ഇന്ത്യയിലെ ആദ്യ ഐ.ഐ.ടി തുടങ്ങിയത് ജയിലിൽ; പിന്നെ നടന്നത് ചരിത്രം
text_fieldsഖരഗ്പൂർ ഐ.ഐ.ടിയാണ് ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് അതിസുപ്രധാനമായ പ്രാധാന്യമുണ്ട് ഖരഗ്പൂർ ഐ.ഐ.ടിക്ക്. രാജ്യത്തെ ശാസ്ത്രീയവും വ്യാവസായികവുമായ വളർച്ചക്ക് തുടക്കം കുറിച്ചത് ഈ ഐ.ഐ.ടിയാണ്.
1951ലാണ് ഖരഗ്പൂർ ഐ.ഐ.ടി സ്ഥാപിച്ചത്. ഹിജ്‍ലി തടങ്കൽ പാളയത്തിലായിരുന്നു അതിന്റെ തുടക്കം. അങ്ങനെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരുന്ന ഒരു സ്ഥലം ഇന്ത്യയുടെ സാങ്കേതിക ഭാവിയുടെ അടിത്തറയായി മാറി. ഈ മാറ്റം ഖരഗ്പൂർ ഐ.ഐ.ടിക്ക് മറ്റൊരു ഐ.ഐ.ടിക്കും ഇല്ലാത്ത ഒരു സ്വത്വവും നൽകി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ പുനർനിർമാണത്തിന് തയാറെടുക്കുമ്പോഴാണ് ഐ.ഐ.ടികൾ വേണമെന്ന ആവശ്യം ഉയർന്നുവന്നത്. എൻജിനീയറിങ്, ഗവേഷണം, വ്യാവസായിക വികസനം എന്നിവ പഠിപ്പിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായിരുന്നു സർക്കാറിന് ആവശ്യം. അങ്ങനെയാണ് ഖരഗ്പൂർ ഐ.ഐ.ടി എന്ന ആശയം ഉയർന്നുവരുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ഹിജ്‍ലി തടങ്കൽപാളയത്തിൽ പുതിയ സ്ഥാപനം തുടങ്ങാമെന്ന് പശ്ചിമ ബംഗാൾ സർക്കാർ നിർദേശിച്ചു. ജയിൽ മുറി ഒരു സാങ്കേതിക പഠനകേന്ദ്രമായി മാറ്റാൻ അതോടെ തീരുമാനമായി.
സ്വാതന്ത്ര്യ സമര സേനാനികളെ തടവിലാക്കാനായിരുന്നു ബ്രിട്ടീഷുകാർ ഈ ക്യാമ്പ് ഉപയോഗിച്ചിരുന്നത്. 1947 ന് ശേഷം അതിന്റെ ഒഴിഞ്ഞ ഹാളുകൾ ഭൂതകാലത്തിന്റെ സ്മാരകങ്ങളായി അവശേഷിച്ചു. അങ്ങനെ 1951ൽ ഖരഗ്പൂർ ഐ.ഐ.ടി പ്രവർത്തനം തുടങ്ങി. ഡോ. ജെ.സി. ഘോഷ് ആയിരുന്നു ആദ്യ ഡയറക്ടർ. ആദ്യകാലത്ത് ഐ.ഐ.ടിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെ പരിമിതമായിരുന്നു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മെറ്റലർജിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളായിരുന്നു ആദ്യം തുടങ്ങിയത്.
1956ൽ പാർലമെന്റ് ഐ.ഐ.ടി നിയമം പാസാക്കിയതോടെ ഖരഗ്പൂർ ഐ.ഐ.ടി ദേശീയ പ്രധാനമുള്ള ഒരു സ്ഥാപനമായി മാറി. അധികം വൈകാതെ പഴയ ഹിജ്‍ലി കെട്ടിടത്തിന് ചുറ്റുമായി ഘട്ടംഘട്ടമായി കാമ്പസ് വികസിച്ചു.
ഹോസ്റ്റലുകളുണ്ടായി, ക്ലാസ് മുറികൾ വികസിച്ചു. ലബോറട്ടറികളും ഗവേഷണ കേന്ദ്രങ്ങളുമുണ്ടായി. കായിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിക്കാനും അക്കാദമിക് മേഖലക്ക് അപ്പുറം വിദ്യാർഥി ജീവിതത്തെ രൂപപ്പെടുത്താനും കാമ്പസ് സഹായിച്ചു. വൈകാതെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും പരീക്ഷിക്കപ്പെടുന്ന കേന്ദ്രമായി ഖരഗ്പൂർ ഐ.ഐ.ടി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ പഠിക്കാനെതി. ഖരഗ്പൂർ ഐ.ഐ.ടിയുടെ മാതൃകയിലാണ് പിന്നീട് ബോംബെ ഐ.ഐ.ടിയും കാൺപൂർ ഐ.ഐ.ടിയും സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

