സെമിയിലവസാനിച്ച പരാജയം

13:04 PM
30/03/2015

ക്രിക്കറ്റില്‍ നാല്പത് വയസ്സായ ലോകകപ്പിനു ആസ്ട്രേലിയയില്‍ യവനിക താഴുമ്പോള്‍ ഇന്ത്യ കാലിയടിച്ച് മടങ്ങുന്നു. നിലവിലുള്ള ലോക ചാമ്പ്യന്മാരെ ആതിഥേയര്‍ സെമിഫൈനലില്‍ തന്നെ തിരിച്ചയച്ചു. മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച് ഹാട്രിക് പൂര്‍ത്തിയാക്കിയ ആസ്ട്രേലിയയെ കഴിഞ്ഞ തവണ പുറംതള്ളി കയറിയതായിരുന്നു മഹേന്ദ്രസിങ് ധോണിയും കൂട്ടുകാരും.
ചരിത്രത്തില്‍ രണ്ടു പ്രാവശ്യം മാത്രം കംഗാരുക്കളുടെ നാട്ടില്‍ നിന്നു വന്നവരെ കീഴടക്കിയ ചരിത്രവുമായാണ് ഇന്ത്യ ഇത്തവണ അവരെ നേരിട്ടത്. എന്നാല്‍ 96 ഡോളറിന്‍െറ ടിക്കറ്റിനു അഞ്ചിരട്ടിയിലേറെ പണം നല്‍കി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് നിറച്ച ഇന്ത്യ ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തി. ടോസ് മുതല്‍ തന്നെ നമുക്ക് പരാജയമായിരുന്നു.
കളിച്ച ഏഴു രാജ്യങ്ങളുടെയും പത്തു വിക്കറ്റും തെറിപ്പിച്ചുള്ള കുതിച്ചോട്ടമാണ് മുമ്പ് രണ്ടു തവണ കപ്പ് ഇന്ത്യയിലേക്കു കൊണ്ടുവന്നവരുടെ 95 റണ്‍സ് പരാജയത്തിലൂടെ പര്യവസാനിച്ചത്. ക്രിക്കറ്റ് പണ്ഡിതര്‍ എഴുതിത്തള്ളിയ ബൗളിങ് ശക്തിയുമായാണ് കപ്പ് നിലനിര്‍ത്താന്‍  ഇന്ത്യ ചെന്നത്. നാലു മാസത്തെ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഇന്ത്യയുടെ ദൗര്‍ബല്യം ബൗളിങ്ങിലാണെന്നു വിലയിരുത്തിയവര്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പോലും എത്തില്ളെന്നും പ്രവചിച്ചിരുന്നു.
എന്നാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഹമ്മദ് ശമിയും ഉമേശ് യാദവും കാഞ്ചി വലിച്ചപ്പോള്‍ അമ്പത് ഓവറുകള്‍ മുഴുവനും കളിച്ചിട്ടും എതിരാളികള്‍ക്ക് വിജയത്തേര് തെളിയിക്കാന്‍ സാധിക്കാതെ പോയി. നിര്‍ണായക വഴിത്തിരിവുകളിലാകട്ടെ, മുപ്പത്തി മൂന്നുകാരനായ റാഞ്ചിക്കാരന്‍ ക്യാപ്റ്റന്‍ ധോണി ശക്തനായ നായകനായും നിറഞ്ഞാടി.
ഒന്നരമാസം നീണ്ടുനിന്ന പതിനൊന്നാമത് ലോകകപ്പ് മത്സരങ്ങള്‍ പതിനാലു ടീമുകളുമായാണ് ആരംഭിച്ചതെങ്കിലും യു.എ.ഇയെയും അഫ്ഗാനിസ്ഥാനെയും സ്കോട്ലന്‍ഡിനെയും ആരും കാര്യമായി കണക്കിലെടുത്തിരുന്നില്ല. കാനഡ, കെനിയ, ഹോളണ്ട് എന്നിവക്കു പകരമായിരുന്നു അവരുടെ വരവ്.
