Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിനെ തിരിച്ചറിയാത്ത സംഘ് ഗാനാലാപകർ

text_fields
bookmark_border
രാഹുലിനെ തിരിച്ചറിയാത്ത സംഘ് ഗാനാലാപകർ
cancel

രാഹുൽ ഗാന്ധിയെ കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നതായിരുന്നു രാഷ്ട്രീയ മാധ്യമ കോണുകളിൽ നിന്ന് നിരന്തരം കേട്ടിരുന്ന പുച്ഛചോദ്യങ്ങളിലൊന്ന്. എസ്.ഐ.ആറിലൂടെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരഭ്രഷ്ടയായ മമത കാലങ്ങൾക്ക് ശേഷം ആദ്യമായി ഇൻഡ്യ സഖ്യയോഗത്തിന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വന്നപ്പോൾ കേരളത്തിലെ ഇടത് എം.പിമാരിലെ നവാഗതരിലൊരാളും ഈ ആകുലത നേതാവ് നിലവിലുള്ള വ്യവസ്ഥിതിയിൽ ഇൻഡ്യ സഖ്യത്തിന് 2029 ലെ പൊതുതെരഞ്ഞെടുപ്പും ജയിക്കാൻ കഴിയില്ലെന്ന രാഹുലിന്റെ പരാമർശത്തിൽ പിടിച്ചായിരുന്നു ഈ ആകുലത. സഖ്യകക്ഷികൾക്ക് ആവേശവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും പകർന്നു നൽകേണ്ട നേതാവ് അടുത്ത പൊതു തെരഞ്ഞെടുപ്പിലും സാധ്യതയില്ലെന്ന് പറയുന്നത് അപക്വമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരിൽ നിന്ന് പോലും രാഹുലിനെ കുറിച്ച് ഇത്തരം കുത്തിപ്പറച്ചിലുകൾ കേട്ടു ശീലിച്ചതിനാൽ ആ ചർച്ചയിലേക്ക് കടക്കാതെ പിന്തിരിഞ്ഞു നടന്നു. അതേ നേതാവിനെ രാഹുലിനൊപ്പം പിന്നീട് പ്രതിപക്ഷ മാർച്ചിന്റെ മുൻനിരയിൽ കണ്ടു. ഓരോ ഇൻഡ്യ യോഗം കഴിയുമ്പോഴും രാഹുലിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ലെന്ന് അഭിപ്രായം പറഞ്ഞിരുന്ന നേതാക്കൾക്ക് ഇപ്പോൾ രാഹുൽ മാത്രമേയുള്ളൂ തമ്മിൽ ചേർത്തു പിടിക്കാൻ എന്നിടത്തേക്കാണ് കാര്യങ്ങൾ എത്തിയത്.

രാഹുലിനോട് മമത കാണിക്കേണ്ടി വന്ന മമത

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാഹുലിനെ കുറിച്ച് പതിവായി കേട്ടുകൊണ്ടിരിക്കുന്ന പരിഹാസത്തോളം വരില്ല ഈ ആകുലതകളൊന്നും. പാർലമെന്റിനകത്തും പുറത്തും ഇൻഡ്യാ സഖ്യം നടത്തുന്ന സമരത്തോട് പലപ്പോഴും പുറംതിരിഞ്ഞു നിൽക്കുകയും അവഹേളന പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്ന തൃണമൂൽ കോൺഗ്രസ് ഇന്ന് സഖ്യത്തിൽ രാഹുലിനോട് ഏറ്റവും കൂടുതൽ മമത കാണിക്കുന്നരായി മാറി. ഇത്രയും കാലംവോട്ടു ചെയ്തിരുന്ന തന്റെ സംസ്ഥാനത്തെ 37 ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് പുറത്തു നിർത്തി അട്ടിമറിച്ച ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ ബലിയാടായി വന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി തൃണമൂൽ കോൺഗ്രസിന് പ്രതിനിധീകരിച്ച് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ഇന്ത്യ യോഗത്തിൽ പങ്കെടുത്ത ദിവസമാണ് രാഹുൽ ഇത് പറയുന്നതെന്ന് അദ്ദേഹം ആലോചിച്ചില്ല.

