Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ​രീ​ക്ഷ ചോ​ർ​ന്നാ​ലും ചോ​രാ​ത്ത ‘സം​ഘ’ വീ​ര്യം
cancel

ജൂൺ ആറിന് ന്യൂഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭവുമായി ഇറങ്ങാനുള്ള കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ ആഹ്വാനത്തോടെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്ക് പിന്നാലെ സി.ബി.എസ്.ഇ മൂല്യനിർണയവും കുളമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിനായുള്ള മുറവിളി അന്തരീക്ഷത്തിൽ ശക്തമായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പുലികളായി മാറിയ ‘പാറ്റപ്പട’ തെരുവിലിറങ്ങിയാൽ നരേന്ദ്ര മോദി സർക്കാർ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയാനുള്ള ജിജ്ഞാസയിലാണ് രാജ്യതലസ്ഥാനം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം ഏറ്റുപിടിച്ച് ഈയാവശ്യവുമായി രാജസ്ഥാനിലെ ജെയ്പൂരിലിറങ്ങിയ ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലപ്രയോഗത്തിലുൂടെ നേരിട്ട സംഘ്പരിവാറുകാർ സി.ജെ.പിയുടെ കന്നിസമരത്തെ കൈയും കെട്ടി നോക്കിനിൽക്കുമെന്ന് കരുതാൻ വയ്യ. ഒരു വ്യാഴവട്ടമായി സർക്കാറിനെതിരെ തെരുവിലിറങ്ങുന്നവരെ മോദി സർക്കാറും ബി.ജെ.പിയും എങ്ങനെ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നതും ഡൽഹി കണ്ടുകൊണ്ടിരിക്കുന്നതാണ്. ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയമുള്ള സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ അതിന്റെ വരുംവരായ്കകളെക്കുറിച്ച് അറിയാത്ത ആളല്ല. സമരത്തിനായി താൻ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമെന്നാണ് അഭിജീത് പ്രഖ്യാപിച്ചിരിക്കുന്നത്.

ബി.ജെ.പി അധികാരത്തിലെത്തിയതിൽപിന്നെ 80 പ്രാവശ്യമാണ് പരീക്ഷാ പേപ്പറുകൾ ചോർന്നത്. ഇന്ത്യൻ യുവതയുടെ ഭാവിയെക്കുറിച്ച സ്വപ്നങ്ങളാണ് അതിനൊപ്പം കരിഞ്ഞുപോയത്. ഏറ്റവുമൊടുവിൽ നീറ്റ് പരീക്ഷക്കായി രണ്ടുവർഷം രാവും പകലും ഊണും ഉറക്കവുമൊഴിച്ച് 22 ലക്ഷം ചെറുപ്പക്കാർ നടത്തിയ അധ്വാനമാണ് പരീക്ഷയുടെ രണ്ടുനാൾ മുമ്പേ വാട്സ് ആപ്പിലൂടെ ചോദ്യപേപ്പർ വിതരണം ചെയ്ത് പാഴാക്കിക്കളഞ്ഞത്. അതിന് പിന്നാലെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിങ് പരിഷ്‍കാരം നീറ്റ് എഴുതാത്ത സി.ബി.എസ്.ഇ വിദ്യാർഥികളെയും കണ്ണീര് കുടിപ്പിച്ചത്. ഒ.എസ്.എമ്മിന് പിന്നിലെ അഴിമതിയുടെയും കൂട്ടുകച്ചവടത്തിന്റെയും കഥകളാണ് തെലങ്കാനയിൽനിന്ന് പുറത്തുവന്നത്.

