ഒമിക്രോൺ നമ്മുടെ വീട്ടുമുറ്റത്തെത്തുേമ്പാൾ
text_fieldsഇന്ത്യയിൽ കേരളമുൾെപ്പടെ പല സംസ്ഥാനങ്ങളിലും കോവിഡ് വൈറസിെൻറ ഒമിക്രോൺ വകഭേദം കണ്ടെത്തിക്കഴിഞ്ഞു. ബ്രിട്ടനിൽ ഒമിക്രോൺ മൂലം ആദ്യമരണവും ഒൗദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ, പുതിയ വേരിയൻറ് നിസ്സാരമായ രോഗലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അതിനാൽ, ഗൗരവമല്ലാത്ത കോവിഡ് വ്യാപനം പ്രതീക്ഷിച്ചാൽ മതിയെന്നുമുള്ള പ്രചാരണം മീഡിയയിൽ ശക്തവുമാണ്.
ഒമിക്രോൺ അതിെൻറ വ്യാപനം ആരംഭിച്ചിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. അതിനിടെ, രോഗം നിസ്സാരമായിരിക്കുമെന്ന പ്രവചനം ശരിയായിക്കൊള്ളണമെന്നില്ല. വ്യാപനസാധ്യതയുള്ള പുതിയ വേരിയൻറ് എത്തുമ്പോൾ ശ്രദ്ധാപൂർവം പ്രതിരോധ നയങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഏറ്റവും തീവ്രമായ വ്യാപനം എന്തുതരം ആഘാതമാണ് സൃഷ്ടിക്കുകയെന്നും അത് പരിമിതപ്പെടുത്താൻ എന്തെല്ലാം പ്രവർത്തനങ്ങൾ വേണമെന്നതും സംബന്ധിച്ച് നമുക്ക് വ്യക്തമായ ബോധ്യമുണ്ടാകണം.
ഡിസംബർ 12 ന് ബ്രിട്ടനിൽ 3200 ഒമിക്രോൺ ബാധിതരെ കണ്ടെത്തുകയുണ്ടായി. ശനിയാഴ്ചയേക്കാൾ ആയിരം പേര് കൂടുതൽ. ഗുരുതരമായ ഒമിക്രോൺ തരംഗം പ്രതീക്ഷിക്കാമെന്ന് രാജ്യത്തോട് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രണ്ടു ഡോസ് വാക്‌സിനുകൾ ഒമിക്രോൺ വേരിയൻറിനെ തളക്കാൻ മതിയാവില്ലെന്നും ഒരു ബൂസ്റ്റർ കൂടി ആവശ്യമായി വരുമെന്നും അദ്ദേഹം കരുതുന്നു. ബ്രിട്ടനിലെ ബൂസ്റ്റർ വാക്സിൻ പദ്ധതി വേഗത്തിലാക്കുകയും വാക്‌സിൻ അർഹതയുള്ള എല്ലാവർക്കും ഈ മാസം തന്നെ വാക്‌സിൻ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിൽ കോവിഡ് കരുതൽ ലെവൽ നാലിലേക്ക് ഉയർത്തുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ പ്രസിഡൻറ് സിറിൾ റമഫോസ കോവിഡ് പോസിറ്റിവ് ആയി. രണ്ടു വാക്‌സിനും എടുത്ത് പൂർത്തിയാക്കിയ അദ്ദേഹത്തിന് കോവിഡ് ബാധിച്ചത് ഒമിക്രോൺ പശ്ചാത്തലത്തിൽ ഗൗരവമർഹിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഗൗറ്റിങ് പ്രവിശ്യയാണിപ്പോൾ ഒമിക്രോൺ വ്യാപനത്തിെൻറ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്നത്. പുതിയ വേരിയൻറ് പൊട്ടിപ്പുറപ്പെട്ടശേഷം രോഗികളിൽ ഉണ്ടായ പ്രതിവാര വർധനനിരക്ക് 71 ശതമാനം, 341ശതമാനം, 379ശതമാനം , 272 ശതമാനം എന്നിങ്ങനെ പോകുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിലും ഗണ്യമായ വർധനവുണ്ട്; എന്നാലത് മുൻ തരംഗക്കാലത്തെപ്പോലെ അത്ര കൂടിയിട്ടുമില്ല.
