രാഹുലിനോട് തോറ്റ് ഉള്ളത്തിൽ ഭയമേറിയവർ
text_fieldsനരേന്ദ്ര മോദിയും അമിത് ഷായും
"ഈ കാലവും നാം കടന്നുപോകും എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചിരുന്നോ? ഇപ്പോൾ ഞാൻ ചോദിക്കട്ടെ, ഇക്കാലമൊന്നു കഴിയാൻ ഇനിയെത്ര നാൾ കൂടി നാം കാത്തിരിക്കേണ്ടി വരും? ഒരു പത്തുവർഷം?" ആത്മവിശ്വാസത്തിന്റെ ചിരി വിടർന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ നിന്ന് ചോദ്യമുയർന്നതും ഇനി അത്രയൊന്നും വേണ്ടി വരില്ലെന്ന് ഇളകിയ സദസിന്റെ മറുപടി. സമരക്കാരായ വിദ്യാർഥികളെ ആക്രമിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയെയും വിടില്ലെന്ന് പ്രഖ്യാപിച്ച് ഇരുസഭകളിലും ഇരുവരെയും മൂന്നാഴ്ച പ്രവേശിക്കാൻ കഴിയാത്ത പരുവത്തിലാക്കി അനിശ്ചിതകാലത്തേക്ക് പാർലമെൻറ് പിരിഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു പാർലമെന്റ് മന്ദിരത്തിന് വിളിപ്പാടകലെയുള്ള മാവ്ലങ്കർ ഹാളിലെ രാഹുൽ ഗാന്ധിയുടെ സംവാദം. തുടർന്ന് ചോദിച്ച ചോദ്യങ്ങൾക്കൊക്കെയും താങ്കളേക്കാൾ വലിയ ശുഭാപ്തിവിശ്വാസത്തിലാണ് തങ്ങളെന്ന് മറുപടികളിലൂടെ രാഹുലനോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സദസ്സ്.
നിദ്രാവിഹീനങ്ങളാക്കി അവരുടെ രാവുകൾ
മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകനും മുൻ എം.പിയുമായ സന്ദീപ് ദീക്ഷിതിൻ്റെ നേതൃത്വത്തിൽ ‘രച്നാത്മക കോൺഗ്രസ്’ സംഘടിപ്പിച്ച ദേശീയ കൂട്ടായ്മ പാർലമെന്റിൽ സർക്കാറിന് മേൽനേടിയ വിജയത്തിന്റെ ആഘോഷമാക്കി മാറ്റുകയായിരുന്നു രാഹുൽ. വിജയം കാണും വരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവും രാഹുൽ നടത്തി. ആർ.എസ്.എസിനെയും ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും ഒക്കെ ഗൗരവത്തിൽ എടുത്ത തനിക്ക് പിഴച്ചെന്നും കോമാളിത്തം മാത്രം കാണിക്കുന്ന കേവലം കോമാളികളുടെ കൂട്ടമാണ് ഇതെന്ന് പിന്നീടാണ് താൻ തിരിച്ചറിഞ്ഞതെന്നും രാഹുൽ പറഞ്ഞു. സദസ്സിൽ നിന്ന് ആളുകളെ വിളിച്ച് വേദിയിൽ കയറ്റി ആർ.എസ്.എസിന്റെ ഡമൺസ്ട്രേഷൻ നടത്തിച്ച് ഈ കോമാളിക്കൂട്ടത്തിന്റെ കൽപ്പന നമ്മൾ അനുസരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം എന്ന് പറഞ്ഞ് സദസ്സിനെ ചിരിപ്പിച്ച് ചിന്തിപ്പിച്ചു രാഹുൽ. ജനം തങ്ങളുടെ ശേഷി തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയതോടെ ഒരു രാത്രി പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഒരു പോള കണ്ണടക്കാൻ കഴിയാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു എന്നാണ് രാഹുൽ പറഞ്ഞത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജി വെച്ചിറങ്ങുവോളം സമാധാനത്തിൻ്റെയും അഹിംസയുടെയും മാർഗത്തിലൂടെ തന്നെ അവരുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കുമെന്ന് പ്രഖ്യാപിച്ച് തന്നിൽ വിശ്വാസമർപ്പിച്ചവരെ ഒട്ടും നിരാശപ്പെടുത്താതെയാണ് രാഹുൽ മാവ്‍ലങ്കർ ഹാളിൽ നിന്ന് മടങ്ങിയത്.
