ആക്ഷേപങ്ങൾക്ക് പിന്നാലെ കോട്ടയം നഗരസഭ സെക്രട്ടറിക്ക് സ്ഥലം മാറ്റം
text_fieldsകോട്ടയം: പദ്ധതികൾ യഥാസമയം ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കാനാകാത്തതിൽ ആക്ഷേപം നേരിട്ട കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി. സെക്രട്ടറി എസ്. ബിജുവിനെ കാസര്‍കോട് നഗരസഭയിലേക്ക് മാറ്റി. സംസ്ഥാനത്തെ 13 നഗരസഭ സെക്രട്ടറിമാരെ മാറ്റിയതിനൊപ്പമാണ് ബിജുവിെൻറ മാറ്റമെങ്കിലും പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ട്.
സര്‍ക്കാര്‍ അനുവദിച്ച കാലാവധി അവസാനിച്ചിട്ടും നഗരസഭ പദ്ധതികള്‍ ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടര്‍ന്ന് ഭരണ-പ്രതിപക്ഷങ്ങൾ സെക്രട്ടറിക്കും ഉദ്യോസ്ഥര്‍ക്കുമെതിരെ രംഗത്തെത്തി. ഇരുവിഭാഗവും രേഖാമൂലം പരാതി നല്കിയില്ലെങ്കിലും പലതലങ്ങളിലും പരാതി ഉന്നയിച്ചിരുന്നു.
നഗരസഭയില്‍ തുടര്‍ച്ചയായ രണ്ടു യോഗങ്ങളില്‍ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥതല ഭരണമാണ് നഗരസഭയില്‍ നടക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതിനെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ഇതിനിടെയാണ്, യഥാസമയം പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാതെ നഗരസഭ വെട്ടിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12വരെ സമയം അനുവദിച്ചിരുന്നെങ്കിലും പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് 56 കോടിയുടെ പദ്ധതികള്‍ അവതാളത്തിലായിരുന്നു.