മാഞ്ഞുപോയ ബാബരി മസ്ജിദ്, മായ്ക്കാതെ മനസ്സുകൾ
text_fieldsബാബരി മസ്ജിദ് തകർത്ത കറുത്ത ദിനത്തിെൻറ മറ്റൊരു വാർഷികമാണ് ഇന്ന്. ബാബരി മസ്ജിദ്? അതെന്താണെന്ന ചോദ്യവും കാലം മുന്നോട്ടുപോകുേമ്പാൾ ഉയർന്നുവന്നേക്കും. അഥവാ, ഉയർത്തി വിട്ടേക്കും. അതുകൂടിയാണ് ഇനി ബാക്കി. അയോധ്യയിൽ അങ്ങനെയൊരു പള്ളി നിലനിന്നതിെൻറ അവശേഷിപ്പുകൾ ഒന്നും ഇന്നില്ല. ബാബരി ധ്വംസനത്തിെൻറ മറ്റൊരു വാർഷികം പിന്നിടുേമ്പാൾ രാമക്ഷേത്രം നേർക്കാഴ്ചയും ബാബരി മസ്ജിദ് ഐതിഹ്യവുമായി മാറുകയാണ്.
മൂന്നു നിലയുള്ള രാമക്ഷേത്രത്തിെൻറ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിനും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനും ബി.ജെ.പിക്കുള്ള സമ്പാദ്യംകൂടിയാണ് കെട്ടിപ്പൊക്കുന്നത്. അയോധ്യയെ ഹിന്ദു അഭിമാനത്തിെൻറ തീർഥാടനകേന്ദ്രമാക്കി മാറ്റുകയാണ് സംഘ്പരിവാറിെൻറ ലക്ഷ്യം. ക്ഷേത്ര നിർമാണത്തിന് ഇനിയും വേണ്ട പ്രത്യേക ചെങ്കല്ലുകൾ കണ്ടുവെച്ചിരിക്കുന്നത് രാജസ്ഥാനിലെ ഭരത്പുർ വന്യജീവിസങ്കേതത്തിലാണ്. അവിടെ ഇത്തരം ഖനനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വിലക്ക് നീക്കാൻ വനനിയമത്തിൽ ഇളവു വരുത്താൻ പോകുന്നു. 650ഓളം ഹെക്ടറാണ് ചെങ്കൽ ഖനനത്തിന് ഉപയോഗിക്കുന്നത്.
കെട്ടിപ്പൊക്കുന്നത് നവ ചരിത്രംകൂടിയാണ്
വിശ്വഹിന്ദു പരിഷത്തിെൻറ നേതൃത്വത്തിൽ വിപുലമായ പണപ്പിരിവും തുടങ്ങുകയാണ്. ജനുവരിയിലെ മകരസംക്രാന്തിക്കു ശേഷം ഫെബ്രുവരി അവസാനം വരെയുള്ള ഒന്നരമാസം രാജ്യവ്യാപകമായ പിരിവ് നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായം പുറമെയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി ക്ഷേത്രനിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി നീങ്ങുന്നത്. ക്ഷേത്ര നിർമാണത്തിെൻറ തട്ടുമുട്ടുകൾക്കിടയിലൂടെ യു.പി തെരഞ്ഞെടുപ്പും കടന്നുപോകുേമ്പാൾ, വീണ്ടുമൊരു വിജയം അനായാസമെന്നാണ് കണക്കുകൂട്ടൽ. പോരാത്തതിന്, മഥുരയിലെ ക്ഷേത്രം -പള്ളി പ്രശ്നം കോടതിയിലേക്ക് ഹരജി രൂപത്തിൽ എത്തിച്ചിട്ടുമുണ്ട്.
പള്ളി തകർത്ത് നിർമിച്ച താൽക്കാലികക്ഷേത്രമായിരുന്നു മൂന്നു പതിറ്റാണ്ടായി ഒരു ചരിത്ര ഗതിമാറ്റത്തിെൻറയും വർഗീയ രാഷ്ട്രീയത്തിെൻറയും ഹിന്ദു ദുരഭിമാനബോധത്തിെൻറയും അടയാളം. മൺകൂനയും ടെൻറും കമ്പിവേലിക്കെട്ടുകളുമെല്ലാം പൊളിച്ചുനീക്കിയ ഭൂമിയിൽ ക്ഷേത്രത്തിനൊപ്പം, നവ ചരിത്രംകൂടിയാണ് കെട്ടിപ്പൊക്കുന്നത്. തർക്കഭൂമിയിലെ നേർസാക്ഷ്യങ്ങൾക്കൊപ്പം പള്ളി പൊളിച്ച കേസും മാഞ്ഞുപോയി. ഭൂമി സമ്പൂർണമായി ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുക്കുക മാത്രമല്ല, ഒന്നൊഴിയാതെ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കുകകൂടിയാണ് നീതിപീഠം ചെയ്തത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളെയും 25 കിലോമീറ്റർ അപ്പുറത്തൊരു അഞ്ചേക്കറിലേക്ക് കുടിയിരുത്തുകകൂടിയാണ് സംഭവിച്ചത്.
