പ്ളസ് വണ്‍, പ്ളസ് ടു, ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ പഠനത്തിനും ഗവേഷണത്തിനും താല്പര്യമുള്ള സ്കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍നിന്ന് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രഗവേഷണം മെച്ചപ്പെടുത്താന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് ഏര്‍പ്പെടുത്തിയ പദ്ധതിയാണ് കെ.വി.പി.വൈ പ്രോഗ്രാം. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വഴിയാണ് ഫെലോഷിപ് നല്‍കുന്നത്. ശാസ്ത്രവിഷയങ്ങളില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളെ കണ്ടത്തെി ഗവേഷണപഠനത്തിന് പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ ശാസ്ത്രഗവേഷണ-വികസനമേഖലകളില്‍ ഉപയോഗപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് തുടങ്ങി അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഒന്നാംവര്‍ഷ ബിരുദ/ഇന്റഗ്രേറ്റഡ് ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിരുദാനന്തരതലംവരെ ഫെലോഷിപ് ലഭിക്കും.
ബിരുദ വിദ്യാര്‍ഥികള്‍ക്ക് മാസം 5000 രൂപയും വാര്‍ഷിക ഗ്രാന്‍ഡ് 20,000 രൂപയുമാണ് സ്റ്റൈപന്‍ഡ്. ബിരുദാനന്തര / ഇന്റഗ്രേറ്റഡ് പി.ജി അവസാന രണ്ടുവര്‍ഷ കാലയളവില്‍ മാസം 7000 രൂപയും വാര്‍ഷിക ഗ്രാന്‍ഡായി 28,000 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സമിതി അപേക്ഷിക്കുന്നവരില്‍നിന്ന് യോഗ്യരായവര്ക്കുവേണ്ടി അഭിരുചി പരീക്ഷ നടത്തും. പരീക്ഷയിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്‍െറയും മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kvpy.iisc.ernet.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. മൂന്നു സ്ട്രീമുകളിലായാണ് ഫെലോഷിപ് നല്‍കുന്നത്.
സ്ട്രീം എസ്.എ
10ാം ക്ളാസില്‍ സയന്‍സിനും കണക്കിനും 80 ശതമാനം മാര്‍ക്കോടെ ഈവര്‍ഷം പ്ളസ് വണ്‍ സയന്‍സിന് പ്രവേശം നേടുന്നവര്‍ക്ക് അപേക്ഷിക്കാം. 2017-18 വര്‍ഷത്തില്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദത്തിന് ചേര്‍ന്നതിനുശേഷം മാത്രമേ ഫെലോഷിപ് ലഭിക്കൂ. അതോടൊപ്പം, പ്ളസ് ടുവിന് ശാസ്ത്രവിഷയങ്ങള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കും വേണം.
സ്ട്രീം എസ്. എക്സ്
പ്ളസ് ടു സയന്‍സ് രണ്ടാംവര്‍ഷം പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 10ാം ക്ളാസില്‍ സയന്‍സിനും കണക്കിനും 80 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പ്ളസ് ടുവിന് 60 ശതമാനം മാര്‍ക്കും വേണം. 2016-17 വര്‍ഷത്തില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ബി.എസ്സി/ഇന്റഗ്രേറ്റഡ് എം.എസ്സിക്ക് പ്രവേശം നേടുമ്പോള്‍ മുതല്‍ ഫെലോഷിപ് ലഭിക്കും.
സ്ട്രീം എസ്. ബി
ബി.എസ്സി/ ഇന്റഗ്രേറ്റഡ് എം.എസ്സി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്ളസ് ടുവിന് ശാസ്ത്രവിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്ക് വേണം.