Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightആരോഗ്യപ്പച്ചchevron_rightകോവിഡാനന്തരം: പഴയ...

കോവിഡാനന്തരം: പഴയ രോഗങ്ങളും പുതിയ വാക്‌സിനുകളും

text_fields
bookmark_border
കോവിഡാനന്തരം: പഴയ രോഗങ്ങളും പുതിയ വാക്‌സിനുകളും
cancel

വാക്സിനേഷനെ എതിർക്കുന്ന നിലപാട് എല്ലാകാലത്തും നമുക്കുണ്ടായിരുന്നു. എങ്കിലും ഇത്ര ശക്തമായ പ്രചാരണമുണ്ടായത് ഈ കോവിഡ് കാലത്താണെന്നു കാണാം. കോവിഡ് നിയന്ത്രിക്കാനും ഗുരുതര രോഗത്തിൽനിന്ന് സംരക്ഷിക്കാനും വാക്‌സിൻപോലെ ഫലപ്രദമായ മറ്റൊന്നില്ലെന്ന് ആവർത്തിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ശക്തമായി മുന്നേറിയിരുന്ന ഡെൽറ്റ വേരിയൻറിനെ നിയന്ത്രിക്കാനായത് അക്കാലത്ത് അതിവേഗം പുരോഗമിച്ച വാക്‌സിനേഷന് പ്രധാന പങ്കുണ്ടായിരുന്നു. പിന്നീട് വന്ന ഒമിക്രോൺ രോഗത്തിന് തീക്ഷ്ണത കുറവാണെന്നും അതിനാൽ ഭയപ്പെടാനില്ലെന്നുമുള്ള നമ്മുടെ ധാരണക്ക് നിദാനമായതും വാക്സിൻ വ്യാപനത്താലാണ്.

ഒമിക്രോൺ വ്യാപനം ആരംഭിച്ച നാളുകളിൽത്തന്നെ രോഗലക്ഷണങ്ങൾ ലഘുവാണെന്നും ന്യൂമോണിയപോലുള്ള മാരകമായ സങ്കീർണതകൾ വിരളമാണെന്നുമായിരുന്നു ആദ്യകാല പഠനങ്ങൾ. ഡെൽറ്റ വേരിയൻറിനെ അപേക്ഷിച്ച് 75ശതമാനം വരെ രോഗസങ്കീർണത കുറവായിട്ടാണ് പഠനങ്ങളിൽ കാണപ്പെട്ടത്. എന്നാൽ, ഒമിക്രോൺ ആരംഭിക്കുമ്പോൾ നല്ലരീതിയിൽ വാക്‌സിൻ വ്യാപനം നടന്നിരുന്നുവെന്നും, രോഗബാധയെത്തുടർന്ന് ഭാഗികമായെങ്കിലും ഇമ്യൂണിറ്റിയുള്ളവരുണ്ടെന്നും കൂടി പരിഗണിക്കുമ്പോൾ ഒമിക്രോൺ രോഗബാധയുടെ കഥയിൽ അനവധി ഘടകങ്ങൾ ഒളിഞ്ഞിരിക്കുന്നതായി മനസ്സിലാക്കാം. ഇതൊരു പൊതുധാരണ മാത്രമാണെന്നും യാഥാർഥ്യം ഭിന്നമാണെന്നും കാണിക്കുന്ന പുതിയ പഠനങ്ങൾ വന്നുതുടങ്ങി. സക്കറി സ്ട്രാസ്സർ, അബുസാർ ഹദവൻഡ്, ഹൊസൈൻ ഈസ്റ്റിറി എന്നീ ഗവേഷകർ നേച്ചർ പോർട്ട്ഫോളിയോ(Nature Portfolio)വിൽ പ്രീ-പ്രിൻറ് ആയി പ്രസിദ്ധീകരിച്ച പ്രബന്ധം അതിശ്രദ്ധ ആകർഷിക്കുന്നു. ഇത് പുറത്തുവന്നത് 2022 മേയ് 2ാം തീയതിമാത്രമാണ്. വാക്‌സിനേഷൻ, ജനസംഖ്യാപരമായ വ്യത്യസ്തതകൾ, അനുബന്ധ രോഗങ്ങൾ എന്നിവയുടെ സ്വാധീനം നീക്കിയാൽ ഒമിക്രോൺ മുൻകാല വൈറസുകളെപ്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്; മരണനിരക്കിൽ വ്യത്യാസം കാണാനില്ല. ഉദ്ദേശം 13,0000 രോഗികളെ പഠനവിധേയമാക്കി എന്നതിനാൽ ഇതിലെ കണ്ടെത്തലുകളിൽ വലിയ താല്പര്യമാണ് വിദഗ്ധർക്കുള്ളത്. നിലവിലുള്ള വാക്സിൻ കവറേജ് , സാമൂഹികപ്രതിരോധം, പുതിയ വേരിയൻറുകളുടെ ആവിർഭാവം എന്നിവ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളായതിനാൽ വാക്സിൻ കാര്യക്ഷമതാപഠനങ്ങൾക്ക് ഗണിതമാതൃകകൾ (mathematical modelling) ആവശ്യമായി വരും.

