Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജ്ഞാനവ്യാപനത്തിന്റെ ഭാഗവത നാട്യങ്ങൾ
cancel
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightജ്ഞാനവ്യാപനത്തിന്റെ...

ജ്ഞാനവ്യാപനത്തിന്റെ ഭാഗവത നാട്യങ്ങൾ

text_fields
bookmark_border

''ആകയാൽ ഹിന്ദു മഹാജനങ്ങളെ, ഹിന്ദുരാഷ്ട്ര നിർമാണത്തിൽ നാം വിജയകരമായി മുന്നേറുകയാണല്ലോ. യഥാർഥത്തിൽ ചോദിക്കട്ടെ, ഗ്യാൻവാപി പള്ളി പ്രശ്നം ഇങ്ങനെ ഉയർത്തേണ്ട ആവശ്യം തന്നെ നമുക്കുണ്ടോ?'' -നാഗ്പുരിൽ സംഘ്പരിവാർ പരിശീലനം നേടി ഇറങ്ങുന്നവർക്ക് ജ്ഞാനവ്യാപനം ചെയ്ത വേളയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾക്ക് ഇതിൽപരം എന്തർഥം? പക്ഷേ, ഭാഗവതിന്‍റെ പരാമർശങ്ങൾ തൊണ്ടതൊടാതെ പലരും വിഴുങ്ങുന്നതാണ് കണ്ടത്. പഴങ്കഥകളും തർക്കങ്ങളും മാറ്റിവെച്ച് ഹിന്ദു-മുസ്‍ലിം മൈത്രിക്ക് വേണ്ടി പണിയെടുക്കാനും സ്വയം നന്നാവാനുമുള്ള മോഹവും ആഹ്വാനവുമായി അതിനെ ചിത്രീകരിച്ചവരുണ്ട്.

എന്നാൽ, സംഘ്പരിവാറിന്‍റെ കാര്യപരിപാടികളിൽ ഒരിറ്റു വെള്ളം ചേർക്കാതെ മുന്നോട്ടു നയിക്കുന്ന ആർ.എസ്.എസ് നേതാവിന്‍റെ വാക്കുകളാണ് രാജ്യം കേട്ടത്. ശരിയാണ്, നല്ല ഡെക്കറേഷനിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഭാഗവതിന് പ്രത്യേക വിരുതുണ്ട്. പ്രണബ് മുഖർജിയെ മോഹവലയം തീർത്ത് നാഗ്പുർ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് ആനയിച്ചത് അടക്കം, സൂത്രധാരക മികവും അദ്ദേഹം പല സന്ദർഭങ്ങളിലായി കാഴ്ചവെച്ചിട്ടുണ്ട്. ആ വിരുതിന്‍റെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇപ്പോഴത്തെ പരാമർശങ്ങൾ. എന്നാൽ കാണേണ്ട മറ്റൊന്നുണ്ട്: ഗ്യാൻവാപി മസ്ജിദിനെ ചൊല്ലിയുള്ള തർക്കം അവസാനിപ്പിക്കാനോ കോടതിയിലെ കേസിൽനിന്ന് പിന്മാറാനോ സ്വന്തം അണികളെ അദ്ദേഹം ഉപദേശിച്ചോ? തൽസ്ഥിതി തുടരട്ടെ എന്ന് പറഞ്ഞോ? ശിവലിംഗം കണ്ടുവെന്ന പ്രചാരണങ്ങളുടെ തുടർച്ചയായി അവിടെ ഹിന്ദുക്കൾക്കുള്ള അവകാശവാദം ആവർത്തിക്കുകയാണ് ചെയ്തത്. അതു മുൻനിർത്തി ഇരുപക്ഷവും രമ്യമായി ചർച്ച നടത്തണമെന്നാണ് പറഞ്ഞത്. അതല്ലെങ്കിൽ കേസും തർക്കവും അതിന്‍റെ വഴിക്ക് നീങ്ങുമെന്നാണ് പറഞ്ഞത്. യഥാർഥത്തിൽ, ഇന്ത്യൻ മണ്ണിലെ തങ്ങളുടെ ജന്മിത്വ ദുർമനോഭാവത്തിന് ആക്കം പകരുന്ന ആഖ്യാനങ്ങൾ ശക്തിയോടെ അവതരിപ്പിക്കുക കൂടിയായിരുന്നു മോഹൻ ഭാഗവത്.

