ആരവല്ലിയിലെ അട്ടിമറി
text_fieldsആരവല്ലി പർവതനിരകൾക്ക് കേന്ദ്ര സർക്കാർ തയാറാക്കി സുപ്രീംകോടതി മോലൊപ്പ് ചാർത്തിയ നിർവചനം രാജസ്ഥാനിലും ഹരിയാനയിലും ശക്തമായ ജനകീയ സമരങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. 100 മീറ്റർ ഉയരത്തിലുള്ള രണ്ട് കുന്നുകൾക്കിടയിൽപ്പെടുന്ന ഭാഗങ്ങൾ മാത്രമേ ആരവല്ലി പർവതനിരകളായി കണക്കാക്കൂ എന്ന പുതിയ നിർവചനത്തോടെ അരാവലിയുടെ ബഹുഭൂരിഭാഗവും പുറത്താകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനിലും ഹരിയാനയിലും സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ 34 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലിയുടെ ഏതാനും ഭാഗങ്ങൾ മാത്രം പരിശോധിച്ച് തയാറാക്കിയ പുതിയ നിർവചനപ്രകാരം എത്രമാത്രം പർവതഭാഗങ്ങൾ ഖനനത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി ദുരുപയോഗം ചെയ്യുമെന്ന് പറയാനാവില്ലെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകുന്നു.
ദേശീയ സംവാദമാക്കിമാറ്റി സോണിയ ഗാന്ധി
ഹരിയാനയിലും രാജസ്ഥാനിലും പ്രാദേശിക മാധ്യമങ്ങളിൽ പരിമിതപ്പെട്ടിരുന്ന സുപ്രീംകോടതി വിധിയിലുള്ള പ്രതിഷേധവും ആരവല്ലിയുടെ സംരക്ഷണത്തിനുള്ള സമരവും ദേശീയശ്രദ്ധ നേടിയത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തോടെയാണ്. അതേതുടർന്ന് ദേശീയതലത്തിൽ പുതിയ സംവാദം രൂപപ്പെട്ടുവെന്ന് മാത്രമല്ല, താഴെതട്ടിൽ സമരം ശക്തിപ്പെടുകയും ചെയ്തു. 5000 ട്രാക്ടറുകൾ അണിനിരത്തി കർഷകരും അരാവലിക്കായി രംഗത്തിറങ്ങി. വിഷയം വൻ വിവാദമായതോടെ ഡൽഹിമുതൽ ഗുജറാത്തുവരെ നീണ്ടുകിടക്കുന്ന ആകെ 1.44 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ആരവല്ലിയുടെ 0.19 ശതമാനം മാത്രമേ നിർവചനപ്രകാരം സംരക്ഷണത്തിൽനിന്ന് പുറത്താകൂ എന്നും അവിടെ മാത്രമേ ഖനനത്തിന് അനുമതി നൽകൂ എന്നും അവകാശപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് രംഗത്തുവന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രിയും മുൻ പരിസ്ഥിതി മന്ത്രിയും
എന്നാൽ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ 0.19 ശതമാനം അവകാശവാദം തള്ളി മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കൂടിയായ ജയ്റാം രമേശ് സോണിയ തുടങ്ങിവെച്ച സംവാദം ഏറ്റുപിടിച്ചു. കേന്ദ്രമന്ത്രിയുടെ ഈ വ്യാഖ്യാനം കൂടുതൽ ചോദ്യങ്ങളുയർത്തുന്നുവെന്നാണ് ജയ്റാം രമേശ് പറയുന്നത്. നാല് സംസ്ഥാനങ്ങളിലെ 34 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലിയുടെ വിസ്തൃതി 1.44 ലക്ഷം ചതുരശ്ര കിലോമീറ്ററാണെന്ന മന്ത്രിയുടെ കണക്കും തട്ടിപ്പാണെന്ന് ജയ്റാം രമേശ് പറയുന്നു. ആരവല്ലിയുടെ യഥാർഥ വിസ്തൃതി കണക്കാക്കിയാൽ 0.19 ശതമാനം എന്ന് പറയുന്നത് 68,000 ഏക്കറിലും വളരെ കൂടുതലായിരിക്കുമെന്നും മുൻ വനം പരിസ്ഥിതി മന്ത്രി ഓർമിപ്പിക്കുന്നു. ഡൽഹിമുതൽ ഗുജറാത്ത് വരെ നീണ്ടുകിടക്കുന്ന ആകെ 1.44 ലക്ഷം ചതുരശ്രകിലോമീറ്ററുള്ള 0.19 ശതമാനം മാത്രമാണ് പാട്ടത്തിന് കൊടുത്തതെന്ന് മന്ത്രി പറയുന്നത് ശരിവെച്ചാൽപോലും 68,000 ഏക്കറിൽ ഖനനം നടക്കുമെന്ന് ജയ്റാം രമേശ് സമർഥിക്കുന്നു.
