Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightഇന്ത്യ - യു.എസ് കരാറും...

ഇന്ത്യ - യു.എസ് കരാറും എപ്സ്റ്റീൻ ഫയലുകളും

text_fields
bookmark_border
ഇന്ത്യ - യു.എസ് കരാറും എപ്സ്റ്റീൻ ഫയലുകളും
cancel
എണ്ണക്ക് പുറമെ കാർഷികോൽപന്നങ്ങളുടെ കാര്യത്തിലും യു.എസിന് മുന്നിലുള്ള ഇന്ത്യയുടെ അടിയറവ് കൂടിയായി മാറിയിരിക്കുകയാണ് മോദിയും സർക്കാറും ആഘോഷിക്കുന്ന കരാർ. യു.എസ് ഭീഷണിക്ക് വഴങ്ങി റഷ്യ എന്ന പങ്കാളിയെ കൈയൊഴിഞ്ഞതിന് പുറമെ ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കുന്ന പൂജ്യം വരെയുള്ള കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിക്കും മോദി സമ്മതിച്ചുകൊടുത്തിരിക്കുകയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചുവെന്നും വാർത്തക്കായി കാതോർക്കുക എന്നും ഇന്ത്യയിലേക്ക് പുതുതായി നിയമിതനായ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ സമൂഹ മാധ്യമത്തിലൂടെ മാലോകരെ വിളിച്ചറിയിക്കുന്നത് തിങ്കളാഴ്ച രാത്രി 9.16-നാണ്. അതിൽ പിന്നെ ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിലേക്ക് സ്വദേശി, വിദേശി മാധ്യമപ്രവർത്തകരുടെ അന്വേഷണ പ്രവാഹമായിരുന്നു. ഇരു നേതാക്കളും തമ്മിൽ നടത്തിയ സംഭാഷണം ഏറെ നിർണായകമായതിനാൽ അതേ കുറിച്ച് വിദേശ മന്ത്രാലയത്തിൽ നിന്ന് എന്തെങ്കിലും ഒരു പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. യു.എസ് തീരുവ കുറക്കാനായി ഇന്ത്യ ഇറക്കുമതി തീരുവയിൽ വിട്ടീവീഴ്ച ചെയ്യുമോ എന്നറിയാനായിരുന്നു ആകാംക്ഷ.

തീരുമാനിച്ചതും പ്രഖ്യാപിച്ചതും ട്രംപ്​

ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനക്കമൊന്നുമില്ലാതിരിക്കെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ യ​ു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് മോദിയുമായുള്ള സംഭാഷണത്തിന്റെ പൊരു​ളെന്തെന്ന് ലോകത്തെ അറിയിച്ചത്.റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും അതിന് പകരം കുടുതൽ എണ്ണ യു.എസിൽ നിന്നും വെനിസ്യൂലയിൽ നിന്നും വാങ്ങാനും നരേന്ദ്ര മോദി സമ്മതിച്ചുവെന്നും അറിയിച്ച ട്രംപ് മോദി അപേക്ഷിച്ചത് പ്രകാരം ഇന്ത്യയുമായുള്ള വ്യാപാര കരാറിന് യു.എസ് തയാറായെന്നും പ്രഖ്യാപിച്ചു. ഇരുവരും തമ്മിലുള്ള ധാരണയെന്താണെന്നും ട്രംപ് വെളിപ്പെടുത്തി. യുക്രെയ്ന​ുമായുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ കൂടിയാണ് ഇന്ത്യ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​.

ഇന്ത്യൻ ഉൽപന്നങ്ങൾ യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 25-ൽ നിന്ന് 18 ശതമാനമാക്കി കുറക്കുമെന്നും അതിന് പകരമായി ഇന്ത്യ യു.എസ് ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ഇന്ത്യ പൂജ്യം വരെയാക്കുമെന്നും ട്രംപ്​ പ്രഖ്യാപിച്ചു. 500 ബില്യൻ ഡോളറിന്റെ ഊർജ, കാർഷിക, സാ​ങ്കേതിക വിദ്യ, കൽക്കരി ഉൽപന്നങ്ങൾക്ക് പുറമെ കുടുതൽ യു.എസ് ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങും. എണ്ണയിലും തീരുവയിലും യു.എസ് ആവശ്യങ്ങൾ അംഗീകരിച്ച നരേന്ദ്ര മോദിയെ ഏറ്റവും നല്ല സുഹൃത്തും ഇന്ത്യയുടെ ആദരണീയനായ നേതാവുമെന്ന് വിശേഷിപ്പിച്ച ട്രംപ് തങ്ങൾ ഇരുവരും കാര്യങ്ങൾ ചെയ്യുന്നവരാണെന്നും കൂട്ടിച്ചേർത്തു.