ഗൗറ്റിങ് പ്രവിശ്യ രാജ്യത്തെ ഏറ്റവും ചെറുതും ജനസാന്ദ്രതയേറിയതും സാമ്പത്തികവാണിജ്യ കേന്ദ്രവുമാണ്. എപിഡെമിക്കുകൾക്ക് വ്യാപിക്കാൻ പറ്റിയ ഭൗതികസാഹചര്യമുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് രോഗതീവ്രതയിൽ കാണുന്നില്ല. മുൻ തരംഗക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ ഐ.സി.യു പ്രേവശം, ഓക്സിജൻ ആശ്രിതത്വം, വെൻറിലേഷൻ എന്നിവയിലും ഗണ്യമായ കുറവുണ്ട്. ആശുപത്രിയിൽ സംഭവിക്കുന്ന മരണം മുൻതരംഗത്തിലെ 22 ശതമാനത്തിൽ നിന്ന് 2.6 ശതമാനം ആയി കുറഞ്ഞിട്ടുമുണ്ട്. ബ്രേക്‌ത്രൂ രോഗബാധ വർധിച്ചിട്ടുള്ള സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കേണ്ടതും അതിവേഗം വാക്‌സിനേഷൻ പൂർത്തിയാക്കുകയും, വേണ്ടിവന്നാൽ ബൂസ്റ്റർ വാക്സിൻ വിതരണം നടപ്പാക്കുകയും അത്യാവശ്യമാണെന്നു കാണാം.
ദക്ഷിണാഫ്രിക്കയിലെ പൊതുജനാരോഗ്യ വിദഗ്‌ധ ജൂലിയറ്റ് പ്യൂലിയാം (Juliet Pulliam) ഒമിക്രോൺ വ്യാപനത്തിന്റെ ഗണിതശാസ്ത്ര മോഡലിങ് പഠനങ്ങൾ നടത്തുകയുണ്ടായി. അവരുടെ അഭിപ്രായത്തിൽ വാക്‌സിൻ സ്വീകരിച്ചവർ, നേരത്തേ രോഗം വന്നുപോയവർ എന്നിവരിൽ പുതിയ വേരിയൻറ് ലഘുവായി മാത്രമേ ബാധിക്കുന്നുള്ളൂ. ഗൗരവമുള്ള രോഗബാധ ഇപ്പോഴും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിലാണ് കാണുന്നത്. എന്നാൽ, ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ വരാനുള്ള സാധ്യത അധികമാണ്. അവരുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ ജനജീവിതവും ജനസാന്ദ്രതയും പരിഗണിച്ചാൽ ഒമിക്രോൺ അതിവേഗവ്യാപനം നടത്താൻ സാധ്യതയേറെയാണ്. അതിനാൽ, വാക്സിൻ പോളിസിയിൽ തീരുമാനമെടുക്കാൻ വൈകിക്കൂടാ എന്നും അവർ കരുതുന്നു.
ഇതുവരെ നടന്ന പഠനങ്ങളിൽ വേരിയൻറ് നമ്മുടെ പ്രതിരോധത്തെ മറികടക്കാനുള്ള കഴിവാർജ്ജിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് പ്രധാനം. വാക്സിനേഷൻ സ്വീകരിച്ചവരിൽപോലും രോഗമുണ്ടാകുന്നതിനാൽ അത്തരം വൈറസാണിതെന്ന് സ്പഷ്ടം. മറ്റു വേരിയൻറുകളെ നിർജീവമാക്കുമെങ്കിലും ഒമിക്രോണിനെതിരെ ആസ്ട്രെസകെ, മൊേഡണ എന്നീ വാക്സിനുകൾക്ക് വേണ്ടത്ര പ്രവർത്തിക്കാനാവുന്നില്ല.