സുപ്രീംകോടതി ചോദിച്ചുവാങ്ങിയ ‘100 മീറ്റർ നിർവചനം’
2024 മേയ് മാസം ഖനനത്തിൽനിന്ന് രക്ഷിക്കാൻ ആരവല്ലി പർവതനിരകൾക്ക് ഒരു ഏകീകൃത നിർവചനം നിർദേശിക്കാൻ പരിസ്ഥിതി സെക്രട്ടറിക്ക് കീഴിൽ ഒരു കമ്മിറ്റി ഉണ്ടാക്കാൻ സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിടത്ത് നിന്നാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മാസങ്ങൾക്കുശേഷം ഒക്ടോബർ 13നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആരവല്ലി പർവതനിരകൾക്ക് സുപ്രീംകോടതിയിൽ ‘100 മീറ്റർ നിർവചനം’ സമർപ്പിച്ചത്. എന്നാൽ, അതിന് തൊട്ടു പിറ്റേന്ന് തന്നെ സുപ്രീംകോടതിക്ക് കീഴിലുള്ള കേന്ദ്ര ഉന്നത അധികാര സമിതി (സി.ഇ.സി) തങ്ങൾ അംഗീകാരം നൽകാത്ത ശിപാർശയാണ് ഈ സമർപ്പിച്ചതെന്ന് സുപ്രീംകോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി കെ. പരമേശ്വരത്തെ രേഖാമൂലം അറിയിച്ചു. 2002ലാണ് സുപ്രീംകോടതി പരിസ്ഥിതി വനം വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പരിശോധിക്കാനും കേന്ദ്ര ഉന്നതാധികാരസമിതി(സി.ഇ.സി)ക്ക് രൂപം നൽകുന്നത്.
വിധിച്ചത് വിദഗ്ധർ തള്ളിയ നിർവചനം
ഒക്ടോബർ 14ന് ഉന്നതാധികാര സമിതി അമിക്കസ് ക്യൂറിക്ക് അയച്ച കത്തിൽ ഈ പർവത നിരകളുടെ സംരക്ഷണത്തിന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) ആരവല്ലി പർവതനിരകൾക്ക് നൽകിയ നിർവചനം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. 2010ൽ സുപ്രീംകോടതി നിർദേശപ്രകാരമാണ് എഫ്.എസ്.ഐ വിഷയം പഠിച്ചത്. 40,481 കിലോമീറ്റർ ദൈർഘ്യമുള്ള രാജസ്ഥാനിലെ 15 ജില്ലകളിലെ ആരവല്ലി പർവതനിരകളുടെ മാപ് തയാറാക്കി ചുരുങ്ങിയത് മൂന്ന് ഡിഗ്രി ചെരിവോടുകൂടിയുള്ള എല്ലാ കുന്നുകളും അരാവലിയുടെ ഭാഗമായി കണ്ടു സംരക്ഷിക്കണം എന്നായിരുന്നു ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായം. ഇതോടെ ആരവല്ലിപർവതനിരയിലെ ഏത് ചെറിയ കുന്നും സംരക്ഷിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാം എന്നായിരുന്നു എഫ്.എസ്.ഐ കരുതിയത്. എന്നാൽ, നവംബർ 20ന് പുറപ്പെടുവിച്ച വിധിയിൽ കേന്ദ്രസർക്കാറിന്റെ നൂറുമീറ്റർ നിർവചനം ബെഞ്ച് സ്വീകരിച്ചതായി പ്രഖ്യാപിച്ചു.
ആരവല്ലിയുടെ നിർവചനം അട്ടിമറിച്ചവർ ആരെല്ലാം?
