അവധിക്കാലത്ത് ഗവേഷണം ചെയ്യാം; കലാം ഫെലോഷിപ് നേടാം

  • രണ്ടു മാസമാണ് എ.പി.ജെ. അബ്ദുല്‍ കലാം സമ്മര്‍ ട്രെയിനിങ് പ്രോഗ്രാം

18:06 PM
12/12/2016

വേനലവധിയുടെ രണ്ടു മാസക്കാലം എങ്ങനെ ചെലവഴിക്കണമെന്ന് ഇപ്പോഴേ ആലോചന തുടങ്ങിയോ? അവധി ആഘോഷങ്ങളുടെ ഏതാനും ദിവസം പിന്നിട്ടാല്‍ പിന്നെ കാമ്പസുകളിലേക്ക് മടങ്ങിപ്പോവാന്‍ കാത്തിരിക്കുന്നവരാണ് മിക്കവരും. അത്തരക്കാര്‍ക്ക് ഇത്തവണ രണ്ടു മാസക്കാലം ഫെലോഷിപ്പോടെ ഗവേഷണത്തിന് അവസരമുണ്ട്. മേയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ രണ്ടു മാസക്കാലമാണ് എ.പി.ജെ. അബ്ദുല്‍ കലാം സമ്മര്‍ ട്രെയിനിങ് പ്രോഗ്രാം നടത്തുക. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ റിസര്‍ച്ചിന്‍െറ കീഴിലുള്ള അക്കാദമി ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്നവേറ്റിവ് റിസര്‍ച്ചിനു കീഴിലാണ് ഗവേഷണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സി.എസ്.ഐ.ആറിന് കീഴിലുള്ള ലബോറട്ടറികളില്‍ പ്രമുഖ ശാസ്ത്രജ്ഞന്‍മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട കാമ്പസില്‍ താമസിച്ച് ഗവേഷണം ചെയ്യേണ്ടിവരും. 20 പേര്‍ക്കാണ് ഫെലോഷിപ് ലഭിക്കുക. 25,000 രൂപയാണ് ഫെലോഷിപ് തുക. രണ്ടു മാസത്തെ പരിശീലനത്തിനുശേഷം ലബോറട്ടി കോഓഡിനേറ്റര്‍ക്ക് പ്രോജക്ട് സമര്‍പ്പിച്ചതിനു ശേഷമാണ് ഫെലോഷിപ് തുക ലഭിക്കുക. യാത്രബത്ത ഇനത്തില്‍ 5000 രൂപയും ലഭിക്കും. അപേക്ഷകര്‍ ഒന്നാം വര്‍ഷ എം.എസ്സിക്കാരായിരിക്കണം. ഇന്‍റഗ്രേറ്റഡ് എം.എസ്സി പ്രീ-ഫൈനല്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എം.എസ്സി വരെയുള്ള ക്ളാസുകളില്‍ ഒന്നാം ക്ളാസോടെ വിജയിച്ചിരിക്കണം. റിസര്‍ച് പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടക്കുക. തുടര്‍ന്ന് അഭിമുഖം നടക്കും. ഒരാള്‍ക്ക് ഏതെങ്കിലും അഞ്ച് സി.എസ്.ഐ.ആര്‍ ലാബുകള്‍ നിര്‍ദേശിക്കാം. കമ്മിറ്റിയാണ് എവിടെ നിയമിക്കണമെന്ന് അന്തിമ തീരുമാനമെടുക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കാന്‍ പാടില്ല. 25 സ്ഥാപനങ്ങളാണ് സമ്മര്‍ ട്രെയിനിങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. www.acsir.res.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 ജനുവരി 13. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ ലിസ്റ്റ് ഫെബ്രുവരി 10ന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 10നും 27നും അഭിമുഖം നടക്കും. റിസല്‍ട്ട് മാര്‍ച്ച് 31ന് പ്രഖ്യാപിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

COMMENTS