രാഹുൽ നടത്തിയ മനഃശാസ്ത്ര യുദ്ധം
രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിൻ്റെ റോളിൽ നിന്ന് കൊണ്ട് നരേന്ദ്രമോദിയോടും അമിത് ഷായോടും രാഹുൽ ഗാന്ധി നടത്തിയ മനശാസ്ത്ര യുദ്ധത്തിനാണ് പോയ മൂന്ന് വാരവും ഇന്ത്യൻ പാർലമെൻറ് സാക്ഷ്യം വഹിച്ചത്. ആ യുദ്ധത്തിൽ ദയനീയമായി പരാജയപ്പെട്ട രണ്ട് മുഖങ്ങളെയാണ് സ്പീക്കറുടെ ഉപസംഹാര സംസാരം പോലുമില്ലാതെ അസാധാരണമായ രീതിയിൽ വന്ദേമാതരം മാത്രം ചൊല്ലി അനിശ്ചിതകാലത്തേക്ക് ലോക്സഭ പിരിഞ്ഞപ്പോൾ എല്ലാവരും കണ്ടത്. ഭയക്കാതെ മനുഷ്യരെ (ഡറോ മത്) എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ മുഴുവൻ പിന്നിൽ നിർത്തി മോദിയെയും അമിത് ഷായെയും എങ്ങിനെ തിരിച്ചു ഭയപ്പെടുത്താം എന്നാണ് രാഹുൽ ഗാന്ധി വർഷകാല സമ്മേളനത്തിലൂടെ കാണിച്ചുകൊടുത്തത്. രാഹുൽ പ്രതിപക്ഷത്തിന് പകർന്നു നൽകിയ ഈ ധൈര്യം ഓരോ പ്രതിപക്ഷ എംപിയുടെയും സംസാരങ്ങളിലും പ്രതികരണങ്ങളിലും പ്രതിഫലിച്ചു. മോദിയും അമിത് ഷായും എന്തുകൊണ്ടാണ് സഭയിൽ വരാത്തതെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് കൊടുത്തതെല്ലാം വാങ്ങിവെക്കാനാണ് ഇപ്പോൾ ഇരുവരുടെയും വിധിയെന്ന് പറഞ്ഞ് പരിഹസിച്ചത് കെ.സി വേണുഗോപാൽ ആണ്.
‘പപ്പു’വിനോടേറ്റ തോൽവിയുടെ ആഴം
വർഷകാല സമ്മേളനം പിരിയുന്നതിന്റെ തലേന്നാൾ പാർലമെന്റിന്റെ മുഖ്യ പ്രവേശന കവാടമായ മകര ദ്വാറിലേക്ക് വരാതെ രാജ്യസഭാ അംഗങ്ങൾ മാത്രം വരുന്ന ശ്രാദ്ധുൽ ദ്വാറിലേക്ക് എ.എന്‍.ഐ, പി.ടി.ഐ എന്നീ വാർത്താ ഏജൻസികളെ മാത്രം സ്വകാര്യത്തിൽ വിളിച്ചുവരുത്തി താൻ ചർച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി ബൈറ്റ് നൽകിയതിൽ നിന്ന് തന്നെ ഒരു പതിറ്റാണ്ടു കാലം തങ്ങൾ പപ്പു എന്ന് വിളിച്ചു പരിഹസിച്ചിരുന്ന ഒരു മനുഷ്യനോട് മോദി സർക്കാർ ഏറ്റുവാങ്ങിയ തോൽവിയുടെ ആഴമറിയാം. രാഹുൽ പ്രതിഷേധത്തിനായി പാർലമെന്റിന് പുറത്ത് അണിനിരത്തുന്ന എം .പിമാരിൽ ആരെങ്കിലും പ്ലക്കാർഡുകളും ഏന്തി മുദ്രാവാക്യം വിളിച്ച് വരുമോ എന്ന ഭീതിയല്ലാതെ മറ്റൊന്നും ഇതിന് പിന്നിലില്ലായിരുന്നു. എന്തുമാത്രം ആത്മവിശ്വാസത്തോടെയായിരുന്നു വർഷകാല സമ്മേളനത്തിന് മോദി സർക്കാറും ബി.ജെ.പിയും വന്നത് എന്ന് ആലോചിക്കുമ്പോൾ ആണ് ഏറ്റുവാങ്ങിയ തോൽവിയുടെ ആഴമറിയുക.
