Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightകർത്തവ്യപഥത്തിനു...

കർത്തവ്യപഥത്തിനു പിന്നിലെ ഊടുവഴികൾ

text_fields
bookmark_border
Kartavya Path
cancel

അടുത്ത റിപ്പബ്ലിക്ദിന പരേഡ് രാജ്പഥിൽ ആയിരിക്കില്ല. പതിറ്റാണ്ടുകൾ അത് അവിടെ നടന്നു എന്നതൊക്കെ പഴമ്പുരാണം. ഇനി കർത്തവ്യപഥിലാണ് റിപ്പബ്ലിക്ദിന പരേഡ്. ഭൂമിക്കും ഭൂമിശാസ്ത്രത്തിനുമൊന്നും മാറ്റമില്ല. പരേഡ്, രാഷ്ട്രപതി ഭവനിൽനിന്ന് വിജയ് ചൗക്കിലൂടെ ഇന്ത്യ ഗേറ്റിലേക്കുനീളുന്ന റോഡിൽ തന്നെ. പക്ഷേ, മോദിസർക്കാർ പുതിയ ഇന്ത്യ പണിതുയർത്തിവരുകയാണ്. അതിനൊത്ത് ഭൂമിയും ചരിത്രവും ചുമന്നു മാറ്റാൻ പറ്റില്ല. അങ്ങനെ തോറ്റുപോകുന്നേടത്തും മാറ്റം തോന്നിപ്പിക്കാനുള്ള ഉപായമാണ് പേരുമാറ്റം. പുതിയ തലമുറയെക്കൊണ്ട് പുതിയ പേരിൽ പഴയ സ്ഥലം വായിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഉപായം. പഴയ പേരുകൾ പെയിന്‍റടിച്ചു മായ്ക്കുന്ന ഭരണാധികാരികൾ, ആറും ഏഴും പതിറ്റാണ്ട് പഴഞ്ചനായ സ്വന്തം പേര് പരിഷ്കരിച്ചുകളയുമോ എന്നുവരെ ശങ്കിക്കണം. പൂർവാശ്രമത്തിൽ ഒന്ന്, പർണാശ്രമത്തിൽ മറ്റൊന്ന്, 75 കഴിഞ്ഞാൽ പുതിയത് എന്നിങ്ങനെ പേരു മാറ്റിക്കൊണ്ടിരുന്നാൽ പൂർവാശ്രമ ചെയ്തികൾ മായ്ച്ച് സംഗതി കളറാക്കാം.

രാജ്പഥിനെ കർത്തവ്യപഥമാക്കി മാറ്റുന്നതിന്‍റെ ന്യായം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെച്ചിട്ടുണ്ട്. കോളനിവാഴ്ചയുടെയും അടിമത്ത മനോഭാവത്തിന്‍റെയും ശേഷിപ്പുകളിലൊന്നു കൂടിയാണ് പേരുമാറ്റത്തിലൂടെ രാജ്യം മായ്ച്ചുകളഞ്ഞത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ പിടിയിൽനിന്ന് മുക്തമായ പരമാധികാര റിപ്പബ്ലിക്കാണ് ഇന്ത്യ. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം പിന്നിടുന്നത് അവരുടെ വിഴുപ്പുഭാണ്ഡവും ചുമന്നാകരുതെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. എന്നാൽ വിരോധാഭാസമെന്നേ പറയേണ്ടൂ, നാമകരണത്തിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക ചടങ്ങ് ദുഃഖാചരണമാണ്. രാഷ്ട്രപതി ഭവൻ, പാർലമെന്‍റ്, മന്ത്രാലയങ്ങൾ എന്നിങ്ങനെ, കർത്തവ്യപഥത്തിൽനിന്ന് നോക്കിയാൽ കാണാവുന്ന ദേശീയ പതാകകളൊക്കെയും ഞായറാഴ്ച പകുതി താഴ്ത്തിക്കെട്ടിയ നിലയിലാണ്. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്‍റെ വേർപാടിൽ മോദിസർക്കാർ പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണത്തിന്‍റെ ഭാഗമാണത്. രാജ്പഥിന്‍റെ പേരു മാറ്റിയവർക്കു തന്നെയാണ്, സാമ്രാജ്യത്വത്തിന്‍റെയും കോളനിവാഴ്ചയുടെയും പ്രതീകമായിട്ടുകൂടി അറിയപ്പെടുന്ന രാജ്ഞിയോടുള്ള പ്രത്യേക ബഹുമാനം. ഇന്ത്യയോടും മറ്റു കോളനികളോടും ഒരുകാലത്ത് ബ്രിട്ടീഷുകാർ എന്തു ചെയ്തു, രാജ്ഞിക്കു കീഴിൽ കെനിയയിലും മലേഷ്യയിലൂം ഇറാഖിലും വടക്കൻ അയർലൻഡിലുമെല്ലാം എന്തൊക്കെ ചെയ്തു എന്നതൊക്കെ പഴങ്കഥ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയവരുടെ സഖ്യത്തിൽ പങ്കുചേർന്ന് ഇന്ത്യ മുന്നോട്ടുപോകുന്നതിനാൽ ആചരണം കൂറും വിധേയത്വവും വിശ്വസ്തതയും പ്രകടമാക്കുന്ന പ്രത്യേക സന്ദേശമാണ്. പഴയ ഇന്ത്യയിൽനിന്ന് പുതിയ ഇന്ത്യയിലേക്കുള്ള നടത്തത്തിന്‍റെ കഥയൊക്കെ അത്ര തന്നെ.