കേന്ദ്ര നടപടികളുടെ യു.എസ് പ്രഖ്യാപനം

പഹൽഗാം ഭീകരാ ക്രമണത്തിന്​ മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി നിർത്തിയ വിവരം ലോകത്തെ അറിയിച്ച അതേ മാതൃകയിലാണ്​ ഇന്ത്യ - യുഎസ് വ്യാപാര കരാർ സംബന്ധിച്ചും ​ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്​. അതോടെ റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്ക​ാനും അതിന് പകരം യു.എസ്, വെനിസ്യൂല എന്നിവിടങ്ങളിൽ നിന്നുമിറക്കാനും 500 ബില്യൻ ഡോളറിന് മുകളിൽ യു.എസ് ഉൽപന്നങ്ങൾ വാങ്ങാനും ഇറക്കുമതി തീരുവ പൂജ്യം വരെ കുറക്കാനും മോദി സമ്മതിച്ചോ എന്നതായിരുന്നു രാജ്യത്തിന് മുന്നിലുള്ള ചോദ്യം. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാറിന്റെ നടപടികൾ യ​ു.എസ് പ്രസിഡന്റിൽ നിന്ന് ഇന്ത്യ അറിയേണ്ടിവരികയെന്നത് ഒരു പതിവായി മാറിയിരിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേ​ശ് രംഗത്തുവന്നു. അതിന് ശേഷമെങ്കിലും വിദേശ മന്ത്രാലയത്തിന്റെ വിശദീകരണവുമുണ്ടാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ‘എക്സി’ലൂടെ സമ്മതിക്കുന്നത്. യു.എസ് തീരുവ 18 ശതമാനമാക്കി കുറച്ച പ്രഖ്യാപനത്തിന് 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിനോട് നന്ദി പറയുകയാണെന്നും ലോകത്തെ രണ്ട് വലിയ സമ്പദ്ഘടനകളും ജനാധിപത്യ രാജ്യങ്ങളും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അതിന്റെ പ്രയോജനം ജനങ്ങൾക്കും ഇരു രാജ്യങ്ങൾക്കും ലഭിക്കുമെന്നും മോദി കുറിച്ചു. ലോക സമാധാനത്തിന് ട്രംപിന്റെ ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയും അറിയിച്ച മോദി മ​ുമ്പൊന്നുമില്ലാത്ത ഉയരങ്ങളിലേക്ക് ട്രംപുമായി ചേർന്ന് പ്രവർത്തിക്കാമെന്ന പ്രതീക്ഷയും ​പങ്കുവെച്ചു.

ആഘോഷമാക്കുന്ന അടിയറവിന്റെ കരാർ

കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിമാരുടെ വിജയാഘോഷത്തിന് പാതിരാവിൽ സമൂഹ മാധ്യമങ്ങൾ സാക്ഷ്യം വഹിച്ചു. അർധരാത്രി ആഘോഷിക്കാൻ കഴിയാതിരുന്ന അമിത് ഷാ ചൊവ്വാഴ്ച രാവിലെ മോദിയുടെ വിജയാഘോഷം നടത്തി. തുടർന്ന് പാർലമെൻിൽ നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം മോദിയെ ആദരിക്കുകയും ചെയ്തു. ഈ ആഘോഷം പ്രതിപക്ഷ പ്രതിഷേധത്തിന് വഴിമാറുന്നതിനും പാർലമെന്റ് സാക്ഷ്യം വഹിച്ചു. പതിവ് പോലെ ഇന്ത്യയെ സംബന്ധിച്ച ഈ വിവരവ​ും യു.എസിൽ നിന്ന് അറിയേണ്ടി വന്നതിലുടെയുണ്ടായ അപമാനം മാത്രമല്ല, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അന്തർദേശീയ തലത്തിൽ രാജ്യം കൈകൊള്ളുന്ന തീരുമാനത്തി​​ന്റെ വിശദാംശങ്ങൾ സഭയെ അറിയിച്ചില്ലെന്ന പാളിച്ചയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു.

