Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഅയാളും അവരും തമ്മില്‍

അയാളും അവരും തമ്മില്‍

text_fields
bookmark_border
അയാളും അവരും തമ്മില്‍
cancel
camera_alt??????????: ??. ?????????

ദേവാലയത്തിന് പിറകിലുള്ള വിശാലമായ മൈതാനത്തിലാണ് അയാള്‍ ചിലപ്പോഴൊക്കെ ഇരിക്കാറുള്ളത്. കൂടെ അയാളുടെ പ്രിയപ്പെട്ട നായയും. അവര്‍ ഒപ്പമിരിക്കുമ്പോള്‍ അവിടെ നിശ്ശബ്ദത പരക്കും. അയാള്‍ മൗനംകൊണ്ട് സംസാരിക്കാന്‍ പഠിച്ചത് ആ നായയില്‍നിന്നാണ്. അയാളുടെ അനേകം സൗഹൃദങ്ങളില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളുമുണ്ടായിരുന്നു. മനുഷ്യരോടെന്നപോലെ മൃഗങ്ങളോടും അയാള്‍ സംസാരിച്ചു. നിശ്ശബ്ദമായ ഇരുത്തങ്ങളിലാണ് അയാള്‍ തന്‍െറ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതും വിലയിരുത്തുന്നതും. 
ഒരിക്കല്‍ ആ ഇരിപ്പിനിടെയാണ് അയാള്‍ തന്‍െറ പരിശീലനകാലം ഓര്‍ത്തത്. ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം തന്‍െറ ഗുരുവിന്‍െറ കൂടെ താമസിക്കുന്ന കാലം. സഹപാഠിയായ ആനന്ദനുമുണ്ടായിരുന്നു. ഗുരുവിന്‍െറ പ്രിയപ്പെട്ട അത്തോസ് എന്ന നായയും ഗോരി എന്ന പൂച്ചക്കുട്ടിയും അവര്‍ക്കും പ്രിയപ്പെട്ടതായി. ഗുരു ആ ഗ്രാമത്തിലെ ഗോത്രവര്‍ഗത്തോടൊപ്പം ജീവിച്ച് സേവനങ്ങള്‍ ചെയ്തിരുന്നു. ഓരോ ദിനവും ഗുരു അവരെ ഓരോ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. പുതിയ അനുഭവങ്ങള്‍ പകര്‍ന്നു. മനുഷ്യനെയും മൃഗങ്ങളെയും മണ്ണിനെയുമെല്ലാം അയാള്‍ ആഴത്തില്‍ അറിഞ്ഞത് അവിടെനിന്നാണ്. ഈ ദിവസങ്ങളിലാണ് അയാള്‍ അത്തോസും ഗോരിയുമായി കൂടുതല്‍ അടുത്തത്. ഗുരുകുലത്തിന്‍െറ മുറ്റത്ത് മണ്ണുകൊണ്ട് നിര്‍മിച്ച, നാലുഭാഗവും തുറന്നുകിടക്കുന്ന മണ്ഡപത്തില്‍ അയാളും ആനന്ദനും രാത്രി കിടക്കുമ്പോള്‍ കൂട്ടിന് അത്തോസും ഗോരിയും ഉണ്ടായിരുന്നു. 
ജീവിച്ച ഇടങ്ങളിലെല്ലാം മനുഷ്യരോടെന്നപോലെ പക്ഷികളോടും മൃഗങ്ങളോടും മരങ്ങളോടും  അയാള്‍ സൗഹൃദം സൂക്ഷിച്ചു.അയാളുടെ ചുറ്റും തെരുവില്‍ അലയുന്ന മനുഷ്യര്‍ക്കൊപ്പം തെരുവില്‍ അലയുന്ന മൃഗങ്ങളും ഉണ്ടായിരുന്നു. പരിശീലനകാലത്തെ ഓര്‍മകളില്‍നിന്ന് അയാളുടെ മനസ്സ് വേദനിപ്പിച്ച രണ്ട് ഓര്‍മകളിലേക്ക് മാറി. ആദ്യത്തേത് ഒരു താറാവുകുഞ്ഞിന്‍േറതും രണ്ടാമത്തേത് നായക്കുഞ്ഞുങ്ങളുടേതുമായിരുന്നു. 
