ഇണങ്ങാത്ത കണ്ണിയാകാതിരിക്കാന്‍

12:14 PM
23/07/2015
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഗ്രാമത്തിലെ കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു.  അമ്മയെ കാണാനായി പലപ്പോഴും പോകാറുള്ളതാണ്.  അന്ന് പക്ഷേ, വീടുവരെ കാറില്‍ ചെന്നെത്താന്‍ കഴിയുമായിരുന്നില്ല.  പൈപ്പിടാനായി റോഡ് മുറിച്ചിട്ടിരിക്കുന്നു.  അരകിലോമീറ്റര്‍ നടന്നു.
പഴയ നാട്ടുവഴി ഇപ്പോള്‍ ടാറിട്ട റോഡാണ്.  ഒരു കാലത്ത് ഒഴിഞ്ഞു കിടന്ന പറമ്പുകള്‍ നിറയെ 'അടുപ്പുകൂട്ടിയ പോലെ' വീടുകളാണ്.  വഴിപോക്കരെയോ പുതിയ താമസക്കാരെയോ എനിക്ക് പരിചയമില്ല.  വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്  ചെറിയൊരു ഇടവഴി മാത്രമായിരുന്ന ഇതിലേ നടന്നുപോകുമ്പോള്‍ അപരിചിതരായി ആരെയും കണ്ടുമുട്ടിയിരുന്നില്ല.  ഗ്രാമത്തിലെ ഓരോ കുടുംബത്തിലെയും എല്ലാവരെയുംപറ്റി എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു.  പേരും വിളിപ്പേരും ഇരട്ടപ്പേരും തൊഴിലും എല്ലാം.  ഇപ്പോഴിതാ അപരിചിതര്‍ക്കിടയില്‍ ഒരാളായി എന്റെ ഗ്രാമത്തിലൂടെ ഞാന്‍ നടക്കുന്നു.
ആരൊക്കെയോ എതിരേ വന്നു.  തികച്ചും അപരിചിതര്‍.  യൂണിഫോമിട്ട രണ്ടു സ്‌കൂള്‍കുട്ടികള്‍ മുന്നിലേയ്ക്ക് കയറി നടന്നുപോയി.  അവര്‍ ആരുടെ മക്കളാണെന്ന് എനിക്കറിയില്ല.  ഞാന്‍ ഏതുവീട്ടിലേതാണെന്ന് അവര്‍ക്കും അറിയില്ല.  വല്ലപ്പോഴും സ്വന്തം ഗ്രാമത്തിലേയ്ക്ക് തിരികെചെല്ലുന്നവര്‍ക്ക് ഈ അനുഭവം തീര്‍ച്ചയായും ഉണ്ടായിരിക്കും.  കുറെകാലം മുമ്പ് ഞാനൊരു കവിത എഴുതി.  തുടക്കമിങ്ങനെ:
 
ഗ്രാമത്തിലേയ്ക്ക് തിരിച്ചുപോകേണ്ട നീ
ഗ്രാമമിന്നെല്ലാം മറന്നിരിക്കുന്നെടോ....
 
