വിദ്യാർഥികളേ, ഉള്ളടക്ക നിർമാണം പഠിക്കൂ; ഭാവിയിലെ വരുമാന മാർഗമെന്ന് കെവിൻ ഒ ലിയറി
text_fieldsകെവിൻ ഒ ലിയറി
ന്യൂഡൽഹി: ഭാവിയിലെ വലിയ വരുമാനമാർഗമാവുക ഉള്ളടക്ക നിർമാണമെന്ന് കനേഡിയൻ ശതകോടീശ്വരനും ധനകാര്യ വിദഗ്‌ദ്ധനും ടെലിവിഷൻ താരവുമായ കെവിൻ ഒ ലിയറി. വിദ്യാർഥികൾ ഉള്ളടക്ക നിർമാണത്തിൽ വൈദഗ്ദ്യം ആർജ്ജിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യുമെന്നും കെവിൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ പ്രമുഖ ഉള്ളടക്ക നിർമാതാക്കൾ വിപണിയിൽ നിർണായക സ്വാധീനം ചെലുത്തുന്നതിലൂടെ ഗണ്യമായ വരുമാനം നേടുന്നതായി കെവിൻ ചൂണ്ടിക്കാട്ടുന്നു. മുമ്പ് എഞ്ചിനീയറിങ് മാത്രമാണ് എന്തെങ്കിലും ഗുണമുള്ള ഡിഗ്രിയെന്ന കെവിന്റെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു.
‘പത്ത് വർഷം മുമ്പ് എഞ്ചിനീയറിങ് മാത്രമാണ് വിദ്യാർഥികൾക്ക് ഉപകാരമുള്ള ബിരുദമെന്ന് ഞാൻ പറഞ്ഞു. അത് മാറ്റുകയാണ്. ഇന്ന് ഏറ്റവും വേഗത്തിൽ വരുമാന വളർച്ച കൈവരിക്കുന്നവർ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിർമാതാക്കളാണ്, ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ചെലവ് കുറക്കാനും ആഴ്ചതോറുമുള്ള പരസ്യച്ചെലവ് ഗണ്യമായി കുറക്കാനും അവർക്ക് കഴിയുന്നു. അവർ പ്രതിവർഷം 25,000 യു.എസ് ഡോളർ വരുമാനമെന്ന പരിമിതിയിൽ നിൽക്കുന്നവരല്ല, ഒന്നിലധികം കമ്പനികളിൽ നിന്നായി 25,0000 മുതൽ 30,0000 യു.എസ് ഡോളർ വരെ സമ്പാദിക്കുന്നു. അവരുടെ പ്രവർത്തനങ്ങളും മികവും വിലയിരുത്താൻ എളുപ്പമാണ്. ഉള്ളടക്കം രാജാവാണ്, ഉള്ളടക്ക നിർമാതാക്കൾ വലിയ വിജയം നേടുന്നു,’- എക്സിലെ കുറിപ്പിൽ ലിയറി എഴുതി.
തന്റെ മുൻ നിലപാടിലുണ്ടായ മാറ്റം വ്യക്തമാക്കുന്നതാണ് കെവിന്റെ അഭിപ്രായപ്രകടനം. 2018ൽ സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പേറ്റന്റുകൾ കമ്പനികളാക്കി മാറ്റിയ എഞ്ചിനീയർമാരെ പ്രശംസിച്ചുകൊണ്ട് എഞ്ചിനീയറിംഗ് ഗണ്യമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തൊഴിൽ മേഖലയായി കണക്കാക്കണമെന്ന് കെവിൻ വിദ്യാർത്ഥികളോട് നിർദേശിച്ചിരുന്നു.
ഇതാദ്യമായല്ല സമൂഹമാധ്യമങ്ങളുടെ പ്രധാന്യം കെവിൻ ഉന്നയിക്കുന്നത്. 2020ൽ യൂട്യൂബർ ഇവാൻ കാർമൈക്കലിന്റെ പോഡ്കാസ്റ്റിൽ താൻ നിക്ഷേപം നടത്തിയ 50ലധികം കമ്പനികളിൽ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിർമാണത്തിനായി വലിയ തുകകൾ നീക്കിവെക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ ബിസിനസ്സിനും സ്വന്തം വിശേഷങ്ങൾ ഓൺലൈനിൽ പറയാൻ ഒരു ഇൻ-ഹൗസ് മീഡിയ ആവശ്യമായി വന്നിരിക്കുകയാണെന്ന് ലിയറി പറയുന്നു. ഉപഭോക്താക്കളെ കൃത്യമായ ലക്ഷ്യമിടാൻ സാധിക്കുന്നതുകൊണ്ടുതന്നെ പരസ്യ ചെലവ് കുറക്കാൻ സഹായകമാവുന്നു. വിൽപനയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നത് കൊണ്ട് തന്നെ ഉള്ളടക്ക നിർമാണം ഇന്നത്തെ വ്യവസായത്തിൽ ഒഴിച്ചുകൂടാനാവാത്ത നൈപുണ്യമാണെന്നും കെവിൻ ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത ബിസിനസ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഭാവി സംബന്ധിച്ച് ആശങ്കകളും കെവിൻ ഉന്നയിക്കുന്നുണ്ട്. എം.ബി.എ കോഴ്സിന്റെ പ്രധാന നേട്ടം അതിലൂടെ ഉണ്ടാവുന്ന ബന്ധങ്ങളും വ്യാപാര മൂല്യങ്ങളുടെ പോഷണവുമാണെന്നും കെവിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

