സിവിൽ സർവിസ് സ്വപ്നങ്ങളിലേക്ക് വഴികാട്ടാൻ അവർ വരുന്നു;അടുത്തറിയാം ഭാഷാപഠനത്തിന്റെ പുതുരീതിശാസ്ത്രങ്ങൾ
text_fieldsകൊച്ചി: സിവിൽ സർവിസ് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? ആ സ്വപ്നത്തിലേക്ക് എങ്ങനെ നടന്നെത്താമെന്ന് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആശങ്കപ്പെടുകയാണോ? വിഷമിക്കേണ്ട, ഇത്തവണയും മാധ്യമം എജുകഫേയിലുണ്ട് നിങ്ങളാഗ്രഹിച്ച സിവിൽ സർവിസ് സെഷൻ. ‘ഡ്രീം, ഡെഡിക്കേറ്റ്, ഡെലിവർ: സിവിൽ സർവീസ് പാത്ത്‍വേയ്സ്’ എന്ന തലക്കെട്ടിൽ എജുകഫേയുടെ ആദ്യദിനമായ വെള്ളിയാഴ്ചയാണ് ഏറെ പ്രധാനപ്പെട്ട ഈ സെഷൻ അരങ്ങേറുക.എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക നയിക്കുന്ന സെഷനിൽ ഇത്തവണത്തെ സിവിൽ സർവിസ് ഉന്നത റാങ്ക് ജേതാക്കൾ പങ്കെടുക്കുന്നു. കൂടാതെ, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും യു.പി.എസ്.സി ഇൻറർവ്യൂ ബോർഡ് മുൻ എക്സ്പെർട്ട് മെംബറുമായ ഡോ.എം.സി. ദിലീപ് കുമാറിന്‍റെ വാക്കുകളും സിവിൽ സർവിസ് മോഹികൾക്ക് പ്രചോദനമാകും.
ജില്ല കലക്ടർ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ് ഓഫീസറാണ്. എറണാകുളം ജില്ലയുടെ മൂന്നാമത് വനിത കലക്ടറായി ചുമതലയേൽക്കും മുമ്പ് അവർ പാലക്കാട് കലക്ടർ പദവിയിലായിരുന്നു. കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ച ജി. പ്രിയങ്ക കർണാടക സ്വദേശിയാണ്.ഇക്കഴിഞ്ഞ സിവിൽ സർവിസ് ഫലം വന്നപ്പോൾ 133ാം റാങ്ക് സ്വന്തമാക്കിയ ഡോ. വി.സി. ശ്രീലക്ഷ്മിയാണ് സെഷനിലെ മറ്റൊരു താരം. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് നേടി തൃശൂർ അശ്വിനി ആശുപത്രിയിൽ ആർ.എം.ഒ ആയി ജോലി ചെയ്യുന്നതിനിടെ സിവിൽ സർവിസിനു പരിശ്രമിച്ച ശ്രീലക്ഷ്മി സ്വന്തം അനുഭവം പറയുമ്പോൾ ആർക്കും പ്രചോദനമാവുമെന്നുറപ്പാണ്. തൃശൂർ ചേറ്റുപുഴ സ്വദേശിനിയാണ്. സിവിൽ സർവിസ് പരീക്ഷയിൽ 166-ാം റാങ്കിന്‍റെ തിളക്കത്തോടെയാണ് കോട്ടയം തിരുവാർപ്പ് സ്വദേശി എസ്. ദിവ്യ സെഷനിലെത്തുന്നത്. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബി.ടെക് സ്വന്തമാക്കിയ ദിവ്യ തന്‍റെ നാലാം പരിശ്രമത്തിൽ വിജയംകണ്ട അനുഭവം പങ്കുവെക്കും.
2024ലെ പരീക്ഷയിൽ 711ാം റാങ്ക് നേടി ഐ.ആർ.ടി.എസ് ഓഫിസറായി സേവനമനുഷ്‍ഠിക്കുന്നതിനിടെ വീണ്ടും പരിശ്രമം നടത്തി ഏറ്റവുമൊടുവിൽ ഫലം വന്നപ്പോൾ 429ാം റാങ്ക് നേടിയ ടി.എ. മുഹമ്മദ് സ്വലാഹും സെഷനിൽ സംവദിക്കാനെത്തും. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ ഇദ്ദേഹം ഐ.ടി മേഖലയിലും അധ്യാപകനായും ജോലി ചെയ്ത ശേഷമാണ് സിവിൽ സർവിസ് പാതയിലേക്ക് തിരിയുന്നത്.576ാം റാങ്ക് നേടിയ അസ്ന അൻവറും സെഷനിൽ സിവിൽ സർവിസ് യാത്രാനുഭവങ്ങൾ പങ്കുവെക്കും. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് എക്കണോമിക്സി(ഓണേഴ്സ്)ൽ ബിരുദധാരിയായ അസ്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്.
'ഭാഷാപഠനം; നൂതന രീതിശാസ്ത്രം' എന്ന അവതരണമാണ് രണ്ടാം ദിനമായ ശനിയാഴ്ചത്തെ ആകർഷണങ്ങളിലൊന്ന്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(കുസാറ്റ്) ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വിഭാഗം അസി. പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ. ബൃന്ദ ബാല ശ്രീനിവാസൻ ആണ് ഈ സെഷൻ അവതരിപ്പിക്കുന്നത്. അക്കാദമിക് മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ. ബൃന്ദ അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. തന്‍റെ ആദ്യ കവിതാസമാഹാരമായ എ ഹാൻഡ് ഫുൾ ഓഫ് പേൾസ് 2021ലെ ബെസ്റ്റ് പോയട്രി ബുക് അവാർഡ് മത്സരത്തിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് നേടിയിട്ടുണ്ട്.വിദേശരാജ്യങ്ങളിലേക്ക് കൗമാരക്കാർ കൂട്ടത്തോടെ കുടിയേറുമ്പോൾ നേരിടുന്ന ഭാഷാ പ്രതിസന്ധികൾ, ദേശീയ വിദ്യാഭ്യാസനയത്തിലെ ഭാഷാപഠനത്തോടുള്ള സമീപനം തുടങ്ങിയ മേഖലകളെ സ്പർശിക്കുന്നതായിരിക്കും ഡോ. ബൃന്ദയുടെ പ്രഭാഷണം.
രജിസ്റ്റർ ചെയ്യൂ...
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളുടെ സ്റ്റാളുകളും സ്കോളർഷിപ്പ് വിവരങ്ങളും എജുകഫെയിലുണ്ടാകും. പ്രവേശനം തികച്ചും സൗജന്യം. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് വാട്സാപ്പ് നമ്പർ: 96450 07116.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