ഇൻഡ്യ സഖ്യത്തോടുള്ള കൂറ് കാണിക്കാൻ മമത രാഹുലിനും സോണിയക്കുമൊപ്പം കോൺസ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിലിരിക്കുന്ന അതദേിവസം അതേ നേരത്ത് തൃണമൂൽ ടിക്കറ്റിൽ പാർലമെന്റിലെത്തിയ രണ്ട് ഡസനിലധികം പേർ വിളിപ്പാടകലെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ വീട്ടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുരേന്ദ്ര അധികാരിക്കൊപ്പമിരുന്ന് ബി.ജെ.പിയുമായി ചർച്ച നടത്തുകയാണെന്ന കാര്യവും ചിന്തിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പറ്റില്ലെന്നും തന്നെ ഉയർത്തി കാണിക്കണമെന്നും ഈ എം.പിമാരോടായിരുന്നു മമത പറഞ്ഞിരുന്നതെന്ന് കൂടി ഓർക്കണം.

കോൺഗ്രസുകാർക്കറിയാത്ത! രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം

ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാർ അധികാമേറ്റതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകനായി 2009 ജൂണിൽ രാജ്യ തലസ്ഥാനത്ത് വരുന്നത്. ഡോ. മൻമോഹൻ സിങ് രാഹുൽ ഗാന്ധിക്ക് കേന്ദ്ര മന്ത്രി പദവി വാഗ്ദാനം ചെയ്ത കാര്യം വെളപ്പെടുത്തിയത് ആ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നതിനാൽ പാർലമെന്റിനകത്തും പുറത്തും രാഹുൽ ഗാന്ധി തന്നെയായിരുന്നു അന്നും മാധ്യമപ്രവർത്തകരുടെ ഇഷ്ട വിഷയം. തുടർച്ചയായി പല തവണ മൻമോഹൻ ഈ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും പാർട്ടി കെട്ടിപ്പടുക്കുന്നതിലും സംഘടനാ പ്രവർത്തനങ്ങളിലുമാണ് തനിക്ക് താല്പര്യമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി നിരസിച്ചുകൊണ്ടിരുന്നു. അധികാരം യുവാക്കൾക്ക് കൈമാറണമെന്നാഗ്രഹിച്ച് കൊണ്ടായിരുന്നു മൻമോഹൻ സിങ് ഇത് പറഞ്ഞത് എന്നോർക്കണം.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവിയിലെത്തിയ രാഹുൽ കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് പദവി വേണ്ടെന്ന് വെച്ചതിനെ അതിനിശിതമായി വിമർശിച്ച ‘മുഖ്യധാര മാധ്യമ വിശാരദന്മാർ’ പക്വത വരാത്ത ഒരു മനസിന്റെ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി പോലും ഇതിനെ അവതരിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പിൽ വർധിത വീര്യത്തിൽ ജയഭേരി മുഴക്കി രണ്ടാം മൻമോഹൻ സർക്കാർ അധികാരത്തിലേറ്റിട്ടും രാഹുൽ മന്ത്രിസഭയിൽ വരാതിരുന്നപ്പോൾ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ഇടനാഴികകളിലെ സംസാരങ്ങൾക്കിടയിൽ കോൺഗ്രസ് നേതാക്കൾ പോലും ഇതേ വികാരം പങ്കുവെച്ചിരുന്നു. പ്രണബ് മുഖർജിയും, എ.കെ ആന്റണിയുമടക്കമുള്ള കോൺഗ്രസിലെ അതികായന്മാർക്കൊപ്പം മന്ത്രിസഭയിരിക്കുന്നതിനേക്കാൾ നെഹ്റു കുടുംബത്തിന്റെ വി.വി.ഐ.പി വലയങ്ങൾ നിന്ന് പുറത്തുകടന്ന് മണ്ണിലിറങ്ങിയുള്ള രാഷ്ട്രീയത്തിനാണ് രാഹുൽ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് ചുറ്റിലുമുണ്ടായിരുന്ന അന്നത്തെ യുവനേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും അന്നതാരും മുഖവിലക്കെടുത്തിരുന്നില്ല.