ഗ്യാൻവാപി മുൻനിർത്തി അദ്ദേഹം നടത്തിയ 'ജ്ഞാനവ്യാപന'ങ്ങൾ പലതാണ്: അധിനിവേശക്കാർക്കൊപ്പം ഇസ്‍ലാം ഇന്ത്യയിൽ വന്നു. ഇന്നാട്ടിലെ ഹിന്ദുക്കളുടെ ആത്മവീര്യം തകർക്കാൻ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്തു. പരതി നോക്കിയാൽ ഗ്യാൻവാപിയിൽ മാത്രമല്ല, പല പള്ളിയിലും ശിവലിംഗം കണ്ടെന്നു വരും. ഓരോ പള്ളിയിലും ശിവലിംഗം തിരയേണ്ട കാര്യമില്ല. ഇന്ത്യയിലെ മുസ്‍ലിംകളുടെ മുൻഗാമികൾ ഹിന്ദുക്കളാണ്. പള്ളിയിൽ നടക്കുന്നത് പ്രാർഥനയുടെ മറ്റൊരു രൂപമാണ്. അവരുടെ പ്രാർഥന ഈ രാജ്യത്തിന് പുറത്തേതാണെങ്കിൽ, അതു തുടരാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ, നടക്കട്ടെ.

ഗ്യാൻവാപി പ്രശ്നം രണ്ടു വിഭാഗങ്ങളും ഒന്നിച്ചിരുന്ന് രമ്യമായി പരിഹരിക്കണം. പക്ഷേ, അത് സംഭവിക്കുന്നില്ല. കോടതിയിൽ പോകാനാണ് രണ്ടു കൂട്ടരും തീരുമാനിക്കുന്നതെങ്കിൽ, കോടതി വിധി എല്ലാവരും മാനിക്കണം. ഭരണഘടനയും കോടതി നടപടികളും പവിത്രമാണ്, പരമോന്നതമാണ്. കോടതിവിധി ആരും ചോദ്യം ചെയ്യരുത് -ഈ രീതിയിൽ മുന്നോട്ടു പോയ ഭാഗവതിന്‍റെ പ്രസംഗം പല ദുർവ്യാഖ്യാനങ്ങൾ കൂട്ടത്തോടെ ശരിയെന്ന് സ്ഥാപിച്ചെടുക്കുന്ന വിധത്തിലാണ്. മുഗളന്മാർക്കൊപ്പമാണോ ഇസ്‍ലാം ഇന്ത്യയിൽ വന്നത്? ഗ്യാൻവാപിയിൽ ശിവലിംഗം കണ്ടോ? ശിവലിംഗമുള്ള പള്ളികൾ എത്രയുണ്ട്? സ്വന്തം അജണ്ടകൾക്ക് നിരക്കാത്ത എത്ര കോടതിവിധികൾ സംഘ്പരിവാർ പവിത്രമായി കണ്ടിട്ടുണ്ട്? ബാബരി കേസിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി നിർദേശം നിലനിൽക്കേ, പള്ളിപൊളിച്ചത് ആരാണ്? ആ കേസിലെ കുറ്റവാളികൾ എവിടെ? തൽസ്ഥിതി നിലനിർത്തണമെന്ന ആരാധനാലയ നിയമത്തെ അവർ മാനിക്കുന്നുണ്ടോ? കാതലായ ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

