Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightപല്ലിറുമ്മുന്ന ബംഗാൾ

പല്ലിറുമ്മുന്ന ബംഗാൾ

text_fields
bookmark_border
പല്ലിറുമ്മുന്ന ബംഗാൾ
cancel

ബിഹാർ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുടെ പൂർണശ്രദ്ധയും പശ്ചിമ ബംഗാളിലാണ്. ഏപ്രിൽ, മേയ്് മാസങ്ങളിൽ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഇതിനകംതന്നെ പോർവിളിയും കൊലവിളിയും ഉയർന്നുകഴിഞ്ഞു. 294 അംഗ നിയമസഭയിൽ 200 സീറ്റും പിടിച്ച് മമത ബാനർജിയെ വെറും പുൽക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത്​ ഷായുടെ പ്രഖ്യാപനം. അതിനൊത്ത് ഇളക്കിമറിക്കാൻ തുടങ്ങിയിട്ടുമുണ്ട്. അമിത്​ ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പു കാര്യങ്ങൾ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ ബി.ജെ.പിയുടെ പുതിയ സീറ്റുകേന്ദ്രമാക്കി മാറ്റുകകൂടിയാണ് ലക്ഷ്യം. ബംഗാൾ പിടിക്കാൻ ഏതറ്റം വരെയും ബി.ജെ.പി പോകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിെൻറ ഏതാനും എം.എൽ.എമാരെ അടർത്തിയെടുത്തത് മമത ബാനർജിയുടെ പിരിമുറുക്കം കൂട്ടിയിരിക്കുന്നു. രാഷ്​ട്രീയ ഗോദയിൽ പതിറ്റാണ്ടുകളുടെ തഴക്കമുള്ള, കോൺഗ്രസിനെയും സി.പി.എമ്മിനെയും മുട്ടുകുത്തിച്ച പോരാളിയെ അട്ടിമറിക്കാൻ മോദി -അമിത്​ ഷാമാർക്ക് എത്രത്തോളം സാധിക്കും? അതേതായാലും, ബി.ജെ.പി പേരെടുത്തുപറയാവുന്ന ഒരു ശക്തി പോലും അല്ലാതിരുന്ന സംസ്ഥാനത്ത്, ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത വേറിട്ട വെല്ലുവിളിയാണ് അവർ മമതക്കു നേരെ ഉയർത്തുന്നത്.

വർഗീയ രാഷ്​ട്രീയവും കേന്ദ്രാധികാരവും സമാസമം ചേർത്ത് പ്രയോഗിക്കുന്നതിനിടയിൽ, അസാധാരണമായ കടമ്പകൾ ചാടിക്കടക്കാതെ മമതക്ക് മൂന്നാമൂഴം അധികാരത്തിലെത്താൻ കഴിയില്ല. മമത മുഖമടിച്ചു വീഴണമെന്ന് ആഗ്രഹിക്കുന്നത് ബി.ജെ.പി മാത്രമല്ല, പഴയ പ്രതിയോഗികളായ സി.പി.എമ്മും കോൺഗ്രസും കൂടിയാണ്. ഒന്നാം നമ്പർ ശത്രു ബി.ജെ.പി എന്നാണ് സങ്കൽപമെങ്കിലും വംഗനാട്ടിലെ രാഷ്​ട്രീയക്കളരിയിൽ അവർക്ക് രണ്ട് മുഖ്യശത്രുക്കളുണ്ട് എന്നത് യാഥാർഥ്യം മാത്രം. ത​െൻറ രക്തം ദാഹിക്കുന്ന മൂന്നു ശത്രുക്കളോട് എങ്ങനെ ഫലപ്രദമായി ഏറ്റുമുട്ടാൻ കഴിയുമെന്ന ചോദ്യമാണ് മമതക്കു മുന്നിൽ.

