തിരുവനന്തപുരം: കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പരീക്ഷ കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷമാണ് റാങ്ക് പട്ടിക പുറത്തിറങ്ങിയത്.
2013 പേരെയാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കായികപരീക്ഷ നടത്തുന്നതിനെതിരെ ഒരുവിഭാഗം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതാണ് പട്ടിക വൈകാൻ കാരണം.
2019 ഏപ്രിൽ 10ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ഗർഭാവസ്ഥ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ മൂന്നുപേർ ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി നേടി.
തുടർന്ന് ഇതേകാരണങ്ങളാൽ കായികപരീക്ഷക്ക് ഹാജാരാകാത്ത 28 പേരെക്കൂടി ഉൾപ്പെടുത്തി കഴിഞ്ഞ മാർച്ച് 23ന് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ലോക്ഡൗണിനെ തുടർന്ന് പിന്നെയും മാറ്റിവെക്കേണ്ടിവന്നു.
തുടർന്നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. കായികക്ഷമതാ പരീക്ഷ നടത്താത്തവർക്ക് പിന്നീട് നടത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിലൂടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. രണ്ടായിരത്തിലേറെ പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
413 ഒഴിവ് ഇതിനകം പൊലീസ് ആസ്ഥാനത്തുനിന്ന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (എസ്.ഐ.എസ്.എഫ്) ഉൾപ്പെടെ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം.
ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും. വനിതകൾക്ക് മാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക് ലിസ്റ്റ്.