Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാറ്റ്മാൻ ഇനി ജെയിംസ് ബോണ്ട്! പുതിയ 007 ആയി റോബർട്ട് പാറ്റിൻസൺ

text_fields
bookmark_border
Robert Partinson
cancel
camera_alt

റോബർട്ട് പാറ്റിൻസൺ

ലോസ് ഏഞ്ചൽസ്: സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനത്തിന് വിരാമമിട്ടുകൊണ്ട് ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടായി എത്തുന്നു. ഡാനിയൽ ക്രെയ്ഗിന്റെ പിൻഗാമിയായാണ് നാൽപ്പതുകാരനായ പാറ്റിൻസൺ പ്രശസ്തമായ '007' ഏജന്റിന്റെ വേഷത്തിലേക്ക് എത്തുന്നത്. ഇതോടെ ഔദ്യോഗിക ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നായകനാകുന്ന ഏഴാമത്തെ നടനെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' (2026) എന്ന ചിത്രത്തിലാണ് പാറ്റിൻസൺ അവസാനമായി അഭിനയിച്ചത്. മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന 'ദി ബാറ്റ്മാൻ 2' (2028) ആണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം.

തിങ്കളാഴ്ച ജെയിംസ് ബോണ്ടിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്. ജി.എം.ടി സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തൊട്ടുമുമ്പായി എക്‌സിലെയും ഇൻസ്റ്റാഗ്രാമിലെയും പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാവുകയും, പകരം 'ഐഡന്റിറ്റി കൺഫേംഡ്'എന്ന സന്ദേശം പ്രത്യക്ഷപ്പെടുകയുമായിരുന്നു.

പിന്നാലെ, ബോണ്ടിന്റെ തനത് ശൈലിയിലുള്ള ടക്‌സീഡോ അണിഞ്ഞുനിൽക്കുന്ന റോബർട്ട് പാറ്റിൻസന്റെ ഫസ്റ്റ് ലുക്ക് ചിത്രം ആമസോൺ-എം.ജി.എം സ്റ്റുഡിയോസ് പുറത്തുവിട്ടു. സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്നിന്റെ പുതുയുഗത്തിനാണ് ഈ കാസ്റ്റിങ്ങിലൂടെ തുടക്കമാകുന്നതെന്നും സ്റ്റുഡിയോ വ്യക്തമാക്കി. 007 ആയി തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്നും പാറ്റിൻസൺ പ്രതികരിച്ചു.

ജോഷ് ഒകോണർ, കാലം ടർണർ, ജാക്ക് ലോഡൻ, നിക്കോളാസ് ഹോൾട്ട് എന്നിവരടങ്ങിയ അഞ്ചംഗ ചുരുക്കപ്പട്ടികയിൽ നിന്നാണ് നീണ്ട തിരച്ചിലിനൊടുവിൽ പാറ്റിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്. ആകർഷകമായ കരാർ വ്യവസ്ഥകൾ താരത്തിന് മുന്നോട്ടുവെച്ചതായി കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ബോണ്ട് പരമ്പരയിലെ 26-ാമത് ഔദ്യോഗിക ചിത്രത്തിലാണ് പാറ്റിൻസൺ നായകനാകുന്നത്. 2021ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' എന്ന ചിത്രത്തോടെ അഞ്ച് സിനിമകൾ നീണ്ട തന്റെ ബോണ്ട് കാലഘട്ടത്തിന് വിരാമമിട്ട ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായാണ് പാറ്റിൻസന്റെ വരവ്. ക്രെയ്ഗ് നായകനായ 'സ്കൈഫാൾ' (2012) ആഗോള ബോക്‌സ് ഓഫീസിൽ 1.1 ബില്യൺ ഡോളറാണ് വാരിക്കൂട്ടിയത്.

