കോഴിക്കോട്: എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ) നിർദേശമനുസരിച്ച് ജൂലൈ മൂന്നിനകം ക്ലാസുകൾ തുടങ്ങാൻ കാലിക്കറ്റ് സർവകലാശാലയിലെ ബി.എഡ് കോളജുകളിൽ പ്രവേശനം നേരത്തേയാക്കുന്നു. അവസാന വർഷ ബിരുദ ഫലം വരുന്നതിന് മുേമ്പ ഏകജാലക ഒാൺലൈൻ രജിസ്ട്രേഷനിലൂടെയാണ് പ്രവേശനം നടത്തുക. ഇൗ മാസം 29ന് രജിസ്ട്രേഷൻ തുടങ്ങും. ആദ്യമായാണ് ബി.എഡ് പ്രവേശനത്തിന് ഒാൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കുന്നത്.
മുൻ വർഷങ്ങളിൽ ബി.എഡ് സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനാൽ ഇത്തവണ അലോട്ട്മെൻറുണ്ടാകില്ല. ഒാപ്ഷൻ നൽകിയത് പ്രകാരം റാങ്ക്ലിസ്റ്റ് തയാറാക്കി കോളജുകൾക്ക് അയച്ചുകൊടുക്കും. ലിസ്റ്റിൽപെട്ടവർ കോളജിലാണ് ഹാജരാകേണ്ടത്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഒരാൾക്ക് 15 ഒാപ്ഷനുകളുണ്ടാകും.
എൻ.സി.ടി.ഇയുടെ നിബന്ധനക്കനുസരിച്ചാണെങ്കിലും ബിരുദഫലം പുറത്തുവരാതെയാണ് ബി.എഡ് പ്രവേശനത്തിന് സർവകലാശാല ഒരുങ്ങുന്നത്. ജൂൺ രണ്ടാം വാരത്തോടെ ഫലം പ്രതീക്ഷിക്കാെമന്നാണ് അധികൃതർ പറയുന്നത്. പിന്നീടും ബി.എഡ് പ്രവേശനത്തിന് സമയമുണ്ട്.
എന്നാൽ, നാലാം സെമസ്റ്റർ ഫലം മാത്രമാണ് പുറത്തുവന്നത്. കേന്ദ്രീകൃത മൂല്യനിർണയം ആവശ്യമായ ആറാം സെമസ്റ്റർ ഫലം എന്ന് വരുമെന്നാണ് വിദ്യാർഥികൾ ഉറ്റുനോക്കുന്നത്. കേന്ദ്ര സർവകലാശാലകളിൽ പി.ജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ബിരുദഫലം വൈകുന്നത് തിരിച്ചടിയായിരുന്നു.