Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തൃക്കാക്കരയിലെ പൊൻകുരിശ്
cancel
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightതൃക്കാക്കരയിലെ...

തൃക്കാക്കരയിലെ പൊൻകുരിശ്

text_fields
bookmark_border

തൃക്കാക്കരയിലെ സി.പി.എം സ്ഥാനാർഥിയെ ആര് തീരുമാനിച്ചു? പാർട്ടിയോ ക്രൈസ്തവ സഭയോ ലിസി ആശുപത്രിയോ? ദുരൂഹമായ എന്തോ നടന്ന മട്ടിലാണ് ചോദ്യങ്ങളുടെ പോക്ക്. സഭയും ആശുപത്രിയും ഉടനടി കൈ കഴുകിയതുകൊണ്ട് യഥാർഥത്തിൽ സംശയത്തിന് സ്ഥാനമില്ലാത്തതാണ്.

ആത്മീയതയുടെ വേലിക്കെട്ട് പൊട്ടിച്ച് രാഷ്ട്രീയത്തിലേക്ക് തലനീട്ടുന്ന ഏർപ്പാട് സഭക്ക് ഇല്ലതന്നെ. രാഷ്ട്രീയക്കാരെ അവരുടെ പാട്ടിനുവിടുകയും അവരുടെ സമ്മർദങ്ങൾക്ക് അടിപ്പെടാതെ കുഞ്ഞാടുകളെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാണ് രീതി. സി.പി.എമ്മാണെങ്കിൽ, മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്ന് ചിന്തിക്കുന്ന കൂട്ടരാണ്. അതേസമയം, രാഷ്ട്രീയക്കാർക്ക് മതത്തിൽ ഇടപെടാനും ഇടങ്കോലിടാനും മതം ദുരുപയോഗിക്കാനുമുള്ള അവകാശം പാർട്ടി അനുവദിച്ചുകൊടുക്കാറുണ്ടെന്നു മാത്രം. സഭ നിഷേധിച്ച സ്ഥിതിക്ക് തൃക്കാക്കരയിൽ ജോ ജോസഫിനെ തീരുമാനിച്ചത് പാർട്ടിതന്നെ. ആരെ സ്ഥാനാർഥിയാക്കാനും ഒരു പാർട്ടിക്ക് അവകാശമുണ്ട്.

ഈ അവകാശം ആശുപത്രിയിൽ ചെന്ന് ഉറക്കെ പ്രഖ്യാപിച്ച ചരിത്രം ഈ പാർട്ടിക്കുണ്ടോ എന്ന ക്രമപ്രശ്നം മാത്രമാണ് ബാക്കി. പാർട്ടിക്ക് കോട്ടകൊത്തളങ്ങൾ ഉണ്ടായിരുന്ന പശ്ചിമ ബംഗാളിലെയോ ത്രിപുരയിലെയോ പുരാരേഖകൾ പരിശോധിച്ചാൽ ഇത്തരമൊരു ബാന്ധവം കണ്ടെടുക്കാൻ കഴിയില്ല. മന്ത്രിമാർ അരമന കയറുമെങ്കിലും, ആശുപത്രിയിൽ ചെന്ന് വൈദികനും ആശുപത്രി അധികൃതർക്കുമൊപ്പം ഡോക്ടർ വേഷത്തിൽതന്നെ സ്ഥാനാർഥിയെ നിർത്തി അനുമോദിച്ച് പടമെടുപ്പിക്കുന്ന ഏർപ്പാട് കേരളത്തിലും ഉണ്ടായിട്ടില്ല. സാമുദായിക ശക്തികളുമായുള്ള അവിഹിതബന്ധത്തെക്കുറിച്ച ആരോപണം ഭയക്കുന്നതിനാൽ, സഹകരണം പിന്നാമ്പുറം വഴി എന്നതാണ് പൊതുരീതി. എന്നാൽ, ആ ബന്ധം എല്ലാവരുമറിയണമെന്ന വ്യഗ്രതയാണ് ആശുപത്രി യാത്രയിൽ കണ്ടത്. അതുകൊണ്ടാണ് സഭയുടെ സമ്മർദത്തിനപ്പുറം, സഭയുമായി സഹകരണപ്പാലമിടാനുള്ള സി.പി.എമ്മിന്റെ പ്രലോഭന രാഷ്ട്രീയം തൃക്കാക്കരയിൽ പ്രതിഫലിക്കുന്നതായി കേരളം വായിച്ചെടുക്കുന്നത്. തൃക്കാക്കരയിൽ രാഷ്ട്രീയ പോരാട്ടമാണോ വർഗീയ പ്രീണനമാണോ സി.പി.എം നടത്തുന്നതെന്ന ചോദ്യം ഇതിനൊപ്പം ബാക്കിയാവുന്നു.

