Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഭരണഘടനയുടെ കാലാള്‍...

ഭരണഘടനയുടെ കാലാള്‍ പോരാളി

text_fields
bookmark_border
ഭരണഘടനയുടെ കാലാള്‍ പോരാളി
cancel

നിയമം അതിന്‍െറ അര്‍ഥത്തിലും വ്യാപ്തിയിലും, കുറ്റം ചെയ്തവരുടെ മുഖം നോക്കാതെ പ്രയോഗിക്കപ്പെട്ടിരുന്നുവെങ്കില്‍ വംശഹത്യകളായിമാറിയ കലാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നില്ല. 1984ലെ ഡല്‍ഹി കലാപാനന്തരം രാഷ്ട്രീയക്കാരും പൊലീസുകാരുമുള്‍പ്പെടെ കുറ്റം ചെയ്തവര്‍ക്കെതിരെ ആത്മാര്‍ഥമായി നിയമനടപടികള്‍ കൈക്കൊള്ളുകയും നീതി നടപ്പാക്കുകയും ചെയ്തിരുന്നുവെങ്കില്‍ 1992ലെ മുംബൈ കലാപവും 2002ലെ ഗുജറാത്ത് വംശഹത്യയും സംഭവിക്കുമായിരുന്നില്ല. ഇനി ഇത് ആവര്‍ത്തിച്ചുകൂടെന്ന തിരിച്ചറിവിലാണ് ടീസ്റ്റ സെറ്റല്‍വാദ് എന്ന ‘ഭരണഘടനയുടെ കാലാള്‍ പോരാളി’ രൂപപ്പെടുന്നത്. 
2002നു ശേഷം ടീസ്റ്റയുടെ ജീവിതം കലാപകാരികള്‍ക്ക് എതിരെയുള്ള നിയമസാധ്യതകളില്‍ മുഴുകിയതായിരുന്നു. എതിരാളികള്‍ എത്ര ശക്തരായാലും ഭരണഘടനയും നിയമ വ്യവസ്ഥയും നല്‍കുന്ന ചങ്കുറപ്പിലാണ് അവര്‍ കലാപങ്ങളിലെ ഇരകള്‍ക്ക് താങ്ങായി മാറിയത്. കേസുകളില്‍ കുടുക്കി ഭരണകൂടം ചവിട്ടിയരക്കുമ്പോഴും നിയമംകൊണ്ട് സ്വയം പ്രതിരോധം തീര്‍ക്കുകയും കലാപ കേസുകളിലെ നടപടികള്‍ മുറതെറ്റാതെ നടത്തുകയും ചെയ്യുന്നതിനിടെ തന്‍െറ ജീവിതം പകര്‍ത്തി എഴുതുകയും ചെയ്തിരിക്കുന്നു ടീസ്റ്റ. അവരുടെ ആത്മകഥ ‘ഫൂട്ട് സോള്‍ജിയര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റ്യൂഷന്‍: എ മെമോയര്‍’ (Foot Soldier of the Constitution: A Memoir ) വായനക്കാരിലേക്ക് എത്തിത്തുടങ്ങി.  
പത്രപ്രവര്‍ത്തകയായിരുന്നു ഇന്ത്യയുടെ ആദ്യ അറ്റോണി ജനറലായ ചിമന്‍ലാല്‍ സെറ്റല്‍വാദിന്‍െറ പേരക്കുട്ടി ടീസ്റ്റ സെറ്റല്‍വാദ്. 84ലെ ഭീവണ്ടി, 92ലെ മുംബൈ കലാപങ്ങളില്‍ കണ്ട ഹൃദയഭേദകമായ കാഴ്ചകളും കേട്ട നിലവിളികളും അവരുടെ ഉറക്കംകെടുത്തി. ആ വേദനകള്‍ മുഖ്യധാരാ പത്രങ്ങളിലെ താളുകളില്‍ നിശ്ചിതാക്ഷരങ്ങളില്‍ ഒതുങ്ങുന്ന കുറിപ്പായി വന്നാല്‍പോരെന്ന് ടീസ്റ്റ തിരിച്ചറിയുകയായിരുന്നു. കലാപങ്ങളുടെ പിന്നാമ്പുറ അന്വേഷണം മുസ്ലിം വിരോധത്തിന്‍െറ ആഴമായിരുന്നു കാട്ടിത്തന്നതെന്ന് അവര്‍ ഓര്‍ക്കുന്നു. കലാപങ്ങളുമായി ബന്ധപ്പെട്ട പൂര്‍ണ അന്വേഷണത്തിന് ഇടം നല്‍കാതെ ‘സെന്‍സേഷനല്‍’ കണ്ണുമായിരിക്കുന്ന മുഖ്യധാരാ പത്രങ്ങള്‍ വിട്ടിറങ്ങിയ അവര്‍ ഭര്‍ത്താവ് ജാവേദ് ആനന്ദുമായി ചേര്‍ന്ന് ‘കമ്യൂണലിസം കോംപാക്ട്’ തുടങ്ങുകയും പിന്നീട് സബ്രംഗ് ട്രസ്റ്റിന് രൂപം നല്‍കുകയും ചെയ്തു. 