അവരുമായി പോരാടുന്നതിനു മുമ്പ് സ്വന്തം പാളയത്തിൽ രൂപംകൊണ്ട പ്രശ്നങ്ങൾ ഉടനടി പരിഹരിക്കേണ്ട പ്രതിസന്ധിയിലാണ് ഇന്ന് മമത. ബംഗാളിൽ അടിത്തറയില്ലാതിരുന്ന അമിത്​ ഷായും സംഘവും തൃണമൂൽ കോൺഗ്രസ് പൊളിക്കാനുള്ള ശ്രമങ്ങളിലാണ്. വർഷങ്ങൾക്കു മുേമ്പ ആ ശ്രമം തുടങ്ങിവെച്ചപ്പോഴും, ഇപ്പോഴും, പ്രധാന ആയുധം കേന്ദ്ര അന്വേഷണ ഏജൻസികൾതന്നെ. അവർക്ക് കടന്നുകയറാൻ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്, നാരദ ഒളികാമറ പ്രയോഗം എന്നിവ വഴിയൊരുക്കി. അതിൽ പെട്ടുപോയ മുകുൾറോയ് എന്ന മമതയുടെ വിശ്വസ്തനെ അന്വേഷണ ഏജൻസി വട്ടംകറക്കി. അതിനൊടുവിലാണ് 2017ൽ മുകുൾ റോയ് ബി.ജെ.പിക്കാരനായത്. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ എത്തിയ സുവേന്ദു അധികാരി മമതയുടെ വലംകൈയായിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണക്കുരുക്കിലായിരുന്നു ഏറെക്കാലമായി സുവേന്ദു അധികാരി. മുകുൾ റോയിയേക്കാൾ കനത്ത നഷ്​ടമാണ് സുവേന്ദുവിെൻറ പരകായ പ്രവേശത്തിനിടയിൽ മമതക്ക് ഉണ്ടായിരിക്കുന്നത്. വലിയ ജനസ്വാധീനമുള്ള, മമതയുടെ മണി, മസിൽ പവർ സ്രോതസ്സ്​. മൻമോഹൻ സിങ് മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ശിശിർ അധികാരിയുടെ മകന് തെക്കുകിഴക്കൻ ബംഗാളിൽ വിപുലമായ ബന്ധങ്ങളുണ്ട്. സി.പി.എമ്മിെൻറ അടിവേരിളക്കിയ മമതയുടെ സിംഗൂർ, നന്ദിഗ്രാം പോരാട്ടങ്ങളിൽ ആണിക്കല്ലായി പ്രവർത്തിച്ചത് സുവേന്ദു അധികാരിയാണ്. സുവേന്ദുവിനെ കറക്കിയെടുക്കാൻ ബി.ജെ.പിക്ക് സാധിച്ച മറ്റു ചില സാഹചര്യങ്ങൾകൂടി തൃണമൂലിൽ ഉണ്ട്. അതിലൊന്ന്, മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടിയിൽ നേടിയ അപ്രമാദിത്വമാണ്.

