മുടിയേറ്റിന്‍െറ പെണ്‍മുഖം
text_fieldsതെക്കന്‍ കേരളത്തിലെ പ്രധാന അനുഷ്ഠാന കലയായ മുടിയേറ്റില്‍ സാധാരണ കാളിയുടെ വേഷമണിയുന്നത് പുരുഷന്മാരാണ്. കേരളത്തില്‍ ആദ്യമായി മുടിയേറ്റില്‍
കാളിക്ക് പെണ്‍മുഖം’ നല്‍കിയത് ബിന്ദുവാണ്.
വേദനയും മുറിവുകളുമായി മുന്നിലത്തെുന്നവര്‍ക്ക് ആശ്വാസത്തിന്‍െറ പുഞ്ചിരിയും ശുശ്രൂഷയും നല്‍കുന്ന വെളുത്തകോട്ടിട്ട മാലാഖയായിരുന്നു മുന്‍കാലത്തെ ബിന്ദു നാരായണമാരാര്‍. പക്ഷേ, കാലവും നിയോഗവും കറങ്ങിത്തിരിഞ്ഞത്തെിയപ്പോള്‍ രൗദ്രഭാവത്തിന്‍െറ മൂര്‍ത്തീരൂപമായി, കടുംചായങ്ങള്‍ മുഖത്തണിഞ്ഞ്, ചുവന്ന പട്ടില്‍ ആടിയും ചുവടുവെച്ചും കാളി ദേവിയായി. ദാരികന്‍െറ ശിരച്ഛേദമാണ് ആട്ടമെങ്കിലും ബിന്ദുവിലെ കാളി കത്തിവെച്ചത് പുരുഷാധിപത്യത്തിന്‍െറ കടയ്ക്കലാണ്. അവിടെ ശിരസറ്റുവീണത് കാളിവേഷം കെട്ടാറുള്ള ‘ദാരിക’ന്മാരും. പിന്നീടങ്ങോട്ട് അരങ്ങിലും ജീവിതത്തിലും കാളി വേഷമായിരുന്നു. അപവാദ പ്രചാരണങ്ങള്‍ നിലനില്‍പിനുള്ള ഊര്‍ജമാക്കിയ ബിന്ദു പിന്നീട് പിറവം പാഴൂര്‍ നാരായണ മാരാര്‍ സ്മാരക ഗുരുകുലത്തിന്‍െറ അമരക്കാരിയായി.
തെക്കന്‍ കേരളത്തിലെ പ്രധാന അനുഷ്ഠാന കലയായ മുടിയേറ്റില്‍ സാധാരണ കാളിയുടെ വേഷമണിയാറ് പുരുഷന്മാരാണ്. എന്നാല്‍ കേരളത്തില്‍ ആദ്യമായി മുടിയേറ്റില്‍ കാളിക്ക് ‘പെണ്‍മുഖം’ നല്‍കിയത് ബിന്ദുവാണ്. കഴിഞ്ഞ നവംബര്‍ 18ന് എറണാകുളം തേവര സേക്രട്ട്സ് ഹാര്‍ട്ട് കോളജില്‍ നടന്ന ‘ജനറലി സ്പീക്കിങ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ബിന്ദു ആദ്യമായി കാളിവേഷം കെട്ടി ചരിത്രത്തിന്‍െറ ഭാഗമായത്.
പോരാട്ടങ്ങളുടെ തുടക്കം
കേരളത്തിലെ അറിയപ്പെടുന്ന മുടിയേറ്റ് സംഘമായ പാഴൂര്‍ ദാമോദരമാരാരുടെ മരുമകളും അറിയപ്പെടുന്ന വാദ്യകലാകാരനും സോപാനസംഗീതജ്ഞനുമായ പാഴൂര്‍ നാരായണമാരാരുടെ ഭാര്യയുമായി കടന്നുവന്നതാണ് തുടക്കം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ബിന്ദു ചെറുപ്പത്തില്‍ മുടിയേറ്റ് കണ്ടതല്ലാതെ അതിനോട് കൂടുതലായൊന്നും അടുക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ, വേണ്ടപ്പെട്ടവരെയെല്ലാം കാലം തിരിച്ചുവിളിച്ചപ്പോള്‍ മരുമകളായി കയറിവന്ന കുടുംബത്തിന്‍െറ കലാപാരമ്പര്യം നശിക്കാതിരിക്കാന്‍ മുന്നിട്ടിറങ്ങേണ്ടി വന്നു.
