ഇന്ത്യയിലിപ്പോൾ കോവിഡ് വാക്സിനേഷൻ അതിവേഗം നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 16ന് ആരംഭിച്ച പരിപാടി മാർച്ച് 19ന് 63ാം ദിനത്തിലേക്കു കടന്നു. ഇതിനകം 4.12 കോടി ഡോസുകൾ നൽകാനായി; ഇതിൽ രണ്ടു ഡോസും ലഭിച്ചവരും ഉണ്ട്. പൂർണമായും വാക്സിൻ സുരക്ഷ കൈവരിച്ചവർ എത്രയെന്ന റിപ്പോർട്ടുകൾ വരാനിരിക്കുന്നതേയുള്ളൂ. മാർച്ച് 19നു മാത്രം 18 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകപ്പെട്ടു. ഇത് വലിയ സംഖ്യയായി ഒറ്റനോട്ടത്തിൽ തോന്നാം.
പ്രതിദിനം 20 ലക്ഷം പേർക്ക് വാക്സിൻ നൽകാനായാൽ 70 ശതമാനം പേർക്കെങ്കിലും രണ്ടു ഡോസ് വാക്സിനെത്തിക്കാൻ രണ്ടു വർഷവും എട്ടു മാസവും വേണ്ടിവരും. ഇത് കോവിഡ് നിയന്ത്രണ ശ്രമങ്ങൾക്ക് തീർച്ചയായും അനുകൂലാവസ്ഥയല്ല. വാക്സിൻ വിതരണതന്ത്രം തുടർച്ചയായി അവലോകനം ചെയ്യണം എന്നാണിത് സൂചിപ്പിക്കുന്നത്. ഹേർഡ് ഇമ്യൂണിറ്റി ഉറപ്പാക്കാൻ ഉദ്ദേശം 95 കോടി ജനങ്ങളിൽ വാക്സിൻ എത്തണം. താമസിക്കുന്തോറും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. പുതിയ കോവിഡ് തരംഗമുണ്ടാകാം, ജനിതകമാറ്റങ്ങൾ ആവിർഭവിക്കാം, കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കാനാകാതെ വരാം, ചെറുപ്പക്കാരും കുട്ടികളും കോവിഡ് വ്യാപനത്തിെൻറ സാധ്യത വർധിപ്പിക്കാം. അങ്ങനെ പലതും നാം ചിന്തിക്കേണ്ടതായിവരുന്നു.
ഇപ്പോൾ വരുന്ന സൂചനകൾ നിരീക്ഷിച്ചാൽ അടിയന്തരമായി പ്രതിദിന വാക്സിനേഷൻ വർധിപ്പിക്കേണ്ടതിെൻറ ആവശ്യം വ്യക്തമാകും. ഈ വർഷം ഫെബ്രുവരി 15ന് പുതിയ കോവിഡ് രോഗികൾ വെറും 9121 ആയിരുന്നു. മുൻവാര ശരാശരി 11,201 രോഗികൾ മാത്രം. ഇന്ത്യ കോവിഡ് നിയന്ത്രണ ഘട്ടത്തിലേക്ക് പോവുകയാണെന്ന തോന്നൽ ചിലർക്കെങ്കിലും ഉണ്ടായ നാളുകൾ. ഏറ്റവും ദുർഘടം പിടിച്ച നാളുകൾ മാറിയെന്നും കോവിഡ്മുക്ത നാളുകൾ വിദൂരമല്ലെന്നും ചിന്തിച്ച നാളുകൾ.
എന്നാൽ, മാർച്ച് ഒന്നിന് 12,286 രോഗികൾ ഉണ്ടായി. വരുംനാളുകളിൽ പ്രതിദിന രോഗവ്യാപനം വർധിച്ചുവരുകയും മാർച്ച് 20 ആയപ്പോൾ 43,846 ആകുകയും ചെയ്തു. കഴിഞ്ഞ ഏഴുനാൾ ശരാശരി 34,297ൽ എത്തിനിൽക്കുന്നു; ജൂലൈ 2020 ഓർമിപ്പിക്കുംവിധം. അന്നും ഇന്നും തമ്മിൽ കാണേണ്ട പ്രധാന വ്യത്യാസം വാക്സിൻ നമ്മുടെ കൈയിലെത്തി എന്നതാണ്. രോഗവ്യാപനത്തെ പരാജയപ്പെടുത്തുന്ന വേഗത്തിൽ എല്ലാവരിലും വാക്സിൻ എത്തിക്കേണ്ടത് അതിനാൽ ആവശ്യവുമാണ്. അടുത്തുവരുന്ന തെരഞ്ഞെടുപ്പുകൾ മാത്രമല്ല, ഹോളിയും കുംഭമേളയും വലിയതോതിൽ രോഗവ്യാപനത്തിന് സാധ്യതയൊരുക്കാം.