കലാപങ്ങളും ഭരണകൂടത്തിന്‍െറയും പൊലീസിന്‍െറയും മുസ്ലിം വിരുദ്ധ മനോഭാവവും മുന്‍ധാരണകളും തുറന്നുകാട്ടുകയായിരുന്നു ടീസ്റ്റ. മുംബൈ കലാപവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുക്കിയപ്പോള്‍ അത് പ്രസിദ്ധീകരിച്ച് കോടതികള്‍ക്കും മറ്റും മുമ്പിലത്തെി വിതരണം ചെയ്യാനും ജ്യേതി പുന്‍വാനി അടക്കമുള്ളവര്‍ക്കൊപ്പം ടീസ്റ്റ മുന്നിലുണ്ടായിരുന്നു. 2002ല്‍ ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഒതുങ്ങിയാല്‍ മാത്രം പോരെന്ന് തന്നില്‍ ബോധമുണ്ടാകുന്നതെന്ന് ടീസ്റ്റ കുറിക്കുന്നു. അന്ന് തീര്‍ത്തും ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു. അഞ്ചു തവണ നേരിട്ട് ആക്രമിക്കപ്പെട്ടു. ഉള്‍ഗ്രാമങ്ങളില്‍ വിട്ട് വാടക കാറുകള്‍ മടങ്ങിപ്പോയ സംഭവങ്ങള്‍ വേറെയും. വീട്ടുകാരിലും സുഹൃത്തുക്കളിലും തന്നെ കുറിച്ച ആശങ്കകളായിരുന്നു അന്ന്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പങ്കജ് ശങ്കറുടെ ഡോക്യുമെന്‍ററി ‘നെയിം ഓഫ് ഫെയ്ത്ത്’ ന്‍െറ കട്ടുകളില്ലാത്ത പകര്‍പ്പ് കണ്ട് കണ്ണുനിറഞ്ഞ അനുഭവം. അങ്ങനെയാണ് സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പിറക്കുന്നത്. 
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 68ഓളം കേസുകളില്‍ കോടതി നടപടികള്‍ വീക്ഷിച്ചും ഇരകള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കിയും ഹരജികള്‍ സമര്‍പ്പിച്ചും നിരന്തരം ഇടപെട്ടു. ഭരണകൂട ഇടപെടലിനെ ചെറുത്ത് മുന്‍ ഗുജറാത്ത് മന്ത്രി മായ കൊട്നാനി അടക്കം 150ഓളം പേര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ടീസ്റ്റക്കും സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിനും കഴിഞ്ഞു. ഇതില്‍ 124 പേര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. 14ഓളം പേരെ ജീവനോടെ അഗ്നിക്കിരയാക്കിയ ബെസ്റ്റ് ബേക്കറി കേസ് ഗുജറാത്തിന് പുറത്ത് വിചാരണക്ക് നടത്തിക്കാനും പ്രധാന സാക്ഷികള്‍ കൂറുമാറിയിട്ടും കേസ് അതിന്‍െറ പര്യവസാനത്തില്‍ എത്തിക്കാനും അവര്‍ക്ക് കഴിഞ്ഞു. പ്രധാന സാക്ഷിയും ബേക്കറി ഉടമയുടെ മകളുമായ സാഹിറ ശൈഖിനെ പാട്ടിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ടീസ്റ്റയുടെ ചെറുത്തുനില്‍പ്പില്‍ പരാജയപ്പെട്ടത്. 