ഉന്നതാധികാരസമിതി അംഗീകാരം നൽകിയില്ലെന്ന് അമിക്കസ് ക്യൂറിയെ അറിയിച്ചിട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാർശ എന്തുകൊണ്ട് സുപ്രീംകോടതി അംഗീകരിച്ചു എന്നുള്ളത് ദുരൂഹമായി തുടരുകയാണ്. അമിക്കസ് ക്യൂറി ഒന്നുകിൽ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാതിരിക്കുകയോ അതല്ലെങ്കിൽ അറിഞ്ഞിട്ടും സുപ്രീംകോടതി കേന്ദ്രസർക്കാറിന്റെ നിലപാടിനൊപ്പം നിൽക്കുകയോ ചെയ്തതായിരിക്കണം. രണ്ടായാലും ഉന്നതാധികാരസമിതിയുടെ നിലപാടിന്റെ നഗ്നമായ ലംഘനമാണ് സുപ്രീംകോടതി വിധി പ്രതിഫലിപ്പിക്കുന്നത്. ഉന്നതാധികാരസമിതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 100 മീറ്റർ നിർവചനത്തിന് എതിരാണെന്ന കാര്യം മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിനെ അറിയിച്ചിരുന്നു എന്ന ചോദ്യത്തിന് അമിക്കസ് ക്യൂറി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അതേസമയം കോടതിക്ക് മുമ്പിൽ വിഷയം അവതരിപ്പിച്ചപ്പോൾ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ നൽകിയ രേഖകളെയും വസ്തുതകളെയും ആണ് മന്ത്രാലയത്തിന്റെ 100 മീറ്റർ നിർവചനത്തെ എതിർക്കാൻ അമിക്കസ് ക്യൂറി ഉപയോഗിച്ചത്. 100 മീറ്റർ നിർവചനം കൊണ്ട് ആരവല്ലി പർവതനിരകളുടെ സംയോജിത സ്വഭാവം നഷ്ടപ്പെടും എന്ന ആശങ്ക അമിക്കസ് ക്യൂറി ബോധിപ്പിച്ചിട്ടുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാർശ വ്യർഥവും അസ്വീകാര്യവും ആണെന്നും സമിതി വ്യക്തമാക്കുകയും ചെയ്തു.
നിർവചനമുണ്ടാക്കിയ കമ്മിറ്റി വെളിപ്പെടുത്താത്ത മിനിറ്റ്സ്
സുപ്രീംകോടതി നിർദേശപ്രകാരം നിർവചനമുണ്ടാക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ കമ്മിറ്റിയിൽ കേന്ദ്ര ഉന്നതാധികാര സമിതി (സി.ഇ.സി)യെ പ്രതിനിധീകരിച്ചിരുന്നത് ഡോക്ടർ ജെ.ആർ. ഭട്ട് ആയിരുന്നു. സി.ഇ.സി ചെയർമാനും മുൻ വനം വകുപ്പ് ഡയറക്ടർ ജനറലും ആയ സിദ്ധാന്ത് ദാസ് ഒക്ടോബർ മൂന്നിന് ചേർന്ന സമിതിയുടെ കരട് റിപ്പോർട്ട് നൽകാൻ ഡോക്ടർ ജെ.ആർ. ഭട്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മിനിറ്റ്സിന്റെ കരട് നൽകാൻ ഭട്ട് തയാറായില്ല. മിനിറ്റ്സ് വെളിപ്പെടുത്താൻ അദ്ദേഹം തയാറാകാത്തതുകൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ 100 മീറ്റർ നിർവചനം സ്വീകാര്യമെന്ന് ഭട്ട് ബോധിപ്പിച്ചത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്നും സുപ്രീംകോടതി നിശ്ചയിച്ച കേന്ദ്ര ഉന്നതാധികാരസമിതിയുടെ തീരുമാനമല്ലെന്നും സമിതി കത്തായി അമിക്കസ് ക്യൂറിയെ അറിയിച്ചത്. 100 മീറ്റർ നിർവചനം അംഗീകരിച്ചാൽ ആരവല്ലിയിലെ ചെറുകുന്നുകൾ പർവതനിരയുടെ ഭാഗമായി ഗണിക്കപ്പെടില്ലെന്നും സംരക്ഷണത്തിൽനിന്ന് ഒഴിവാകുമെന്നും സി.ഇ.സി ചെയർമാൻ ചൂണ്ടിക്കാട്ടി. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ അഭിപ്രായപ്രകാരം രാജസ്ഥാനിലെ 15 ജില്ലകളിലെ 12,081 കിലോമീറ്റർ ദൈർഘ്യമുള്ള ആരവല്ലി പർവതനിരകളുടെ 91.3 ശതമാനവും 20 മീറ്ററും അതിന് മുകളിലുമാണ്. 100 മീറ്റർ പരിധിവെച്ചാൽ ആരവല്ലി പർവതനിരകളിലെ 1,18,575 കുന്നുകളുടെ 99% വും മലക്ക് പുറത്താകും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

