കരിപ്പൂർ: ഫ്ലൈ നാസ് സർവിസ് പുനരാരംഭിച്ചു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ബബ്ൾ കരാർ പ്രകാരം സൗദി അറേബ്യയിലേക്ക് ഫ്ലൈ നാസ് സർവിസ് ആരംഭിച്ചു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് സർവിസ് വീണ്ടും തുടങ്ങിയത്. നേരത്തെയുണ്ടായിരുന്ന സർവിസ് കോവിഡ് പശ്ചാത്തലത്തിലാണ് നിർത്തിയത്.
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇപ്പോൾ സർവിസ് പ്രഖ്യാപിച്ചത്. 86 യാത്രക്കാരുമായി രാവിലെ 7.26ന് റിയാദിൽ നിന്നെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റി വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 8.18ന് മടങ്ങിയ വിമാനത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 179 പേരുണ്ടായിരുന്നു.
വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം വിളക്ക് തെളിയിച്ചു. ആദ്യ യാത്രക്കാരിക്ക് ഫ്ലൈ നാസ് എയർപോർട്ട് മാനേജർ കെ.പി. ഹാനി ബോർഡിങ് പാസ് നൽകി. ഫ്ലൈ നാസ് സെക്യൂരിറ്റി ഓഫിസർ മബൂദ്, എ.ഐ.ടി.എസ്.എൽ, എയർ ഇന്ത്യ, ടെർമിനൽ തുടങ്ങിയവർ സംബന്ധിച്ചു. ജിദ്ദ, ദമ്മാം, മദീന, ജീസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് റിയാദിൽനിന്ന് കണക്ഷൻ വിമാനം ലഭിക്കും.