Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightആരോഗ്യപ്പച്ചchevron_right...

മൂന്നാംതരംഗം-മുന്നൊരുക്കം ഇന്നേ തുടങ്ങാം

text_fields
bookmark_border
covid vaccine
cancel

മികച്ച രീതിയിൽ വാക്സിൻ നൽകാൻ സാധിച്ച രാജ്യങ്ങൾ കോവിഡ്​ നിയന്ത്രണത്തി​െൻറ പാതയിലാണ്. പലരാജ്യങ്ങളും 12 വയസ്സിനുമേൽപ്രായമുള്ള കുട്ടികൾക്കുകൂടി വാക്സിൻ ലഭ്യമാക്കി പ്രതിരോധവലയം ശക്തിപ്പെടുത്തി.അവിടെ സർക്കാറുകൾ ലോക്​ഡൗണിൽ അയവുവരുത്തുന്നതിനെകുറിച്ച്​ ആലോചിച്ചു തുടങ്ങി. എന്നാൽ, മറ്റുപ്രദേശങ്ങളിൽ ഇതല്ലസ്ഥിതി. പ്രത്യേകിച്ചും പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വ്യാപനം ശക്തമാണ്. ഇന്ത്യയിലാവ​ട്ടെ പല സംസ്​ഥാനങ്ങളിലും നിയന്ത്രണം നിലനിൽക്കുന്നു. കേരളത്തിൽ പ്രഖ്യാപിച്ച രണ്ടാം ലോക്​ഡൗൺ ഇളവുകളോടെ തുടരുകയാണ്​. ബംഗാൾ അടുത്ത മാസം പകുതി വരെ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചു.

പോസിറ്റിവിറ്റി നിരക്കിൽ കുറവ്​ കണ്ടുതുടങ്ങിയെങ്കിലും നാം സുരക്ഷിതരല്ലെന്നും മൂന്നാമതൊരു തരംഗം അടുത്തുതന്നെ ഉണ്ടാകാമെന്നും പൊതുധാരണയുണ്ട്. ആശങ്ക പരത്തിക്കൊണ്ട്​ ഡെൽറ്റ വേരിയൻറി​െൻറ സാന്നിധ്യം കേരളത്തിലുൾപ്പെടെ റിപ്പോർട്ട്​ ചെയ്​തു. രണ്ടാംതരംഗം ആദ്യഘട്ടത്തെക്കാൾ ശക്തമായിരുന്നു. കൂടുതൽ വ്യാപനശേഷിയുള്ള വേരിയൻറുകൾ ശക്തമായിരുന്നു. കൂടുതൽ പേരെ രോഗം ബാധിക്കുകയും കൂടുതൽ മരണങ്ങൾ സംഭവിക്കുകയും ചെയ്​ത കാലമാണിത്. അടുത്തഘട്ടത്തിലും സമാനസാഹചര്യങ്ങൾ ഉണ്ടാകാനാണ്സാധ്യത.

​​​ ബ്രിട്ടനിൽ കണ്ടെത്തിയ അൽഫ വൈറസിനേക്കാൾ പ്രഹരശേഷിയുമുണ്ട് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വേരിയൻറിന്​.​ ഡെൽറ്റ വൈറസ്​ മെച്ചപ്പെട്ട ഇമ്യൂൺ എസ്കേപ്​ കഴിവാർജിച്ചിട്ടുണ്ട്. പൂർണമായി വാക്സിൻ ലഭിച്ചവരിലും രോഗബാധയുണ്ടാകാനുള്ള സാധ്യതയും പ്രകടമാണ്. ബ്രേക്​ത്രൂ രോഗബാധ എന്നറിയപ്പെടുന്ന ഇത്തരം വ്യാപനം തികച്ചും വിരളമല്ലെന്നതും ആശങ്കജനകമാണ്.

ചിലി എന്ന ലാറ്റിനമേരിക്കൻ രാജ്യം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ രോഗവർധന റിപ്പോർട്ട്​ ചെയ്തു. അവിടെ കൂടുതലും സിനോഫാം വാക്സിനാണ്​ ഉപയോഗിച്ചിട്ടുള്ളത്. സെയ്ഷെൽ, മംഗോളിയ എന്നിവിടങ്ങളിലും സ്ഥിതിവ്യത്യസ്തമല്ല. സിനോഫാം വാക്സിൻ മോശമെന്നല്ല, മറ്റ് mRNA വാക്സിന്​ തുല്യമായ പ്രതിരോധശേഷിയില്ലെന്നുമാത്രം. പ്രത്യേകിച്ചും രണ്ടാംതരംഗത്തിൽ പ്രഹരശേഷി വർധിച്ച വേരിയൻറുകൾ വ്യാപിക്കാൻ തുടങ്ങിയപ്പോൾ. ചിലിയുടെ കാര്യത്തിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരുഘടകം, നിയന്ത്രണങ്ങൾ അഴിക്കുന്നതി​െൻറ ലോജിക്​ ആണ്. വാക്സിൻവിതരണം 50 ശതമാനം കഴിഞ്ഞപ്പോൾതന്നെ സാമൂഹിക ഇടപെടലുകളും ഒത്തുചേരലും അനുവദിക്കുകയും മാസ്ക് ഉപയോഗം ഉദാരമാക്കുകയുംചെയ്തു. ഇതു​ വേണ്ടത്ര അവധാനതയില്ലാത്ത തീരുമാനമായിപ്പോയെന്ന്​ പിന്നീടാണറിയുന്നത്.

