അകക്കണ്ണിന്റെ ദീപ്തിയിൽ അഭിമാനത്തോടെ ഇവർ
text_fieldsസാക്ഷരത മിഷന്റെ അംഗീകാരം ഏറ്റുവാങ്ങിയ കാഴ്ച പരിമിതരായ അബ്ദുറഹിമാൻ ഹാജി, ആരിഫ, ശ്രുതി ഗോപാലൻ
എന്നിവർ സെന്റർ കോഓഡിനേറ്റർമാരായ എ. സുബ്രഹ്മണ്യൻ, വി.പി. വിജയശ്രീ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ
ദീപ ജെയിംസ് എന്നിവർക്കൊപ്പം
മലപ്പുറം: ആത്മാഭിമാനത്താൽ അബ്ദുറഹ്മാൻ ഹാജിയുടെയും ആരിഫയുടെയും ശ്രുതി ഗോപാലന്റെയും കണ്ണുകൾ തിളങ്ങി. അവർ പതിവിലേറെ മനോഹരമായി ചിരിച്ചു. ലോക സാക്ഷരത വാരാചാരണത്തിന്റെ ജില്ലതല സമാപന സംഗമത്തിൽ സാക്ഷരത മിഷന്റെ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ അറിവ് നേടാൻ കാഴ്ചയോ പ്രായമോ പരിമിതിയല്ലെന്ന് മൂവരുടെയും മുഖത്ത് കൊത്തിവെച്ചിട്ടുണ്ടായിരുന്നു. സാക്ഷരത മിഷൻ നടപ്പാക്കുന്ന ‘ദീപ്തി’ ബ്രെയിൽ സാക്ഷരത പദ്ധതിയുടെ ജില്ലയിലെ പഠിതാക്കളിൽ മുതിർന്നവരാണ് അറുപത്തിയേഴുകാരനായ അബ്ദുറഹ്മാൻ ഹാജിയും അമ്പതുകാരിയായ ആരിഫയും 34കാരിയായ ശ്രുതി ഗോപാലനും.
കലാകാരിയായ ശ്രുതി ഗോപാലൻ എഫ്.എം മഞ്ചേരിയിലും സ്വകാര്യ വിനോദ ചാനലിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കാലടി സർവകലാശാലയിൽ ബി.എ കൂടിയാട്ടത്തിന് പഠിക്കുമ്പോഴാണ് വള്ളിക്കുന്ന് സ്വദേശിനിയായ ഇവരുടെ കാഴ്ച നഷ്ടപ്പെടുന്നത്. സ്കാനിങ്ങിൽ തലയിൽ ട്യൂമറുണ്ടെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ, ട്യൂമറില്ലായിരുന്നു. കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. പരപ്പനങ്ങാടി സ്വദേശിനിയായ ആരിഫയുടെ കാഴ്ച ഇരുപത്തിമൂന്നാം വയസ്സിലാണ് നഷ്ടപ്പെട്ടത്. പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചുപോയി. പെരുവള്ളൂർ കൂമണ്ണ സ്വദേശിയായ അബ്ദുറഹ്മാൻ ഹാജിക്ക് മുപ്പതാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടു. അദ്ദേഹം ഗാനരചനയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
കാഴ്ചപരിമിതരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് സാക്ഷരത മിഷനു കീഴിൽ ആരംഭിച്ചതാണ് ദീപ്തി ബ്രെയിൽ സാക്ഷരത പദ്ധതി. ഇതിനു കീഴിൽ ജില്ലയിൽ തിരൂരങ്ങാടി ബ്ലോക്കിൽ തൃക്കുളം സ്കൂളിൽ എല്ലാ ഞായറാഴ്ചയും 24 പഠിതാക്കൾക്ക് പരിശീലനം നൽകുന്നു. ഇവരിൽ 19 പേരും പരീക്ഷ എഴുതിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ ആരംഭിച്ച പദ്ധതിയുടെ സെന്റർ കോഓർഡിനേറ്ററായി എ. സുബ്രഹ്മണ്യൻ എ, വി.പി. വിജയശ്രീ എന്നിവർ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

