രക്ഷിതാക്കളുടെ പോക്കറ്റടിക്കുന്ന ഇന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല; സ്കൂൾ പഠനത്തിന് വേണം 30 ലക്ഷം, കോളജ് വിദ്യാഭ്യാസത്തിന് ഒരു കോടിയും
text_fieldsകുട്ടികളെ വളർത്തി വിദ്യാഭ്യാസം നൽകി അവരെ ഒരു നിലയിലെത്തിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഒന്നായിരിക്കുന്നു. ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ കൂടുതൽ ആളുകളും മക്കളുടെ വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്നത് സ്വകാര്യ സ്കൂളുകളാണ്. സ്വകാര്യ സ്കൂളിൽ മൂന്നു വയസു തൊട്ട് 17 വയസു വരെ ഒരു കുട്ടിയെ പഠിപ്പിക്കാൻ ഒരു രക്ഷിതാവ് ഇന്ന് ചെലവാക്കേണ്ടത് 30 ലക്ഷം രൂപയാണെന്നാണ് ഇക്കണോമിക്സ് ടൈംസ് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നത്.
നമ്മുടെ നാട്ടിൽ രണ്ട് അല്ലെങ്കിൽ അഞ്ച് വർഷം കൂടുമ്പോൾ സ്കൂൾ-ട്യൂഷൻ പഠനത്തിന്റെ ചെലവ് വർധിക്കുന്നതായി പൂനെയിലെ മയൂരി-വിനയ് ധോപ്സ് ദമ്പതികൾ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ മകൾക്ക് എട്ടു വയസാണ്. 25 വയസുവരെയുള്ള അവളുടെ പഠനത്തെ കുറിച്ചുള്ള ആലോചനയിലാണ് ഇവർ. വിനയ്ക്ക് ഐ.ടി മേഖലയിലാണ് ജോലി. മകളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെ നിരവധി മേഖലകളിൽ അവർ പണം നിക്ഷേപിച്ചിട്ടുണ്ട്.
2012-20 വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ ചെലവ് 10 മുതൽ 12 ശതമാനം വരെ വർധിച്ചിട്ടുണ്ടെന്നാണ് എജ്യുഫണ്ട് പറയുന്നത്. ട്യൂഷൻ ഫീസ് മാത്രമല്ല, വാഹനത്തിനും പരീക്ഷക്കുമുള്ള ഫീസും അടിക്കടി വർധിക്കുന്നത് രക്ഷിതാക്കളുടെ ബജറ്റ് താളം തെറ്റിക്കുന്നു. ഇതെ കുറിച്ച് ഒന്നു വിശദമായി നോക്കാം.
ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ അഡ്മിഷൻ ഫീസ് ആയി 25000ത്തിനും 75000ത്തിനുമിടയിലുള്ള ഒരു തുക സ്വകാര്യ സ്കൂൾ അധികൃതർ ഈടാക്കുന്നത്. വൻകിട നഗരങ്ങളിലെ സ്വകാര്യ സ്കൂളുകളിൽ ഇത് 60,000ത്തിനും ഒന്നരലക്ഷത്തിനുമിടക്കാണ്. സ്കൂളുകളുടെ നിലവാരം അനുസരിച്ചാണ് ഫീസ് നിരക്ക്. ചില സ്കൂളുകൾ ഡിസ്കൗണ്ട് നൽകിയെന്നു വരാം.
മാതാപിതാക്കളിൽ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിൽ കുട്ടിയെ പകൽ സമയങ്ങളിൽ ഡെ കെയർ സെന്ററുകളിൽ ഏൽപിക്കേണ്ടിവരും. മെട്രോനഗരങ്ങളിലെ ഡെ കെയർ സെന്ററുകൾ ഒരു ദിവസം 5000 മുതൽ 8500 രൂപ വരെ ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തെ കണക്കെടുക്കുമ്പോൾ ഈ തുക രണ്ടുലക്ഷം വരെയാകും.