രോഗവ്യാപനം മെല്ലെയാണ് വർധിക്കുന്നത് എന്നതും മരണനിരക്കിൽ ആനുപാതിക വർധന കാണാത്തതും ഇപ്പോൾ രോഗത്തെക്കുറിച്ചുള്ള അവലോകനങ്ങളിൽ വരുന്ന ഘടകങ്ങളാണ്. പുതിയ തരംഗത്തിെൻറ ഉയർച്ച മെല്ലെയാണ് എന്നത്, സമൂഹത്തിലെ ആൻറിബോഡി നിലയുമായി ബന്ധമുണ്ടാകാം. പട്ടണങ്ങളിൽ 50 ശതമാനം വരെയും ഗ്രാമങ്ങളിൽ 20 ശതമാനം വരെയും പേർക്ക് ആൻറിബോഡി ഉണ്ടായിക്കാണണം എന്ന് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നു.
എന്നാൽ, ചില പ്രദേശങ്ങളിൽ വർധിച്ച വ്യാപനം കാണുന്നത്, കൂടുതൽ ലഘുവായ ജനിതകമാറ്റത്തെ സൂചിപ്പിക്കാമെന്നും കരുതുന്നവരുണ്ട്. കൃത്യമായ ജിനോം പഠനങ്ങൾ മാത്രമേ ഇതിന് ഉത്തരം നൽകുകയുള്ളൂ. വാക്സിനേഷൻ കൂടുതൽ വ്യാപിക്കുന്ന മുറക്ക് ചെറുപ്പക്കാരിൽ കോവിഡ് പെരുമാറ്റരീതികൾ നടപ്പാക്കാൻ പ്രയാസവുമേറും. അതിനാൽ ജൂലൈക്കുമുമ്പ് 50 കോടി ജനങ്ങളിൽ വാക്സിൻ എത്തിക്കുകയാണ് പ്രായോഗികമായി ചെയ്യാവുന്നത്. ഇത് സാധ്യമാകാൻ പ്രതിദിന വാക്സിനേഷൻ നിരക്ക് ഇരുപതിൽനിന്ന് 50 ലക്ഷത്തിലേക്ക് വർധിപ്പിക്കുകയാണ് പോംവഴി.
പുതിയ കോവിഡ് തരംഗമുണ്ടാവുകയും വാക്സിൻ പ്രയോഗം അടിയന്തരമാകുകയും ചെയ്ത ഘട്ടത്തിൽ അനേകം യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ പൊടുന്നനെ നിർത്തലാക്കി. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തസ്രാവമോ കട്ടിപിടിക്കലോ ഉണ്ടായെന്ന പരാതിയിലാണ് നടപടി. ഇത് ലോകമെമ്പാടും ആശങ്കയുളവാക്കിയെന്നു പറഞ്ഞാൽ മതി; കാരണം, ആസ്ട്രസെനക വാക്സിൻ ഇന്ത്യയിൽ അറിയപ്പെടുന്നത് കോവിഷീൽഡ് എന്നാണ്. ശാസ്ത്രരംഗത്ത് പുരോഗതി കൈവരിച്ചതും സാമ്പത്തികമായി മുൻനിരയിലുള്ളതുമായ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിനെ സംശയത്തിൽ നിർത്തുമ്പോൾ തീർച്ചയായും അതിെൻറ അനുരണനങ്ങൾ മറ്റു രാജ്യങ്ങളിലും ഉണ്ടാകുമല്ലോ. വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന ആവർത്തിച്ചു പറഞ്ഞിട്ടും സർക്കാറുകൾ കുലുങ്ങിയില്ല.
വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്നു യൂറോപ്പിലെ ഔഷധ നിയന്ത്രണ വിഭാഗം സാക്ഷ്യപ്പെടുത്തിയപ്പോൾ മാത്രമേ യൂറോപ്പിൽ നിയന്ത്രണം പിൻവലിച്ചുള്ളൂ. എന്നിട്ടും, നോർവേയും സ്വീഡനും വാക്സിൻ അംഗീകരിക്കാൻ ഇനിയും കൂട്ടാക്കിയില്ല; ഒരു വാരംകൂടി നിരീക്ഷിക്കണം എന്നാണ് അവരുടെ നിലപാട്. വാക്സിൻ നിരോധനം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുകയും സോഷ്യൽ മീഡിയ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത വാർത്ത പലരുടെയും മനസ്സിൽ തങ്ങിനിൽക്കും. എന്നാൽ, വിലക്ക് നീക്കിയതും വാക്സിൻ പുനരാരംഭിച്ചതും തത്തുല്യമായ പുതിയ ഇമേജുകൾ സൃഷ്ടിക്കുന്നുമില്ല. ഇവിടെ യൂറോപ്യൻ രാജ്യങ്ങൾ ശാസ്ത്രവിരുദ്ധമായി ഒന്നും ചെയ്തതായി പറയാനാവില്ല; എന്നാൽ, മൂന്നാം ലോകത്തെ സാമൂഹിക മനസ്സിൽ സംശയങ്ങൾ സക്രിയമായി ബാക്കിനിർത്തുന്നു. ഇത് പുതുതായി ഉയർന്നുവരുന്ന ശാസ്ത്രനിരാസമാണ്.