പഴയതെല്ലാം ഗ്രാമം മറന്നുപോയെന്ന അറിവില്‍ നിന്നുളവായ നിരാശയും അന്യതാബോധവുമാണ് കവിതയുടെ പ്രമേയം.  ബഹിഷ്‌കരിക്കപ്പെട്ടവന്റെ നിസ്സഹായമായ ഗൃഹാതുരുത്വം.
ഇന്ന് പക്ഷേ, അത്തരമൊരു കവിത ഞാന്‍ എഴുതുകയില്ല.  പഴയ പരിചിതമായ ഗ്രാമപാതയില്‍ പുതിയ യാത്രക്കാരെ കാണുമ്പോള്‍ ആത്മാനുതാപം വരാതിരിക്കാന്‍ പരിശീലിക്കുകയാണ് ഞാനിപ്പോള്‍.  മാറുന്ന കാലത്തെക്കുറിച്ചും മാറ്റത്തിന്റെ അനിവാര്യതയെക്കുറിച്ചും സ്വയം ബോധ്യപ്പെടാനും അവയെ അംഗീകരിക്കാനും ശ്രമിക്കുകയാണ്.  മാറ്റത്തോട് കലഹിക്കരുതെന്ന് ഞാന്‍ എന്നോട് സ്വയം കല്‍പിക്കുകയാണ്.
മാറിപ്പോയ കാലത്തെ വെറുതെ പഴിക്കുകയും പഴയകാലത്തെ വാഴ്ത്തുകയും ചെയ്യുന്ന മദ്ധ്യവയസ്‌കരെയും വൃദ്ധരെയും നമുക്കറിയാം.  പുതിയ കാലത്തോട് ഇണങ്ങിയും പഴയതിനെക്കുറിച്ച് അത്ര മതിപ്പില്ലാതെയും ജീവിക്കുന്ന യുവാക്കളെയും കാണാം.  തലമുറകളുടെ വിടവെന്നൊക്കെ വിശേഷിപ്പിക്കുന്ന പ്രതിഭാസം.  മനുഷ്യപുരോഗതിയുടെ ചരിത്രം തന്നെ തലമുറകള്‍ തമ്മിലുള്ള അറിവിന്റെയും മനോഭാവങ്ങളുടെയും അന്തരത്തിലൂടെ മാത്രം ഉരുവായതാണല്ലോ.  ഓരോ തലമുറയും തങ്ങള്‍ക്ക് എന്തു നഷ്ടപ്പെട്ടു എന്നല്ല, എന്ത് നേടാന്‍ കഴിഞ്ഞു എന്ന് ചിന്തിക്കുകയാണെങ്കില്‍ മാറ്റങ്ങളോട് സംഘര്‍ഷമില്ലാതെ പൊരുത്തപ്പെടാനാവും.  നമ്മുടെ കാലഘട്ടം മാറ്റങ്ങളെ ത്വരിതപ്പെടുത്തിയിരിക്കുന്നു.  ഒരു മാറ്റത്തിനോട് ഇണങ്ങുന്നതിന് മുമ്പ് പുതിയ മാറ്റങ്ങള്‍ ആവിര്‍ഭവിക്കുന്നു.  അഥവാ നമ്മുടെ പ്രതികരണം ഇപ്പോള്‍ പഴയതുപോലെ സാവധാനത്തിലായാല്‍ പോരാ.  അതു മാത്രമാണ് വ്യത്യാസം.  മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നു.  മാറ്റങ്ങള്‍ നമ്മുടെ ജീവിതങ്ങളെ കൂടുതല്‍ ആഴത്തില്‍ സ്വാധീനിക്കുന്നു.
ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ ജീവിതങ്ങളെപ്പോലും ബാധിക്കുന്നു.  ഗ്രാമങ്ങളില്‍ പുതിയ കുടുംബങ്ങള്‍ താമസമാക്കുന്നു.  ഒഴിഞ്ഞ പറമ്പുകള്‍ കഷണങ്ങളാകുന്നു.  നഗരങ്ങള്‍ വിസ്തൃതമാകുന്നു.  ജീവിതം സങ്കീര്‍ണമാകുന്നു.  പല ദേശങ്ങളിലുള്ളവര്‍ നഗരങ്ങളിലേയ്ക്കും നഗരപ്രാന്തങ്ങളിലേയ്ക്കും മാറിപ്പാര്‍ക്കുന്നു.  ഇതൊന്നും കണ്ട് നമ്മള്‍ അന്ധാളിക്കരുത്.  ചരിത്രം മറ്റൊരു വിധത്തിലായിരിരുന്നെങ്കില്‍ എന്ന് കിനാവുകാണുകയുമരുത്.
മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നുമ്പോള്‍ സ്വന്തം ജീവിതത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മാത്രം മതി.  ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ജീവിതവഴിയിലൂടെ നടന്നവര്‍ ഇന്നെവിടെ?  ചിലരുടെയെങ്കിലും ജീവിതങ്ങളില്‍ നമുക്കുണ്ടായിരുന്ന സ്വാധീനം എങ്ങനെ അസ്തമിച്ചു?  ജീവിതാന്ത്യം വരെ പിരിയുകയില്ലെന്ന് വിശ്വസിച്ചിരുന്ന സൗഹൃദങ്ങള്‍ എവിടെ പോയ്മറഞ്ഞു?  ഇന്നത്തെ മിത്രങ്ങള്‍ ഒരു കാലത്ത് അപരിചിതരായിരുന്നല്ലോ.  നിരന്തരമായ ചലനത്താല്‍, ഒരു കാലെഡോസ്‌കോപിലെപ്പോലെ, ജീവിതം പുതിയ പാറ്റേണുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.  പുതിയ സന്ദര്‍ഭങ്ങള്‍ തരുന്നു; പുതിയ സന്തോഷങ്ങള്‍ തരുന്നു; പുതിയ സങ്കടങ്ങള്‍ തരുന്നു.
മാറ്റങ്ങളുടെ ഈ അനിവാര്യത അംഗീകരിക്കാനായാല്‍ പിന്നെ 'ഈ കുരുത്തംകെട്ട ചെറുപ്പക്കാരെ' പഴിക്കേണ്ടി വരില്ല.  'ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്' എന്നാരംഭിക്കുന്ന അര്‍ത്ഥരഹിത സംഭാഷണങ്ങള്‍ നടത്തേണ്ടി വരില്ല.  മാറ്റം ഒഴിച്ചുകൂടാനാവാത്തതാണെന്ന് മാത്രമല്ല, അതില്ലെങ്കില്‍ ജീവിതം തന്നെ തകിടം മറിയുമെന്നതാണ് വാസ്തവം.  മാറ്റമേതുമില്ലാത്ത ലോകം ഭീകരവും വിരസവുമായിരിക്കും.  എല്ലാ മാറ്റങ്ങളും പെട്ടെന്നങ്ങ് ഇഷ്ടപ്പെടാന്‍ എപ്പോഴും കഴിഞ്ഞെന്ന് വരില്ല.  പക്ഷേ അതുകൊണ്ട് മാറ്റങ്ങളെ അടച്ച് പഴിക്കണമെന്നില്ല.  അവയെ അംഗീകരിക്കുക.  അവയുടെ അനിവാര്യതയും അര്‍ത്ഥവും തിരിച്ചറിയുക.  ഓരോ ദിവസവും ഈ ലോകം മാറുമ്പോള്‍ കൗതുകത്തോടെ ആ മാറ്റം കാണാനായി ഉണരുക.  അപ്പോള്‍ ജീവിക്കുകയെന്നത് ആനന്ദപ്രദമായിരിക്കും.  ഇല്ലെങ്കിലോ ഇണങ്ങാത്ത കണ്ണിയായി നാം നമുക്കും മറ്റുള്ളവര്‍ക്കും അലോസരമുണ്ടാക്കിക്കൊണ്ടേയിരിക്കും.
 
TAGS
Loading...
COMMENTS