കോൺഗ്രസിൽ ആരും പ്രതീക്ഷ വെക്കാത്ത കാലത്ത് പോലും അതിന്റെ പ്രത്യയശാസ്ത്രപരമായ നിലപാട് തറയിൽ നിന്ന് കൊണ്ട് കോൺഗ്രസിനെ രാജ്യത്ത് നാമാവശേഷമാക്കാനുള്ള ആർ.എസ്.എസ് പദ്ധതിയെ ഒറ്റക്ക് നിന്ന് നേരിട്ടതാണ് രണ്ട് പതിറ്റാണ്ട് രാഹുൽ നടത്തിയ പോരാട്ടത്തിന്റെ മനോഹാരിത. ഭട്ടാപ്രസൂലിലേക്ക് പോയപ്പോഴും സ്വന്തം സർക്കാറിന്റെ ഭൂമി ഏറ്റെടുക്കൽ നയത്തെ പരസ്യമായി തള്ളിപ്പറഞ്ഞപ്പോഴും പക്വത വരാത്ത മനസിന്റെ വികൃതികളായി അതിനെ ആഘോഷിച്ചവർക്ക് നിരന്തരമായ അന്വേഷണത്തിലൂടെ രാഹുൽ ആർജിച്ച രാഷ്ട്രീയ ബോധ്യങ്ങളായിരുന്നു അതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതേ ബോധ്യത്തിന്റെ തുടർച്ചയെന്നോണം ‘ഭാരത് ജോഡോ യാത്രയുമായി ഇറങ്ങിയപ്പോൾ അതിന് ലഭിച്ച സ്വീകാര്യത കണ്ട് അന്ന് രാഹുലിനെ പരിഹസിച്ചവരുടെയെല്ലാം സ്വരവും നിലപാടും മാറുന്നതും അതേ ഡൽഹിയിലിരുന്ന് കാണേണ്ടി വന്നു.

കാലചക്രം അവിടെ നിന്ന് വീണ്ടും തിരിഞ്ഞുവന്ന് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേർ ഉച്ചത്തിൽ വിളിച്ചുപറയുമ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുള്ള സോണിയാ ഗാന്ധിയുടെ മകനെന്ന നിലക്കോ കോൺഗ്രസിൽ നെഹ്റു കുടുംബത്തിന്റെ പിന്തുടർച്ചാവകാശിയെന്ന നിലക്കോ അന്ന് കേൾക്കുമായിരുന്ന അപവാദങ്ങളൊന്നും ഇനി കേൾക്കില്ല. മണ്ണിലിറങ്ങി താൻ നടത്തിയ പ്രവർത്തനത്തിന് ജനങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സ്വീകാര്യത ജനസാമാന്യത്തിനി ടയിൽ നിന്നുള്ള പ്രതികരണമായി പ്രതിധ്വനിക്കമ്പോൾ രണ്ട് പതിറ്റാണ്ട് മുമ്പ് ഈ തീരുമാനമെടുത്ത രാഹുലിന്റെ സ്ഥിരത അദ്ദേഹത്തിന്റെ വിമർശകർക്കില്ലെന്ന് നാം തിരിച്ചറിയുന്നു.

