മലപ്പുറം: ആധാർ കാർഡ് ഇല്ലെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന സുപ്രീം കോടതി നിർദേശം നിലവിലുണ്ടായിട്ടും കാർഡില്ലാത്തവർക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി. ഓൺലൈനായി അയക്കേണ്ട അപേക്ഷകൾ ആധാർ ലിങ്ക് ഇല്ലാത്തതിെൻറ പേരിൽ സമർപ്പിക്കാൻ കഴിയുന്നില്ല. സ്വകാര്യ ഐ.ടി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഫീസ് തിരിച്ചുലഭിക്കുന്ന സ്കോളർഷിപ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കേണ്ടത് ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ വെബ്സൈറ്റിലൂടെയാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി 31 ആണ്.
എന്നാൽ, ആധാർ കാർഡ് ഇല്ലാത്ത വിദ്യാർഥികൾ ഓൺലൈനിൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ കാർഡ് നമ്പർ നൽകാത്തതിനാൽ രണ്ടാമത്തെ പേജിലേക്ക് കടക്കാനാകുന്നില്ല. മുഴുവൻ വിവരങ്ങളും നൽകിയിട്ടില്ലെന്ന സന്ദേശമാണ് പ്രത്യക്ഷപ്പെടുന്നത്. ഇതുസംബന്ധിച്ച കോളത്തിൽ ആധാർ ഇല്ല എന്ന് രേഖപ്പെടുത്തിയിട്ടും രണ്ടാം പേജിലേക്ക് പ്രവേശിക്കാനാകുന്നില്ല. ന്യൂനപക്ഷ വകുപ്പിെൻറ ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പ്രത്യേകം നിർദേശിക്കുന്നുമുണ്ട്. ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി നിർദേശം വന്ന ശേഷവും വകുപ്പ് പ്രത്യേകം നിർദേശം നൽകാത്തതും സോഫ്റ്റ്വെയർ നവീകരിക്കാത്തതുമാണ് വിദ്യാർഥികൾക്ക് കുരുക്കാവുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ആധാർ കാർഡ് ഇല്ലെങ്കിലും അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി. നസീർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ പ്രയാസം നേരിടുന്നവർ scholarship.mwd@gmail.com എന്ന വിലാസത്തിൽ അറിയിക്കണം. സോഫ്റ്റ് വെയർ പ്രശ്നം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.