കാലിക്കറ്റില്‍ ദലിത് അധ്യാപികക്ക് വകുപ്പ് മേധാവിയുടെ സ്ഥാനം നിഷേധിച്ചതായി പരാതി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല താരതമ്യ സാഹിത്യ പഠനവിഭാഗത്തിലെ ദലിത് വിഭാഗത്തിൽപെട്ട അധ്യാപികക്ക് വകുപ്പ് മേധാവിയുടെ സ്ഥാനം നിഷേധിച്ചതായി കാണിച്ച് പരാതി നല്കി. സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയാണ് ഗവര്‍ണര്‍, പട്ടികജാതി മന്ത്രി, പട്ടികജാതി-വര്‍ഗ കമീഷന് ചെയര്മാന് എന്നിവര്‍ക്ക് പരാതി നൽകിയത്.
താരതമ്യ സാഹിത്യ പഠനവിഭാഗത്തിലെ മുതിര്‍ന്ന അധ്യാപികയായ ഡോ. കെ. ദിവ്യക്കാണ് മേധാവിസ്ഥാനം നിഷേധിച്ചതായി പരാതിയുയർന്നത്. സര്‍വകലാശാല ചട്ടപ്രകാരം പഠനവകുപ്പില്‍ പ്രഫസറുടെയോ അസോസിയേറ്റ് പ്രഫസറുടെയോ അഭാവത്തില്‍ മുതിര്‍ന്ന അസിസ്റ്റന്റ് പ്രഫസറെ വകുപ്പ് മേധാവിയായി നാമനിർദേശം ചെയ്യാം. ഡോ. കെ. ദിവ്യ മേധാവിസ്ഥാനം സ്വീകരിക്കാന്‍ തയാറാണെന്ന് കാണിച്ച് സര്‍വകലാശാലക്ക് അപേക്ഷ നൽകിയിരുന്നു.
വകുപ്പ് മേധാവി സ്ഥാനം സ്വീകരിക്കാനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിച്ചതിന് ഡോ. ദിവ്യയോട് വിശദീകരണം ചോദിക്കാൻ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മറ്റ് പഠനവകുപ്പുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്ക് മേധാവിസ്ഥാനം നല്‍കിയിട്ടുണ്ടെന്നും ദിവ്യയെ ഒഴിവാക്കാൻ അഞ്ചുവര്‍ഷം സര്‍വിസ് പൂര്‍ത്തിയാകാതെ മേധാവിസ്ഥാനം നല്‍കേണ്ടതില്ലെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നെന്നും മറ്റൊരു വകുപ്പിലെ അധ്യാപകന് ഈ വകുപ്പിന്റെ അധിക ചുമതല നല്‍കിയെന്നും പരാതിയിലുണ്ട്. സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