മമതയുടെ അനന്തരാവകാശി എന്ന മട്ടിലാണ് അഭിഷേകിന്‍റെ വളർച്ച. സി.പി.എമ്മുമായുള്ള പോരാട്ടത്തിൽ ചോരയും നീരും വറ്റിച്ച തൃണമൂൽ നേതാക്കളെ തള്ളിമാറ്റിയുള്ള പോക്ക്. അത് പലർക്കും അസഹനീയമായി മാറിയിരിക്കുന്നു. മറ്റൊരു ഘടകം, തെരഞ്ഞെടുപ്പുതന്ത്രങ്ങളുടെ ചാണക്യനായി പ്രശാന്ത് കിഷോർ അവരോധിക്കപ്പെട്ടതാണ്. മമതയോടു മാത്രം മറുപടി പറയേണ്ട ഇവർ രണ്ടുപേരുമാണ് ഇന്ന് തൃണമൂൽ കോൺഗ്രസിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത്. അതിൽ പലതും മമത അറിയുന്നതുതന്നെയില്ലെന്ന ആക്ഷേപവുമുണ്ട്. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്ന് ഉറപ്പുപറയാവുന്ന നേതാക്കളിൽ ചിലർ പോലും പ്രശാന്ത് കിഷോറിനെ 'മോദി ഏജൻറാ'യാണ് കാണുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രശാന്ത് കിഷോർ ബി.ജെ.പി നേതാക്കളുമായി ഇന്നും നല്ല ബന്ധം പുലർത്തുന്നത് സംശയത്തോടെത്തന്നെ പാർട്ടി കാണണമെന്ന അഭിപ്രായക്കാരാണ് അവർ. പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലും മറ്റും പ്രശാന്ത് കിഷോർ, അഭിഷേക് ബാനർജി അച്ചുതണ്ട് നിർണായക പങ്ക് വഹിക്കുന്നതിനിടെ, ടിക്കറ്റ് കിട്ടുമോ എന്ന ആശങ്ക പടരുന്ന ഒരു വിഭാഗം വേറെയുണ്ട്. ഇതത്രയും ബി.ജെ.പിയുടെ 'മിഷൻ ബംഗാൾ' ലക്ഷ്യത്തിന് മുതൽക്കൂട്ടാണ്. ലക്ഷ്യത്തിനിടയിലും, മമതക്കെതിരെ കരുത്തുള്ള ഒരു മുഖ്യമന്ത്രി മുഖം ഉയർത്തിക്കാണിക്കാൻ പോലും ബി.ജെ.പിക്കില്ലെന്നത് മറുപുറം. 294 അംഗ നിയമസഭയിൽ 211 സീറ്റും കൈയടക്കിയ തൃണമൂൽ കോൺഗ്രസിനെയാണ് വെറും കടലാസു കൊട്ടാരമായി ബി.ജെ.പി ചിത്രീകരിക്കുന്നത്. കൊലകൊമ്പന്മാരായിരുന്ന സി.പി.എം 26 സീറ്റിലേക്കും കോൺഗ്രസ് 44 സീറ്റിലേക്കും ചുരുങ്ങിയ തെരഞ്ഞെടുപ്പു കൂടിയായിരുന്നു കഴിഞ്ഞത്. മൂന്ന്​ സീറ്റും 10 ശതമാനം വോട്ടും ലഭിച്ച പാർട്ടിയുടെ പുതിയ ലക്ഷ്യമാണ് അമിത്​ ഷാ പ്രഖ്യാപിച്ചിട്ടുള്ള 200 സീറ്റ്.