‘2012ലാണ് ഭര്‍ത്താവ് അര്‍ബുദം ബാധിച്ച് മരിക്കുന്നത്. കലക്കുവേണ്ടി ജീവിതം അര്‍പ്പിച്ച ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ എല്ലാവരും മറന്നുതുടങ്ങിയപ്പോള്‍ മനസ്സിന് വിഷമം തോന്നി. ഞാന്‍ എന്തെങ്കിലും ചെയ്തില്ളെങ്കില്‍ ഇവര്‍ ജീവിച്ചു എന്നതിന് ഒരു തെളിവുണ്ടാകില്ല. സ്വന്തക്കാരും ബന്ധുക്കളുമെല്ലാം അദ്ദേഹത്തിന്‍െറ മുടിയേറ്റ് സാധനങ്ങളും മറ്റും അവകാശം പറഞ്ഞ് കൊണ്ടുപോയി. മാത്രവുമല്ല, മുടിയേറ്റ് സംഘത്തിന്‍െറ പേരുപോലും മാറ്റി. പാഴൂര്‍ ദാമോദര മാരാര്‍ ആന്‍ഡ് നാരായണമാരാര്‍ സ്മാരക ഗുരുകുലത്തിന്‍െറ പേര് ആരും മറക്കാതിരിക്കാന്‍വേണ്ടിയാണ് 2013 മുതല്‍ ഗുരുകുലത്തിന്‍െറ പേരില്‍ കലാകാരന്മാര്‍ക്ക് അവാര്‍ഡ് കൊടുത്തത്. പിന്നീട് എല്ലാവര്‍ഷവും അതു തുടര്‍ന്നു. എങ്കിലും മുടിയേറ്റ് സംഘം ഇല്ലാതായിപ്പോകുന്ന വേദന ഉള്ളില്‍ കിടന്നു. 2013ല്‍ തന്നെ മറ്റൊരു സംഘവുമായി ചേര്‍ന്ന് മുടിയേറ്റ് നടത്തിയിരുന്നു. അതിന്‍െറ അടുത്ത വര്‍ഷം തന്നെ കലാകാരന്മാരെ സംഘടിപ്പിച്ച് സ്വന്തമായി ട്രൂപ്പുണ്ടാക്കി- ബിന്ദു പറയുന്നു.
നടത്തിപ്പും പരിശീലനവും
അങ്കമാലി നായത്തോടാണ് ബിന്ദുവിന്‍െറ സ്വന്തം വീട്. ചെറുപ്പത്തില്‍ മൂന്നോ നാലോ തവണ മുടിയേറ്റ് കണ്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞത്തെിയിട്ടും മൂന്നു തവണയേ മുടിയേറ്റ് കണ്ടിട്ടുള്ളൂ. എന്നാല്‍, ഒഴിവുസമയങ്ങളില്‍ ഭര്‍ത്താവിന്‍െറ അച്ഛന്‍ വിളിച്ചിരുത്തി കഥകളും മുടിയേറ്റിന്‍െറ മറ്റു കാര്യങ്ങളെക്കുറിച്ചൊക്കെ പറയുമായിരുന്നു. കൂടാതെ, മുടിയേറ്റിന്‍െറ ഓരോ ചുവടുകളടക്കമുള്ളവയെപറ്റി അദ്ദേഹം കൃത്യമായി എഴുതിവെച്ചിരുന്നു. അതായിരുന്നു ഏറ്റവും വലിയ റഫറന്‍സ് ഗ്രന്ഥം.