ഒരിക്കല്‍ യാത്രകഴിഞ്ഞ് വരുകയായിരുന്ന അയാള്‍ പാതയരികില്‍ ചെറിയ ആള്‍ക്കൂട്ടം കണ്ടാണ് വാഹനം നിര്‍ത്തിയത്. ഒരു താറാവുകുഞ്ഞ് അപകടത്തില്‍പെട്ട് കാലുകളും പിന്‍ഭാഗവും ചതഞ്ഞരഞ്ഞ് കിടക്കുന്നു. അതിന്‍െറ ഉടമസ്ഥന്‍ തന്‍െറ നഷ്ടത്തെക്കുറിച്ച് വിലപിക്കുകയാണ്. അയാളുടെ ഉള്ളില്‍ സങ്കടംനിറഞ്ഞു. പെട്ടെന്നാണ് അയാള്‍ പറഞ്ഞത്, ‘ആ താറാവിന്‍ കുഞ്ഞിനെ എനിക്ക് തരാമോ?’ കേട്ടവര്‍ ചിരിച്ചു, പരിഹസിച്ചു. കൂട്ടത്തിലൊരാള്‍ ഉടമസ്ഥനോട് താറാവിനെ കൊടുക്കാന്‍ പറഞ്ഞപ്പോള്‍  പണം വേണമെന്നായി. അയാള്‍  പോക്കറ്റില്‍ തപ്പി എത്ര രൂപ ഉണ്ടെന്നുപോലും നോക്കാതെ ഉണ്ടായിരുന്നത് മുഴുവന്‍ ഉടമസ്ഥന് കൊടുത്ത്  താറാവിനെ വാങ്ങി. അയാള്‍ അതിനെയും കൊണ്ട് വേഗത്തില്‍ തന്‍െറ വാസസ്ഥലത്തത്തെി. പരിക്കേറ്റ താറാവിനെ എങ്ങനെ പരിചരിക്കുമെന്ന് അയാള്‍ അടുത്തുള്ള പലരോടും ചോദിച്ചു. പക്ഷേ, ആര്‍ക്കും ഉത്തരമുണ്ടായില്ല. എന്നാല്‍, അയാള്‍ക്കതിനെ കൈയൊഴിയാനായില്ല. ഒടുവില്‍, ഗ്രാമത്തിലെ ഒരു വൃദ്ധ മുന്നോട്ടു വന്നു. അയാള്‍ താറാവിനെ അവരെ ഏല്‍പിച്ച് കുറച്ചകലെ മാറിനിന്നു. അയാള്‍ക്ക് ആ പക്ഷിയുടെ വേദനകാണാനുള്ള കരുത്തുണ്ടായിരുന്നില്ല. ആ വൃദ്ധ ഓരോ സാധനവും എത്തിക്കാന്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അയാള്‍ ഓടിക്കൊണ്ടിരുന്നു. 