ആസ്ട്രേലിയയിലും അയല്‍നാടായ ന്യൂസിലന്‍ഡിലുമായി 14 അങ്കത്തട്ടുകളിലൊരുക്കിയ മത്സര പരമ്പരക്കു ലോകമാകെ കണ്ണിമക്കാതെ കാത്തിരുന്നു. ടെലിവിഷനില്‍ പത്തു സെക്കന്‍ഡിനു അഞ്ചു ലക്ഷം രൂപവരെ റോയല്‍ട്ടി തുക ഉയര്‍ന്നു.
ഇംഗ്ളണ്ടിനെതിരെ 111 റണ്‍സിന്‍െറ തുടക്കമിട്ടാണ്, മൂന്നു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയ ഓട്ടം ആരംഭിച്ചത്. ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ അവര്‍ മൈകിള്‍ ക്ളാര്‍ക്കിന്‍െറ നേതൃത്വത്തില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ ആഞ്ചും ജയിച്ച് ഏഴാമത്തെ സെമിഫൈനല്‍ പ്രവേശം ഉറപ്പിക്കുകയായിരുന്നു. അവശേഷിച്ച രണ്ടു കളികളില്‍ ഒന്നു ബംഗ്ളാദേശിനെതിരെ മഴ കാരണം ഉപേക്ഷിച്ചു. അയല്‍ക്കാരും സഹആതിഥേയരുമായ ന്യൂസിലന്‍ഡിനോട് കളി ഒരു വിക്കറ്റിനു തോറ്റു പോവുകയും ചെയ്തു.
ക്രിക്കറ്റിന്‍െറ  തലസ്ഥാനമായ ലോര്‍ഡ്സില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ച് ആദ്യ കിരീടം നേടിയ കപില്‍ദേവിന്‍െറ ടീമിനെ അനുസ്മരിപ്പിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ തവണ രണ്ടാമതും ലോക കപ്പ് നേടിയ ടീമായിരുന്നു ഇന്ത്യ. ടെസ്റ്റ് രംഗത്തോട് നാടകീയമായി വിട പറഞ്ഞപ്പോഴും ഏകദിന ക്രിക്കറ്റില്‍ അതേ മഹേന്ദ്രസിങ് ധോണിയെ തന്നെ ക്യാപ്റ്റനാക്കി നിലനിര്‍ത്തിയാണ് അവര്‍ എത്തിയതും.
ത്രിരാഷ്ട്ര ക്രിക്കറ്റില്‍ തുറന്നു കാട്ടപ്പെട്ട ബൗളിങ് പരാജയത്തെ വെല്ലുവിളിയായി സ്വീകരിച്ചുതന്നെ ധോണിയും കൂട്ടുകാരും ക്രിസിലിറങ്ങി.
വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ഉത്തര്‍പ്രദേശില്‍ നിന്നു ബംഗാളിലത്തെിയ മുഹമ്മദ് ശമിയുടെ നാലു വിക്കറ്റുമായി അവര്‍ 76 റണ്‍സിനു പാകിസ്താനെ കീഴടക്കി. പാകിന്‍െറ മുന്‍ താരങ്ങളില്‍ ശാഹിദ് അഫ്രീദി സ്വന്തം ക്യാപ്റ്റനെയും സര്‍ഫറാസ് നവാസ് അഡ്ലൈഡ് പിച്ചിനെയും കുറ്റം പറഞ്ഞ ആ മത്സരത്തിനു ശേഷം, ഇന്ത്യ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനു കീഴടക്കി.
