അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് നിദാൽ
text_fieldsഅറബിക് കാലിഗ്രഫിയിൽ നിദാൽ തീർത്ത വരകൾ
പയ്യോളി: മാതാപിതാക്കളില്ലാത്ത നേരത്ത് വെറുതെ നേരമ്പോക്കിന് വരകളുടെ മായാപ്രപഞ്ചത്തിലേക്ക് പേനകൾ ചലിപ്പിക്കുകയായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ നിദാൽ. പിന്നീട് നാലു മാസംകൊണ്ട് അറബിക് കാലിഗ്രഫിയുടെ വിസ്മയലോകത്തേക്കുള്ള വഴി സ്വയം തെളിക്കുകയായിരുന്നു പയ്യോളി കാഞ്ഞിരോളിയിൽ നിസാർ -റാസിബ ദമ്പതികളുടെ മകനായ നിദാൽ. മാതാപിതാക്കൾ ചികിത്സക്കായി കുറച്ച് ദിവസം ആശുപത്രിയിൽ പോയപ്പോഴാണ് ഈ കൊച്ചുമിടുക്കനിലെ പ്രതിഭ തെളിഞ്ഞത്. അറബി എഴുത്ത് കലയില്‍ ഓരോ അക്ഷരവും വ്യക്തവും സൂക്ഷ്മവുമായ നിയമാവലികള്‍ പാലിച്ചാണ് എഴുതേണ്ടതെന്നും അതല്ലാത്ത എഴുത്തുവരകളൊന്നും അറബിക് കാലിഗ്രഫിയുടെ പട്ടികയില്‍ വരില്ലെന്നതും നിദാലിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. പേന പിടിക്കുന്ന കൈയുടെ രീതി മുതല്‍ ശരീരഘടന വരെ അറബി അക്ഷരങ്ങളെ സ്വാധീനിക്കുന്ന അൽപം പ്രയാസമേറിയ ഘടകങ്ങളായിട്ടും നിദാൽ തന്റെ പ്രതിഭ തെളിയിക്കുകയായിരുന്നു.
ഇതരഭാഷകളെ അപേക്ഷിച്ച് അറബി അക്ഷരങ്ങൾ വളരെ മനോഹരമായി വരക്കുകയും എഴുതുകയും ചെയ്യാമെന്നതും നിദാലിന് തുണയായി. ഇതുപയോഗിച്ച് സുന്ദരചിത്രങ്ങൾ നിദാൽ ഒരുക്കിയിട്ടുണ്ട്. ജിറാഫും കുതിരയും മുയലും അക്ഷരങ്ങളിലൂടെ അറബി പേരുകളിൽ നിദാൽ തന്റെ വരകളിൽ തീർത്തിട്ടുണ്ട്. ഖുർആനിക സൂക്തങ്ങളും വചനങ്ങളുമാണ് പ്രധാനമായും കാലിഗ്രഫിയിൽ ചെയ്തുവരുന്നത്. വര തുടങ്ങിയാൽ അക്ഷരങ്ങൾക്കും ഭാവനക്കുമനുസൃതമായി സൃഷ്ടി പൂർത്തിയാക്കുന്നതിന് 20 മുതൽ 45 മിനിറ്റുവരെ സമയമെടുക്കും.
നിദാലിന്റെ പ്രതിഭയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാലിഗ്രഫിക്കായി സമീപിക്കുന്നുണ്ട്. ഗൃഹപ്രവേശത്തിനും വിവാഹത്തിനും സമ്മാനങ്ങൾ നൽകാനായി കാലിഗ്രഫിക്കായി ഓർഡറുകളും ലഭിക്കുന്നുണ്ടെന്ന് നിദാൽ പറയുന്നു. വിവാഹസമ്മാനമായി വധൂവരന്മാരുടെ പേരിനോടൊപ്പം പ്രസക്തമായ അറബി സൂക്തങ്ങളുംകൂടി എഴുതിയാണ് നൽകുന്നത്.
ഖുർആനിലെ ആയത്തുൽ കുർസിക്കും ലാഇലാഹ ഇല്ലല്ലാഹു, മുഹമ്മദുർറസൂലുല്ലാഹ് തുടങ്ങിയ സൂക്തങ്ങൾക്കുമാണ് ആവശ്യക്കാരേറെയുള്ളത്. ചെന്നൈയിലെ ഹോട്ടലിൽ സ്ഥാപിക്കുന്നതിനായി കാലിഗ്രഫി ചെയ്തുകൊടുക്കാമേന്ന് ഏറ്റിട്ടുണ്ട് നിദാൽ. ഖുർആനിക സൂക്തങ്ങളും വാക്കുകളും വ്യക്തതയോടെ മനോഹരമായി കടലാസിൽ പൂർത്തിയാകുമ്പോൾ ഒരു പ്രാർഥനയുടെ പൂർണതയും നിർവൃതിയും ലഭിക്കുന്നുണ്ടെന്ന് നിദാൽ പറയുന്നു.
പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് നിദാൽ നിസാർ. സഹോദരങ്ങൾ: നദീം നിസാർ, നദീർ നിസാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