പാർട്ടിക്കാർക്ക് മാത്രമായി സംവരണം ചെയ്യാതെ, പ്രഗല്ഭരെയും അർഹരായവരെയും നിയമനിർമാണ സഭകളിൽ എത്തിച്ച് അവരുടെ സംഭാവനകൾ നാടിന് പ്രയോജനപ്പെടുത്താൻ ഏതൊരു പാർട്ടിക്കും ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം വീണ്ടുമൊരിക്കൽക്കൂടി നിർവഹിക്കാനുള്ള പുറപ്പാടിലാണ് സി.പി.എം. മികച്ച ഹൃദ്രോഗ വിദഗ്ധൻ എന്നതിനൊപ്പം, ജോ ജോസഫ് തികഞ്ഞ ഇടതുചിന്തകനും സി.പി.എം അംഗവുമാണെന്ന് നേതൃനിര പറയുന്നു. അതേതായാലും, പാർട്ടിയിലെ വെള്ളംകോരികളെയും വിറകുവെട്ടികളെയും ഒതുക്കിനിർത്തി പ്രീണന രാഷ്ട്രീയത്തിന്റെ വഴിയിൽ സീറ്റ് വെട്ടിപ്പിടിക്കാൻ സ്ഥാനാർഥികളെ സി.പി.എം നൂലിൽ കെട്ടിയിറക്കുന്നത് ഇതാദ്യമല്ല. അങ്ങനെയാണ് മികച്ച ഹാസ്യനടനായ ഇന്നസെന്റ് പാർലമെന്റിലേക്ക് പോയത്. അവിടെയും നല്ലൊരു തമാശക്കാരനായിരുന്നു ഇന്നസെന്റ്.

പാർലമെന്റിനുള്ളിൽ മുണ്ട് മുറുക്കിയുടുക്കാൻ എഴുന്നേൽക്കുന്ന കാര്യത്തിൽ പോലും രണ്ടുവട്ടം ചിന്തിച്ചതടക്കം തികഞ്ഞ ജാഗ്രത കാണിച്ച അദ്ദേഹം ആർക്കും ഒരു ശല്യവും ചെയ്തില്ല. അഞ്ചു കൊല്ലം കൊണ്ട് ഇന്നസെന്റോ പാർട്ടിയോ മടുത്തില്ലെങ്കിലും രണ്ടാമത് ഒരവസരം ജനം സമ്മതിച്ചു കൊടുത്തില്ല. ഇന്നസെന്റിനെപ്പോലെതന്നെ, പാർട്ടിയുടെ ആശയാദർശങ്ങൾ ഇന്ത്യയിലെങ്ങും വ്യാപിപ്പിക്കാൻ പ്രാപ്തനെന്ന് കണ്ടാണ് മുമ്പൊരിക്കൽ ഡോ. കെ.എസ്. മനോജിനെ ആലപ്പുഴയിൽ സ്ഥാനാർഥിയാക്കി പാർലമെന്റിലേക്ക് അയച്ചത്. വലിയ സംഭാവനകൾ പാർലമെന്റിനും പാർട്ടിക്കും നൽകിയ അദ്ദേഹം ഇപ്പോൾ എവിടെയെന്ന് പാർട്ടിക്കുതന്നെ നിശ്ചയമില്ല. പാർട്ടിക്കാരെ തള്ളിമാറ്റി മറ്റു പരിഗണനകൾവെച്ച് സ്ഥാനാർഥിയാക്കിയവരുടെ പേരുകൾ ഇവിടെ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നതല്ല. തൃക്കാക്കരയിൽ കഴിഞ്ഞ തവണ ഡോ. ജെ. ജേക്കബായിരുന്നു സ്ഥാനാർഥി. എറണാകുളം ലോക്സഭ മണ്ഡലത്തിൽ ക്രിസ്റ്റി ഫെർണാണ്ടസ്, മാണി വിതയത്തിൽ, തിരുവനന്തപുരത്ത് ഡോ. ബന്നറ്റ് എബ്രഹാം, സുൽത്താൻ ബത്തേരിയിൽ മത്തായി നൂറനാൽ... സാമുദായിക മാത്തമാറ്റിക്സിനു മുന്നിൽ മാർക്സിന് പഠിച്ചവർ പുറത്തായി.