ഗുജറാത്തില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള പുറപ്പാടിനിടെ 2002ലെ ഗുജറാത്ത് കലാപം ഓര്‍മകളില്‍നിന്ന് മായ്ച്ചുകളയാനുള്ള അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്കുള്ള ഏക ഭീഷണി ടീസ്റ്റ എന്ന പെണ്ണായിരുന്നു. കോടതികളില്‍ ടീസ്റ്റ ഉണര്‍ന്നിരുന്നു. മുസ്ലിംകളെ ആക്രമിച്ച് വൈരം തീര്‍ക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കി എന്ന വാദം ഓര്‍മ പുസ്തകത്തിലും ടീസ്റ്റ ആവര്‍ത്തിക്കുന്നു. കൊല്ലപ്പെട്ട ഗുജറാത്ത് മന്ത്രി ഹിരണ്‍ പാണ്ഡ്യ കമീഷനു മുമ്പാകെ നല്‍കിയ മൊഴിയുടെ ബലത്തിലാണിത്. കലാപത്തിന്‍െറ ഭരണകൂട ഗൂഢാലോചനയും പങ്കും അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നീതി പുലര്‍ത്തിയില്ളെന്ന നിരാശയും അവര്‍ പങ്കുവെക്കുന്നു. സര്‍ക്കാറിനോടും ഇരകളോടും സമദൂരം പാലിക്കേണ്ട അന്വേഷണ സംഘം സര്‍ക്കാറില്‍നിന്ന് അകന്നുനിന്നില്ളെന്ന് അവര്‍ പരിതപിക്കുന്നു. 
ട്രസ്റ്റുകള്‍ കൈപ്പറ്റിയ വിദേശ പണത്തിന്‍െറയും ഗുല്‍ബര്‍ഗ് സൊസൈറ്റി മാറ്റിപ്പണിയാന്‍ സ്വരൂപിച്ച ഫണ്ടിന്‍െറയും പേരില്‍ അന്വേഷണങ്ങള്‍ നേരിടുകയാണ് ടീസ്റ്റ. 2014ലെ കേന്ദ്ര ഭരണമാറ്റത്തോടെ ഗുജറാത്ത് ക്രൈംബ്രാഞ്ചില്‍ നിന്ന് കേസുകള്‍ കേന്ദ്ര ഏജന്‍സികളിലേക്ക് മാറ്റപ്പെട്ടു. ഗുജറാത്ത് കലാപ കേസുകളും തനിക്കെതിരെയുള്ള കേസുകളുമായി ഗുജറാത്തിനും ഡല്‍ഹിക്കും മുംബൈക്കും ഇടയിലെ നെട്ടോട്ടമാണിന്ന് ടീസ്റ്റയുടെ ജീവിതം. അതിനിടയിലാണ് ആത്മകഥ പൂര്‍ത്തിയാക്കിയത്. തനിക്ക് എതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പകപോക്കല്‍മാത്രമാണെന്ന് ടീസ്റ്റ പറയുന്നു. കുടുംബ വിവരണത്തിനും മുത്തച്ഛന്‍െറ നിയമജ്ഞാനത്തിനും ഗുജറാത്തി പ്രാദേശികതയില്‍നിന്ന് മഹാനഗരത്തിന്‍െറ വൈവിധ്യത്തിലേക്കുള്ള ജീവിത വളര്‍ച്ചക്കും ടീസ്റ്റ ഓര്‍മപുസ്തകത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ വിധവയും നിയമപോരാട്ടത്തില്‍ തനിക്കൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്ത സാക്കിയ ജാഫരിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ആത്മകഥ. ഇതുപോലെ ഏറെ പേരുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുപോകുന്നെന്ന പുസ്തകത്തിലെ റൊമീല ഥാപ്പറുടെ വാക്കും ശ്രദ്ധേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story