പുതിയ ആഖ്യാനത്തിനും സാഹചര്യങ്ങൾക്കുമൊത്ത് സംഘ്പരിവാർ മുന്നോട്ടു നീങ്ങണമെന്ന ആഹ്വാനം മോഹൻ ഭാഗവതിന്‍റെ വാക്കുകളിലുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ പല പതിറ്റാണ്ടുകൾ അധികാരത്തിനു പുറത്തായിരുന്ന സംഘ്പരിവാർ സംവിധാനം ഇന്ന് രാജ്യത്തിന്‍റെ ഭരണസംവിധാനം തന്നെയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹിന്ദുത്വ താൽപര്യങ്ങൾ നടപ്പാക്കുന്നതിലെ കടമ്പകൾ മാറി. ഹിന്ദുത്വ പ്രതിഷ്ഠ കൂടുതൽ എളുപ്പമായി. നേരത്തെ അതായിരുന്നില്ല, അജണ്ടകൾ മുന്നോട്ടു നീക്കാൻ കഴിയാത്ത വെല്ലുവിളികളുടേതായിരുന്നു കാലം. ഇന്ന് സംഘ്പരിവാർ ഇന്ത്യയെ നിയന്ത്രിക്കുന്നു.

ദുർബല പ്രതിപക്ഷമായി വിരുദ്ധ ചേരി മാറിയിരിക്കുന്നു. അതിന്‍റെ ചാഞ്ചാട്ടം കോടതികളിൽപോലും ദൃശ്യം. ഇങ്ങനെ ഹിന്ദു 'അഭിമാനം' മേൽകൈ നേടിയിരിക്കുന്ന ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയുടെ ആദ്യ അവകാശി ഹിന്ദുവും, മറ്റെല്ലാവരും രണ്ടാംകിട പൗരന്മാരുമാണ്. ഇത്തരത്തിൽ ദുരഭിമാനം ഉണർന്ന ഹിന്ദുത്വ ശക്തികൾ അവകാശവാദം ഉന്നയിക്കുന്ന ഏതു വിഷയത്തിലും രമ്യമായ ചർച്ചയും പരിഹാരവും നടക്കണമെന്ന് പറഞ്ഞാൽ അതിനർഥം ഒന്നു മാത്രം -ന്യൂനപക്ഷങ്ങൾ വിട്ടുവീഴ്ച ചെയ്യണം. അതല്ലെങ്കിൽ കോടതിവിധി മാനിക്കാം എന്നു പറയാനും മടിക്കേണ്ടതില്ല. തങ്ങൾക്ക് അനുകൂലമായി ഏതു കോടതിവിധി പറയുന്നുവോ, അതുവരെ കേസ് തുടരുമെന്നാണ് അതിന് അർഥം. ബാബരി മസ്ജിദ് പൊളിച്ച തെറ്റിന് കീഴ് കോടതികൾ പറഞ്ഞ വിധിയൊന്നും വിധിയായി സംഘ്പരിവാർ എടുത്തില്ല. പള്ളി പൊളിച്ചേടത്ത് അമ്പലം പണിയാൻ പറഞ്ഞപ്പോൾ മാത്രമാണ് അത് കോടതിവിധിയായത്. പള്ളി പൊളിച്ച കേസിൽ ഒന്നൊഴിയാതെ എല്ലാവരെയും വിട്ടപ്പോൾ മാത്രമാണ് അതൊരു കോടതിവിധിയായി മാറിയത്. തൽസ്ഥിതി നിലനിർത്തണമെന്ന ആരാധനാലയ നിയമം അവഗണിച്ച് ഗ്യാൻവാപിയിൽ പരിശോധന വേണമെന്ന് കോടതി ഉത്തരവിട്ടാൽ അത് ശരിയായ വിധി. ഇത്തരത്തിൽ തങ്ങൾക്ക് അനുകൂലമായി വരുന്ന വിധിന്യായങ്ങളിൽ മാത്രമാണ് ഭാഗവത് പവിത്രത കാണുന്നത്.

