സ്കൂളിലെ ഫോൺ നിയന്ത്രണം കൊണ്ട് മാത്രം പഠനം മെച്ചപ്പെടില്ലെന്ന് സർവെ
text_fieldsസ്കൂൾ സമയത്തെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത് വിദ്യാർഥികളുടെ പഠനത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനം. ഹാർവാർഡ് സർവകലാശാലയുടെ കീഴിൽ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. എന്നാൽ ഇതിലൂടെ ലഭിക്കുന്ന പുരോഗതി പരിമിതമാണെന്നും ഫോൺ നിയന്ത്രണം മാത്രം പഠനനിലവാരം ഉയർത്താൻ മതിയാകില്ലെന്നും ഗവേഷകർ പറയുന്നു.
അമേരിക്കയിലെ 4,600 സ്കൂളുകളിലെ 33 ലക്ഷം വിദ്യാർഥികളുടെ പഠനവിവരങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ക്ലാസ് സമയങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക പൗച്ചുകളിൽ സൂക്ഷിക്കുന്ന സ്കൂളുകളിലാണ് പഠനത്തിൽ നേരിയ പുരോഗതി കണ്ടെത്തിയത്.
ഇത് ഒരു അധ്യയന വർഷത്തിൽ ഒന്നോ രണ്ടോ ആഴ്ച അധികം പഠിക്കുന്നതിന് തുല്യമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ അഞ്ച് അധ്യയന വർഷങ്ങളിലായി നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ഗണിതം, വായന എന്നീ മേഖലകളിലെ പഠനപുരോഗതിയാണ് ഗവേഷകർ വിലയിരുത്തിയത്.
ഫോൺ നിയന്ത്രണം പഠനത്തിന് ഗുണം ചെയ്യുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനാകില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹാർവാർഡ് പ്രൊഫസർ തോമസ് കെയ്ൻ പറഞ്ഞു. നിയന്ത്രണങ്ങൾ തുടർച്ചയായി നടപ്പാക്കിയാൽ ചെറിയ നേട്ടങ്ങൾ കാലക്രമേണ വർധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ നാൽപ്പതിലേറെ സംസ്ഥാനങ്ങളിൽ ഇതിനകം സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന രീതിയിൽ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യാസമുണ്ട്.
അതേസമയം, മറ്റൊരു പഠനത്തിൽ ഫോൺ നിയന്ത്രണം പരീക്ഷാഫലങ്ങളിൽ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നാണ് നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചുമായി (എൻ.ബി.ഇ.ആർ) ബന്ധപ്പെട്ട ഗവേഷകരുടെ കണ്ടെത്തൽ. ഹൈസ്കൂൾ വിദ്യാർഥികളുടെ ഗണിതപഠനത്തിൽ നേരിയ പുരോഗതി കണ്ടെങ്കിലും മൊത്തത്തിലുള്ള നേട്ടം വളരെ കുറവാണെന്ന് വിലയിരുത്തി.
ഫോൺ നിരോധിച്ചാലും സ്കൂളുകളിലെ ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും വഴി കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനാകും. ചില വിദ്യാർഥികൾ പകരം ഫോണുകൾ ഉപയോഗിച്ചും നിയന്ത്രണങ്ങൾ മറികടക്കുന്നുണ്ട്.
സ്കൂൾ സമയത്തിന് പുറത്തുള്ള ഫോൺ ഉപയോഗവും കുട്ടികളുടെ പഠനത്തെ ബാധിക്കാമെന്ന് മനഃശാസ്ത്രജ്ഞയായ ജീൻ ട്വെംഗെ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പഠനസമയത്തും രാത്രി വൈകിയുമുള്ള ഫോൺ ഉപയോഗം ഇതിനെ ബാധിക്കാം.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ പഠനത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഇതിനാവശ്യമായ വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന മെറ്റ പോലെയുള്ള കമ്പനികൾ ഗവേഷകർക്ക് നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.