സ്വന്തമായി കലാകാരന്മാരെ ലഭിച്ചപ്പോള്‍ അവരെ പരിശീലിപ്പിച്ചു. മകന്‍ വിഷ്ണുവിന്‍െറ കൂട്ടുകാരായിരുന്നു ഇവരില്‍ കൂടുതലും. വിഷ്ണുവാണ് ട്രൂപ്പില്‍ കൊട്ടും മറ്റു കാര്യങ്ങളും നോക്കുന്നത്. 14 പേരാണ് ട്രൂപ്പിലുള്ളത്. ഏഴുമേളക്കാരും ഏഴുദേശക്കാരും. എല്ലാവരും വേഗത്തില്‍ ചുവടുകളും മറ്റും പഠിച്ചെടുത്തു. സംശയം വന്നപ്പോഴൊക്കെ മുതിര്‍ന്ന മുടിയേറ്റ് കലാകാരന്മാരോടും മറ്റും ചോദിച്ചു മനസ്സിലാക്കി. ആദ്യത്തെ അരങ്ങേറ്റം ഏഴൂര്‍ ഏഴിമന അമ്പലത്തിലായിരുന്നു. അന്ന് നടന്നത് അരങ്ങേറ്റമായിരുന്നു എന്ന് കാണികളില്‍ പലരും വിശ്വസിച്ചില്ല. ഒരു സ്ത്രീ മുടിയേറ്റ് സംഘം നടത്തുന്നു എന്നതുതന്നെ പലര്‍ക്കും അതൃപ്തിയുണ്ടാക്കി. വാദ്യകല എപ്പോഴും ആണുങ്ങളുടെ കലയെന്നാണ് പറയപ്പെടുന്നത്. സ്ത്രീകള്‍ക്കൊന്നും അതില്‍ ഒരു പങ്കുമുണ്ടാകാറില്ല. അതുകൊണ്ടൊക്കെയാവണം, പല അപവാദങ്ങളും ആളുകള്‍ പറഞ്ഞുപരത്തി. എന്നാല്‍, അതെല്ലാം തനിക്ക് ഊര്‍ജമായിരുന്നെന്ന് ബിന്ദു പറയുന്നു. കൂടുതല്‍ നന്നാക്കാനും ആരെക്കൊണ്ടും മോശം പറയിപ്പിക്കാത്ത മുടിയേറ്റ് സംഘമായി വളരാനും അത് പ്രചോദനമായി. മുടിയേറ്റ് നടത്തുന്ന അമ്പലങ്ങളില്‍ നിന്നെല്ലാമുള്ള അഭിനന്ദനങ്ങള്‍ ഏറ്റെടുത്ത ദൗത്യം പരാജയപ്പെട്ടില്ല എന്നതിന് വലിയ തെളിവാണെന്ന് ബിന്ദു വിശ്വസിക്കുന്നു.
കാളിയാകുന്നു
ട്രൂപ്പിലെ മുഴുവന്‍ പേരെയും പരിശീലിപ്പിക്കുകയും എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും കാളിയായി വേഷമിടുക എന്നത് ഉള്ളിന്‍െറ ഉള്ളില്‍ ആരുമറിയാതെ സൂക്ഷിച്ച ആഗ്രഹമായിരുന്നു. അമ്പലങ്ങളില്‍ മുടിയേറ്റ് നടത്തുമ്പോള്‍ സാധാരണ സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റില്ല. കടുത്ത ചിട്ടകളും കാര്യങ്ങളുമൊക്കെ ഇതിന് ആവശ്യമാണ്. അമ്പലത്തിലല്ളെ്ളങ്കിലും മുഖത്ത് കാളിയുടെ ചുട്ടി കുത്തി ഒരു ഫോട്ടോയെടുത്ത് ഫ്രെയിം ചെയ്ത് വെക്കണമെന്ന് തമാശയായി പറയാറുണ്ട്.
അതിനിടയിലാണ് തേവര കോളജില്‍ നിന്ന് മുടിയേറ്റിനായി വിളിക്കുന്നു. ‘അവര്‍ ഞാന്‍ കാളിയുടെ വേഷം ചെയ്യും എന്ന നിലയിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, പരിപാടിയുടെ തലേദിവസമാണ് ഞാനാണ് കാളിയുടെ വേഷം ചെയ്യേണ്ടത് എന്ന് അറിയുന്നത്. ആദ്യം ഉറപ്പ് നല്‍കിയില്ല. പിന്നെ ഗുരുതുല്യരായ ആളുകളോട് അഭിപ്രായം ചോദിച്ചു.