സി.പി.എം എത്ര മാറി! ആ ചിന്തപോലും പഴഞ്ചനായി. പാർലമെന്ററി വ്യാമോഹങ്ങൾക്ക് അടിപ്പെടാതെ, ജയപരാജയങ്ങൾ വിഷയമാകാതെ, പ്രത്യയശാസ്ത്ര നിലപാടുകളിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള വേദിയായി ജനാധിപത്യത്തെയും അതിനുള്ള അവസരമായി തെരഞ്ഞെടുപ്പുകളെയും കണ്ട പാർട്ടിയാണ് സി.പി.എം. ആ പാർട്ടിയുടെ മാറിയ രീതികൾ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിൽനിന്നും ബി.ജെ.പിയിൽനിന്നും ഭിന്നമായി മാതൃകാപരമായൊരു നാവും രീതിയും നിലപാടും അവകാശപ്പെടാൻ കഴിഞ്ഞിരുന്ന കാലം വിട്ട്, ദുഷ്പ്രവണതകളിലൂടെ കോൺഗ്രസിനും ബി.ജെ.പിക്കും മുമ്പേ ഓടുകയാണ് ഇന്നത്തെ സി.പി.എം. അതാണ് പാർട്ടിയിൽ സംഭവിക്കുന്ന നവോത്ഥാനം. കേരളവുംകൂടി കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന ഒറ്റ ലക്ഷ്യത്തിനു മുന്നിൽ മുൻകാല നയവും നിലപാടുമെല്ലാം തകർന്നടിഞ്ഞു.

ഏതുവിധേനയും ജയിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായി മുന്നോട്ടുനീങ്ങുന്ന സി.പി.എമ്മിനെ ദുർമേദസ്സ് വിഴുങ്ങിയ മറ്റു പാർട്ടികളിൽനിന്ന് വ്യത്യസ്തമാക്കുന്ന ഒന്നുമില്ലെന്നായി. ജനങ്ങളിൽനിന്ന് അകന്നുപോകുന്നതിനിടയിൽ, പിടിച്ചുനിൽപിന് പ്രീണന രാഷ്ട്രീയം അനിവാര്യമായി. മുന്നണി വികസനത്തിന്റെ കാര്യം വരുമ്പോൾ ലീഗ് മുതൽ കേരള കോൺഗ്രസ് വരെയുള്ള പാർട്ടികളെ വർഗീയ-സാമുദായിക ശക്തികളായി കണ്ട് അയിത്തം കൽപിച്ചിരുന്ന ഇ.എം.എസ് കാലമൊക്കെ പഴങ്കഥ. പാർട്ടി മെംബർഷിപ്പിന് വർഷങ്ങൾ ശീർഷാസനത്തിൽ നിൽക്കേണ്ട സ്ഥിതിയും പഴങ്കഥ. നോട്ടെണ്ണുന്ന യന്ത്രം തലയിണയാക്കി മുന്നണിയിൽ ജോസ് കെ. മാണി സ്വസ്ഥം കിടന്നുറങ്ങുന്നു. ഐ.എൻ.എല്ലിനു പിന്നാലെ ലീഗിനോ അതിലൊരു ഭാഗത്തിനോ നാളെയൊരിക്കൽ മുന്നണിയിൽ കിടക്കവിരിക്കാമെന്ന് ചിലരെങ്കിലും സ്വപ്നം കണ്ടുറങ്ങുന്നു.

രണ്ടാം പിണറായി സർക്കാർ വന്ന ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ. ഈ ഘട്ടത്തിൽ ചർച്ചയാകേണ്ടത് സർക്കാറിന്റെ നയനിലപാടുകളും സിൽവർ ലൈൻ അടക്കമുള്ള വികസന ശൈലിയുമാണ്. എന്നാൽ, കേന്ദ്രത്തിലെ മോദി തന്ത്രത്തിന് സമാനമായി സാമുദായിക ്ധ്രുവീകരണത്തിന് ഉതകുന്ന ചർച്ചകളിലേക്കാണ് ആകസ്മികമായി തൃക്കാക്കര വഴുതിയിരിക്കുന്നത്. അതിനും സ്ഥാനാർഥി നിർണയം നിമിത്തമായിരിക്കുന്നു. അത് അറിഞ്ഞോ, അറിയാതെയോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThrikkakaraThrikkakara bye election
News Summary - The Golden Cross at Thrikkakara
Next Story