2025ൽ ബാർബറ ബ്രോക്കോളി, മൈക്കൽ ജി വിൽസൺ എന്നിവരിൽ നിന്ന് ഒരു ബില്യൺ ഡോളറിലധികം നൽകി ആമസോൺ-എം.ജി.എം സ്റ്റുഡിയോസ് ഫ്രാഞ്ചൈസിയുടെ പൂർണ്ണ അവകാശവും നിയന്ത്രണവും ഏറ്റെടുത്ത ശേഷമുള്ള ആദ്യ ബോണ്ട് ചിത്രമാണിത്. ഡേവിഡ് ഹെയ്മാൻ, ആമി പാസ്കൽ എന്നിവർ നിർമിക്കുന്ന ഈ റീബൂട്ട് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ഡെനിസ് വില്ലെന്യൂവ് ('ഡ്യൂൺ' ഫെയിം) ആണ്. 'പീക്കി ബ്ലൈൻഡേഴ്സ്' സ്രഷ്ടാവ് സ്റ്റീവൻ നൈറ്റാണ് തിരക്കഥയൊരുക്കുന്നത്.

പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പ് 'ടൈം' മാസികക്ക് നൽകിയ അഭിമുഖത്തിൽ ഡെനിസ് വില്ലെന്യൂവ് കാസ്റ്റിങ്ങിനെക്കുറിച്ചുള്ള വെല്ലുവിളികൾ പങ്കുവെച്ചിരുന്നു. ‘നമ്മൾ എന്ത് ചെയ്താലും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. ഡാനിയൽ ക്രെയ്ഗിനെ തിരഞ്ഞെടുത്തപ്പോൾ വലിയ വിമർശനങ്ങളുണ്ടായിരുന്നു. അദ്ദേഹം സ്വർണ്ണത്തലമുടിയുള്ളയാളാണെന്നും, ഉയരം കുറവാണെന്നും, ഒരു ആക്ഷൻ ഹീറോ അല്ലെന്നും പലരും പറഞ്ഞു. എന്നാൽ ഇന്ന് ജെയിംസ് ബോണ്ടിനെക്കുറിച്ച് സംസാരിക്കുമ്പോൾ ക്രെയ്ഗിന്റെ അസാധാരണ പ്രകടനമാണ് ഓർമവരുന്നത്.

2006ൽ സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്തായിരുന്നു അത്. ഇന്ന് ഞങ്ങളുടെ തീരുമാനം ലോകത്തിന് മുന്നിൽ വെക്കുമ്പോൾ വലിയൊരു കൊടുങ്കാറ്റ് തന്നെ പ്രതീക്ഷിക്കുന്നുണ്ട്. ചിലർ സന്തോഷിക്കും, ചിലർ ദേഷ്യപ്പെടും. ഒടുവിൽ സ്ക്രീനിൽ കാണുന്നതാണ് സത്യം’ വില്ലെന്യൂവ് പറഞ്ഞു. 007ന്റെ കാലാതീതമായ ആത്മാവും തികച്ചും പുതിയൊരു ഊർജ്ജവും പാറ്റിൻസണിലുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വമ്പൻ സ്റ്റുഡിയോ ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേടിയ സ്വതന്ത്ര സിനിമകളിലും പാറ്റിൻസൺ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'ഹാരി പോട്ടർ ആൻഡ് ദി ഗോബ്ലറ്റ് ഓഫ് ഫയർ' (2005), 'ട്വിലൈറ്റ്' സീരീസ് എന്നിവയിലൂടെ ശ്രദ്ധേയനായ താരം പിന്നീട് ഡേവിഡ് ക്രോണൻബെർഗ്, റോബർട്ട് എഗ്ഗേഴ്സ്, ലിൻ റാംസെ തുടങ്ങിയ പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 'ദി ബാറ്റ്മാൻ' (2022) എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1962ൽ പുറത്തിറങ്ങിയ 'ഡോ. നോ' എന്ന ചിത്രത്തിലൂടെ സീൻ കോണറി തുടങ്ങിവെച്ച ജെയിംസ് ബോണ്ട് നിരയിലേക്കാണ് പാറ്റിൻസൺ എത്തുന്നത്. ജോർജ്ജ് ലാസൻബി, റോജർ മൂർ, തിമോത്തി ഡാൽട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് എന്നിവരാണ് മുൻപ് ഈ വേഷം അനശ്വരമാക്കിയവർ. ആഗോള ബോക്‌സ് ഓഫീസിൽ ഇതുവരെ 7.8 ബില്യൺ ഡോളർ കലക്ഷൻ നേടിയ ജെയിംസ് ബോണ്ട്, ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ചാമത്തെ ചലച്ചിത്ര പരമ്പരയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Robert Pattinson announced as the new James Bond
Next Story