സമയം കുറെ കഴിഞ്ഞു. താറാവിന്‍െറ മുറിവുകളില്‍ തുന്നലുകള്‍ ഇട്ടു, മുറിവില്‍ മരുന്ന് വെച്ചു. ഒരു കുട്ടയില്‍ താറാവിനെയും പിടിച്ച് അയാള്‍ വീട്ടിലത്തെി. നിലത്തു തുണി വിരിച്ച് അതിനെ കിടത്തി. ഭക്ഷണവും വെള്ളവും കൊടുത്തു. രണ്ടാം ദിവസം അയാള്‍  പക്ഷികളെയും മൃഗങ്ങളെയും നോക്കുന്ന ഒരു വൈദ്യനെ വളരെ ദൂരെനിന്നും കൊണ്ടുവന്നു. വൈദ്യന്‍ മരുന്നുകള്‍ കൊടുത്തെങ്കിലും തമാശയായി പറഞ്ഞു, ‘ഇതിന്‍െറ ചികിത്സക്ക് ചെലവായതുകൊണ്ട് ധാരാളം താറാവിനെ വാങ്ങാന്‍ കഴിയുമല്ളോ?’അയാള്‍ ഒന്നും പറഞ്ഞില്ല. പണം കൊടുത്ത് വൈദ്യനെ യാത്രയാക്കി. 
താറാവിന്‍െറ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. പതിയെ പകുതി നഷ്ടപ്പെട്ട കാലുകളില്‍ സഞ്ചരിക്കാന്‍ ശ്രമം ആരംഭിച്ചു. അതിന് കൃത്രിമകാലുകള്‍ പറ്റുമോ എന്നതായി അയാളുടെ അന്വേഷണം. മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയാല്‍ കൃത്രിമകാലുകള്‍ പിടിപ്പിക്കാന്‍ കഴിയും എന്ന വാര്‍ത്ത അയാളെ സന്തോഷിപ്പിച്ചു. അന്നയാള്‍ ആളുകള്‍ക്ക് മധുരംനല്‍കി. ഒരു മനുഷ്യനു പോലും ഇത്രയും സ്നേഹവും പരിചരണവും കിട്ടുന്നില്ലല്ളോ, ആ താറാവ് ഭാഗ്യം ചെയ്തതാണെന്ന് ചില ആളുകള്‍ പറഞ്ഞു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അസുഖം കലശലായി നാലാം ദിവസം താറാവ് ജീവന്‍ വെടിഞ്ഞു. പുറത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നെങ്കിലും അകത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നില്ല. അയാള്‍ അതിന്‍െറ ജഡം ഒരു മാവിന്‍ചുവട്ടില്‍ കുഴിച്ചുമൂടി. രണ്ടാമത്തെ സംഭവത്തില്‍ നായ്ക്കുഞ്ഞുങ്ങളാണ് കഥാപാത്രങ്ങള്‍. പട്ടണത്തിലെ ഒരു പ്രമാണിയെ കണ്ടിറങ്ങും വഴിയാണ് ഒരു പാറാവുകാരന്‍ വഴിയരികിലെ കുറച്ചു നായ്ക്കുഞ്ഞുങ്ങള്‍ക്കു പഴകിയ ഭക്ഷണ അവശിഷ്ടം കൊടുക്കുന്നത് കണ്ടത്. ആകെ എട്ടു കുഞ്ഞുങ്ങള്‍. അയാള്‍ അടുത്തേക്കു ചെന്ന് കുഞ്ഞുങ്ങളുടെ അമ്മയെ അന്വേഷിച്ചു. ഒരു അപകടത്തില്‍ മരിച്ചെന്നായിരുന്നു കാവല്‍ക്കാരന്‍െറ നിസ്സംഗതയോടെയുള്ള മറുപടി. അയാള്‍ ആ പട്ടിക്കുട്ടികളെ കൈയിലെടുത്തു നോക്കി. ചെറിയ കുഞ്ഞുങ്ങള്‍, കണ്ണ് തുറന്നു തുടങ്ങുന്നേ ഉള്ളൂ. അടുത്തുള്ള കടയില്‍ ചെന്ന് ആ നായ്ക്കുട്ടികള്‍ക്കു കുടിക്കാന്‍ ചൂടുപാലും മറ്റും അയാള്‍ വാങ്ങിവന്നു. ആ കുഞ്ഞുങ്ങളെ തന്‍െറ കൂടെ കൂട്ടിയാലോ എന്നാലോചിച്ചെങ്കിലും അത് പ്രായോഗികമല്ലായിരുന്നു. അവരെയുംകൊണ്ട് യാത്ര ചെയ്യാനുള്ള സൗകര്യം  അപര്യാപ്തമായിരുന്നു. മണിക്കൂറുകള്‍ അവരുടെ ഒപ്പം ചെലവഴിച്ചാണ് അയാള്‍ അന്ന് മടങ്ങിയത്. അടുത്തുള്ള കടയില്‍നിന്ന് നായ്ക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ആ കാവല്‍ക്കാരനെ പണം നല്‍കി പ്രത്യേകം ഏല്‍പിച്ചു.