ഭരണപരിഷ്കാരത്തിന്‍റെ ദയനീയാവസ്ഥ അവിടെ തീരുന്നില്ല. സാമ്രാജ്യത്വത്തിന്‍റെ വിഴുപ്പുഭാണ്ഡമാണെന്നു പറഞ്ഞ് മായ്ച്ചുകളഞ്ഞ പേര് ബ്രിട്ടീഷ് വാഴ്ചക്കാലത്തേതല്ല. അവരുടെ കാലത്ത് ജോർജ് അഞ്ചാമന് മാഹാത്മ്യം നൽകാൻ കിങ്സ് വേ എന്നായിരുന്നു രാജ്പഥിനു പേര്. കിങ്സ് വേ മാത്രമല്ല, ക്വീൻസ്​ വേയും ഉണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയാണ് ആ പേരുകൾ രാജ്പഥ്, ജൻപഥ് എന്നിങ്ങനെ മാറ്റിയത്. ആ പേരുകൾ വലിയ സന്ദേശമാണ് കൈമാറിയത്. രാജ്പഥ് എന്നാൽ രാജാവിന്‍റെ വഴി എന്നല്ല അർഥം; രാജ്യപാത എന്നാണ്. ജനങ്ങളുടെ പാതയെന്നാണ് ജൻപഥ് അർഥമാക്കുന്നത്. ഉദാഹരണത്തിന്, മഹാത്മാ ഗാന്ധിയുടെ സമാധി രാജ്ഘട്ടാണ്. ഗവർണറുടെ ഓഫിസ് രാജ്ഭവനാണ്. ഗുജറാത്ത് വംശഹത്യ നടന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ഉപദേശിച്ചത് രാജ്യധർമം. ഡൽഹിയിൽ രാജപഥവും ജനപഥവും ഇന്ത്യ ഗേറ്റിന് സമീപം സംഗമിച്ച് കടന്നുപോകുന്നു. സാമ്രാജ്യത്വത്തിൽനിന്ന് ജനകീയ ഭരണത്തിലേക്ക് മാറിയ ഇന്ത്യ രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന പ്രാധാന്യമാണ് ആ പേരുകളിലൂടെ വിളംബരം ചെയ്തത്. ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും ഉൾച്ചേർന്ന ഇന്ത്യയെന്ന സന്ദേശം അതിൽ അടങ്ങിയിരിക്കുന്നു. അതിലൊന്നിനു മുകളിലാണ് മോദിസർക്കാർ പെയിന്‍റടിച്ച് പുതിയ പേരെഴുതിയത്. ക്വിറ്റിന്ത്യ സമര കാലത്ത് ബ്രിട്ടീഷ് ഭരണത്തെ പിന്തുണച്ചവരാണ് ആർ.എസ്.എസുകാരെന്ന ചരിത്രം പക്ഷേ, ആ പെയിന്‍റുകൊണ്ട് മായില്ല. ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തങ്ങൾക്കും ചുമതലകൾക്കുമപ്പുറം നാവടക്കൂ, പണിയെടുക്കൂ എന്ന മട്ടിൽ ജനങ്ങളുടെ കർത്തവ്യബോധത്തെ ഓർമിപ്പിക്കുന്നതാണ് പുതിയ പേരെന്ന വിമർശനം മറുവശത്ത്.

