Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം കുത്തനെ ഇടിയും; അധ്യാപകരെ പങ്കുവെക്കണമെന്ന് നിർദേശം

text_fields
bookmark_border
പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം കുത്തനെ ഇടിയും; അധ്യാപകരെ പങ്കുവെക്കണമെന്ന് നിർദേശം
cancel

ന്യൂഡൽഹി: പ്രൈമറി പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തിൽ വരും വർഷങ്ങളിൽ വലിയ കുറവുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പഠനം. 2011-ൽ 12.53 കോടിയായിരുന്ന അഞ്ച് മുതൽ ഒമ്പത് വയസ് വരെയുള്ള കുട്ടികൾ 2026-ഓടെ 11.27 കോടിയായും 2036-ഓടെ 10.02 കോടിയായും ചുരുങ്ങും. അതായത് 20 ശതമാനത്തോളം കുറവ്.

സെൻസസ് 2011 അടിസ്ഥാനമാക്കിയുള്ള ദേശീയ ജനസംഖ്യാ കമ്മീഷന്റെ പ്രവചനങ്ങളെ ആധാരമാക്കി എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ സൗമ്യ കാന്തി ഘോഷും സാമ്പത്തിക വിദഗ്ധൻ ശശിധരൻ ശർമ്മയും ചേർന്നാണ് പഠനം തയ്യാറാക്കിയത്.

ഇതിന് പിന്നിലെ പ്രധാന കാരണം പ്രത്യുൽപാദന നിരക്കിലെ ഇടിവാണ്. 2019-ൽ 2.1 ആയിരുന്ന നിരക്ക് 2024-ൽ 1.9 ആയി. ജനസംഖ്യ നിലനിർത്താൻ വേണ്ട നിരക്കായ 2.1-ന് താഴേക്ക് പോയതോടെ സ്കൂളിലെത്തുന്ന കുട്ടികളും കുറയുകയാണ്. പ്രൈമറി പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തിലെ ഇത്തരമൊരു കുറവ് വ്യക്തമായ ജനസംഖ്യാ തെളിവുകളോടെ ആദ്യമായി രേഖപ്പെടുത്തപ്പെടുകയാണെന്നും ഇവർ പറയുന്നു.

എന്നാൽ ഈ കുറവ് എല്ലായിടത്തും ഒരുപോലെയല്ല. കഴിഞ്ഞ ദശകത്തിൽ ഗ്രാമങ്ങളിലെ സ്കൂളുകളിൽ 78 ലക്ഷം കുട്ടികൾ കുറഞ്ഞപ്പോൾ നഗരങ്ങളിൽ 93 ലക്ഷം കുട്ടികൾ കൂടി. മൊത്തം എൻറോൾമെന്റിൽ നഗരങ്ങളുടെ വിഹിതം 26.4 ശതമാനത്തിൽ നിന്ന് 29.9 ശതമാനമായി. ഉത്തർപ്രദേശിൽ മൊത്തം എൻറോൾമെന്റ് മാറാതിരുന്നിട്ടും ഗ്രാമങ്ങളിൽ 19.46 ലക്ഷം കുറയുകയും നഗരങ്ങളിൽ 17.6 ലക്ഷം കൂടുകയും ചെയ്തു.

സ്കൂളുകളുടെ എണ്ണത്തിലും മാറ്റം പ്രകടമാണ്. 2018-19 നും 2025-26 നും ഇടയിൽ മൊത്തം സ്കൂളുകൾ 15.51 ലക്ഷത്തിൽ നിന്ന് 14.67 ലക്ഷമായി. പ്രൈമറി മാത്രമുള്ള സ്കൂളുകൾ 8.27 ലക്ഷത്തിൽ നിന്ന് 7.22 ലക്ഷമായി കുറഞ്ഞപ്പോൾ 12-ാം ക്ലാസ് വരെയുള്ള സ്കൂളുകൾ 1.30 ലക്ഷത്തിൽ നിന്ന് 1.69 ലക്ഷമായി കൂടി.

വളരെ ചെറിയ സ്കൂളുകൾ നേരിടുന്ന പ്രവർത്തന പ്രതിസന്ധിയും ഇതിന് കാരണമാണ്. എന്നാൽ ഈ കുറവിനെ മുഴുവൻ സ്കൂൾ പൂട്ടലായി കാണരുതെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. പല സ്കൂളുകളും ഉയർന്ന ക്ലാസുകൾ തുടങ്ങി മറ്റൊരു വിഭാഗത്തിലേക്ക് മാറിയതും ലയനവും രേഖകളിലെ തിരുത്തലുമാകാം കാരണം.

കുട്ടികൾ കുറയുമ്പോൾ സ്കൂളുകൾ പൂട്ടുകയല്ല, വിഭവങ്ങൾ പങ്കുവെക്കുകയാണ് വേണ്ടതെന്നാണ് പഠനത്തിന്റെ നിർദേശം. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന സ്കൂൾ കോംപ്ലക്സുകളും ക്ലസ്റ്ററുകളും വഴി അടുത്തുള്ള സ്കൂളുകൾക്ക് അധ്യാപകരെയും ലാബുകളെയും ലൈബ്രറികളെയും പങ്കുവെക്കാം. എന്നാൽ വിദൂര ഗ്രാമത്തിലെ സ്കൂളിനെ നഗരത്തിലെ സ്കൂളിനെപ്പോലെ കാണരുത്. പ്രാദേശിക ആവശ്യവും യാത്രാ ദൂരവും അടുത്തുള്ള സ്കൂളിന്റെ ശേഷിയും നോക്കിയേ തീരുമാനിക്കാവൂ. കൂടുതൽ സ്കൂളുകൾ പണിയുന്നതല്ല മറിച്ച് ശരിയായ സ്ഥലത്ത് മതിയായ വിഭവങ്ങളോടെ സ്കൂൾ പ്രവർത്തിപ്പിക്കുക എന്നതാണ് ഇനി ഇന്ത്യ നേരിടുന്ന വിദ്യാഭ്യാസ വെല്ലുവിളി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Decline Primary School Enrollment
Next Story