പ്രിയരെ ഞങ്ങൾ വരുന്നു ചങ്ങാതിക്കൂട്ടം
text_fieldsപ്രവേശനോത്സവ ആഘോഷത്തിലേക്ക് പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ സ്വീകരിക്കാനും പിന്തുണ നൽകാനും അധ്യാപകർക്കൊപ്പം പ്രത്യേക പരിശീലനം കിട്ടിയ സ്പെഷൽ എജുക്കേറ്റർമാരുമുണ്ടാകും
വീണ്ടുമൊരു സ്കൂൾ പ്രവേശനോത്സവം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കാത്തിരുന്ന വേള. കാലം മാറി. പുതിയ കാലം വർണാഭമായ പ്രവേശനോത്സവത്തിന്റേതാണ്. ഒരിക്കൽകൂടി സ്കൂൾകുട്ടിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ് ഏവരും. അത്രമേൽ മനോഹരമായാണ് കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് വരവേൽക്കുന്നത്. ഇവിടെ, ഒരു വേർതിരിവുകളും ഇല്ല. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ഗോത്രവിഭാഗത്തിൽനിന്നുള്ള കുട്ടികൾ, അതിഥി തൊഴിലാളികളുടെ മക്കൾ എന്നുവേണ്ട അറിവിന്റെ ലോകം കൊതിക്കുന്ന ഏവരെയും ചേർത്തുപിടിക്കുന്നതാണ് കേരള സംസ്ഥാനത്തിന്റെ നയം.
കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഏറെ മാറിനിൽക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് മിസോറമിൽനിന്നൊരു വാർത്ത വന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് മിസോറമെന്നായിരുന്നു അത്. 1991 ഏപ്രിൽ 18ന് കേരളം സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത്, കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ നവസാക്ഷരയായ മലപ്പുറത്തെ ചേലക്കാടൻ ആയിഷയാണ്. അന്ന് ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. മിസോറമിന് തെറ്റുപറ്റിയെന്ന് മാത്രമല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് നാം ആർജിച്ചതാണ് ഇപ്പോൾ അവർ നേടിയെടുക്കുന്നതെന്ന് മറക്കരുത്. എക്കാലത്തും അറിവിന് നാം കൊടുക്കുന്ന പ്രാധാന്യമാണിവിടെ വ്യക്തമാകുന്നത്.
സ്കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളെയും സ്കൂളുകളിൽ എൻറോൾ ചെയ്യിക്കാൻ സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കുന്നുണ്ട്. പ്ലസ്ടു പഠനം പൂർത്തിയാക്കുന്നതുവരെ കൊഴിഞ്ഞുപോക്കില്ലാതെ കുട്ടികളുടെ അക്കാദമിക തുടർച്ച ഉറപ്പാക്കാൻ കഴിയുന്ന ഏക സംസ്ഥാനമാണിന്ന് കേരളം. അങ്ങനെ അഭിമാനിക്കാൻ ഏറെയുള്ള ഈ മണ്ണിൽനിന്ന് പ്രവേശനോത്സവത്തെ കുറിച്ച് പറയാനേറെയുണ്ട്.
ചേർത്തുപിടിച്ചൊരു യാത്ര
അറിവിന്റെ ലോകത്തേക്ക് തെളിഞ്ഞ മനസ്സോടെ ചേർത്തുപിടിച്ചൊരു യാത്ര നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. കേരളം എന്നും സമാനതകളില്ലാത്ത മാതൃകയാണ്. രാജ്യത്തിന്റെയാകെ കണക്കെടുക്കുമ്പോൾ കോടിക്കണക്കിന് കുട്ടികൾ വിദ്യാലയത്തിനു പുറത്തു നിൽക്കുകയാണ്. അപ്പോഴാണ്, നാം ഉൾച്ചേർന്ന വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ഗോത്രവിഭാഗത്തിൽനിന്നുള്ള കുട്ടികൾ , അതിഥി തൊഴിലാളികളുടെ മക്കൾ തുടങ്ങി മുഴുവൻ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കാനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും അക്ഷീണം പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിന് മാതൃകയായി നാം നടപ്പാക്കി പോന്നതും ഇതുതന്നെയാണ്.
കോഴിക്കോട് ജില്ലയുടെ മാത്രം കണക്കെടുത്താൽ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലായി പതിമൂവായിരത്തിലധികം കുട്ടികൾ ശാരീരിക-മാനസിക പരിമിതികളാൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്. കാഴ്ചപരിമിതരായ കുട്ടികളുടെ എണ്ണം ഇതിന് പുറത്താണ്. 2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ ഉൾപ്പെടുന്ന 21 ഭിന്നശേഷി വിഭാഗങ്ങളിൽ 19 കാറ്റഗറികളിൽപെടുന്ന കുട്ടികൾ ജില്ലയിലെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്.
ഇവർക്ക് അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള വഴി അനുവദിക്കപ്പെട്ട 303 സ്പെഷൽ എജുക്കേറ്റർമാരിൽ 287 സ്പെഷൽ എജുക്കേറ്റർമാരെ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് വിവിധ വിദ്യാലയങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ജൂൺ രണ്ടിന് പ്രവേശനോത്സവാഘോഷത്തിലേക്ക് പൊതു വിദ്യാലയങ്ങളിലെത്തുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ സ്വീകരിക്കാനും ആവശ്യമായ പിന്തുണ നൽകാനും അധ്യാപകർക്കൊപ്പം പ്രത്യേക പരിശീലനം കിട്ടിയ സ്പെഷൽ എജുക്കേറ്റർമാർ സ്കൂളുകളിലുണ്ട്. കുട്ടികൾക്ക് അധിക പിന്തുണ നൽകുന്നതിനായി സ്കൂളുകളിൽ സ്പെഷൽ കെയർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്.