എണ്ണക്ക് പുറമെ കാർഷികോൽപന്നങ്ങളുടെ കാര്യത്തിലും യു.എസിന് മുന്നിലുള്ള ഇന്ത്യയുടെ അടിയറവ് കൂടിയായി മാറിയിരിക്കുകയാണ് മോദിയും സർക്കാറും ആഘോഷിക്കുന്ന കരാർ. യു.എസ് ഭീഷണിക്ക് വഴങ്ങി റഷ്യ എന്ന പങ്കാളിയെ കൈയൊഴിഞ്ഞതിന് പുറമെ ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കുന്ന പൂജ്യം വരെയുള്ള കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിക്കും മോദി സമ്മതിച്ചുകൊടുത്തിരിക്കുകയാണ്.

അദാനിയുടെ കേസും എപ്സ്റ്റീൻ ഫയലുകളും

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യയിൽ നിന്ന് എണ്ണയിറക്കുമതി കുറച്ചുകൊണ്ടുവരുമ്പോഴും കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിയിൽ വിട്ടുവീഴ്ചക്ക് കഴ​ിയില്ലെന്ന നിലപാടിൽ ഉടക്കിയായിരുന്നു ഇന്ത്യ - യു.എസ് കരാർ വഴിമുട്ടിയിരുന്നത്. അതിൽ പോലും കീഴടങ്ങാൻ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് അദാനിക്ക് യു​.എസിലുള്ള കേസും യു.എസ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകളും’ എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകുന്ന ഉത്തരം. പഴയ വ്യവസായ സുഹൃ​ത്ത് അനിൽ അംബാനി വഴി യു.എസ് - ഇസ്രായേൽ ചങ്ങാത്തമുണ്ടാക്കാൻ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും യു.എസ് ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുവെന്ന ആരോപണം ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വാർത്തയാകുന്നത്. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ നിന്നാണ് ഇത് പുറത്താകുന്നത്. എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലിൽ വെച്ച് യു.എസ് പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇതിന് പിന്നാലെ ‘ഇത് ഫലിച്ചു’വെന്ന് എന്ന് എപ്സ്റ്റീൻ എഴുതിയെന്നുമായിരുന്നു ആരോപണം. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഈ രേഖകൾ സൂചിപ്പിക്കുന്നുവെന്നും, ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു. പൊടുന്നനെ യു.എസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങിയത്​ എപ്സ്റ്റീൻ ഫയൽ ഭയന്നാണെന്ന ചർച്ചക്കാണ് രാഹുൽ തന്റെ ആരോപണത്തിലുടെ തുടക്കമിട്ടിരിക്കുന്നത്. അദാനിക്ക് അമേരിക്കയിലുള്ള കേസിലൂടെ അദാനിയെയല്ല, നരേന്ദ്ര മോദിയുടെ സാമ്പത്തിക ഘടനയെയാണ് ലക്ഷ്യമിടുന്നതെന്നാണ് രാഹുലിന്റെ വാദം. രണ്ടാമത്തെ സമ്മർദമായ എപ്സ്റ്റീൻ ഫയലുകളിൽ വെളിപ്പെടാത്തത് ഇനിയും വരാനിരിക്കുകയാണെന്നും രാജ്യം മുഴുവൻ അത് അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും രാഹുൽ പറയുന്നു. എന്നാൽ അമേരിക്ക കൂടുതൽ ഫയലുകൾ പുറത്തു വിട്ടിട്ടില്ല എന്ന് ഓർമിപ്പിച്ച രാഹുൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നത് ഇതിൽ നിന്ന് വ്യക്തമാണെന്നും കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade dealIndia NewsJeffrey Epstein unsealed documentsEpstein files
News Summary - India-US trade deal and the Epstein files
Next Story