ഇതൊന്നുമല്ലാതെ, എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള മനോഭാവത്തിന്‍റെ ബഹിർസ്ഫുരണമാണ് കേട്ടതെന്ന മട്ടിലുള്ള വിലയിരുത്തലുകൾ തികച്ചും അസ്ഥാനത്താണ്. പുലിയാണോ, പുള്ളി മായില്ല. ഹിന്ദുത്വ ബ്രിഗേഡിലെ കർസേവകർ പലതിനും തിരക്കു കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഗ്യാൻവാപി, മഥുര, ഏകസിവിൽ കോഡ്, ജനസംഖ്യ നിയന്ത്രണം എന്നിങ്ങനെ നീളുന്ന പല കാര്യങ്ങളാണ് ഒരേസമയം അവരുടെ മനസ്സിൽ തിളക്കുന്നത്. നാം ഭരിക്കുമ്പോൾ രാജ്യത്ത് അസമാധാനം എന്ന തോന്നൽ പെരുകാതെ, അക്കാര്യത്തിലെല്ലാം കൃത്യമായി കണക്കുകൂട്ടി ചിട്ടയായി നീങ്ങണമെന്ന് മാത്രമാണ് സംഘ്പരിവാർ നേതൃത്വത്തിന്‍റെ നിലപാട്; ഒന്നും വേണ്ട എന്നല്ല. അധികാരം ഇല്ലാത്ത, കാവിരാഷ്ട്രീയത്തിന് അയിത്തം കൽപിക്കപ്പെട്ട കാലത്താണ് അയോധ്യ പ്രക്ഷോഭം നടന്നത്. ഇന്ന് അധികാരത്തിലുള്ളപ്പോഴത്തെ ഏതൊരു പ്രക്ഷോഭവും സർക്കാറിനെതിരെയാണ്. അതുകൊണ്ട് അയോധ്യ പോലൊരു പ്രക്ഷോഭം ആവശ്യമില്ല. അതില്ലാതെതന്നെ കാര്യങ്ങൾ നടത്തിയെടുക്കാൻ മാർഗങ്ങളായി. മറ്റൊന്നു കൂടിയുണ്ട്: ഏറ്റവും വലിയ മതനിരപേക്ഷ-ജനാധിപത്യ രാജ്യമെന്ന നിലയിലാണ് ലോകം ഇന്ത്യയെ കണ്ടുവന്നത്. എന്നാൽ, ഇന്ന് കാഴ്ചപ്പാടുകളിൽ മാറ്റമുണ്ട്. ഹിന്ദുത്വ മേധാവിത്വം നിലനിൽക്കുന്ന, ന്യൂനപക്ഷ പീഡനം അരങ്ങേറുന്ന രാജ്യമായി ഇന്ത്യയെ അമേരിക്ക അടക്കം ലോകരാജ്യങ്ങൾ കണ്ടുവരുന്നു. അതിനെ മുന്നിൽനിന്നും പിന്നിൽനിന്നും നയിക്കുന്ന നേതാക്കൾക്ക് വാക്കുകളിൽ കരുതൽ സൂക്ഷിച്ചേ മതിയാവൂ. വാക്കുകളിലെ കരുതൽ; അജണ്ടകളിലെ കണിശത -ഈ ഇരട്ടത്താപ്പാണ് മുമ്പും ഇന്നും അവർ കൊണ്ടു നടക്കുന്നത്. അപരന്മാരെ സൃഷ്ടിച്ച് ചുണ്ണാമ്പു തൊട്ടു മാറ്റിനിർത്താതെ, സംഘ്പരിവാറിനും ബി.ജെ.പിക്കും ഇന്ത്യയിൽ നിലനിൽപില്ല എന്നതാണ് യാഥാർഥ്യം. ആത്യന്തികമായി മോഹൻ ഭാഗവത് ആരാണ്? ഹിന്ദുരാഷ്ട്ര നിർമാണാർഥമിദം ശരീരം!


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan BhagwatGyanvapi Mosque
News Summary - mohan bhagwat Gyanvapi Masjid
Next Story