പുനരുദ്ധാരണത്തിന്‍റെ പേരിൽ ചുടുന്നതും പേരുമാറ്റുന്നതുമൊക്കെ ചില ഭരണാധികാരികൾ കൊണ്ടുനടക്കുന്ന ശീലങ്ങളാണ്. ചരിത്രം തിരുത്തിയെഴുതുന്നു. സ്മാരകങ്ങളുടെ പേരു മാറ്റുന്നു. വസ്തുതകൾക്ക് പുനരാഖ്യാനം നൽകുന്നു. സ്വന്തം പേരേ ഇനിയുള്ള കാലം മുഴങ്ങാവൂ എന്ന് ആഗ്രഹിച്ചുള്ള ചൊട്ടുവിദ്യകൾ മാത്രമല്ല അത്. ജനസാമാന്യത്തിന്‍റെ ചർച്ചഗതി അടിക്കടി മാറ്റി ഭരണവിരുദ്ധ വികാരം ഏകീകരിക്കാതെ നോക്കുന്ന തന്ത്രവും കൂടിയാണത്. 500 രൂപയുടെയും 1000 രൂപയുടെയും കറൻസി നോട്ടുകൾ കൂട്ടത്തോടെ ചുട്ട് 2000 രൂപ നോട്ടിന് ജന്മം നൽകി. പക്ഷേ, വിപണിയിൽ പ്രചാരത്തിലുള്ള കള്ളനോട്ടുകളിൽ മുമ്പൻ ഇപ്പോൾ 2000മാണ്. അതാണ് ഒരു പരിഷ്കാരത്തിന്‍റെ നേട്ടം. നോട്ട് അസാധുവാക്കുന്നതു മുതൽ നാമകരണംവരെ എല്ലാം ഭരണകർത്താക്കൾക്ക് ജനങ്ങളെ കുറെ നേരം പിടിച്ചിരുത്താനുള്ള പ്രദർശനമാണ്. സാമ്പത്തിക പരിഷ്കരണം, വിദേശ നയം, പ്രതിരോധ രംഗം, രാഷ്ട്രീയം എന്നിവയിലെല്ലാമുള്ള തീരുമാനങ്ങൾ തെരഞ്ഞെടുപ്പു നേട്ടത്തിൽ മാത്രം കണ്ണുവെക്കുന്ന ഇവന്‍റ് മാനേജ്മെൻറാകുമ്പോൾ പരിഷ്കാരങ്ങൾക്ക് തലതിരിവ് കൂടും.

രാജ്പഥിനെ കർത്തവ്യപഥാക്കിയത് ഏറ്റവും പുതിയ പേരുമാറ്റം എന്നു മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലൂടെയുള്ള റോഡ് ഇന്ന് റേസ് കോഴ്സല്ല, ലോക് കല്യാൺ മാർഗാണ്. ഔറംഗസേബ് റോഡിന്‍റെ പേര് എ.പി.ജെ അബ്ദുൽ കലാം റോഡ് എന്നാക്കിയത് മുഗളന്മാരുടെ ചരിത്രവും ശേഷിപ്പുകളും തൂത്തെറിയുന്നതിന്‍റെ ഭാഗമായിരുന്നു. ഇനിയിപ്പോൾ അക്ബർ റോഡ്, ഹുമയൂൺ റോഡ് എന്നിവയും മാറ്റാൻ ഒരുങ്ങുന്നു. അതിനൊത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പലവിധ മാറ്റങ്ങൾ. യു.പിയിലെ ചരിത്രനഗരമായ അലഹബാദ് ഇന്ന് പ്രയാഗ് രാജാണ്. ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ, അയോധ്യ കണ്ടോൺമെന്‍റാണ്. ചരിത്രശേഷിപ്പുകൾ, പിന്നിട്ട പാതകൾ -അവയത്രയും പാഠവും ഓർമപ്പെടുത്തലുമായി അതേപടി നിലനിൽക്കേണ്ടത് ഭാവിതലമുറകളുടെ ആവശ്യമാണെന്ന് പുതിയ ഇന്ത്യ രചിക്കുന്നവരെ ആരു പറഞ്ഞു മനസ്സിലാക്കാൻ? സ്വന്തം പേരും ചെയ്തിയും വരുംതലമുറ സ്വതന്ത്ര ചിന്തയോടെ വിലയിരുത്തുമെന്ന് അവർ എങ്ങനെ തിരിച്ചറിയാൻ?Show Full Article
TAGS:Rajpath kartavyapath central govt modi 
News Summary - Article about Rajpath's name change
Next Story