‘വന്ദേമാതര’ത്തിലെ സെൽഫ് ഗോളുകൾ
text_fieldsപാർലമെന്റിന്റെ വിലപ്പെട്ട 20 മണിക്കൂർ നേരം ചെലവിട്ട്, ഹിന്ദുത്വ രാഷ്ട്ര നിർമിതി ലക്ഷ്യമിട്ടും പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടും ദേശീയഗീതമായ ‘വന്ദേമാതര’ത്തിൽ നടത്തിയ ചർച്ച ബൂമറാങ്ങായി നരേന്ദ്ര മോദി സർക്കാറിനെ തന്നെ തിരിച്ചടിക്കുന്നതിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത്. നരേന്ദ്ര മോദി അധികാരമേറ്റ ശേഷമുള്ള ഒരു വ്യാഴവട്ടത്തിനിടയിൽ പാർലമെന്റിൽ സർക്കാർ മുൻകൈയെടുത്ത് നടത്തിയ ഒരു ചർച്ചയിലും ഇത്രയും സെൽഫ് ഗോളുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ടാവില്ല.
വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചക്ക് പാർലമെന്റിൽ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിനും വസ്തുതകൾക്കും വിരുദ്ധമായി നടത്തിയ പ്രസ്താവനകളെ പ്രമാണങ്ങളും തെളിവുകളും നിരത്തി ഖണ്ഡിക്കുക മാത്രമല്ല, ഈ ചർച്ചയുടെ പ്രസക്തി വിശ്വാസത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തിൽ എം.പിമാർ ചോദ്യം ചെയ്യുന്നതിനും ഇരുസഭകളും സാക്ഷ്യംവഹിച്ചു. പ്രിയങ്ക ഗാന്ധിയുടെയും ഗൗരവ് ഗൊഗോയിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ ഖണ്ഡന വാദങ്ങളെ എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ-യു അംഗംപോലും ശരിവെച്ചു.
വാദങ്ങളിൽ തിരുത്തോട് തിരുത്ത്
ചർച്ചക്ക് തുടക്കമിട്ട പ്രധാനമന്ത്രി മോദി വന്ദേമാതരം രചിച്ച ബങ്കിംചന്ദ്ര ചാറ്റർജിയെ ‘ബങ്കിം ദാദ’ എന്ന് രണ്ടു മൂന്നുതവണ പരാമർശിച്ചതോടെ എന്താണ് ഈ വിളിക്കുന്നതെന്ന് ചോദിച്ച് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് എഴുന്നേറ്റു. ബംഗാളിന്റെ സംസ്കാരം അറിയാത്തതുകൊണ്ടാണ് ‘ബാബു’ എന്ന് വിളിക്കേണ്ട സ്ഥാനത്ത് പ്രധാനമന്ത്രി ‘ദാദ’ എന്ന് വിളിക്കുന്നതെന്നും അതവസാനിപ്പിച്ച് ‘ബങ്കിം ബാബു’ എന്ന് വിളിക്കൂ എന്നും സൗഗത റോയ് ചൂണ്ടിക്കാട്ടിയതോടെ തിരുത്താമെന്ന് മോദിക്ക് പറയേണ്ടിവന്നു. ചമ്മൽ ഒഴിവാക്കാൻ സൗഗത റോയിയെ ‘ദാദ’ എന്ന് വിളിക്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെയും മുഹമ്മദലി ജിന്നയുടെയും താൽപര്യങ്ങൾക്കുവഴങ്ങി ജവഹർ ലാൽ നെഹ്റുവാണ് ആറ് ശ്ലോകങ്ങളുള്ള വന്ദേമാതരത്തിന്റെ രണ്ട് ശ്ലോകങ്ങൾ മാത്രമാക്കി വെട്ടിമുറിച്ചതെന്ന മോദിയുടെ പ്രസംഗത്തിന്റെ പ്രധാനവാദം പൊളിയുന്നതാണ് പിന്നീട് കണ്ടത്.