പശ്ചിമ ബംഗാൾ പിടിക്കാൻ വൻതോതിൽ പണവും സമയവുമാണ് ബി.ജെ.പി ചെലവിടുന്നത്. വീണു കിട്ടിയതെല്ലാം പടർന്നു കയറാനുള്ള ഉപായമാക്കുന്ന ബി.ജെ.പി, സംസ്ഥാനത്ത് പുതിയ കുഴപ്പങ്ങൾക്ക് തക്കം പാർത്തു കഴിയുന്നുവെന്നുകൂടിയാണ് കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. മമതയുടെ പതിവു േക്രാധത്തെ കടത്തിവെട്ടുന്ന പോർവിളിയുമായാണ് ബി.ജെ.പി നിൽക്കുന്നത്. അസാധാരണവും അതിരുവിട്ടതുമാണ് പശ്ചിമ ബംഗാളിൽ മോദിസർക്കാർ നടത്തുന്ന ഇടപെടലുകൾ. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനു നേരെ ഡിസംബർ 10ന് കല്ലേറ് ഉണ്ടായതോടെ, സംസ്ഥാനത്ത് ക്രമസമാധാന തകർച്ച പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസർക്കാറും. അതേച്ചൊല്ലി കേന്ദ്രവും സംസ്ഥാനവുമായി പുതിയ ഏറ്റുമുട്ടൽ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡൻറിനെ കല്ലെറിഞ്ഞാൽ വെറുതെവിടില്ലെന്ന് പ്രഖ്യാപിക്കുകയും കിട്ടിയ അവസരം മുതലാക്കുകയുമാണ് ബി.ജെ.പി. ആഭ്യന്തര മന്ത്രി അമിത്​ ഷാ നേരിട്ട് കളത്തിലിറങ്ങുന്നു. രാജ്ഭവനിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബി.ജെ.പിയുടെ പ്രതിനിധിയായ ഗവർണർ ഉറഞ്ഞുതുള്ളി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തുന്നു. ക്രമസമാധാനം തകർന്നെന്ന് കേന്ദ്രത്തിലേക്ക് റിപ്പോർട്ട് അയക്കുന്നു. ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഡൽഹിക്ക് വിളിക്കുന്നു. പോകാൻ പാടില്ലെന്ന് മമത നിർദേശിക്കുന്നു. കലി കയറിയ കേന്ദ്രം െഎ.പി.എസ് കേഡർ ചട്ടത്തിലെ അസാധാരണ വ്യവസ്ഥകൾ ദുരുപയോഗിച്ച്, നഡ്ഡയുടെ സുരക്ഷചുമതലക്ക് നിയോഗിച്ച മൂന്ന് ഐ.പി.എസുകാരെ കേന്ദ്രസർവിസിലേക്ക് തിരിച്ചുവിളിക്കുന്നു. അവരെ വിടാൻ പറ്റില്ലെന്ന് മമത വാദിക്കുന്നു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് കൊൽക്കത്ത പൊലീസ്​ കമീഷണർ രാജീവ് കുമാറിനെ കസ്​റ്റഡിയിലെടുക്കാൻ സി.ബി.ഐ ശ്രമിച്ചതും മമത ധർണ നടത്തിയതുമായ നാടകീയതകളുടെ മറ്റൊരു പതിപ്പ്. മറ്റൊരു വശത്ത്, മുകുൾ റോയ് അടക്കം സംസ്ഥാന സർക്കാർ ക്രിമിനൽ കേസെടുത്ത അഞ്ച്​ ബി.ജെ.പിക്കാർ അറസ്​റ്റ്​ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ എത്തുന്നു. പുതിയ തന്ത്രങ്ങൾക്ക് നേരിട്ട് ചുക്കാൻപിടിക്കാൻ ആഭ്യന്തര മന്ത്രി ബംഗാളിൽ പറന്നിറങ്ങുന്നു. പരമ്പര അങ്ങനെ പുരോഗമിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടാകേണ്ട സ്ഥാനത്ത്, ഫെഡറൽ തത്ത്വങ്ങൾ കാറ്റിൽ പറത്തുന്ന കാഴ്ച. അർഹതപ്പെട്ട സാമ്പത്തിക, വികസന, കോവിഡ് പ്രതിരോധ സഹായം കേന്ദ്രം നൽകുന്നില്ലെന്ന് സംസ്ഥാനം. ആയുഷ്മാൻ ഭാരത്, പി.എം കിസാൻ സമ്മാൻ നിധി തുടങ്ങിയ കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത്​ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രം. ഇനിയുള്ള ആഴ്ചകളിലും മാസങ്ങളിലും ഈ സംഘർഷം വർധിക്കുമെന്ന് പകൽപോലെ വ്യക്തം. പശ്ചിമ ബംഗാൾ കൂടുതൽ സംഘർഷഭരിതമാവുകയാണ്. തെരഞ്ഞെടുപ്പുകാലം ചോര ചിന്തുന്ന പോരിെൻറ കാലമായേക്കുമെന്ന ആശങ്ക വളരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeebengal politicsSuvendu Adhikari
News Summary - article about Bengal politics
Next Story