കരിയർ സ്വപ്നങ്ങൾക്ക് ചിറകേകി സ്റ്റാളുകൾ
text_fieldsമലപ്പുറത്ത് നടക്കുന്ന മാധ്യമം എജുകഫെയുടെ എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ എ.പി. സ്മിജി നിർവഹിക്കുന്നു
മലപ്പുറം: വിദ്യാർഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകുനൽകി മാധ്യമം എജുകഫെയിലെ സ്റ്റാളുകൾ. ഉന്നതപഠനത്തെക്കുറിച്ചും സ്‌ഥാപനങ്ങളെക്കുറിച്ചുമുള്ള ആശങ്കകളും പ്രതീക്ഷകളും പേറി എജുകഫെയിൽ എത്തിയ വിദ്യാർഥികളെ വരവേറ്റത് സ്റ്റാളുകളിലെ നൂറുകണക്കിന് അവസരങ്ങളാണ്. ഏതു കോഴ്സ് തെരഞ്ഞെടുക്കണം, ഏതു സ്ഥാപനത്തിൽ ചേർന്നു പഠിക്കണം, ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏത് തുടങ്ങി നൂറുകൂട്ടം സംശയങ്ങളുമായി എത്തിയവർ ഭാവിപഠനത്തെക്കുറിച്ച് വ്യക്തമായ ദിശാബോധം നേടിയാണ് എജുകഫെ വേദിയിൽനിന്ന് മടങ്ങിയത്.
അറുപത്തഞ്ചോളം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കാൻ വിദഗ്ധരുടെ സേവനവുമുണ്ടായിരുന്നു. വിവിധ പരീക്ഷകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള പൂർണ വിവരങ്ങൾ ഇടനിലക്കാരില്ലാതെ സ്ഥാപന പ്രതിനിധികളിൽ നിന്ന് നേരിട്ട് ലഭിക്കുമെന്നതിനാൽ സ്റ്റാളുകളിൽ നല്ല തിരക്കായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികൾ നടത്തുന്ന കോഴ്സുകളെ പരിചയപ്പെടാനും സ്കോളർഷിപ്പുകളെക്കുറിച്ചറിയാനും എജുകഫെ വേദിയിൽ സൗകര്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ പുതിയ തലമുറക്ക് അനുയോജ്യമാകുന്ന അവസരങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ ശ്രദ്ധേയമായി. ആധുനിക കാലത്തെ കരിയർ സാധ്യതകൾക്കൊത്ത് മുന്നോട്ടുപോകാൻ കേരളത്തിലെ സാധ്യതകൾക്കു പുറമെ വിദേശ പഠനസാധ്യതകൾ വരെ വിദ്യാർഥികൾക്ക് മുന്നിൽ തുറന്നുകാണിക്കാൻ എജുകഫെക്ക് സാധിച്ചു. കേന്ദ്ര സർക്കാറിനു കീഴിലുള്ള എഫ്.ഡി.ഐയുടെ ഫാഷൻ ഡിസൈൻ സ്റ്റാളുകളും അഗ്രികൾചറൽ യൂനിവേഴ്സിറ്റിയുടെയും നിയമകോഴ്‌സുകളുടെയും വിവരം നൽകുന്ന സ്റ്റാളുകളുമുണ്ട്.
പഠനത്തോടൊപ്പം മാനസികാരോഗ്യത്തിനും പരിഗണന കൊടുക്കുന്ന കൗൺസലിങ് സെഷൻ കൊടുക്കാൻ ‘ബിക്കിങ്’ ടീമിന്റെ സ്റ്റാളുണ്ട്. ഉപരിപഠനസാധ്യതകൾ മനസ്സിലാക്കാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് കൗൺസലിങ്ങിനും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുമുള്ള സൗകര്യമാണ് ‘സിജി’ സ്റ്റാളിന്റെ പ്രത്യേകത. മികച്ച ശമ്പളവും ഉയർന്ന ജോലിസാധ്യതയുമുള്ള സൈബർ സെക്യൂരിറ്റി, ഡേറ്റ സയൻസ്, ഏവിയേഷൻ കോഴ്സുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ മുഖ്യ ആകർഷണമാണ്. കൊച്ചിൻ എയർപോർട്ടിനു കീഴിലുള്ള സി.ഐ.എ.എസ്.എൽ അക്കാദമിയുടെ ഏവിയേഷൻ കോഴ്സുകളെക്കുറിച്ചും വാട്ടർമാക് ഇൻഡസ്ട്രീസിന് കീഴിലുള്ള ഐ.ഡബ്ല്യു.ഇ.ആർ അവതരിപ്പിക്കുന്ന ‘വാട്ടർ ട്രീറ്റ്മെന്റ്’ കോഴ്സുകളെക്കുറിച്ചുമുള്ള സ്റ്റാളുകളിലും തിരക്കേറെയാണ്.
എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ എ.പി. സ്മിജി നിർവഹിച്ചു. മുഖ്യാതിഥി അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർ പ്രഫ. എം. ഷാഹുൽ ഹമീദ് സ്റ്റാളുകൾ സന്ദർശിച്ചു. ഇത്തരം സ്റ്റാളുകൾ മികച്ച അവസരമാണ് വിദ്യാർഥികൾക്ക് തുറന്നുനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