ധർമേന്ദ്ര പ്രധാൻ സ്വയം രാജിവെക്കണമെന്നും അതിന് തയാറല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും തുടക്കം തൊട്ടേ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന് പുല്ലുവില കൽപിക്കാത്ത രാജ്യത്ത് അവർ ഒന്നിച്ചുവന്ന് നടത്തിയ പ്രതിഷേധം കൊണ്ടുപോലും കുലുക്കമില്ലാത്ത സർക്കാറാണ് കേന്ദ്രത്തിലേത്. തനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് തുടക്കത്തിലേ കൈമലർത്തുകയാണ് ധർമേന്ദ്ര പ്രധാൻ ചെയ്തത്. അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്. മൗലാന അബുൽകലാം ആസാദ് തൊട്ടുള്ള രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാർ ചെയ്തിരുന്ന പണികളല്ലല്ലോ ധർമേന്ദ്ര പ്രധാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ വരും തലമുറയുടെ ഭാവിയല്ല, ആർ.എസ്.എസിന്റെ ഭാവി ശോഭനമാക്കലാണ് ധർമേന്ദ്രന് പ്രധാനം. അതുകൊണ്ടാണ് ആർ.എസ്.എസും ബി.ജെ.പിയും, സർവകലാശാലകളിൽ അവരിരുത്തിയ വൈസ് ചാൻസലർമാരും ഫാക്കൽറ്റികളുമെല്ലാം അടങ്ങുന്ന ശൃംഖല രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർത്തതിന്റെ ആത്യന്തിക ഫലങ്ങളായി രാഹുൽ ഗാന്ധി ഇതിനെയെല്ലാം കാണുന്നത്. ആർ.എസ്.എസുകാരനെങ്കിൽ ഒരു യോഗ്യതയുമില്ലാത്ത ഏതൊരാൾക്കും വൈസ്ചാൻസലറാകാവുന്ന രാജ്യത്ത് എത്ര യോഗ്യതയുണ്ടെങ്കിലും ഒരാൾ ആർ.എസ്.എസുകാരനല്ലെങ്കിൽ അയാൾക്ക് വി.സിയാകാനാകില്ലെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഇപ്പോൾ അധ്യാപക നിയമനത്തിന് എ.ബി.വി.പി പരിചയം അനിവാര്യമാണ്. അങ്ങനെ കയറുന്ന അധ്യാപകരാണ് ഇന്റേണൽ അസസ്മെന്റിലൂടെ വിദ്യാർഥികൾക്ക് മാർക്കിടുന്നത്. ഡൽഹി സർവകലാശാല ഫിലോസഫി പാഠ്യപദ്ധതിയിൽനിന്ന് അംബേദ്കറെയും മഹാത്മാ ഗാന്ധിയെയും എടുത്തുമാറ്റുകയാണ്. എല്ലാ പാഠ്യപദ്ധതികളിലും സവർക്കറെ ഉൾപ്പെടുത്തുകയാണ്. നിയമ പഠനമെന്ന പേരിൽ മനുസ്മൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ്. ആർ.എസ്.എസിന്റെ മേൽനോട്ടത്തിൽ ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചതോടെ അവരുടെ മുതിർന്ന പ്രചാരകുമാരാണ് കലാശാലകളിലെ വിശിഷ്ടാതിഥികൾ.

കുട്ടികൾക്ക് ക്ലാസിൽ അധ്യാപകരോട് ചോദ്യങ്ങൾ ചോദിക്കാനാവില്ല. അധ്യാപകരെ കാണുന്ന വിദ്യാർഥികൾ ഗുഡ്മോണിങ്ങിനും ഗുഡ് ആഫ്റ്റർ നൂണിനും പകരം ജയ് ശ്രീറാം പറയേണ്ടിവരുകയാണ്. ഇതൊന്നും അനുധാവനം ചെയ്യാത്തവരുടെ പരീക്ഷാ ഫലങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്യും. ആർ.എസ്.എസ് നേതാക്കളെ മുഖ്യാതിഥികളാക്കി എന്തെങ്കിലുമൊക്കെ പേരിട്ടുള്ള പരിപാടികൾ എല്ലാ സ്ഥാപനങ്ങളിലും പതിവാകുകയാണ്. അത്തരം പരിപാടികളിൽ പോയാൽ ക്ലാസ് അറ്റൻഡൻസ് നൽകുമെന്ന് മാത്രമല്ല, ഇന്റേണൽ അസസ്മെന്റ് മാർക്ക് നൽകിയും സംഘ് അധ്യാപകർ അനുഗ്രഹിക്കും. ഒരു സെമസ്റ്ററിൽ ആകെ അഞ്ച് ക്ലാസിന് വന്ന ഡൽഹി സർവകലാശാലക്ക് കീഴിലുള്ള കോളജിലെ ഒരധ്യാപകൻ വിദ്യാർഥികളോട് പരീക്ഷാവേളയിൽ ആർ.എസ്.എസിന്റെ പരിപാടിയിൽ പോയി അതിന്റെ റിപ്പോർട്ട് തയാറാക്കാനാവശ്യപ്പെട്ട് അതാണ് ഇന്റേണൽ അസസ്മെന്റ് മാർക്കിന് ആധാരമാക്കിയത്.

ലക്ഷ്യം ആർ.എസ്.എസ് അജണ്ടയിൽ മാത്രം കേന്ദ്രീകരിച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ബാക്കിപത്രമാണ് കുത്തഴിഞ്ഞ പരീക്ഷകളും പേപ്പർ ചോർച്ചകളും. തങ്ങളുടെ കണ്ണീരിന് സമാധാനം ചോദിച്ച കേവലം 17 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ രാജ്യദ്രോഹികളും ഭീകരവാദികളും സോറോസിന്റെ ഏജന്റുമാരുമാക്കി പൈശാചികവത്കരിച്ച് നിശ്ശബ്ദരാക്കാനാണ് നോക്കുന്നത്. ഭരണപരമായ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര മന്ത്രിമാർ രാജിവെച്ചിരുന്നതെല്ലാം പഴങ്കഥ. ഉയർത്തിപ്പിടിക്കാൻ നൈതികതയും ധാർമികതയും സ്വന്തമായില്ലാത്തവർ, ആരെങ്കിലും രാജി ആവശ്യം ഉയർത്തുമ്പോഴേക്ക് അതിൽ അസ്വസ്ഥരാകേണ്ട കാര്യമില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEneet exampaper leakEvaluationCockroach Janata Party
News Summary - The strength of the 'Sangha' that cannot be stolen even if the exam is leaked
Next Story