അങ്ങനെ ബാബരി മസ്ജിദിനു മേൽ നിയമപരവും ചരിത്രപരവുമായ 'ശുദ്ധികലശം' നടത്തിയാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. രാഷ്ട്ര സങ്കൽപത്തിെൻറ സാമൂഹികകാഴ്ചപ്പാടുകൾ തിരുത്തി പ്രധാനമന്ത്രി അതിെൻറ ശിലാപൂജ നിർവഹിച്ചു. ഭരണഘടനസങ്കൽപം അനുസരിച്ചാണെങ്കിൽ രാജ്യത്തിെൻറ പ്രധാനമന്ത്രി എല്ലാ മതങ്ങളോടും സമദൂരം പാലിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ, പ്രധാനമന്ത്രി എന്നതിനേക്കാൾ താനൊരു ഹിന്ദുവാണെന്നു മാത്രമല്ല, ഹിന്ദുരാഷ്ട്രത്തിന് മറ്റൊരു ശിലകൂടി പാകുന്നുവെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഹിന്ദുവിെൻറ 'അഭിമാനം' പരിരക്ഷിക്കുന്ന നേതാവും പാർട്ടിയുമാണ് ഇന്ത്യ ഭരിക്കുന്നതെന്ന പ്രതീതി ജനങ്ങളിലേക്ക് പകരാനാണ് ആസൂത്രിതമായ ചുവടുകൾ. മതനിരപേക്ഷ ജനാധിപത്യ നാട്യങ്ങൾ പോലുമില്ല. പരമോന്നത നീതിപീഠം നിർദേശിച്ച രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിലേക്ക് സർക്കാർ നിയോഗിച്ച സംഘ്പരിവാർ പ്രതിനിധികൾ മുഖേന പള്ളി പൊളിച്ചവർതന്നെ ക്ഷേത്രം പണിയുന്നു.
രാമക്ഷേത്രമോ രാഷ്ട്രീയക്ഷേത്രമോ?
രാമനും രാമക്ഷേത്രത്തിനും ആരും എതിരല്ല. എന്നാൽ, അയോധ്യയിൽ പണിയുന്നത് രാഷ്ട്രീയ രാമെൻറ ക്ഷേത്രമാണ്. ബി.ജെ.പിയുടെ വിഭജന അജണ്ടയാണ് മുന്നേറുന്നത്. ഒരു മതത്തിെൻറ ആരാധനാലയം തകർത്ത് മറ്റൊരു വിശ്വാസത്തിെൻറ ആരാധനാലയം പണിയുേമ്പാൾ നോക്കുകുത്തിയാകുന്നത് ഭാരതീയ സംസ്കാരവും ഭരണഘടന മൂല്യങ്ങളുമാണ്. വർഗീയരാഷ്ട്രീയം സംഭാവന ചെയ്ത അധികാരത്തിെൻറ സൗകര്യങ്ങൾ ദുരുപയോഗിച്ച് കെട്ടിപ്പൊക്കുന്ന അപനിർമിതികളെയാണ്, ഹിന്ദുവിെൻറ അഭിമാനത്തിെൻറയും അന്തസ്സിെൻറയും പ്രതീകങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. അതിന് അനുസൃതമായി 'പുതിയ ഇന്ത്യ'ക്ക് നിർവചനം മാറ്റിക്കൊണ്ടിരിക്കുന്നു. രാജ്യം ഹിന്ദുവിേൻറതായി ചിത്രീകരിക്കുകയും ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റുകയും പ്രതിയോഗികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നു.