തിരികെയത്തെിയിട്ടും ആ നായ്ക്കുട്ടികളെ ഉപേക്ഷിച്ചതിന്‍െറ സങ്കടം മാറിയിരുന്നില്ല. പിറ്റേ ദിവസം അയാള്‍ മണിക്കൂറുകളോളം യാത്ര ചെയ്ത് അവിടെയത്തെി. അവരുടെ അടുത്തിരുന്നു, ഭക്ഷണം കൊടുത്തു. അയാളുടെ പ്രവൃത്തിയില്‍ വേറെ ചിലരും കൂടെ കൂടി. ആ കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ ഒരു കുഞ്ഞുകൂട് നിര്‍മിക്കപ്പെട്ടു. അതില്‍ വിരിക്കാന്‍ അയാള്‍ നല്ലയിനം ഒരു കമ്പിളിപ്പുതപ്പു വാങ്ങിവന്നു. ഇടക്കൊക്കെ കുഞ്ഞുങ്ങളെ കാണാനായി മാത്രം അയാള്‍ മണിക്കൂറുകളോളം യാത്രചെയ്തു. ഒരു ദിവസം ചെന്നപ്പോള്‍ രണ്ടെണ്ണത്തിനെ കാണാനില്ല. തണുപ്പില്‍  മരിച്ചു പോയതാണെന്ന് കാവല്‍ക്കാരന്‍െറ മറുപടി. അയാള്‍ സങ്കടം പുറത്തു കാണിക്കാതെ ബാക്കിയുള്ളവക്ക് ഭക്ഷണവും പാലും കൊടുത്തു. പിന്നീട് ചെന്നപ്പോള്‍  മൂന്നെണ്ണത്തിനെ കൂടി കാണാനില്ല. അതും മരിച്ചിരിക്കുന്നു. ഇരുപത്തെട്ടാം ദിവസം അയാള്‍ ചെന്നപ്പോള്‍ കൂടു മാത്രം ബാക്കി. കാവല്‍ക്കാരന്‍ പറഞ്ഞു, ‘തണുപ്പ് കാരണം എല്ലാം മരിച്ചുപോയി. നമ്മള്‍ എങ്ങനെ നോക്കിയാലും അമ്മയുടെ ചൂട് കിട്ടിയില്ളെങ്കില്‍ മരിച്ചുപോകും.’ അയാള്‍  ഒന്ന് ചിരിച്ചു പതിയെ നടന്ന് അവിടെയെല്ലാം നോക്കി. ഇനിയെങ്ങാനും ഇവിടെ പതുങ്ങി ഇരിക്കുന്നുണ്ടെങ്കിലോ. ഇല്ല... ആരുമില്ല... 
അയാള്‍ ഓര്‍മകളില്‍ നിന്നുണര്‍
ന്നു. എല്ലാവരും പോയിരിക്കുന്നു. ദേവാലയത്തില്‍ ആളുകള്‍ കുറഞ്ഞുവന്നു. അയാള്‍ എഴുന്നേറ്റു, കൂടെ നായയും. അവര്‍ നടന്നു, പതിവ് വഴികളിലൂടെ. അപ്പോഴും അവര്‍ മൗനത്തിലായിരുന്നു. രണ്ടാളും പിരിയുന്ന നേരം അയാളൊന്നു നോക്കി, നായും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story