യു.എ.ഇയെ ഒമ്പത് വിക്കറ്റിനു നിലംപരിശാക്കിയ ശേഷം, മെല്‍ബണില്‍ റിക്കാര്‍ഡ് ജനക്കൂട്ടത്തിനു മുമ്പാകെ വെസ്റ്റിന്‍ഡീസിനെ തീരെ നാലു വിക്കറ്റിനു ജയിക്കാന്‍ മുഹമ്മദ് ശമിയുടെ ഉജ്വല ഫോം ഇന്ത്യയെ അനുഗ്രഹിച്ചു.
അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിനും സിംബാബ്വെയെ ആറു വിക്കറ്റിനും മറികടന്ന നീലക്കുപ്പായക്കാര്‍ ബംഗ്ളാദേശിനെ 109 റണ്‍സിനാണ് പുറംതള്ളിയത്. ബംഗ്ളാ പ്രധാനമന്ത്രി ശൈഖ് ഹസീന പോലും അമ്പയറിങ്ങിനെ കുറ്റപ്പെടുത്തിയെങ്കിലും ഏകദിനത്തിലെ തന്‍െറ നൂറാം ജയം ആഘോഷിക്കാന്‍ ധോണിക്കു കഴിഞ്ഞു. രോഹിത് ശര്‍മയുടെ സെഞ്ചുറിയെയും ഉമേശ് യാദവിന്‍െറ നാലു വിക്കറ്റുകളും അതിജീവിക്കാന്‍ ധാക്കയില്‍ നിന്നു വന്നവര്‍ക്കു അന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രയാസമായിരുന്നു. ആതിഥേയരായ ആസ്ട്രേലിയ എതിരാളികളെ ചീത്ത പറഞ്ഞു ചൊടിപ്പിച്ചായാലും ഫൈനല്‍ പ്രവേശം ഉറപ്പിക്കാന്‍ കച്ച കെട്ടിയാണ് സെമി ഫൈനലിനു സ്വന്തം നാട്ടുകാരുടെ മുമ്പിലിറങ്ങിയത്. ടോസ് മുതല്‍ തന്നെ ഭാഗ്യം അവരോടൊപ്പമായിരുന്നു.
ഇന്നിങ്ങ്സ് തുടങ്ങി 300 കടന്നു വിജയം ഉറപ്പിക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഈ പരമ്പരയില്‍ ആദ്യമായി അമ്പേ പരാജയപ്പെട്ടു. ഇന്ത്യയോട് കളിക്കുമ്പോഴോക്കെയും കത്തിക്കയറാറുള്ള സ്റ്റീവ് സ്മിത്ത് സെഞ്ച്വറി കടക്കുകയും ആറോണ്‍ ഫിഞ്ച് 81 റണ്‍സുമായി ടീമിനെ 200 കടത്തുകയും ചെയ്തു. ഉമേശ് യാദവിന്‍െറ നാലു വിക്കറ്റുകള്‍ ഗുണം ചെയ്യാതെ പോയി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മോശമല്ലാത്ത തുടക്കം കുറിച്ചെങ്കിലും പൊരുതി നിന്ന ക്യാപ്റ്റന്‍ ധോണി റണ്‍ഒൗട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യന്‍ പതനത്തിന്‍െറ മണിമുഴങ്ങി. അവസാന പ്രതീക്ഷയായിരുന്ന കോലി ഒരൊറ്റ റണ്‍മാത്രം നേടിയാണ് കൂടാരം കയറിയത്. നാലു വര്‍ഷം മുമ്പ് വിജയ കിരീടം വീണ്ടെടുക്കാന്‍ ധീര ശ്രമം നടത്തി. പരമ്പരയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്ങിന്‍െറ അഭാവം തിളങ്ങിനിന്ന ഒരു സെമിഫൈനലായിപ്പോയി ഇത്.

ശേഷവിശേഷം : നാലു മാസമായി വിദേശത്തുള്ള ക്യാപ്റ്റന്‍ ധോണി ചോരക്കുഞ്ഞിനെ കാണാന്‍ ധൃതി പിടിച്ചു മടങ്ങിയതാണോ?

TAGS
Loading...
COMMENTS