വാക്‌സിനുകൾ ഏറെയും കുട്ടികൾക്കാണ് നൽകപ്പെടുന്നത്. കോവിഡ് ഈ പൊതുതത്വത്തെ മാറ്റിമറിക്കുമെന്ന് തോന്നുന്നു. അൽപം മുതിർന്ന കുട്ടികളിലും കൗമാരക്കാരിലും നൽകാവുന്ന മറ്റൊരു വാക്‌സിൻ ഫലപ്രദമായി അനേകരാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്നു. ഗർഭാശയഗള അർബുദം (Cancer Cervix) വരാതെ തടയുന്ന വാക്സിനാണിത്. ഇന്ത്യയിൽ പുതുതായി ഉണ്ടാകുന്നതിൽ 18 ശതമാനം അർബുദം ഗർഭാശയഗളത്തിലാണ് കാണപ്പെടുന്നത്. കണക്കുകൾ അനുസരിച്ചു 2020ൽ 123900 സ്ത്രീകൾ അർബുദ ബാധിതരായി. എന്നാൽ, ഈ അർബുദം വാക്‌സിൻമൂലം തടയാനാകും. എല്ലാ വികസിതരാജ്യങ്ങളിലും വാക്‌സിൻ നൽകിവരുന്നു. പ്രധാനമായും മനുഷ്യരിലെ പാപ്പിലോമ വൈറസ് (Human Papilloma Virus, HPV) ബാധയെത്തുടർന്നാണ് അർബുദം ഉണ്ടാകുക. അണുബാധക്കുമുമ്പ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് അർബുദം തടയാനാകുന്നു. വൈറസ് ബാധയുണ്ടാകുന്നതെപ്പോഴെന്ന് അറിയാനാവില്ല; അതിനാൽ ഒമ്പതു മുതൽ പതിമൂന്നുവരെ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും രണ്ടു ഡോസ് വാക്‌സിൻ നൽകാനാണ് ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നത്.

ലഭ്യമായ തെളിവുകൾ അനുസരിച്ചു വാക്‌സിൻ സ്വീകരിച്ച ഇടങ്ങളിലെല്ലാം തന്നെ അർബുദം അപ്രത്യക്ഷമാകും എന്ന തോന്നലാണ് കിട്ടുന്നത്. ഇംഗ്ലണ്ട് വാക്സിൻ സ്വീകരിച്ച രാജ്യങ്ങളിൽ പ്രധാനമാണ്. അവിടെ ഗർഭാശയഗള അർബുദം ഏതാണ്ടില്ലതായിരിക്കുന്നു. യൂറോപ്പിൽ 2019-20 വർഷത്തിൽ വാക്‌സിൻ വ്യാപനം ഗണ്യമായി വർധിക്കുകയും ആനുപാതികമായി രോഗസാന്ദ്രത കുറയുകയുമുണ്ടായി. ഇരുപതു രാജ്യങ്ങളിൽ 50 ശതമാനവും എട്ടു രാജ്യങ്ങളിൽ ശതമാനവും വിതരണം നടന്നു.