മൂന്നാംതരംഗം പ്രതിരോധിക്കുന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ വാക്സിനേഷൻ പ്രധാനകാരണമാകുന്നു. പുതിയ വേരിയൻറുകൾ പ്രത്യക്ഷപ്പെട്ടാൽ വ്യാപനം ശക്തമാകും; അപ്പോൾ വാക്സിൻ ഫലപ്രാപ്തി ചർച്ചാവിഷയമാകും. നിലവിലുള്ള അറിവുകൾവെച്ച്​ ഇത്രയും ഉറപ്പിക്കാം. ഇന്ത്യയിൽ വാക്സിൻവിതരണം ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക്​ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിനാൽ, വലിയൊരു വിഭാഗം ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. അവർ തുടർന്നും കോവിഡ്​ രോഗപരിചരണത്തിൽ വ്യാപൃതരായതിനാൽ അവർക്കെത്ര രോഗ സാധ്യതയുണ്ടെന്ന കണക്ക്​ വാക്സിൻ ഫലപ്രാപ്തിയുടെ സൂചനയാണ്. രണ്ടു കോവിഷീൽഡ്​ വാക്സിൻ ഡോസുകൾ ലഭിച്ച പതിനായിരത്തിലധികം ആരോഗ്യപ്രവർത്തകരിൽ നടത്തിയപഠനത്തിൽ വാക്സിൻ നല്ലയളവിൽ സംരക്ഷണം നൽകുന്നതായിക്കണ്ടു. ഐ.സി.യു ചികിത്സയിൽനിന്ന് 94ശതമാനം സംരക്ഷണവും ആശുപത്രി പ്രവേശനത്തിൽനിന്ന് 77ശതമാനം സംരക്ഷണവും വാക്സിനിൽനിന്ന്​ ലഭിക്കും. സാമൂഹികതലത്തിൽ കുറെക്കൂടി മെച്ചപ്പെട്ട സുരക്ഷ ലഭിക്കുമെന്ന്​ കരുതാം.

അതിന്​ സുഗമമായ വിതരണം ഉറപ്പാക്കുന്ന രീതിയിൽ ലഭ്യതയുറപ്പാക്കലാണ്​ അവശ്യംവേണ്ടത്. മേയ്​ മാസത്തിൽ വിതരണംചെയ്തത് 790 ലക്ഷം ഡോസുകൾ മാത്രമാണ്. ഇതത്യാവശ്യമായി ഗണ്യമായി വർധിപ്പിക്കേണ്ടിയിരിക്കുന്നു. ജൂലൈ അന്ത്യം മുതൽ 20 കോടിയിലധികം ഡോസുകൾ പ്രതിമാസം വിതരണത്തിന്​ തയാറാകും. അതായത്,​ ദിവസവും ഒരു കോടിയോളം ഡോസുകൾ വിതരണം ചെയ്യാമെന്ന നിലയെത്തും. കോവിഷീൽഡും കോവാക്സിനും ഉൽപാദനം വർധിപ്പിക്കുക വഴിയാണിത്​ സാധ്യമാകുന്നത്. ഇതോടൊപ്പം സ്പുട്നിക്​ V വാക്സിൻ ഇന്ത്യയിൽ ഉൽപാദനമാരംഭിക്കും.

പുതിയ വേരിയൻറുകൾ കണ്ടെത്തുന്നതിനുള്ള ശ്രമം കൂടുതൽ ഊർജിതപ്പെടുത്തേണ്ടത്​ അതിനാൽത്തന്നെ അത്യാവശ്യമാണ്. വിയറ്റ്നാമിൽ ​ കണ്ടെത്തിയതായി റി​പ്പോർട്ട്​ ചെയ്യപ്പെടുന്ന വൈറസിനും ആൽഫ, ഡെൽറ്റ വേരിയൻറുകളുടെ സ്വഭാവവിശേഷങ്ങൾ പ്രകടമാണ്. മുൻ വൈറസുകളേക്കാൾ വേഗത്തിൽ വ്യാപിക്കാൻ ഇതിന്​ കഴിയുന്നു. വായുവിൽ നിൽക്കാനും അതിനാൽ, വ്യാപനശേഷി കാര്യക്ഷമമാക്കാനുമുള്ള ശക്തി വൈറസിന്​ കൈവന്നിട്ടുണ്ടെന്നും കരുതപ്പെടുന്നു. അതായത്, ഈ വേരിയൻറ്​ ഇന്ത്യയിലെത്തിയാൽ മൂന്നാംതരംഗം ശക്തമാകാനാണിട.

മൂന്നാംതരംഗം വളരെ മൃദുവാകാനുള്ള സാധ്യതയും ചിലരെങ്കിലും തള്ളിക്കളയുന്നില്ല. ഒന്നുംരണ്ടും തരംഗങ്ങളിൽ ധാരാളം പേർക്ക്​ രോഗബാധയുണ്ടായതിനാലും രോഗലക്ഷണങ്ങൾ ഇല്ലാതെ രോഗംവന്നുപോയവർ തുല്യമായെങ്കിലും ഉണ്ടായിരിക്കും എന്നതിനാലും വലിയവിഭാഗം പേർ ഇതിനകം ഭാഗികമായെങ്കിലും ഇമ്യൂണിറ്റി കരസ്ഥമാക്കിയിട്ടുണ്ട്. പിന്നെ, വാക്സിൻവിതരണം ശക്തിപ്പെടുമ്പോൾ മറ്റുള്ളവരും സുരക്ഷിതരാകാം. ഇത്​ അസംഭവ്യമല്ലെങ്കിലും മൂന്നാംതരംഗത്തിനെതിരെ പ്രതിരോധം ആസൂത്രണം ചെയ്യുന്നതിൽനിന്ന്​ പിന്നാക്കം പോകാനാവില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Third Wave
News Summary - Third wave-preparation can begin today
Next Story