ഒരു സ്ത്രീ കാളിവേഷം കെട്ടിയാല്‍ എന്തുസംഭവിക്കും എന്ന് ബിന്ദു കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് അവരെനിക്ക് ധൈര്യവും പിന്തുണയും നല്‍കി. കേരളത്തില്‍ ഇതുവരെ സ്ത്രീ കാളിയുടെ വേഷം കെട്ടിയിട്ടില്ല. പ്ളാവിന്‍െറ തടികൊണ്ടുണ്ടാക്കിയ ഒമ്പതു കിലോയിലധികം ഭാരം വരുന്ന വലിയ മുടി( കിരീടം) തലയില്‍ ആദ്യമായി കെട്ടിയപ്പോള്‍ വേച്ചുപോയി. ഇരുന്നു കെട്ടിയപ്പോള്‍ നില്‍ക്കാന്‍പോലും പറ്റുന്നില്ലായിരുന്നു. പക്ഷേ, അരങ്ങിലത്തെിയപ്പോള്‍ അതെല്ലാം മറന്നു. എല്ലാം കഴിഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ചലച്ചിത്ര നടി റിമ കല്ലിങ്കലടക്കം ഒരുപാട് പേര്‍ അഭിന്ദനവുമായി എത്തി. സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നറിയില്ല. ഈ ജന്മത്തിന്‍െറ സാഫല്യമായാണ് അതിനെ കാണുന്നത്. ഇപ്പോള്‍ പൂര്‍ണമായ ആത്മധൈര്യം വന്നു. അപ്പോഴും ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍, അന്നത്തെ പരിപാടിയുടെ വാര്‍ത്തയും മറ്റും പത്രങ്ങളിലൂടെ കണ്ട് ആദ്യം എതിര്‍പ്പുകാണിച്ച ചിലര്‍ വിളിച്ചു. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷവും അംഗീകാരവും. കോളജിലെ പരിപാടി കണ്ടതിനുശേഷം ഗുജറാത്തില്‍നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. കുറെപേര്‍ അല്ലാതെയും അന്വേഷിച്ചിട്ടുണ്ട്- ബിന്ദു പറയുന്നു.
സ്വപ്നങ്ങള്‍ ഇനിയുമുണ്ട്...
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയെങ്കിലും മുടിയേറ്റ് എന്ന കലാരൂപത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സ്കൂളുകളിലടക്കം മുടിയേറ്റിനെക്കുറിച്ച് പഠിക്കാനുണ്ട്. ചില സ്കൂളുകളില്‍ മുടിയേറ്റ് നടത്താന്‍ വിളിക്കാറുണ്ട്. പക്ഷേ, അധ്യാപകര്‍ക്കൊന്നും ഇതിനെക്കുറിച്ചറിയില്ല. ആധികാരികമായി പറയുന്ന പുസ്തകങ്ങളുമില്ല. മുടിയേറ്റിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി ബിന്ദു സി.ഡി തയാറാക്കിയത് അതുകൊണ്ടാണ്. ഇതിനകം പല സ്കൂളുകളിലും സി.ഡി നല്‍കിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇത് നല്‍കണമെന്നുണ്ട്.
അച്ഛന്‍ ദാമോദരമാരാര്‍ മുടിയേറ്റിനെക്കുറിച്ച് എഴുതിയതെല്ലാം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്നതാണ് മറ്റൊരു മോഹം.
എന്നാല്‍, മുടിയേറ്റിനെക്കുറിച്ചും സോപാന സംഗീതത്തെക്കുറിച്ചും പഠിക്കാനും പഠിപ്പിക്കാനും മാത്രമായി മ്യൂസിയവും ലൈബ്രറിയും ആര്‍ട്ട് ഗാലറിയും നിര്‍മിക്കണം എന്നതാണ് തന്‍െറ ഏറ്റവും വലിയ സ്വപ്നമെന്ന് ബിന്ദു പറയുന്നു. മുടിയേറ്റ് ഉള്‍പ്പെടുന്ന ഒരു സിനിമ ചെയ്യാനും ബിന്ദുവിന് പദ്ധതിയുണ്ട്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് സന്തോഷും മക്കളായ വിഷ്ണുവും കൃഷ്ണപ്രിയയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
