എല്ലാവർക്കും വാക്സിൻ ലഭിച്ചാൽ കോവിഡ് -19നെ പരാജയപ്പെടുത്താമെന്ന് ഉറപ്പായി. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവമായി ഫൈസർ, മൊഡേണ എന്നിവർ വികസിപ്പിച്ച വാക്സിൻ അടയാളപ്പെടുത്തപ്പെടും. അവരുടെ സാേങ്കതികവിദ്യ വാക്സിൻ നിർമാണത്തിലും പകർച്ചവ്യാധി നിയന്ത്രണത്തിലും ഒതുങ്ങിനിൽക്കുന്നില്ല. ഭാവിയിൽ പല ജനിതക രോഗങ്ങൾ, അർബുദം എന്നിവയുടെ ചികിത്സയിൽ നൂതനമായ mRNA സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്താനാകും. ഇതിെൻറ സാധ്യത കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
പലതുകൊണ്ടും ഇത് ശാസ്ത്രചരിത്രത്തിലെ മറ്റൊരു യൂറീക്ക നിമിഷമായി കാണുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യ ദശകങ്ങളിൽ ഫോർഡ് കമ്പനി യാത്രയിലും ജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ ഇതിനു സമാനമായി കാണുന്നവരുണ്ട്. ആദ്യത്തെ കാർ 1903ൽ മാത്രമാണ് ഫോർഡിനു നിരത്തിലിറക്കാനായത്. ഒന്നൊന്നായി വാഹനങ്ങൾ ഉൽപാദിപ്പിച്ചു പോന്ന കമ്പനിക്ക് ഒരു കാര്യം വ്യക്തമായി; കാറുകളുടെ ഡിമാൻഡ് ഉടൻതന്നെ നൂറുകോടി അഥവാ ഒരു ബില്യൺ കവിയും എന്ന്. ആഡംബരത്തിൻെറയും സുഖജീവിതത്തിൻെറയും ഫോർമുല മാറ്റിയെഴുതുകയായിരുന്നു, ഫോർഡ്. ഡിസംബർ 1915ൽ 10 ലക്ഷം കാറുകൾ ഉപഭോക്താക്കളുടെ കൈകളിലെത്തി. ഉൽപാദനം 1924 ൽ ഒരുകോടി കവിഞ്ഞു; അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ 50 ലക്ഷം പേരുകൂടി കാർ ഉടമസ്ഥരായി. ഇതോടെ തൊഴിലാളികളുടെ സേവന-വേതനവ്യവസ്ഥ മാറി. പട്ടണങ്ങൾ പെരുകി. റോഡുകൾ ആവശ്യമായിവന്നു, വിശ്രമവേളകൾ ചെലവാക്കുന്ന രീതി, ടൂറിസം എന്നിവ സംസ്കാരത്തിെൻറ ഭാഗമായി. ഒന്നാം ലോക യുദ്ധം, സ്പാനിഷ് ഫ്ലൂ എന്നീ കെടുതികൾക്കിടയിലും മനുഷ്യർക്ക് ആഡംബര ജീവിതം സ്വപ്നം കാണാനാകുമെന്ന് ഫോർഡ് തെളിയിച്ചു.
ലോകമെമ്പാടും കോവിഡ് വാക്സിൻ വിതരണം മുന്നേറുകയാണ്. ഉദ്ദേശം 21 കോടി പേർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഫൈസർ, മൊഡേണ എന്നീ വാക്സിനുകൾ ലഭ്യമല്ലെങ്കിലും ഒരു കോടിയിലധികം പേർക്ക് വാക്സിൻ കിട്ടി, ഇതിനകം. വലിയ താമസമില്ലാതെ കോവിഡ് വ്യാപനം ദുർബലമാകുമെന്നും സമൂഹം മുമ്പെന്നപോലെ ചലനാത്മകമാകുമെന്നും ഇപ്പോൾ കരുതാനാകുന്നു. കോവിഡ് വാക്സിനുകളാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ചാലകശക്തിയെന്ന് പറയുമ്പോഴും ഫൈസർ, മൊഡേണ എന്നിവർ വികസിപ്പിച്ച mRNA വാക്സിൻ 20ാം നൂറ്റാണ്ടിലെ ഫോർഡ് പോലെ വിപ്ലവം സൃഷ്ടിക്കും എന്ന് പറയുന്നതിന് എന്ത് സാംഗത്യമാണുള്ളത്?