ഡോ. ശാഹിദ് ജമീൽ ഇതിെൻറ ശാസ്ത്രവശം ലളിതമായി ഇങ്ങനെ വിശദീകരിക്കുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം ഒരു ലക്ഷം പേരിൽ പ്രതിവർഷം നൂറിനും ഇരുനൂറിനും ഇടയിൽ രക്തസ്രാവമോ കട്ടപിടിക്കലോ ഉണ്ടാകുന്നു. വാക്സിൻ സ്വീകരിച്ചു 10 നാളുകൾക്കുള്ളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് പാർശ്വഫങ്ങളായി കണക്കാക്കപ്പെടുന്നത്. അങ്ങനെ നോക്കിയാൽ 10 ലക്ഷം പേരിൽ 27 മുതൽ 55 പേർ വരെ രോഗബാധിതരാകാം. എന്നാൽ, യൂറോപ്പിൽ 50 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചപ്പോഴാണ് 30 പേർക്ക് രോഗം കണ്ടത്. 10 ലക്ഷം പേരിൽ വെറും ആറുപേർക്ക് എന്ന കണക്കിൽ മാത്രമാണ് രോഗം കണ്ടെത്; അതിനാൽ തന്നെ അത് വാക്സിനുമായി ബന്ധമുണ്ടാകില്ല.
കോവിഡ് കാലം ഇന്ത്യയെ കടുത്ത സാമ്പത്തിക മുരടിപ്പിലാക്കി. കഴിഞ്ഞ വർഷാരംഭത്തിൽ ലോകബാങ്ക് നടത്തിയ സാമ്പത്തിക പ്രവചനങ്ങളും ഈ വർഷത്തെ അവലോകനവും ചേർത്ത് 'പ്യൂ' ഗവേഷണ കേന്ദ്രം പുറത്തുവിട്ട പഠനങ്ങളിൽ ഇത് പ്രതിപാദിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ ജി.ഡി.പി 5.8 ശതമാനം വികസിക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്നെങ്കിലും -9.6 ശതമാനമായി കുറയുകയുണ്ടായി. ഇതിെൻറ പരിണതഫലം മധ്യവർഗത്തിൽ പ്രകടമായി. കോവിഡ് ഇല്ലെങ്കിൽ ഉണ്ടാകുമായിരുന്ന മധ്യവർഗത്തിൽനിന്ന് മൂന്നേകാൽ കോടിയുടെ കുറവുണ്ടായി. 10 മുതൽ 20 ഡോളർ വരെ പ്രതിദിന വരുമാനമുള്ളവരെയാണ് മധ്യവർഗമായി കണക്കാക്കുന്നത്.
പ്രതിദിനം രണ്ടു ഡോളറിൽ താഴെ മാത്രം വരുമാനമുള്ളവരുടെ സംഖ്യയിൽ ഏഴര കോടിയുടെ വർധനയുണ്ടായി. സർക്കാറിെൻറ വിവിധ തൊഴിൽദാന പദ്ധതികളിൽ അഭൂതപൂർവമായ പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. പദ്ധതിയുടെ 14 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പങ്കാളിത്തം ഇപ്പോഴാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ദാരിദ്യ്ര സൂചിക 2020ൽ 9.7 ശതമാനത്തിലേക്ക് ഉയർന്നിരിക്കണം എന്നാണ് നിഗമനം. ഇതാകട്ടെ, മുൻവർഷത്തിൽ പ്രവചിക്കപ്പെട്ട 4.3 ശതമാനത്തിൽനിന്നു വളരെ കൂടുതലാണ്. ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ സംഖ്യ 2011 -2019 കാലയളവിൽ ഗണ്യമായി കുറഞ്ഞു: 34 കോടിയിൽനിന്ന് 7.8 കോടിയിലേക്കാണ് കുറവ് രേഖപ്പെടുത്തിയത്. വളരെക്കാലത്തെ പുരോഗതിയുടെ ഫലമാണ് കോവിഡ് ഇല്ലാതാക്കിയത്.
എന്നാൽ, വൻകിട ബിസിനസുകളിൽ ഡിജിറ്റൽ ടെക്നോളജിയിലേക്ക് മാറിയവരും ജ്ഞാനസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവരും പ്രായേണ മെച്ചപ്പെട്ട പ്രവർത്തനം ഇതേകാലത്ത് കാഴ്ചവെച്ചു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാമ്പത്തികരംഗം പൊതുവെ മ്ലാനമാണെങ്കിലും ഭാവിയിലെ ആസൂത്രണ വഴികളിലേക്കുള്ള സൂചനയും ഇതിലുണ്ട്.