്ന വിഹിതം ഉപയോഗപ്പെടുത്തുന്നതല്ലാതെ, മറ്റു വഴികളിലൂടെയൊന്നും അസാധാരണമായി വാക്സിനേഷൻ വേഗം കൂട്ടാൻ കേരളമടക്കം ഒരു സംസ്ഥാനത്തിനും കഴിയില്ല. മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേന്ദ്രം നൽകുന്ന വാക്സിൻ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കാൻ കേരളം ശ്രദ്ധിക്കുന്നുണ്ടെന്നു മാത്രം. പൊതു, സ്വകാര്യ ആരോഗ്യമേഖലയിൽ കേരളം പതിറ്റാണ്ടുകൾ കൊണ്ട് വാർത്തെടുത്ത സംവിധാനങ്ങൾക്ക് സ്വാഭാവികമായും അതിനുള്ള കെൽപുണ്ട്. അതേസമയം, വാക്സിനേഷനിൽ കേരളമല്ല, ഹിമാചൽ പ്രദേശാണ് മുന്നിൽ.

18 കഴിഞ്ഞവരിൽ 99 ശതമാനത്തിനും ആദ്യഡോസ് വാക്സിൻ അവർ നൽകിക്കഴിഞ്ഞു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ അവിടെ 30 ശതമാനത്തിലെത്തിയെങ്കിൽ, കേരളം 25 ശതമാനം പിന്നിട്ടതേയുള്ളൂ. വാക്സിൻ േവണ്ടപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിൽ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾ ആശുപത്രികളിൽ ദുഃസ്വാധീനം ചെലുത്തുന്നുവെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നുമുണ്ട്. ടെസ്​റ്റ്​ നടത്തുന്നതിലെ യാഥാർഥ്യവും മറ്റൊന്നാണ്. ഡൽഹി അടക്കം മറ്റു സംസ്ഥാനങ്ങൾ നെഗറ്റിവിറ്റി വിധിയെഴുത്തിന് സാധ്യത കൂടുതലായ ആൻറിജൻ ടെസ്​റ്റിനേക്കാൾ ആർ.ടി.പി.സി.ആറാണ് കുടുതൽ നടത്തുന്നത്. കേരളത്തിൽ തിരിച്ചും.

ഡൽഹിയിൽ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 412 മാത്രമാണെന്ന ഔദ്യോഗിക കണക്ക് കൃത്യമായിരിക്കില്ല. റിപ്പോർട്ടു ചെയ്യപ്പെടാത്ത കോവിഡ് കേസുകൾ ഉണ്ടാകാം. എന്നാൽ, വിവിധ ആശുപത്രികളിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ആശുപത്രികളിൽ കോവിഡ് രോഗികൾക്കൊപ്പം, രോഗലക്ഷണങ്ങളുമായി എത്തുന്നവരും തീർത്തും കുറഞ്ഞിരിക്കുന്നു. ആ സ്പന്ദനം നിത്യജീവിത പരിസരങ്ങളിൽനിന്ന് ഏതൊരു ഡൽഹിക്കാരനും വായിച്ചെടുക്കാനും കഴിയും. എന്നാൽ, രണ്ടാം തരംഗത്തിെൻറ അഞ്ചു മാസം പിന്നിടുേമ്പാഴും കേരളത്തിൽ കോവിഡ് വൈറസുകൾ ഓരോ വീടുകളിലേക്കും കൂടുതലായി വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളിലെ പിഴവുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രണ്ടാം തരംഗം പടർന്നപ്പോൾ നിയന്ത്രണ നടപടികൾ വൈകിയതിലെ പിഴവ് ഡൽഹിക്ക് മറ്റൊരർഥത്തിൽ ഉപകാരമായ സ്ഥിതിയായി. കൂടുതൽ പേർ ഒറ്റയടിക്ക് കോവിഡ് ബാധിതരാവുകയും, ഒന്നര മാസത്തിനകം വൈറസ് പടർച്ച ദുർബലമാവുകയും ചെയ്തു. ഫലത്തിൽ കോവിഡ് വ്യാപനം വഴി ഹെർഡ് ഇമ്യൂണിറ്റിയെന്ന സാമൂഹിക പ്രതിരോധ ശേഷിയിൽ ഡൽഹി മുന്നിലായി. ജനസംഖ്യയിൽ ഭൂരിഭാഗം ഇത്തരത്തിൽ പ്രതിരോധ ശേഷി നേടിയെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ, വ്യാപനം പൊടുന്നനെ കുറഞ്ഞു. ലോക്ഡൗണിെൻറ കരിമ്പടം കൊണ്ട് മൊത്തം മൂടാതെ, നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഇളവു ചെയ്യാൻ ഡൽഹി സ്വീകരിച്ച രീതിയും അതിന് സഹായകമായി.

എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി, കേരളത്തിലെ സ്ഥിതി അതല്ല. ജനത്തെ പേടിപ്പിച്ചു വീട്ടിലിരുത്തി. രണ്ടു വർഷമായി ലാത്തി ചുഴറ്റുകയും മർദിക്കുകയും ചെയ്യുന്ന പൊലീസിെൻറ മേൽനോട്ടത്തിൽ നിയന്ത്രണങ്ങളുടെ തടങ്കൽ പാളയത്തിലാണ് കേരളം. അതുവഴി, കോവിഡ് വരാത്തവരുടെ എണ്ണമാണ് കേരളത്തിൽ കൂടുതൽ. അഥവാ, രോഗം വരാൻ സാധ്യതയുള്ളവർ കൂടുതലാണ് കേരളത്തിൽ. നിയന്ത്രണങ്ങളുടെ കരിമ്പടത്തിൽനിന്ന് പുറത്തുവരാൻ പാകത്തിൽ ആസൂത്രിതമായി ഇളവുകൾ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ഇതിനകം പരിഹാസ്യരായ 'വിദഗ്ധ സമിതി' നിർദേശിച്ചതനുസരിച്ച് സർക്കാർ നടപ്പാക്കിയ അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും സ്ഥിതി ഗുരുതരമാക്കി. ആഴ്ചയിൽ മൂന്നു ദിവസം ബാങ്ക് തുറക്കൽ, രണ്ടു ദിവസത്തെ പ്രതിവാര ലോക്ഡൗൺ എന്നിവ അടക്കം ഉദാഹരണങ്ങൾ പലത്. ലോകത്തു നിന്ന് കോവിഡ് ഒഴിഞ്ഞു പോകുന്നതു വരെ വീട് അടച്ചു പൂട്ടി അതിനുള്ളിൽ കഴിയുക എന്നത് നടപ്പുള്ള കാര്യമല്ല. ചികിത്സയും പരിചരണവും വേണ്ടവരുടെ എണ്ണം നമ്മുടെ ആശുപത്രി സൗകര്യങ്ങൾക്കപ്പുറത്തേക്ക് കവിഞ്ഞു പോകാതെ, മേഖല തിരിച്ച് ശ്രദ്ധാപൂർവം നിയന്ത്രണങ്ങൾ പടിപടിയായി ഇളവു ചെയ്തു കൊണ്ടുവരുക എന്നതാണ് പ്രായോഗിക വഴി. ഇതിൽ ജാഗ്രതക്കുറവ് വന്നാൽ ഡൽഹിയിൽ ഏപ്രിലിൽ സംഭവിച്ചത് ഉണ്ടാകും, ഉപരോധം അടിച്ചേൽപിച്ചാൽ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ വരും എന്ന് ലളിതമായി പറയാം.

നീണ്ടുപോയ ലോക്ഡൗൺ നിയന്ത്രണങ്ങൾ സാമ്പത്തികമായി വിവിധ ജീവിത തുറകളിലുള്ളവരിൽ സൃഷ്​ടിക്കുന്ന പ്രയാസം ചെറുതല്ല. വ്യാപാരികൾ ഉയർത്തിയ പ്രതിഷേധം ആ കഥ വിളിച്ചു പറയുന്നു. അതിനോട് മുഖ്യമന്ത്രിതന്നെ സ്വീകരിച്ച സമീപനം സർക്കാർ ധാർഷ്​ട്യത്തിെൻറ കഥയും വിളിച്ചു പറയുന്നു. കോവിഡ് പ്രതിസന്ധി മൂലം സംരംഭം മുന്നോട്ടു കൊണ്ടുപോകാനാകാതെ ആയിരക്കണക്കായ സ്ഥാപനങ്ങൾ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്ന് അറിയണം. വിദ്യാഭ്യാസ മേഖലയുടെ സ്ഥിതിയോ? നിയന്ത്രണങ്ങളുടെ ഊരാക്കുടുക്കിൽ ഇനിയും തുടരേണ്ട സ്ഥിതിയിൽ സ്കൂൾ തുറക്കാൻ ഉടനെയൊന്നും കഴിയില്ല.

ലാപ്ടോപും നെറ്റ്​വർക്കും തലവേദനയായി മാറിയ കുട്ടികൾ നേരിടുന്ന പ്രതിസന്ധിയുടെ ഇരയാണ് നെറ്റ്​വർക്ക് കിട്ടാൻ മൊബൈലുമായി പൊക്കമുള്ള മരത്തിൽ കയറി വീണു പരിക്കേറ്റ അനന്തു ബാബു. ഇതിനെല്ലാമിടയിൽ രണ്ടാം തരംഗത്തിൽനിന്ന് രക്ഷപ്പെടുംമുേമ്പ മൂന്നാം തരംഗം വന്നേക്കാമെന്നിരിക്കേ, ഭൂരിഭാഗം കോവിഡ് ബാധിതരല്ലാത്തതിനാൽ ഇനിയുള്ള ആഴ്ചകളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന യാഥാർഥ്യത്തിനു മുന്നിലാണ് കേരളം. ആരോഗ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ആഗസ്​റ്റിൽ ഓണക്കാലത്ത് കേരളത്തിൽ 1536 കോവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. സെപ്​റ്റംബറായപ്പോൾ അത് മൂന്നിരട്ടിയായി. ഒക്ടോബറിൽ ഏഴിരട്ടിയായി. ഇക്കൊല്ലം ഈ പെരുക്കം ഒഴിവാക്കാൻ പാകത്തിൽ കേരളം എന്തു ചെയ്തു? ഒന്നും ഫലവത്തായില്ലെന്നാണ് ഇതുവരെയുള്ള കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയിൽ മാത്രമല്ല, സാമ്പത്തിക സ്ഥിതിയിലും മാരകമായ പരിക്കേൽക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കോവിഡ് പ്രതിരോധമെന്ന മാരത്തൺ ഓട്ടത്തിൽ ആദ്യമേ അതിവേഗത്തിലോടി കിതച്ചു ക്ഷീണിച്ച സംസ്ഥാനമാണ് ഇന്ന് കേരളം.

Show Full Article
TAGS:covid Kerala control north india lockdown 
News Summary - When Delhi is shocked to see Kerala
Next Story