ആറ് ശ്ലോകങ്ങളിൽ രണ്ട് മതിയെന്നത് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ നിർദേശമാണെന്നും ബാക്കി നാല് ശ്ലോകങ്ങൾ മറ്റു മതസ്ഥർക്ക് ആലപിക്കാൻ വിശ്വാസപരമായ പ്രയാസങ്ങളുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചതെന്നും അതാണ് നെഹ്റുവിന്റെ തലയിലിട്ടതെന്നും ഗൗരവ് ഗൊഗോയിയും പ്രിയങ്ക ഗാന്ധിയും ഒരുപോലെ സ്ഥാപിച്ചു. അതംഗീകരിച്ച നെഹ്റുവിനെ മാത്രമല്ല, മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യ നരേന്ദ്രദേവ്, സർദാർ പട്ടേൽ എന്നിവരെ കൂടിയാണ് ഇതിലൂടെ മോദി അപമാനിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനാസഭയിൽ ടാഗോറിന്റെ നിർദേശം നെഹ്റുവിനും പട്ടേലിനും ബി.ആർ. അംബേദ്കർക്കുമൊപ്പം ബി.ജെ.പിക്കാരുടെ നേതാവായ ശ്യാമ പ്രസാദ് മുഖർജിയും കൂടി അംഗീകരിച്ചതാണെന്നുപറഞ്ഞ പ്രധാനമന്ത്രിയെ പ്രിയങ്ക പൊളിച്ചടുക്കി. ഭരണഘടനാ സഭയാണ് രണ്ട് ശ്ലോകങ്ങളാക്കി ചുരുക്കിയതെന്ന് എൻ.ഡി.എ ഘടക കക്ഷിയായ ജനതാദൾ-യുവിന്റെ ദേവേഷ് ചന്ദ്ര ഠാക്കൂർ കൂടി മോദിയുടെ വാദം ഖണ്ഡിച്ചു.
എന്തിന് വേണ്ടിയാണ് വന്ദേമാതരം ചർച്ച?
ജനങ്ങളുടെ കത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാതെ, 150 വർഷമായി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞ ഒരു ദേശീയ ഗീതത്തെക്കുറിച്ച് 20 മണിക്കൂർ പാർലമെന്റ് ചർച്ച ചെയ്യുന്നത് ഖജനാവിന്റെ പാഴ് ചെലവാണെന്ന് ലോക്സഭയിൽ പ്രിയങ്ക ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും തുറന്നടിച്ചപ്പോൾ ഭരണപക്ഷത്തിന് മറുപടിയുണ്ടായില്ല. പ്രിയങ്കയുടെ അഭിപ്രായത്തിൽ രണ്ട് കാരണങ്ങളാലാണ് വന്ദേമാതരം ചർച്ച. ഒന്ന് -വരാനിരിക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്ക് സ്വന്തം നിലമൊരുക്കണം. രണ്ട്- കത്തുന്ന വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് സ്വാതന്ത്ര്യസമരത്തിനായി പോരാടിയവർക്കുമേൽ പുതിയ ആരോപണങ്ങൾ ഉന്നയിക്കണം. രാജ്യത്ത് ജനങ്ങൾ സന്തോഷത്തിലല്ല, നിരവധി പ്രശ്നങ്ങളുടെ പ്രയാസത്തിലാണ്. ആ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാത്തതിനാൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് വന്ദേമാതരം ചർച്ച.
വന്ദേമാതരത്തിന്റെ മതപരമായ മാനങ്ങൾ
വന്ദേമാതരത്തിന്റെയും അത് രചിച്ച ബങ്കിംചന്ദ്ര ചാറ്റർജിയുടെയും ആശയങ്ങൾ മതപരമായ മാനമുള്ളതാണെന്ന് മാത്രമല്ല, വിഗ്രഹാരാധനയെ ഘോഷിക്കുന്നതും മതവിഭാഗങ്ങൾ തമ്മിൽ അകൽച്ചയുണ്ടാക്കുന്നതുമാണെന്നുമാണ് ചരിത്ര രേഖകളുടെ പിൻബലത്തിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. രാജ സമർഥിച്ചത്. അതുകൊണ്ടാണ് 1915ൽ വന്ദേമാതരത്തെ പുകഴ്ത്തിയ മഹാത്മാഗാന്ധിതന്നെ 1940ൽ മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇതാലപിക്കരുതെന്ന് പറഞ്ഞതെന്ന് ഡി. രാജ ചൂണ്ടിക്കാട്ടി. മുസ്ലിംകളെ അംഗങ്ങളാക്കാത്ത ‘അനുശീലൻ സമിതി’യാണ് വന്ദേമാതരം ദേശീയഗീതമാക്കാൻ പ്രവർത്തിച്ചതെന്നും എന്തുകൊണ്ട് ഈ സമിതി മുസ്ലിംകളെ അംഗങ്ങളാക്കുന്നില്ലെന്ന് ചോദിച്ചപ്പോൾ, വിശുദ്ധമായ പ്രതിജ്ഞയെടുത്ത ഹിന്ദുക്കൾക്ക് മാത്രമാണ് അംഗത്വം നൽകുന്നതെന്നായിരുന്നു മറുപടിയെന്നും രാജ സഭയിൽ പറഞ്ഞു. 1905നും 1908നുമിടയിൽ ബംഗാളിലെ മുസ്ലിം പള്ളികളിൽ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോൾ വന്ദേമാതരം ചൊല്ലി ഹിന്ദുക്കൾ പ്രകടനങ്ങൾ നടത്തിയതും ഇരുവിഭാഗത്തിനുമിടയിൽ അത് ശത്രുതയുണ്ടാക്കിയതും ചരിത്ര പുസ്തകങ്ങൾ വായിച്ച് ഡി. രാജ സഭയെ കേൾപ്പിച്ചു.