അർബുദം തടയാനും മുൻകൂട്ടി കണ്ടെത്താനുമുള്ള സ്ക്രീനിങ് പ്രോഗ്രാമിനോടൊപ്പം ഇന്ത്യയിൽ പെൺകുട്ടികൾക്ക് വാക്‌സിൻകൂടി നൽകണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഗർഭാശയഗള അർബുദം സ്ക്രീനിങ് പൊതുവെ നമ്മുടെ സമൂഹം അംഗീകരിക്കുന്നില്ല; അഥവാ അംഗീകരിച്ചാൽ തന്നെ, അത് നടപ്പാക്കാൻ വേണ്ടിവരുന്ന ടെക്നോളജി, മാനവശേഷി എന്നിവ ഒരുക്കാൻ വിഷമമാകും. സ്ക്രീനിങ് മൂലം ഏറിയാൽ മൂന്നിലൊന്ന് കാൻസറുകളെ കണ്ടെത്താനാവും; അതിനപ്പുറം സാധ്യത ഉറപ്പിക്കാനാവില്ല. ഇപ്പോൾ സ്‌ക്രീനിങ്ങിന് എത്തുന്നത് വളരെക്കുറച്ചു സ്ത്രീകൾ മാത്രമാണ്: വ്യത്യസ്ത ഏജൻസികളുടെ കണക്കുകൾ പ്രകാരം രണ്ടു മുതൽ പത്തു ശതമാനം സ്ത്രീകൾ മാത്രമേ പരിശോധിക്കപ്പെടുന്നുള്ളു. അതും കൃത്യമായ ഇടവേളയൊന്നും പാലിക്കാതെ. അതിനാൽ പെൺകുട്ടികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകിയാൽ പ്രതിവർഷം ഒരു ലക്ഷത്തിലധികം കാൻസറുകൾ തടയാനാകും.

ഇന്ത്യയിൽ എച്ച്.പി.വി വാക്‌സിൻ സ്വീകരിച്ച പെൺകുട്ടികളിൽ ഫലവത്തായ പ്രതിരോധ സാന്നിധ്യമുണ്ടോ എന്ന പഠനം ലാൻസെറ്റിൽ (നവംബർ 2021) പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രധാന ഗവേഷകർ ബസു, മാൾവി, ജോഷി, മുതൽ പേരാണ്. ഒമ്പതിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വിവിധ കേന്ദ്രങ്ങളിൽ വെച്ച് വാക്സിൻ നൽകുകയുണ്ടായി. പത്തു വർഷങ്ങൾക്ക് ശേഷം അവരുടെ രക്തത്തിൽ കാൻസർ പ്രതിരോധ തന്മാത്രകൾ നിലനിൽക്കുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു പഠന ലക്ഷ്യം. ഒറ്റ ഡോസ് വാക്‌സിൻ ലഭിച്ചവരിൽ പോലും വൈറസിനെതിരെ ആൻറിബോഡി നിലനിൽക്കുന്നുണ്ടായിരുന്നു. ഇമ്യൂണിറ്റി ഉള്ളിടത്തോളം കാലം വൈറസ് ബാധയും പിൽകാലത്ത് അർബുദവും പ്രതിരോധിക്കും.

ഇന്ത്യയിൽ ഏറ്റവും വിജയകരമായി മനുഷ്യ പാപ്പിലോമ വൈറസ് വാക്‌സിൻ പ്രയോഗത്തിൽ വരുത്തിയത് സിക്കിം സംസ്ഥാനത്താണ്. ഇതിന്റെ അനുഭവം 2022 മാർച്ചിലെ വാക്‌സിൻ എന്ന ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഡാനിഷ് അഹമ്മദ്, ക്രിസ്റ്റിൻ വൻഡർഎൻഡേ മുതൽ പേരാണ് പ്രധാന ഗവേഷകർ. ഒമ്പത് വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ തന്നെയായിരുന്നു വാക്സിനേഷൻ പ്രോഗ്രാം ലക്ഷ്യമാക്കിയത്. വാക്സിനേഷൻ നടന്നത് സ്‌കൂൾ അടിസ്ഥാനത്തിൽതന്നെ; കുട്ടികളെ ഒന്നിച്ചുകിട്ടുന്നത് സ്‌കൂളിലായതിനാൽ പദ്ധതി ആസൂത്രണത്തിൽ അതൊരു ഘടകമായി. രണ്ടു ഘട്ടമായാണ് വാക്സിനേഷൻ പൂർണമായത്; ആറു മാസത്തിന്റെ ഇടവേളയിൽ രണ്ടു ഡോസ് വാക്‌സിനേഷൻ പൂർണമായും നടപ്പാക്കി. വാക്‌സിൻ കവറേജ് 95 ശതമാനത്തിലധികം ഉണ്ടായിരുന്നു. ഒരു ചെറു സംസ്ഥാനം ഇമ്മാതിരി നേട്ടം കൈവരിക്കുന്നത് നമ്മെ അതിശയിപ്പിക്കും; എന്നാൽ എല്ലാ പെൺകുട്ടികളെയും സ്‌കൂളിൽ ചേർക്കുക, വിവിധ വകുപ്പുകൾ തമ്മിൽ നല്ലരീതിയിലുള്ള ഏകോപനം, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ നേട്ടത്തിനു പിന്നിലുണ്ട്. സിക്കിം പദ്ധതി 2018-19ൽ നടന്നു; പ്രശ്നങ്ങളില്ലാതെ, പാർശ്വഫലങ്ങൾ ഇല്ലാതെ, ഒച്ചപ്പാടില്ലാതെ. വാക്സിൻ ഫലപ്രദമാണെന്ന വ്യക്തമായ തെളിവ് വരുംകാലം കാട്ടിത്തരും.