രോഗതീവ്രതയില്ലെങ്കിൽ നമ്മെ ഭയപ്പെടുത്തുന്നത്ര മ്യൂട്ടേഷനുകളുമായി അരങ്ങു പിടിച്ചെടുക്കുന്ന ഒമിക്രോൺ വേരിയൻറ്എന്തുതരം ആശങ്കയാണുയർത്തുന്നത്? അതിവേഗം വ്യാപിക്കുന്നുവെന്നും നിലവിലെ വാക്സിനുകൾ സ്വീകരിച്ചവരിൽ ലഘുരോഗബാധയായി വന്നുപോകാനാണ് സാധ്യതയെന്നും നാം കരുതുന്നു. ശരിയായിരിക്കാം. ഇത്രയധികം മ്യൂട്ടേഷനുകൾ ഒന്നിച്ചെത്തുമ്പോൾ കാലം കടന്നുപോകെ കൂടുതൽ സംഹാരശേഷിയുള്ള മറ്റൊരു വേരിയൻറ് വരില്ലെന്നെന്തുറപ്പ്? അതു മനസ്സിലാക്കാൻ എങ്ങനെയാണ് ഒമിക്രോൺ ആവിർഭവിച്ചതെന്ന് കണ്ടെത്തണം. അതേക്കുറിച്ചുള്ള അന്വേഷണങ്ങളും ഊർജിതമായി നടക്കുന്നുണ്ടെന്നത് ആശ്വാസം നൽകുന്നു. അതേക്കുറിച്ചു അറിയാവുന്നതിങ്ങനെ സംഗ്രഹിക്കാം.
അമ്പതോളം മ്യൂട്ടേഷനുകളാണ് ഒമിക്രോൺ ശേഖരിച്ചിരിക്കുന്നത്. മൂന്നു രീതിയിലെങ്കിലും ഇപ്രകാരം സംഭവിക്കാം. ഒന്ന്, ഒരു പ്രദേശത്ത്, ചെറിയ വിഭാഗം ആളുകളിൽ വൈറസ് പടർന്നുകൊണ്ടിരുന്നാൽ ക്രമേണ മ്യൂട്ടേഷനുകൾ ഒന്നൊന്നായി വന്നുചേരും. അങ്ങനെ വിജയകരമായ മ്യൂട്ടേഷനുകൾ സംഘടിപ്പിച്ചുകഴിഞ്ഞാൽ വൈറസ് ആ പ്രദേശത്തുനിന്ന് പുറത്തേക്കു നീങ്ങും. പുതിയ സമൂഹങ്ങളിലേക്കോ പട്ടണങ്ങളിലേക്കോ ഇതര രാജ്യങ്ങളിലേക്കോ കുടിയേറാൻ പ്രാപ്തിയുണ്ടാകുകയും ചെയ്യും. നവംബർ 2020 ൽ ബ്രസീലിൽ ഉത്ഭവിച്ച ഗാമ വേരിയൻറ് കണ്ടെത്തിയ ശാസ്ത്രജ്ഞരിൽ ഒരാളായ ഗോൺസാലോ ബേയോ (Gonzalo Bello) ഈ ആശയത്തോട് യോജിക്കുന്നു.
