Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightക്ലാസ് മുറിയിൽ എ.സി...

ക്ലാസ് മുറിയിൽ എ.സി വേണ്ടിവരുമെന്ന് ഒരുകൂട്ടർ, കുട്ടികൾ കളിച്ചു വളരട്ടെയെന്ന് ചിലർ; വേനലവധി മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും ആളുകൾ

text_fields
bookmark_border
ക്ലാസ് മുറിയിൽ എ.സി വേണ്ടിവരുമെന്ന് ഒരുകൂട്ടർ, കുട്ടികൾ കളിച്ചു വളരട്ടെയെന്ന് ചിലർ; വേനലവധി മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും ആളുകൾ
cancel

തിരുവനന്തപുരം: വേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് സമ്മിശ്ര പ്രതികരണം. ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അതേസമയം, മൺസൂൺ കാലയളവിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിക്കാലം മാറ്റിപ്പിടിച്ചാലോ എന്ന് ചോദിച്ചത്. ഈ വിഷയത്തിൽ പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നും വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രത്യക്ഷത്തിൽ നല്ല തീരുമാനമാണിതെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. അതേസമയം, വേനലവധി കുട്ടികൾക്ക് കളിച്ചു തിമിർക്കാൻ കിട്ടുന്ന ഒരേയൊരു സമയമാണെന്നും ജൂൺ, ജൂലൈ മാസങ്ങളിലേക്ക് അവധി മാറ്റിയാൽ അവർ വീട്ടകങ്ങളിൽ അടക്കപ്പെടുമെന്നും അഭിപ്രായമുയർന്നു.

ഏപ്രിൽ, മേയ് മാസങ്ങളിൽ കിണറുകൾ വറ്റി വരളും. ആയിരങ്ങൾ പഠിക്കുന്ന സ്കൂളുകളിൽ ഭക്ഷണംപോയിട്ട് വെള്ളംപോലും കിട്ടാതെ വരും. ആ രണ്ട് മാസങ്ങളിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.

കേരളത്തെ പോലെ കുന്നും മലകളും കാടുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള സംസ്ഥാനത്തിന് ഏറെ ഗുണകരമായ തീരുമാനമാണിതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

മഴക്കാലത്ത് ഇടക്കിടെ അവധി നൽകുന്നത് ഇതുമൂലം ഇല്ലാതാകും. അങ്ങനെ കുട്ടികൾക്ക് പഠനത്തുടർച്ച ഇല്ലാതാകുന്നത് തടയാൻ സാധിക്കും. മഴക്കാലങ്ങളിൽ ചില സ്കൂളുകൾ ഷെൽട്ടർ ഹോമുകളായി മാറ്റാറുണ്ട്. അങ്ങനെയും പഠന സമയം നഷ്ടമാകുമെന്നും അത് പരിഹരിക്കാൻ അവധിക്കാലം മാറ്റുന്നതിലൂടെ കഴിയുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. അതിനിടെ, വേനൽക്കാലത്തെ ചൂടിനെ അതിജീവിക്കാൻ സ്കൂളുകൾ മുഴുവൻ എ.സിയാക്കുമോ എന്ന് ചോദിക്കുന്നവരും കുറവല്ല. വേനൽക്കാലത്ത് ചൂടുകുറക്കാൻ സ്കൂൾ പരിസരങ്ങളിൽ മരങ്ങൾ ​വെച്ചുപിടിപ്പിക്കണമെന്ന നിർദേശവുമുണ്ട്.

മഴക്കാലത്ത് കുട്ടികൾക്ക് പുറത്തിറങ്ങിപ്പോകാനുള്ള അവസരങ്ങൾ കുറയും. മുഴുവൻ സമയവും വീട്ടിൽ ഒതുങ്ങിപ്പോകുന്ന കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഏതായാലും മന്ത്രിയുടെ പോസ്റ്റ് ക്രിയാത്മക ചർച്ചക്കാണ് തുടക്കമിട്ടത്.

മന്ത്രിയുടെ കുറിപ്പി​ന്റെ പുർണരൂപം:

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു. ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ വി ശിവൻകുട്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer vacationV SivankuttyEducation NewsLatest News
News Summary - Summer vacation change; lot of comments
Next Story