വർഷകാല പാർലമെന്റ് സമ്മേളനം പിരിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാവ്‍ലങ്കർ ഹാളിലെ സംവാദത്തിൽ
പാർലമെന്റിലേക്ക് ആവാഹിച്ച ജെൻ സി സമരം
തൃണമൂലിനെ പിളർത്തിയും ഡി.എം.കെയും എൻ.സി.പി ശരത് പവർ വിഭാഗത്തെയും സ്വന്തം ചാരത്ത് നിർത്തിയും മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പാസാക്കുമെന്ന് ആത്മവിശ്വാസത്തോടെയായിരുന്നു വരവ്. എന്നാൽ ജെൻസി സമരത്തിൽ ധർമ്മേന്ദ്ര രാജി വെക്കേണ്ടി വന്നതോടെ ശനിദശ തുടങ്ങി. ആ സമരത്തിൻറെ ഊർജ്ജമത്രയും പാർലമെന്റിലേക്ക് ആവാഹിച്ച് രാഹുൽ ഗാന്ധി തുടങ്ങി വെച്ച സമരം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇരു സഭകളിലും വരാനാവാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചു. ഡൽഹി പൊലീസിനെയും ദ്രുതകർമ സേനയെയും അജ്ഞാതരായ സായുധരെയും രംഗത്തിറക്കി ജെൻസി സമരത്തെ നേരിട്ടത് രാഹുൽ അമിത് ഷാക്കെതിരായ ഒന്നാന്തരം ആയുധമാക്കി. ഒന്നുകിൽ അമിത് ഷാ ഉത്തരവിട്ടത്. അല്ലെങ്കിൽ അറിയാതെ ചെയ്തത്. രണ്ടായാലും രാജിവച്ച് മതിയാകൂ എന്ന രാഹുലിന്റെ ന്യായത്തിന് മറുന്യായം ഒന്നും പറയാനില്ലാതെ പരുങ്ങലിലായി സർക്കാർ. സർക്കാർ പരുങ്ങുന്നത് കണ്ട് ആഭ്യന്തരമന്ത്രിയുടെ മറുപടിക്കൊപ്പം പ്രധാനമന്ത്രിയുടെ മാപ്പും കൂടി ആവശ്യപ്പെട്ട് രാഹുൽ ആയുധത്തിന് മൂർച്ച കൂട്ടി. ആഭ്യന്തരമന്ത്രിക്കൊപ്പം പ്രധാനമന്ത്രിക്കും ഇരു സഭകളിലും വരാനാകാത്ത സാഹചര്യമുണ്ടാകുന്നത് അങ്ങനെയാണ്.