രാഹുൽ വിമർശകർ പാടുന്ന ‘സംഘ’ഗാനം

നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലുംസ്വാതന്ത്ര്യാനന്തരം സ്വന്തം താൽപര്യങ്ങൾക്ക് മുന്നിൽ പാർട്ടിയെ പോലും ബലി കഴിക്കുന്ന നേതാക്കൾക്കിടയിൽ കോൺഗ്രസിനെ ഒരുമിപ്പിച്ച് നിർത്തുന്നത് ഗാന്ധി കുടുംബവുമായുള്ള അതിന്റെ പൊക്കിൾ കൊടി ബന്ധമാണ്. ആ തിരിച്ചറിവിൽ നിന്നാണ് അതറുത്തുമാറ്റാനും ഇന്ത്യൻ ജനസാമാന്യത്തിൽ ഗാന്ധി കുടുംബത്തിനുള്ള സ്വീകാര്യത തകർക്കാനും ഹിന്ദു മഹാസഭയും ആർ.എസ്.എസും ബി.ജെ.പിയുമെല്ലാം പതിറ്റാണ്ടുകളായിപ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർെഗയെ നിർദ്ദേശിച്ചപ്പോൾ അദ്ദേഹത്തെ ഗാന്ധി കുടുംബത്തിന്റെ തൊമ്മിയായി അവതരിപ്പിച്ച ഡൽഹിയിലെ മാധ്യമ നിരൂപകരെ നാം മറന്നിട്ടില്ല.

മലയാള മാധ്യമങ്ങൾ പോലും ശശി തരൂർ ആണ് കോൺഗ്രസിന്റെ രക്ഷക്ക് വേണ്ടതെന്ന് പ്രചാരണം ശക്തമാക്കി. പക്ഷേ രാഹുലിന്റെ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. രാഹുലും ഖാർഗെയും ചേർന്നൊരു രസതന്ത്രം രൂപപ്പെട്ടതോടുകൂടി കോൺഗ്രസിന്റെ മുഖച്ഛായ തന്നെ മാറി. ഒരു പാർലമെൻറ് സമ്മേളനത്തോടെ ഒരു വ്യാഴവട്ടക്കാലം തങ്ങളെ ഭയപ്പെടുത്തി ഭരിച്ചവരെ തിരിച്ചു ഭയപ്പെടുത്തിയും ഒറ്റപ്പെടുത്തിയും പാർലമെന്റിൽ രാഹുൽ രാഷ്ട്രീയ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജി വെച്ചിറങ്ങുവോളം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഒരു രാത്രി പോലും ഉറങ്ങാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി മാവ്ലങ്കർ ഹാളിൽ വന്ന് പറഞ്ഞത്.

രാഹുലിനെയും പ്രതിപക്ഷത്തെയും ഭയന്ന് മൂന്നാഴ്ച പാർലമെന്റിന്റെ ഇരു സഭകളിലേക്കും കടക്കാൻ കഴിയാതെ സ്വന്തം മുറികളിൽ ഇരുന്ന് ഒടുവിൽ വന്ദേമാതരം ചൊല്ലാനായി മാത്രം വന്നപ്പോഴാണ് പാർലമെന്റ് സ്തംഭിപ്പിച്ചും രാഷ്ട്രീയ വിജയംനേടാമെന്ന് പല വിമർശകരും തിരിച്ചറിഞ്ഞത്. പപ്പു, അമുൽ ബേബി എന്നൊക്കെയുള്ള വിളിപ്പേരുകളിൽ രാഹുലിനെ പരിഹസിച്ച കാലത്തെ സംഘഗാനമാണ് രാഹുൽ അവധിക്ക് പോയേ എന്നും പറഞ്ഞ് ജനാധിപത്യവാദികൾ എന്ന് നാം കരുതിയ പലരും ഇപ്പോഴും ആലപിക്കുന്നത്. അവരോട് സഹതപിക്കുകയല്ലാതെന്ത് ചെയ്യും. രാഹുലിന്റെ രാഷ്ട്രീയം ഇനിയും ഇവർക്ക് പിടികിട്ടിയില്ല എന്നുതന്നെ പറയേണ്ടിവരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Sangh Choir Who Failed to Recognize Rahul
Next Story