ആരും തനിച്ചാകുന്നില്ല
ഒരു വിദ്യാർഥിയും ഇവിടെ തനിച്ചാകുന്നില്ല. കൂടെയുണ്ട് എല്ലാവരുമെന്ന വലിയ പാഠം പകർന്നു നൽകുകയാണ് വിദ്യാഭ്യാസ വകുപ്പ്. ചലനപരിമിതി ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിദ്യാലയങ്ങളിലെത്താൻ കഴിയാതെ കിടപ്പിലായ കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നുണ്ട്. സമപ്രായക്കാരായ കുട്ടികൾ വീടുകളിലെത്തി വിദ്യാലയാനുഭവങ്ങൾ പങ്കിടുന്ന ‘ചങ്ങാതിക്കൂട്ടം’ പരിപാടിയും പ്രവേശനോത്സവ ദിവസം നടക്കും.
2022- 23 , 23- 24 വർഷം സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് വഴി 12 വിദ്യാലയങ്ങളെ മോഡൽ ഇൻക്ലൂസിവ് സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി ആവശ്യമായ പഠനോപകരണങ്ങൾ, എ.ടി.എൽ ഉപകരണങ്ങൾ, സ്പോർട്സ് കിറ്റുകൾ തുടങ്ങിയവ ഒരുക്കിയിരിക്കയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന സർവേയിലൂടെ ഭിന്നശേഷി സംശയിക്കുന്ന മുഴുവൻ കുട്ടികളുടെയും ലിസ്റ്റ് തയാറാക്കി. അതുകൊണ്ട് തന്നെ, ജൂണിൽ വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ കുറിച്ച് എസ്.എസ്.കെക്ക് കൃത്യമായ ധാരണയുണ്ട്. ഇതുവഴി ആവശ്യമായ സജ്ജീകരണങ്ങൾ നേരത്തേ തന്നെ ഒരുക്കാൻ വിദ്യാലയങ്ങൾക്ക് കഴിയുന്നുണ്ട്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായി എസ്.എസ്.കെയുടെ നേതൃത്വത്തിൽ വെർച്വൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
2025-26 സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ വർഷത്തിൽ ഓരോ കുട്ടിയെയും ഓരോ യൂനിറ്റായി കണ്ടു കൊണ്ട്, അവസരതുല്യതയിലൂന്നിക്കൊണ്ടുള്ള പഠനാന്തരീക്ഷം വിദ്യാലയങ്ങളിൽ സൃഷ്ടിക്കാൻ നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക് കഴിയും. കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയാനുഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലും പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും സമഗ്ര ശിക്ഷ ആരംഭിച്ച സ്പെയ്സ് (SPACE) സെന്റർ പ്രവേശനോത്സവ ദിനത്തിൽ മനോഹര കാഴ്ചയാകും.
ഭിന്നശേഷി സൗഹൃദ വിദ്യാലയം
കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ വിദ്യാലയത്തിലെ നോഡൽ ടീച്ചറാക്കി പരിശീലനം നൽകിക്കഴിഞ്ഞു. ഇതാകട്ടെ, ഭിന്നശേഷി സൗഹൃദമായ വിദ്യാലയാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമാണ്. ജില്ലയിൽ 15 ബി.ആർ.സികൾക്കു കീഴിലായി പ്രവർത്തിക്കുന്ന 16 ഓട്ടിസം സെന്ററുകളിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡറിൽ സ്പെഷലൈസേഷനുള്ള സ്പെഷൽ എജുക്കേറ്റർമാരുണ്ട്. കുട്ടികൾക്കാവശ്യമുള്ള ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, വ്യക്തിഗത പരിശീലനം, ഗ്രൂപ്പ് പരിശീലനം എന്നിവ നൽകിവരുന്നു. കൂടാതെ ഒക്യുപേഷനൽ തെറപ്പിയും പല സെന്ററുകളിലും ആരംഭിച്ചുകഴിഞ്ഞു.
ഓട്ടിസമുള്ള കുട്ടികളുടെ പ്രത്യേക കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സെന്ററുകൾ വഴി ഒരുക്കുകയാണ്. ഇതിനായി ഓട്ടിസം സെന്റർ സപ്പോർട്ടിങ് കമ്മിറ്റിയും രൂപവത്കരിച്ചുകഴിഞ്ഞു. ഇത്, കോഴിക്കോട് ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്തെ 14 ജില്ലകളിലും ഏറെ ജാഗ്രതയോടെ നടത്തിവരുന്ന പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനം വഴി പൊതു വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അവർ, അറിയാതെ ലഭിക്കുന്ന സാമൂഹികപാഠം വളരെ വലുതാണ്. അക്ഷരാർഥത്തിൽ എല്ലാവരെയും ചേർത്തുപിടിക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവ് ആർജിക്കുകയാണിവിടെ.
(ലേഖിക- ഇൻക്ലൂസിവ് എജുക്കേഷൻ വിഭാഗം ജില്ല പ്രോഗ്രാം ഓഫിസർ, എസ്.എസ്.കെ കോഴിക്കോട്)
തയാറാക്കിയത്: അനൂപ് അനന്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