പറഞ്ഞു വരുന്നത്, കോവിഡാനന്തര കാലം പുതിയ വാക്‌സിനുകൾ കണ്ടെത്താനുള്ള കാലം കൂടിയാകുന്നു. ചികിത്സിക്കാൻ പ്രയാസമുള്ള ചില രോഗങ്ങൾ വാക്‌സിനിലൂടെ പ്രതിരോധിക്കാനാകും എന്ന കണ്ടെത്തലാണ് ഈ ദിശയിലെ അന്വേഷണങ്ങളെ ത്വരിതപ്പെടുത്തുന്നത്. കുട്ടികളിൽ മാത്രമല്ല, മുതിർന്നവർക്കും വാക്സിൻ പരിരക്ഷ ഗുണകരമാകും; പ്രത്യേകിച്ചും ചില അർബുദ രോഗങ്ങളിൽ. ഹ്യൂമൻ പാപ്പിലോമ, ഹെപ്പറ്റൈറ്റിസ് ബി എന്നീ വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്ന വാക്‌സിൻ ഈ സാധ്യത തുറക്കുന്നു.

അത്തരത്തിൽ, വാക്‌സിൻ വികസനം വഴി നിയന്ത്രിക്കാനാകും എന്ന് കരുതുന്ന അവസ്ഥയാണ് ലിഞ്ച് സിൻഡ്രോം (Lynch Syndrome). വൻകുടൽ, മലാശയം എന്നിവയിൽ ഉണ്ടാകുന്ന അർബുദങ്ങളാണ് വാക്‌സിൻ സാധ്യതയിലേക്ക് ശ്രദ്ധതിരിച്ചത്. ചില കുടുംബങ്ങളിലും രക്തബന്ധമുള്ളവരിലും കാണപ്പെടുമ്പോൾ ഇവ ലിഞ്ച് സിൻഡ്രോം ആകാനിടയുണ്ട്; പലപ്പോഴും അർബുദം ആരംഭിക്കുമ്പോൾ രോഗി നന്നേ ചെറുപ്പവുമായിരിക്കും.

ലിഞ്ച് രോഗങ്ങളുടെ ജനിതകമാറ്റങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. മറ്റ് അർബുദങ്ങളും ലിഞ്ച് രോഗപട്ടികയിൽ മറ്റു കാൻസറുകളും ഉണ്ട്: ഗർഭാശയം, ആമാശയം, കരൾ, വൃക്ക, ചിലതരം ത്വക്ക് അർബുദം എന്നിവക്ക് ലിഞ്ച് ബന്ധമുണ്ടാകാം. ജനിതകമായി ഒരു ഡി.എൻ.എ യിൽ ഉണ്ടാകുന്ന മാറ്റമാണ് തുടക്കം എന്ന് കരുതാം. സമാന്തര ഡി.എൻ.എ മ്യൂട്ടേഷന് വിധേയമായാൽ ലിഞ്ച് അർബുദത്തിന് സാധ്യതയേറും. അടുത്തകാലത്തു ശ്രദ്ധനേടിയ mRNA ടെക്നോളജി ഉപയോഗിച്ചാണ് കാൻസർ വാക്‌സിൻ രൂപകൽപന ചെയ്യാൻ ശ്രമിക്കുന്നത്. ആദ്യപഠനങ്ങൾ തീർച്ചയായും അനുകൂലമായിരുന്നുവെന്ന് പറയാം. ലിഞ്ച് രോഗങ്ങൾ പ്രതിരോധിക്കാവുന്ന അർബുദ ചികിത്സയിലേക്കുള്ള വാതായനമാകുന്ന സാധ്യത കാണുന്നു. ഒരു ലക്ഷം പേരിൽ പ്രതിവർഷം നൂറു പേർ ഇന്ത്യയിൽ അർബുദബാധിതരാകുന്നു. ഇത് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. വാക്‌സിൻ ഗവേഷണം ഇതിൽ മാറ്റമുണ്ടാക്കുമെന്ന് കരുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - After Covid: Old Diseases and New Vaccines
Next Story