പ്രൈമറി സ്കൂളുകളിലെ വാർഷിക ട്യൂഷൻ ഫീസ് 1.25 ലക്ഷം മുതൽ 1.75 ലക്ഷം വരെയാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം രക്ഷിതാക്കൾ 5.50 ലക്ഷം മാറ്റിവെക്കേണ്ടി വരും. മിഡിൽ സ്കൂൾ വാർഷിക ട്യൂഷൻ ഫീസ് 1.6 ലക്ഷത്തിനും 1.8ലക്ഷത്തിനുമിടക്കാണ്. 9.5 ലക്ഷമാണ് രക്ഷിതാക്കളുടെ ആകെ ചെലവ്.
ഇതു കൂടാതെ പഠന സാമഗ്രികൾക്കായി 4000 മുതൽ 7000 രൂപ വരെ രക്ഷിതാക്കൾ ചെലവാക്കുന്നുണ്ട്. ഹൈസ്കൂൾ പഠനത്തിനായി 1.8 ലക്ഷം മുതൽ 2.2 ലക്ഷം വരെയാണ് ചെലവാക്കേണ്ടി വരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഏതാണ്ട് ഒമ്പതുലക്ഷം രൂപ മാറ്റിവെക്കണം എന്നർഥം.
ഇതിനെല്ലാം പുറമെ വിദ്യാർഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്നതിന് പല സ്കൂളുകളും ഓരോ മാസവും 1500 മുതൽ 2500 രൂപ വരെ ഈടാക്കുന്നുണ്ട്. ഇത് താമസിക്കുന്ന നഗരത്തിനനുസരിച്ച് വ്യത്യാസം വരാം. അതായത് വാഹന സൗകര്യത്തിനായി മാത്രം രക്ഷിതാക്കൾ ഒരു വർഷം 25000 രൂപ നീക്കിവെക്കേണ്ടി വരുന്നു എന്നാണ് കണക്ക്. ഇന്ധന വില വർധനവ് കാരണം ഭാവിയിൽ ഈ നിരക്കിലും വലിയ മാറ്റം വരും.
സ്കൂൾ കടമ്പയും കഴിഞ്ഞ് കോളജ് തലത്തിലെത്തുമ്പോൾ രക്ഷിതാക്കളുടെ കീശ പിന്നെയും കാലിയാകുന്നു. വിദേശത്ത് പഠനത്തിന് അയക്കുകയാണെങ്കിൽ സ്കോളർഷിപ്പ് ലഭിക്കുമെന്നതാണ് ഏക പ്രതീക്ഷ. അല്ലെങ്കിൽ വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കേണ്ടി വരും.
രാജ്യത്തെ ഏറ്റവും ഉന്നത സ്വകാര്യ കോളജുകളിലാണ് എൻജിനീയറിങ് പഠനത്തിന് അയക്കുന്നതെങ്കിൽ കുത്തുപാളയെടുക്കാൻ പിന്നെ മറ്റൊരു വഴിയും ആലോചിക്കേണ്ടതില്ല. സ്വകാര്യ കോളജുകളിൽ റാങ്കിങ്ങിൽ മുൻപന്തിയിൽ ഇടംപിടിച്ച കാലഘട്ടം കൂടിയാണിത്. നാലുവർഷത്തെ ബി.ടെക് പഠനത്തിനും മൂന്നുവർഷത്തെ ബി.എസ്.സി പഠനത്തിനും ഏതാണ്ട് ഒരു വർഷം നാലര ലക്ഷത്തോളം ചെലവഴിക്കേണ്ടിവരും. ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ പരിശീലനത്തിന് അഞ്ചുലക്ഷം രൂപ വരെ ഈടാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഐ.ഐ.എം, സ്വകാര്യ കോളജുകൾ എന്നിവിടങ്ങളിൽ ഒരുവർഷത്തെ പഠനത്തിന് എട്ടു ലക്ഷം മുതൽ 23 ലക്ഷം വരെ രൂപ നൽകണം. കാറ്റ്, ജിമാറ്റ് പോലുള്ളവ പാസാകണമെങ്കിൽ പരിശീലനത്തിന് വേറെയും തുക മാറ്റിവെക്കണം.
അതേസമയം, സർക്കാർ സ്കൂളിലാണ് കുട്ടികളെ അയക്കാൻ തീരുമാനിക്കുന്നതെങ്കിൽ ചെലവ് വളരെ കുറവാണ്. ഒരു വർഷം ഒരു വിദ്യാർഥിക്ക് പരമാവധി 20,000 രൂപ മാത്രമേ ചെലവാക്കേണ്ടതുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