അയോധ്യ കാണ്ഡത്തിെൻറ പരിണതിയോടെ ഇത്തരം മാറ്റങ്ങൾക്ക് ദൃഢതയും വേഗവും കൂടിയിരിക്കുന്നു. വർഗീയമായ അരുതായ്മകളോടും ചേരിതിരിവിനോടും ഏറ്റുമുട്ടാൻ പ്രതിപക്ഷത്തിനില്ലാത്ത നെഞ്ചുറപ്പിലാണ് എതിർചേരി 56 ഇഞ്ച് നെഞ്ചളവിൽ തുടരുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയമല്ല ഇന്ത്യയുടെ തനിമയെന്ന്, രാമൻ ബി.ജെ.പിയുടേതല്ല, ഹിന്ദുവിെൻറയും ഇന്ത്യയുടേതുമാണെന്ന്, പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടവരാണ് പ്രതിപക്ഷം. വോട്ടുരാഷ്ട്രീയത്തിെൻറ സംഖ്യാശാസ്ത്രത്തിൽ ജയിക്കണമെങ്കിൽ ഭൂരിപക്ഷവികാരം എതിരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന ജാഗ്രതയാണ് പ്രതിപക്ഷചേരിയെ ഭരിക്കുന്നത്. ഒരു ശരാശരി കണക്കു പറഞ്ഞാൽ ഇന്ത്യയിൽ 85 ശതമാനവും ഹിന്ദുക്കളാണ്. 15 ശതമാനത്തിെൻറ വോട്ടുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരത്തിലേക്ക് നടക്കാനാവില്ല. അന്നേരം ചോദ്യങ്ങളില്ലാതെ അയോധ്യ വിധി സ്വാഗതം ചെയ്യപ്പെടുന്നതും ശിലാപൂജ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ ചില പ്രതിപക്ഷ നേതാക്കൾ കുണ്ഠിതപ്പെടുന്നതുമാണ് രാജ്യം കണ്ടത്. രാമക്ഷേത്രം ദേശീയതയുടെ അടയാളമാണെന്ന് സങ്കോചമില്ലാതെ പറയാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ഇതിനെല്ലാമിടയിൽ ബാബരി ധ്വംസനത്തിെൻറ പുതിയ വാർഷിക ദിനം അപരാധത്തിെൻറ ദിനമായി ഓർക്കാതിരിക്കാനാണ് വ്യഗ്രത. നിത്യ അർമാദങ്ങൾ നടക്കുന്നതിനിടയിൽ ഡിസംബർ ആറ് പ്രത്യേകമായൊരു ശൗര്യദിനമായി സംഘ്പരിവാറിനും അനുഭവപ്പെടുന്നില്ല. എന്നാൽ, ഡിസംബർ ആറ്, നന്മകൾക്കു വേണ്ടി വാദിക്കുന്നവരുടെ നെഞ്ചു പൊള്ളിക്കുന്ന ദിനമാണ്. ഹിന്ദുവിനല്ല, ഹിന്ദുത്വത്തിന് അത്രമേൽ മേൽെക്കെയുള്ള നാടായി ഇന്ത്യ മാറിയിരിക്കുന്നു. ഭരണഘടന സങ്കൽപങ്ങളിലേക്കൊരു തിരിച്ചുപോക്ക് എത്രത്തോളം സാധ്യമാണ്?
ന്യൂനപക്ഷത്തിെൻറ ചിന്താഗതി
ഇതിനെല്ലാമിടയിൽ ഇന്ത്യയിലെ ശരാശരി ന്യൂനപക്ഷ ചിന്താഗതി ഇന്ന് എങ്ങനെയാണ്? അത് പൊതുവെ ഇങ്ങനെ ചുരുക്കാം: വർത്തമാനകാല രാഷ്ട്രീയഗതിക്കു മുന്നിൽ ഹൃദയം തകരാതെ പിടിച്ചുനിൽക്കാൻ അവർ ശ്രമിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങൾ എല്ലാക്കാലത്തേക്കും നിലനിൽക്കുന്ന ഒന്നല്ലെന്ന പ്രതീക്ഷ ബാക്കിവെക്കുന്നു. അനീതികൊണ്ട് പള്ളി തകർക്കാമെന്നല്ലാതെ, വിശ്വാസം തകർക്കാനാവില്ലെന്ന് സമാശ്വസിക്കുന്നു. സാമൂഹികമായി അടിച്ചമർത്തുേമ്പാൾ, ബോധ്യങ്ങളെ അടിച്ചമർത്താനാവില്ലെന്ന് മനസ്സ് ദൃഢപ്പെടുത്തുന്നു. അന്നേരവും, മുസ്ലിംകൾക്ക് പ്രാർഥിക്കാൻ പള്ളി ഇല്ലാത്തതായിരുന്നില്ല, അയോധ്യയിലെ അഭിമാനക്ഷതവും അനീതിയുമാണ് അസഹനീയമായതെന്ന യാഥാർഥ്യം തീരാനോവായി തുടരുന്നു.