മറ്റു വാക്സിനുകൾ നൽകുന്നതിനേക്കാൾ ഉയർന്ന ഫലപ്രാപ്തി mRNA വാക്സിനുകൾക്ക് നൽകാനാകുന്നു. ആവർത്തിച്ചുവരുന്ന റിപ്പോർട്ടുകൾ ഇവ 95 ശതമാനം ഫലവത്താണെന്നു കാണിക്കുന്നു. അതായത്, നമ്മുടെ വാക്സിൻ ചരിത്രം മാറ്റിയെഴുതപ്പെടും എന്നുറപ്പ്. ഏതാനും നാളുകൾക്ക് മുമ്പ് ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേണലിൽ വന്ന ചർച്ചയിൽ രണ്ടാം വാക്സിൻ കുറെ നാളത്തേക്ക് മാറ്റിവെക്കുകയും കൂടുതൽ പേരിൽ ഒന്നാം ഗഡു എത്തിക്കുകയും ചെയ്യുന്നത് ഗൗരവപൂർവം ചിന്തിക്കണം എന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവരിൽ എത്രയുംപെട്ടെന്ന് വാക്സിൻ എത്തിക്കാൻ ശ്രമിക്കണം എന്ന ചിന്തയാണ് ഇതിനു പിന്നിൽ. പുതിയ വാക്സിനുകൾ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഓപറേറ്റിങ് സിസ്റ്റം എന്നിവയെ കൂടുതൽ ഓർമിപ്പിക്കും. മറ്റൊരു രോഗത്തിന് വാക്സിൻ നിർമിക്കുന്നത് അനായാസമായി സാധിക്കുന്ന പ്രവർത്തനമായി മാറുന്നു. മറ്റൊരു രോഗത്തെ ചെറുക്കാനുള്ള mRNA എന്നാൽ അതിനനുയോജ്യമായ ന്യൂക്ലിയോറ്റിഡ് ശൃംഖല സൃഷ്ടിക്കുക മാത്രമേ വേണ്ടൂ. ഇതാകട്ടെ പുതിയൊരു ഓപറേറ്റിങ് സിസ്റ്റം എന്നപോലെ മാറ്റിയെഴുതൽ പ്രവർത്തനമായി കാണാം.
ഉയർന്ന ഫലപ്രാപ്തിയും പ്രായേണ സുരക്ഷിതവും ആയതിനാൽ മറ്റു വൈറസ്രോഗങ്ങൾക്കും വാക്സിനുകൾ സൃഷ്ടിക്കാനാകും. പഴയ ടെക്നോളജിയിൽ വാക്സിൻമോഡലുകൾ ഉണ്ടാക്കാനും പ്രയാസമാണ്; ഏതാണ്ട് 40 ശതമാനം വാക്സിനുകൾക്കു മാത്രമാണ് വിജയസാധ്യതയുണ്ടാകുന്നതും. വാക്സിൻ വികസനം വലിയ സാമ്പത്തികഭാരമേൽപിക്കുന്ന പ്രവർത്തനമാണ്. അപ്രതീക്ഷിതമായി വ്യാപിക്കുന്ന പകർച്ചവ്യാധികൾ കടുത്ത സാമൂഹികാഘാതമാണ് നമ്മിൽ ഏൽപിക്കുന്നത്. വാക്സിൻ സാമ്പത്തികശാസ്ത്രം തിരുത്തിക്കുറിക്കാൻ പോന്ന പുതിയ വാക്സിൻ ടെക്നോളജി അതി ശ്രദ്ധയോടെയാണ് ശാസ്ത്രലോകം നോക്കുന്നത്. സിക, എച്ച്.ഐ.വി മുതലായ വൈറസുകൾക്കെതിരെ വാക്സിനുകൾ വികസിപ്പിക്കാമെന്നുള്ള സാധ്യത ആശക്കിടം തരുന്നു.