രണ്ട്, ഒരു വ്യക്തിയിൽതന്നെ മ്യൂട്ടേഷനുകൾ നടന്നുകൂടെന്നില്ല. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിൽ വൈറസ് ദീർഘകാലം ശരീരത്തിൽ വസിക്കുകയും ക്രമേണ ഒന്നൊന്നായി മ്യൂട്ടേഷനുകൾ വന്നുചേരുകയും ചെയ്യും. എച്ച്.ഐ.വി/ എയ്‌ഡ്‌സ് ഇപ്രകാരം ഇമ്യൂണിറ്റി കുറയുന്ന രോഗാവസ്ഥയാണ്. ദക്ഷിണാഫ്രിക്കയിൽ എച്ച്.ഐ.വി ബാധിച്ച എഴുപതു ലക്ഷത്തോളം പേരുണ്ട്. ഇത്രയധികം എച്ച്.ഐ.വി ബാധിതർ മറ്റിടങ്ങളിൽ ഇല്ലെന്നുതന്നെ പറയാം. എന്നാൽ, എച്ച്.ഐ.വി ബാധിതരുള്ള ഏതു പ്രദേശത്തും ഇപ്രകാരം മ്യൂട്ടേഷനുകൾ ഉണ്ടായിവരാം. അങ്ങനെയെങ്കിൽ ഒമിക്രോൺ യൂറോപ്പിലോ അമേരിക്കയിലോ ആരംഭിച്ചിരിക്കാം; കണ്ടെത്തിയത് ആഫ്രിക്കയിലാണെന്നുമാത്രം. ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞ അന്ന-ലീസ് വില്യംസൺ ഇതിനനുകൂലമായ നിലപാടാണ് എടുക്കുന്നത്.
മൂന്ന്, അതിവേഗം മ്യൂട്ടേഷനുകൾ വന്നുചേരുന്നത് സാധാരണമല്ല. ചില ശാസ്ത്രജ്ഞർ കരുതുന്നത്, വൈറസ് മ്യൂട്ടേഷൻ ഏറിയപങ്കും നടന്നത് മറ്റു മൃഗങ്ങളിലായിരിക്കും എന്നാണ്. വവ്വാലിൽ നിന്ന് മനുഷ്യരിലെത്തി എന്നു പറയുംപോലെ മനുഷ്യരിൽ നിന്ന് മറ്റു മൃഗങ്ങളിലേക്കും വ്യാപനമുണ്ടാകാം. അമേരിക്കയിലും യൂറോപ്പിലും അനേകം മൃഗങ്ങളിൽ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്താനായി. മനുഷ്യരിൽ കണ്ടെത്തിയ പല വേരിയൻറുകളും മൃഗങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മൃഗങ്ങളിൽ മ്യൂട്ടേഷനുകൾ കൂടുതൽ വേഗത്തിൽ സംഭവിക്കാമെന്നതിനാൽ കുറെ മാറ്റങ്ങളോടുകൂടിയ വൈറസ് തിരികെ മനുഷ്യരിൽ പ്രവേശിച്ചാൽ വേരിയൻറുകൾ ഉണ്ടായെന്നിരിക്കാം.
ഒമിക്രോൺ പരിണമിച്ചത് മറ്റു മാർഗങ്ങളിലൂടെയുമാകാം. ഒമിക്രോണും പഴയ ആൽഫാ വേരിയൻറും തമ്മിൽ ബന്ധമുണ്ടെന്ന വാദം ഓർമിക്കാവുന്നതാണ്. എന്തായാലും വൈറസ് മ്യൂട്ടേഷനുകൾ പിന്തുടർന്നാൽ മാത്രമേ പുതിയ വകഭേദങ്ങൾ ഉണ്ടാകുമ്പോൾ തന്നെ കണ്ടെത്താനാകൂ. മനുഷ്യർ മൃഗങ്ങളുമായി പ്രകൃതി പങ്കിടുന്നതിനാൽ മനുഷ്യർ പ്രകൃതിയുമായി ചെയ്യുന്ന കൊടുക്കൽ വാങ്ങലുകൾ പുതിയ രോഗാതുരതയിലേക്ക് വഴിതെളിക്കും. ഏക ലോകവും ഒരൊറ്റ ആരോഗ്യ ദർശനവും എന്ന രീതിയിൽ പലേടത്തും ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളും ചിന്താപദ്ധതിയും ഇത് സൂചിപ്പിക്കുന്നു. മനുഷ്യരുടെ എപിഡെമിക്കുകൾ പഠിക്കാനും നിയന്ത്രിക്കാനും കൃഷി, മൃഗശാസ്ത്രം, കാലാവസ്ഥ, വനം തുടങ്ങി അനേക വിജ്ഞാനമേഖലകൾ ഒന്നിക്കണമെന്ന ആശയം നാം ഓർക്കുന്നത് നന്ന്.