പാർലമെന്റിൽ നിന്ന് ഒലിച്ചുപോയ ഭയപ്പാട്
സഭയിലേക്ക് വരാൻ കൂടിയാവാതെ മുഖം നഷ്ടപ്പെട്ട ഒറ്റപ്പെട്ടുപോയ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വർഷകാലസമ്മേളനത്തിന്റെ ലക്ഷ്യമായി തന്നെ പറഞ്ഞിരുന്ന മണ്ഡല പുനർനിർണയ ബില്ലും വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും എടുത്തു വെക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ആർ.എസ് എസ് അജണ്ടയായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പാസാക്കാനാകാതെ ജെ.പി സിക്ക് വിടേണ്ടി വന്നത് ഈ ഒറ്റപ്പെടൽ കൊണ്ടായിരുന്നു. രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം തീർത്ത നിർഭയമായ പ്രതിഷേധത്തിന്റെ പേമാരിയിൽ ഒലിച്ചു പോയത് ലോക്സഭയുടെയും രാജ്യസഭയുടെയും ഈ രണ്ടു ബില്ലുകൾ അടക്കമുള്ള മൂന്നാഴ്ചത്തെ അജണ്ട മാത്രമായിരുന്നില്ല. ഒരു വ്യാഴവട്ടക്കാലമായി പാർലമെൻറ് മന്ദിരത്തെ മുച്ചൂടും ചൂഴ്ന്നു നിന്നിരുന്ന ഭയപ്പാട് കൂടിയായിരുന്നു. കാറ്റും കോളും നിറഞ്ഞ വർഷകാല സമ്മേളനത്തിനൊടുവിൽ പ്രതിപക്ഷത്തു നിന്ന് ആ ഭയം ഭരണപക്ഷത്തെ നയിക്കുന്ന രണ്ടുപേരിലേക്ക് സന്നിവേശിച്ചു എന്ന് പറയുന്നതാകും ശരി. 30 കാറുകളുടെ അകമ്പടിയും ആയിരം പോലീസുകാരുടെ കാവലുമുള്ള അമിത് ഷാക്കല്ലേ പേടിയെന്ന് രാഹുൽ ചോദിച്ചത് വെറുതെയല്ലെന്ന് പാർലമെൻറ് പിരിയുന്ന വേളയിൽ പോലും കാണിച്ച ഭീരുത്വത്തിലൂടെ സർക്കാർ തെളിയിച്ചു.
ഒരു പാർലമെന്റ് സമ്മേളനം നൽകിയ ആത്മവിശ്വാസം
സാധാരണ ഗതിയിൽ എന്തുമാത്രം പ്രതിഷേധവും ബഹളവും ഉണ്ടെങ്കിലും സഭ പിരിയുന്ന ദിവസം സമ്മേളന കാലയളവിലെ നേട്ടവും കോട്ടവും സംബന്ധിച്ച സ്പീക്കറുടെ ഉപസംഹാര പ്രസംഗം കഴിഞ്ഞ ശേഷമേ വന്ദേമാതരം ചൊല്ലാനായി എഴുന്നേറ്റ് നിൽപ്പിക്കാറുള്ളൂ. എന്നാൽ സ്പീക്കറുടെ സംസാരത്തിനിടെ പ്ലക്കാർഡും പിടിച്ച് മുദ്രാവാക്യം വിളിച്ച് രാഹുലും കൂട്ടരും ഭരണപക്ഷ ബെഞ്ചിന് നേരെ വരുമോ എന്ന് ഭയന്ന് രാവിലെ 11 മണിക്ക് ചേമ്പറിൽ വന്നിരുന്ന് ഒന്നുമുരിയാടാതെ വന്ദേമാതരത്തിനായി എല്ലാവരെയും എഴുന്നേൽപ്പിച്ച് നിർത്തുകയാണ് സ്പീക്കർ ചെയ്തത്. വന്ദേമാതരം കഴിഞ്ഞ് സ്പീക്കറുടെ പതിവ് ചായ സൽക്കാരത്തിന് കേന്ദ്ര പാർലമെൻററി കാര്യമന്ത്രി കിരൺ റിജിജു വിളിച്ചപ്പോൾ ആ ചായ തങ്ങൾക്ക് വേണ്ടെന്നു പറഞ്ഞ് രാഹുലും പ്രിയങ്കയും കെ.സി വേണുഗോപാലും പിന്തിരിഞ്ഞു നടന്നു. ഒരു പാർലമെൻറ് സമ്മേളനത്തോടെ ഒരു വ്യാഴവട്ടക്കാലം തങ്ങളെ ഭയപ്പെടുത്തി ഭരിച്ചവരെ തിരിച്ചു ഭയപ്പെടുത്തി നേടിയ രാഷ്ട്രീയമായ വിജയത്തിൻറെ ഈ ആത്മവിശ്വാസത്തിലാണ് രാജി വെച്ചിറങ്ങുവോളം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഒരു രാത്രി പോലും ഉറങ്ങാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി മാവ്‍ലങ്കർ ഹാളിൽ വന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