ഫോർഡ് വികസിപ്പിച്ച കാറുകൾ നമ്മുടെ ചിന്തയെയും സംസ്കാരത്തെയും ഉഴുതുമറിച്ചത് കൃത്യം നൂറു വർഷം മുമ്പാണ്. ഇക്കുറി വൈദ്യശാസ്ത്രത്തിലൂടെ പുതിയ സാമൂഹികവിപ്ലവം ആരംഭിക്കുകയാണ്. നാം ആഗ്രഹിക്കുന്ന രീതിയിൽ mRNA യെ പ്രവർത്തിപ്പിക്കാമെങ്കിൽ എന്താണസാധ്യം എന്നാവും ചോദ്യം. നമ്മുടെ കോശങ്ങളെക്കൊണ്ട് പുതിയ ആൻറിജനുകൾ ഉൽപാദിപ്പിക്കാനും ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ മറ്റേതു ഘടകത്തെയും നീക്കം ചെയ്യാനും തയാറാക്കുന്ന mRNA സൃഷ്ടിക്കാൻ ഇനി പ്രയാസമില്ല. നൂതന കോഡുകളാൽ തയാർ ചെയ്യപ്പെട്ട mRNA ശരീരത്തിൽ എത്തുകയും അർബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം സാധ്യമാക്കാൻ കഴിയും.
ജീനുകളെ എഡിറ്റ് ചെയ്യാൻ പറ്റുംവിധം RNAകളെ മാറ്റിയെടുക്കാനാകും. ക്രിസ്പർ ടെക്നിക് ഉപയോഗിച്ച് ചില പ്രത്യേക ജീനുകളെ നിർജീവമാക്കാനോ മാറ്റിയെടുക്കാനോ സാധിക്കും. ഇത് അരിവാൾ രോഗംപോലെ പല ജനിതകരോഗത്തിലും പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾതന്നെ അരിവാൾരോഗത്തിൽ പരീക്ഷണങ്ങൾ നടന്നുവരുന്നു. മരുന്നുകൾ ഉപയോഗിച്ച ഏതു ചികിത്സയേക്കാളും പതിന്മടങ്ങ് ഫലപ്രാപ്തി നൂതന ടെക്നോളജിക്കുണ്ടാകും; പാർശ്വഫലങ്ങൾ പരിമിതവും. അങ്ങനെ ആരോഗ്യരംഗം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കരുതാം.
പ്ലേഗുകളും മഹാമാരികളും മനുഷ്യ ചരിത്രത്തിൽ എപ്പോഴും നമ്മോടൊപ്പമുണ്ടായിരുന്നു. ബി.സി 1200 മുതൽ 20ാം നൂറ്റാണ്ടുവരെ അനേകം പകർച്ചവ്യാധികൾ ഉണ്ടായ രേഖകൾ കാണാം. പുതിയ വൈറസുകൾ ഉണ്ടാവുകയും അവ ജനിതക മാറ്റം വഴി കൂടുതൽ പേരെ നിഗ്രഹിക്കുകയും ചെയ്യുന്ന പഴയ കഥകൾക്ക് മാറ്റമുണ്ടാകും എന്ന സൂചനയാണ് പുതിയ വാക്സിൻ ടെക്നോളജി തരുന്നത്. വൈറസും മനുഷ്യരും തമ്മിൽ പരിണാമ ദശകളിൽ എന്നും സംഘർഷമായിരുന്നു. പലപ്പോഴും ഈ യുദ്ധത്തിൽ വൈറസിനായിരുന്നു വളരെക്കാലം ജയം. നൂറ്റാണ്ടുകളോ ദശകങ്ങളോ എടുത്താണ് മനുഷ്യർ രോഗങ്ങളെ പരാജയപ്പെടുത്തിയിരുന്നത്. ഈ സ്ഥിതി മാറി, വൈറസുകൾക്കെതിരെ അതിവേഗം വാക്സിനുകൾ വികസിപ്പിക്കാനും ജനിതകമാറ്റങ്ങളെ ആഴ്ചകൾക്കുള്ളിൽ നേരിടാനും സാധിക്കുന്ന ആരോഗ്യസംവിധാനമാണ് നമ്മുടെ ഭാവിയെ അടയാളപ്പെടുത്തുന്നത്. ഇതേക്കുറിച്ച് മൊഡേണയുടെ അധ്യക്ഷൻ അഫെയ്ൻ (Afeyan) പറയുന്നതിങ്ങനെ: ''വൈറസുകളുടെ നാശകാലമാണിത്. മനുഷ്യരും വൈറസുകളും തമ്മിൽ നടക്കുന്ന പരിണാമ മത്സരത്തിൽ ഇതുവരെ നിലനിന്ന സമതുലിതാവസ്ഥ അമ്പേ മാറുകയാണ്. നമ്മുടെ ടെക്നോളജിക്ക് ചെയ്യാനാകുന്നത് വൈറസിനാകുന്നില്ലെന്ന സ്ഥിതിയാണിപ്പോൾ. ഒരുവേള, ഇനിയൊരു പാൻഡെമിക് ഉണ്ടായില്ലെന്നിരിക്കും!''