‘തൗഹീദും’ വന്ദേമാതരവും
ലോക്സഭയിലെ വന്ദേമാതരം ചർച്ച രാത്രിയിലേക്ക് കടന്നതോടെ തൗഹീദ് (ഏകദൈവ വിശ്വാസം) വന്ദേമാതരവുമായി എന്തുകൊണ്ടാണ് യോജിച്ചുപോകാത്തതെന്ന ചർച്ചയും പാർലമെന്ററി രേഖകളിൽ ഇടംപിടിച്ചു. തൗഹീദ് (ഏകദൈവ വിശ്വാസം) ഇസ്ലാമിന്റെ അടിസ്ഥാനമായതിനാൽ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് വിശ്വസിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന മുസ്ലിമിന് അമ്മയെയും ഭൂമിയെയുമൊന്നും വന്ദിക്കാൻ കഴിയില്ലെന്നും ഇത് നിർബന്ധിച്ച് ചൊല്ലിക്കുന്നത് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും എതിരാണെന്നും അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി വ്യക്തമാക്കി. ഈ വിശ്വാസം മുറുകെപ്പിടിച്ച് രാജ്യത്തിനുവേണ്ടി പോരാടി ദേശസ്നേഹം തെളിയിച്ച മുസ്ലിം നേതാക്കളുടെ പേരുകളെണ്ണിപ്പറഞ്ഞ ഉവൈസി വിശ്വസിക്കാനും ആരാധിക്കാനും ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ത്യജിക്കണമെന്ന് പറയുന്നത് അപകടകരമാണെന്നും ചൂണ്ടിക്കാട്ടി. വന്ദേമാതരം ചൊല്ലലല്ല രാജ്യസ്നേഹത്തിന്റെ അളവുകോലെന്ന് പറഞ്ഞ ഉവൈസി, രാജ്യത്തോടുള്ള കൂറ് വന്ദേമാതരം വെച്ച് പരിശോധിക്കുന്നത് ഗാന്ധിയുടെയും അംബേദ്കറുടെയും ടാഗോറിന്റെയും നേതാജിയുടെയുമെല്ലാം ആദർശത്തെ തള്ളി ഗോദ്സെയുടെയും ഹിന്ദു ദേശീയതയുടെയും ആദർശത്തെ പുൽകലാണെന്നും ഓർമിപ്പിച്ചു. മുസ്ലിമിന് വന്ദേമാതരം ചൊല്ലാനാവില്ലെന്നും അതിനാൽ തന്നെ താൻ ചൊല്ലില്ലെന്നും ജമ്മു- കശ്മീർ നാഷനൽ കോൺഫറൻസ് നേതാവും എം.പിയുമായ ആഗ സയ്യിദ് റൂഹുല്ലയും ഉവൈസിക്കുമുമ്പെ വ്യക്തമാക്കി. വന്ദേമാതരം സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിച്ചതാണെന്നും അങ്ങനെ നേടിയ സ്വാതന്ത്ര്യം ഹിന്ദുവിന് ഹിന്ദുവും മുസ്ലിമിന് മുസ്ലിമും സിഖുകാരന് സിഖുകാരനുമായി ജീവിക്കാനുള്ളതാണെന്നും റൂഹുല്ല പറഞ്ഞു.
അതേസമയം വന്ദേമാതരത്തെ ചുറ്റിപ്പറ്റി വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന അനാവശ്യ വിവാദങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും സൗഹാർദത്തിനും ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ മുന്നറിയിപ്പ് നൽകി. ആറ് ശ്ലോകങ്ങൾ നിർബന്ധമാക്കണമെന്ന പുതിയ പ്രചാരണം, സമൂഹത്തിനകത്ത് വീണ്ടും സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പൻഡോറയുടെ പെട്ടി തുറക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറിൽ വന്ദേമാതരം ചർച്ച നടത്തി ബംഗാൾ തെരഞ്ഞെടുപ്പിനു മുമ്പ് ധ്രുവീകരണങ്ങൾക്ക് കളമൊരുക്കാമെന്നാണ് കണക്കുകൂട്ടിയതെങ്കിലും വിഷയം അക്കാദമിക ചർച്ചക്ക് വഴി മാറിയതോടെ കുടത്തിൽ തലകുടുങ്ങിയ അവസ്ഥയിലായി ഭരണപ്പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