രണ്ടു വർഷം മുമ്പ് 'ആരോഗ്യപ്പച്ച' ചർച്ചചെയ്ത ഒരു വിഷയമാണ് ഡിസൈനർ ബേബി. കുട്ടികളെ നമ്മുടെ ഇഷ്ടമനുസരിച്ച് ജനിപ്പിക്കാനാകുമോ എന്ന ചോദ്യമാണ് ചൈനയിൽനിന്നുള്ള ഗവേഷകർ അന്വേഷിച്ചത്. പ്രധാന ഗവേഷകനായ ഹ് ജാൻക്വയ് (He Jiankui), തെൻറ സഹ ഗവേഷകരുമായി മനുഷ്യ ഭ്രൂണത്തിലെ ജീൻ എഡിറ്റ് ചെയ്യുക എന്ന ടെക്നിക് സമഗ്രവും പൂർണവും ആക്കി. എച്ച്.ഐ.വി ബാധിതനായ പിതാവിന് രോഗമില്ലാത്ത മാതാവിൽ ഉണ്ടായ ഗർഭത്തിലാണ് ജീൻ എഡിറ്റിങ് നിർവഹിച്ചത്. ഇതുമൂലം ശിശു രോഗം ബാധിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. രോഗത്തെ ചെറുക്കാനുള്ള കഴിവ് ഭാവി തലമുറയിലേക്കും കൈമാറപ്പെടും എന്നും രോഗങ്ങൾ തലമുറകളിലൂടെ പകരുന്നത് തടയാനാകുമെന്നും ഗവേഷകർ അനുമാനിച്ചു. ഭ്രൂണത്തെ ഡിസൈൻ ചെയ്യാമെന്ന തലത്തിലേക്ക് ശാസ്ത്രം വികസിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ലോകമെമ്പാടും ഉയർന്നു. കഴിഞ്ഞ വർഷം ചൈനീസ് കോടതി ഗവേഷകരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. ഹ് ജാൻക്വയ് മൂന്നു വർഷം തടവിൽ കഴിയണം; ഭാരിച്ച പിഴയും അദ്ദേഹത്തിന് മേൽ ചുമത്തുകയും ചെയ്തു. mRNA ടെക്നോളജി അംഗീകരിക്കപ്പെട്ട ഇക്കാലത്ത് ജീൻ എഡിറ്റിങ് കൂടുതൽ അനുഭാവപൂർവം കാണേണ്ടതുണ്ടെന്ന ധാരണ ശാസ്ത്രലോകത്ത് ശക്തിപ്പെടുന്നു. mRNA, ക്രിസ്പർ, ജീൻ എഡിറ്റിങ് എന്നിവ പരസ്പര പൂരകങ്ങളായ ശാസ്ത്ര വിപ്ലവങ്ങളാണെന്നും അവ മനുഷ്യരുടെ താൽക്കാലിക നൈതികതാബോധത്തിനോ, ഭാവി പ്രവചിക്കാനാകാത്ത കോടതികൾക്കോ ഏറെക്കാലം തടഞ്ഞുവെക്കാനാവില്ലെന്നും ഉള്ള മറ്റൊരു തിരിച്ചറിവും നമുക്ക് നൽകുന്നു.
ഫൈസർ, മൊഡേണ വാക്സിനുകളെ ലോകമെമ്പാടും ശ്ലാഘിക്കുമ്പോഴും ഹ് ജാൻക്വയ് ഇപ്പോഴും കാരാഗൃഹത്തിലാണെന്നത് ഒരു വിരോധാഭാസമാണ്.